Top

സ്ഫോടനത്തിലും പൊളിയാത്ത നാഗമ്പടം പാലം ഒടുവില്‍ അറുത്ത് മാറ്റി; ഇല്ലാതായത് അരനൂറ്റാണ്ടിന്റെ കോട്ടയം ചരിത്രം

സ്ഫോടനത്തിലും പൊളിയാത്ത നാഗമ്പടം പാലം ഒടുവില്‍ അറുത്ത് മാറ്റി; ഇല്ലാതായത് അരനൂറ്റാണ്ടിന്റെ കോട്ടയം ചരിത്രം
രണ്ടു ബോംബിങ്ങിന് മുന്നിലും തോൽക്കാതെ നിന്ന നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം ഒടുവിൽ ക്രെയിനിന്റെയും കട്ടറിന്റെയും കരുത്തിന് മുന്നിൽ കീഴടങ്ങി. രണ്ടു ദിവസം ഡിറ്റനേറ്ററുകൾ ഉപയോഗിച്ച് വീഴ്ത്താൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ പത്ത് മണിക്കൂർ കൊണ്ട് അറുത്ത് മുറിച്ച് മാറ്റുകയായിരുന്നു. പാലത്തിനു താഴെയുള്ള റയിൽവേ പാളം മണ്ണിട്ട് മൂടി, ട്രെയിനുകൾ റദ്ദാക്കിയായിരുന്നു പൊളിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

ആർച്ച് മുറിച്ചു നീക്കാൻ ഡയമണ്ട് വയർ സോ കട്ടിങ്ങും പാലം മുറിക്കുന്നതിനായി ഡയമണ്ട് വാൾ സോ കട്ടിങ്ങും ആണ് പ്രയോഗിച്ചത്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് ടെറാക്സ് ഡിമാഗ് ക്രെയിനുകളാണ് കൊച്ചിയിൽനിന്ന് ഇതിനായി എത്തിച്ചത്. പള്ളാശ്ശേരി എർത്ത് വർക്ക്സിനായിരുന്നു റെയിൽവേക്ക് വേണ്ടി പാലം പൊളിക്കാനുള്ള ചുമതല. നേരത്തെ തിരുപ്പൂരിലെ മാക് ലിങ്ക് ഇൻഫ്രാ പ്രോജക്ട്സ് എന്ന സ്ഥാപനമായിരുന്നു നിയന്ത്രിത സ്ഫോടനം വഴി പാലം പൊളിക്കാൻ 35 ലക്ഷം രൂപയുടെ കരാർ ഏറ്റെടുത്തിരുന്നത്. എന്നാൽ പാലം പൊളിയാതെ വന്നതോടെ കരാർ റദ്ദാവുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഒൻപതരയോടെ പാലത്തിലെ ആദ്യ ആർച്ച് ബീം അറുത്ത് മാറ്റി റോഡരികിൽ വച്ചു. രാത്രി ഏഴരയോടെ അവസാന ഗർഡറും നീക്കം ചെയ്തു. "ട്രെയിനിലും ബസിലും ഉള്ള ദൂര യാത്രകൾക്കിടയിൽ ദൂരെ നിന്ന് നാഗമ്പടം പാലം കാണുമ്പോൾ കിട്ടുന്ന ഫീല്... വീട്ടിലേക്കുള്ള യാത്രയുടെ അകലം കുറച്ചിരുന്നു... " എന്ന് കോട്ടയംകാർ പ്രായഭേദമന്യേ നാഗമ്പടം പഴയ മേല്‍പ്പാലത്തെ ഗൃഹാതുരതയോടെ ചേർത്തുനിർത്തുന്നു. "ഞങ്ങളുടെ കുട്ടിക്കാലത്ത് ആയിരുന്നു പാലത്തിന്റെ നിർമ്മാണം. പാലം പണിയുന്നത് കാണാനായി വീട്ടുകാരറിയാതെ പോയി നിൽക്കാറുണ്ടായിരുന്നു. ഞങ്ങളുടെ ഭാവനയ്ക്ക് അതീതമായിരുന്നു അതിന്റെ വലുപ്പം. ഇന്നത്തെ കുട്ടികൾക്ക് പാലം ഒന്നും ഒരു കൗതുകം ആയിരിക്കില്ല. എന്നാൽ അന്ന് ഞങ്ങൾക്ക് അങ്ങനെയായിരുന്നില്ല. അങ്ങനെ ഞങ്ങളുടെ കൺമുന്നിൽ തന്നെ ഉണ്ടായിവന്ന പാലം പൊളിച്ചു എന്നറിയുമ്പോൾ സങ്കടമുണ്ട്"
, റിട്ടയേഡ് അധ്യാപകനായ രാംദാസ് പറഞ്ഞു.

Also Read: പാലാരിവട്ടം മേല്‍പ്പാലം; ഡിസൈനിംഗ് മുതല്‍ പാളിച്ച, പോയത് ജനത്തിന്റെ പണം, ഇനി തുറക്കാന്‍ മൂന്നുമാസമെടുക്കും, അതുവരെ ദുരിതവും ജനത്തിന്

1955-ലാണ് ഈ പാലം നിർമ്മിക്കപ്പെട്ടത്. അന്ന് കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റൻറ് എൻജിനീയറായി താനും ഉണ്ടായിരുന്നുവെന്നും താനും ഈ പാലത്തിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കായിരുന്നു എന്നും മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. നല്ല കരുത്തുള്ള പാലമാണത്. രണ്ട് തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാൻ സാധിച്ചില്ല എന്നതുതന്നെ പാലത്തിന്റെ കരുത്തിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് വിഫല ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വിദേശങ്ങളിലും മറ്റും പാലം തകർക്കാനായി വ്യാപകവും വിജയകരവുമായി നടപ്പിലാക്കി വരുന്ന മൾട്ടിപ്പിൾ ബ്ലാസ്റ്റിംഗ് എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ചുനോക്കാന്‍ അദ്ദേഹം നിർദ്ദേശിച്ചിരുന്നെങ്കിലും പാലം അറുത്തുമാറ്റാനുള്ള നടപടികളുമായി റെയിൽവേ അധികൃതർ മുന്നോട്ടുപോവുകയായിരുന്നു.

പാലം അറുത്തുമാറ്റാൻ ഉള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതോടൊപ്പം തന്നെ നിലവിലെ പാലം ഏതാനും മീറ്റർ ഉയർത്തിയശേഷം ക്രെയിനും സ്റ്റീൽ ഗർഡറുകളും ഉപയോഗിച്ച് സ്റ്റേഡിയം ഭാഗത്തേക്ക് തള്ളി നീക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു. പഴയ പാലത്തിന്റെ ഉയരത്തിൽ സ്റ്റീൽ ഗ്രിപ്പ് ഉപയോഗിച്ച് താങ്ങുണ്ടാക്കി അതിലേക്ക് തള്ളി മാറ്റുന്ന സാങ്കേതികവിദ്യയാണ് അപ്രകാരം വിഭാവനം ചെയ്തിരുന്നത്. സ്റ്റേജ് ഇടുക എന്ന് സാങ്കേതികമായി പറഞ്ഞുവരുന്ന ആ പ്രക്രിയയിൽ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ചായിരിക്കും പാലം തള്ളി മാറ്റുക. നാഗമ്പടത്തെ പുതിയ മേൽപ്പാലം ഉറപ്പിക്കാൻ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇതിനിടെ, "ആ തൂണുകൾ കളയരുതേ... പാലാരിവട്ടം മേൽപ്പാലത്തിന് താങ്ങ് കൊടുക്കാനാ...", "ചേട്ടാ നാഗമ്പടം പാലം ഉണ്ടാക്കാൻ ഉപയോഗിച്ച സിമന്റ് കിട്ടുമോ" എന്നിങ്ങനെയുള്ള ട്രോളുകൾ സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിർമ്മാണം കഴിഞ്ഞു വെറും രണ്ടു വർഷം മാത്രം കഴിഞ്ഞ പാലാരിവട്ടം മേൽപ്പാലത്തിൽ വിള്ളലും ഇരുത്തലും സംഭവിച്ചതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറുപത്തിനാല് വർഷം പഴക്കമുള്ള പാലം പൊളിക്കാനായി വലിയ പരിശ്രമം വേണ്ടി വന്നത് ജനശ്രദ്ധ ആകർഷിച്ചത്. പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിക്കുന്നത്.

കോട്ടയം നഗരത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന ചരിത്രവും നാഗമ്പടം പാലത്തിനുണ്ട്. റെയിൽവേ ലെവൽക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് റെയിൽവേ മേൽപ്പാല നിർമ്മാണത്തെക്കുറിച്ച് ആലോചനയുണ്ടാകുന്നതും പാലം നിര്‍മിക്കുന്നതും.

Also Read: ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

Next Story

Related Stories