Top

നിപയെ നമ്മൾ പ്രതിരോധിച്ചതിങ്ങനെ: രോഗ ഭീതിയകലുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ, തുടരേണ്ട ജാഗ്രത

നിപയെ നമ്മൾ പ്രതിരോധിച്ചതിങ്ങനെ: രോഗ ഭീതിയകലുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ, തുടരേണ്ട ജാഗ്രത
കേരളത്തിന്റെ ആരോഗ്യരംഗം അതിന്റെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു നിപ വൈറസ് ബാധ. ലോകം മുഴുവൻ പ്രകീർത്തിക്കുന്ന കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങളുടെ ഉരകല്ലു കൂടിയായി ഈ രോഗബാധ മാറി. ജനസാന്ദ്രത ഏറിയ കേരളത്തിൽ രോഗബാധയും മരണങ്ങളും കുറയ്ക്കുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ആരോഗ്യരംഗത്തിന്റെ സുസംഘടിതമായ പ്രവർത്തനശേഷിയെ തെളിയിച്ചു കൊണ്ട് അത് നമ്മൾ സാധിക്കുക തന്നെ ചെയ്തു. എങ്ങനെയാണിത് സാധിച്ചത്, ഇനിയും എത്രത്തോളം ജാഗ്രത ആവശ്യമാണ് എന്നു തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുന്ന ഒരു കുറിപ്പാണ് ഇന്നത്തെ ഫേസ്ബുക്ക് ഡയറിയിൽ.


ഭീതിയകലുമ്പോൾ എടുക്കേണ്ട മുൻ കരുതലുകൾ, തുടരേണ്ട ജാഗ്രത

മുൻപ് നേരിട്ടിട്ടില്ലാത്തതും തികച്ചും അപ്രതീക്ഷിതവുമായ ഒരു വെല്ലുവിളിയിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞദിവസങ്ങളിൽ കടന്നുപോയത്. ടെക്സ്റ്റ് ബുക്കുകളിൽ മാത്രം പരിചയമുള്ള, ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത അപൂർവ്വരോഗങ്ങളുടെ പട്ടികയിൽ പെട്ട ഒന്ന്. രണ്ടാമത്തെ രോഗിയിൽ നിന്ന് തന്നെ കണ്ടെത്തുകയെന്ന അഭിമാ നപൂർവമായ നേട്ടത്തിനിടയിലും ‘ഇനിയെന്ത്’ എന്ന ആശങ്ക വിട്ടൊഴിയാതെ കേരളത്തിലെ കണ്ണുകളും കാതുകളും മുഴുവന് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും തിരിച്ചു വെച്ച നാളുകൾ.

രോഗനിയന്ത്രണവും പ്രതിരോധവും തുടർനടപടികളും ഏകോപിപ്പിക്കുന്ന നിപ്പ പ്രതിരോധ സെൽ തമ്പടിച്ചിരിക്കുന്ന കോഴിക്കോട് സർക്കാർ അതിഥിമന്ദിരത്തിൽ ഇപ്പോഴും ആളൊഴിഞ്ഞ നേരമില്ല. മന്ത്രിമാരും കളക്ടറും ഡോക്ടർമാരും മറ്റു പ്രവർത്തകരും ആരോഗ്യവകുപ്പ് ഡയറക്റുടെ നേതൃത്വത്തില് അവിടെ സദാ ജാഗരൂകരായി പ്രവർത്തിക്കുന്നു. പരിസ്ഥിതി ദിനത്തിൽ അവർക്കിടയിലെ അതിഥികളായി ഞങ്ങളും ചേർന്നു. നിപ്പ സെല്ലിൽ ഞങ്ങൾ പങ്കിട്ട ചില മണിക്കൂറുകൾ പകർന്ന വിവരങ്ങളാണ് ഇവിടെ ചേർക്കുന്നത്.

മെയ് അഞ്ചാം തീയതി ആദ്യത്തെ മരണത്തിന് കാരണമായ നിപാ വൈറസ് തുടർന്നുള്ള ദിവസങ്ങളിൽ പതിനഞ്ച് ജീവൻ അപഹരിക്കുകയായിരുന്നു. അഞ്ചാംതീയതി രോഗം ബാധിച്ചു മരിച്ച ആളിൽനിന്ന് രോഗം പകർന്ന അദ്ദേഹത്തിൻറെ ബന്ധുക്കളടക്കമുള്ളവർ മെയ് 17-ന് ശേഷമുള്ള ദിനങ്ങളിൽ മരണപ്പെടുകയായിരുന്നു.

രോഗാണു ശരീരത്തിൽ പ്രവേശിച്ചശേഷം എഴു മുതൽ 16 ദിവസം വരെയുള്ള കാലയളവിലാണ് എല്ലാവർക്കും രോഗലക്ഷണങ്ങൾ പ്രകടമായത്. രോഗലക്ഷണങ്ങൾ പ്രകടമായി ഒരാഴ്ചയ്ക്ക് താഴെയുള്ള കാലയളവിൽ മസ്തിഷ്ക വീക്കവും ഹൃദയ വീക്കവും ശ്വാസകോശത്തെ ബാധിക്കുന്ന നീർക്കെട്ടും അടക്കമുള്ള സങ്കീർണതകൾ.

മെയ് പതിനേഴാം തീയതിയാണ് ആരോഗ്യവകുപ്പിന് അജ്ഞാതമായ വൈറൽ രോഗത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്. ഒരു വീട്ടിലെ ഒരാൾ മരണമടയുകയും സമാനമായ രോഗലക്ഷണങ്ങളോടെ രണ്ട് പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറും വെറ്റിനറി സ്പെഷ്യലിസ്റ്റും വെക്റ്റർ കണ്ട്രോൾ യൂണിറ്റും അടങ്ങിയ സംഘം ആ വീട്ടിൽ എത്തുന്നത്.

സാധാരണഗതിയിൽ നടത്തേണ്ട എല്ലാ പരിശോധനകളും നടത്തി. കുടിവെള്ളം ശുചിത്വമുള്ളതാണോ എന്ന് പരിശോധിച്ചു. ക്ലോറിനേഷൻ ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി.

പതിനേഴാം തീയതി രണ്ടാമത്തെ ആളും പതിനെട്ടാം തീയതി മൂന്നാമത്തെ ആളും ആശുപത്രിയിൽവച്ച് മരണമടഞ്ഞതോടെ സ്ഥിതിഗതികൾ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പിന് മനസ്സിലായി. പത്തൊമ്പതാം തിയതി തന്നെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുന്നു. ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് മേധാവിയും നേരിട്ട് ഇടപെടലുകൾ നടത്തിത്തുടങ്ങി. മരണകാരണം കണ്ടുപിടിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റുമോർട്ടം പരിശോധനയും നടത്തി.

ഇരുപതാം തീയതി രാവിലെ മുതൽ മസ്തിഷ്കവീക്കം അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയാൽ, ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുതുടങ്ങി. ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ഡോക്ടർമാരുടെയും സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും ആശുപത്രി പ്രതിനിധികളുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളുടെയും യോഗങ്ങൾ വിളിച്ചുകൂട്ടി. ഏതെങ്കിലും സാഹചര്യവശാൽ സർക്കാർ ആശുപത്രികളിൽ വെന്റിലേറ്റർ കുറവു വന്നാൽ, അവ നൽകാമെന്ന് സ്വകാര്യ ആശുപത്രികൾ വാഗ്ദാനം ചെയ്യുകയും സർവീസ് സംഘടനകൾ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

മെയ് ഇരുപതാം തീയതി വൈകുന്നേരം രോഗങ്ങൾക്ക് കാരണം നിപ്പാ വൈറസ് തന്നെയാണെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവന്നു. ജില്ലയിലെ ആരോഗ്യ സംവിധാനത്തിന്റെ ഏകോപനം കാര്യക്ഷമമായി നിർവഹിക്കാൻ ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഹെൽത്ത് സർവീസ് ഡയറക്ടറും അടങ്ങുന്ന സംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുകയും കോഴിക്കോട് മെഡിക്കൽ കോളേജിനെ ചികിത്സയുടെ കേന്ദ്രബിന്ദുവാക്കുകയും ചെയ്തു. ജില്ലയിലെ ആശുപത്രികളും ഡോക്ടർമാരും അവർ സ്വകാര്യമേഖലയിലാണോ സർക്കാർ മേഖലയിലാണോ എന്നതു പരിഗണിക്കാതെ ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാൻ തയ്യാറായി എന്നതും ഈ വേളയിൽ സ്മരിക്കേണ്ടതുണ്ട്. തുടർന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ്പാ പ്രതിരോധ ഏകോപന സെല്ലും പ്രവർത്തനമാരംഭിച്ചു. ഡിസ്ട്രിക്ട് ടാസ്ക്ഫോഴ്സും 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു.

ഈ വൈറസുമായി നേരിട്ട് സമ്പർക്കം വരുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പ് അവർക്ക് പരിചയപ്പെടുത്തി, പരിശീലിപ്പിച്ചു. ജനങ്ങൾ നിപ്പയെ ഭയന്ന് പൊതുവിടങ്ങളിൽ നിന്നും പിന്മാറുന്ന നേരത്തും ആരോഗ്യപ്രവർത്തകർ വൈറസുമായി മുഖാമുഖം നിൽക്കേണ്ടി വരുമെന്നത് അന്നേ വ്യക്തമായിരുന്നു.

ഇതിനു മുൻപ് ഇത്തരത്തിലൊരു അടിയന്തരസാഹചര്യം നേരിട്ട് പരിചയമോ അതിനുള്ള സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ നിപ്പ രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള സംവിധാനം പുതുതായി നിർമ്മിച്ചെടുക്കേണ്ടിയിരുന്നു. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങൾ തേടിയും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങൾ വായിച്ചും ഇവയിലുള്ള നിർദ്ദേശങ്ങൾ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ട രീതിയിൽ മാറ്റം വരുത്തിയുമാണ് രോഗത്തെ നേരിടാനുള്ള മാർഗ്ഗരേഖകൾ തയ്യാറാക്കിയത്.

എന്നാൽ രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉൾപ്പെടെ വായുവിലൂടെ വൈറസ് പകരുന്ന രോഗമായതിനാൽ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികളും അടിയന്തരമായിത്തന്നെ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ട പേഴ്സനൽ പ്രൊട്ടക്റ്റീവ് ഉപകരണങ്ങൾ, മാസ്കുകൾ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കി. രോഗം പകരാത്ത രീതിയിൽ രോഗികളെ പാർപ്പിക്കാനായി ഐസൊലേഷ്യൻ വാർഡുകൾ സജ്ജമാക്കി. ഇവർക്കുവേണ്ട വെൻറിലേറ്റർ സൗകര്യവും മറ്റും കിട്ടുമെന്ന് ഉറപ്പു വരുത്തി. സ്വകാര്യ ആശുപത്രികളുടെ ശക്തമായ പങ്കാളിത്തവും ലഭ്യമാക്കി.

ആദ്യം മരിച്ച ആളുടെ വിവരങ്ങളെക്കുറിച്ചും അയാൾക്കു രോഗം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റിയും ഇതിനിടെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അടുത്തുള്ള എക്കോ ടൂറിസം സെന്ററായ ജാനകിക്കാട് ഇരുപത്തിയൊന്നാം തീയതി തന്നെ മുൻകരുതൽ എന്ന നിലയിൽ അടച്ചിട്ടു.

ഇരുപത്തിയൊന്നാം തീയതി മുതൽ കൂടുതൽ ആൾക്കാരിൽ രോഗ ലക്ഷണങ്ങൾ കാണപ്പെട്ടുതുടങ്ങി, കൂടുതൽ പേരിൽ രോഗം സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രം പകരുന്ന അസുഖമായതിനാൽ രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ തപ്പിപ്പിടിക്കുക എന്നുള്ളത് അതിപ്രധാനമെന്നു മനസിലാക്കി. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക, അവരിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
റവന്യൂ ഡിപ്പാർട്ടുമെന്റും ആരോഗ്യവകുപ്പും കുറെയൊക്കെ പോലീസ് വിഭാഗവും ഒരുമിച്ച് അന്വേഷണം നടത്തിയ അവസരം. രോഗം ബാധിച്ചു മരിച്ച നേഴ്സടക്കം ആരുടേയും വീട്ടിൽ മന്ത്രിമാർ അടക്കമുള്ളവരുടെ പ്രവേശനം നിരോധിച്ച സ്റ്റേറ്റ് പബ്ലിക് ഹെൽത് അതോറിറ്റിയും അതനുസരിച്ച മന്ത്രിമാരും ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനം എന്തെന്നു കാണിച്ചു.

തുടർന്ന് രോഗം ബാധിച്ച ഓരോരുത്തരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി. സമ്പർക്ക പട്ടികയിൽ ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യപ്രവർത്തകരും വളരെയധികം. രണ്ടാമത് മരിച്ച വ്യക്തിയുടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ നാല് ഡോക്ടർമാർ, സഹായികൾ, സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗികളെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും അങ്ങനെ കോണ്ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്നു. മാത്രമല്ല കുറച്ച് മാസങ്ങൾക്ക് മുൻപുള്ള എല്ലാ റിപ്പോർട്ടുകളും പരിശോധനയ്ക്ക് എടുത്തു, സമാനമായ രീതിയിൽ എന്തെങ്കിലും മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ.

ഈ പ്രവർത്തനങ്ങൾക്കിടയിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ 17 പേരുടെ ഓരോരുത്തരുടെയും സമ്പർക്ക പട്ടിക, കൂടാതെ ഈ 17 പേർക്ക് എവിടെ നിന്നും ലഭിച്ചു എന്നുള്ളതും കണ്ടുപിടിക്കേണ്ടതായി വന്നു.

ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ ബന്ധുക്കളിൽ രോഗം പകർന്നു ലഭിച്ചത് മൂന്നു പേർക്ക്. ആ വ്യക്തിയെ ആദ്യം ചികിത്സിച്ച പേരാമ്പ്ര ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്നും സിടി സ്കാൻ റൂമിന്റെ വെയിറ്റിംഗ് റൂമിൽ നിന്നും ഒക്കെ അസുഖം പകർന്ന് ലഭിച്ചവരും. ഇവർ എങ്ങനെ രോഗംബാധിച്ച ആദ്യത്തെ വ്യക്തിയുമായി സമ്പർക്കത്തിൽ വന്നു എന്നുള്ള വലിയ അന്വേഷണം ബാക്കിയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം ഐസിയുവിലായിരുന്നു ആദ്യം രോഗികളെ പ്രവേശിപ്പിച്ചത്. ഇതിനായി സജ്ജമായ തീവ്രപരിചരണ വിഭാഗമോ ഐസലേഷൻ വാർഡോ ഇല്ലാത്ത ഒരു സ്ഥലത്ത് നിമിഷങ്ങൾക്കൊണ്ട് എല്ലാം കെട്ടിപ്പൊക്കേണ്ട അവസ്ഥ. മുൻപരിചയമോ മുന്നൊരുക്കം ഇല്ലാതിരുന്നിട്ടു പോലും കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാം സജ്ജമാക്കി. 100% പരിപൂർണമെന്നു പറയാനാവില്ലെങ്കിലും സാധിക്കാവുന്നതിന്റെ പരമാവധി ചെയ്തു. ഒരു പരാതിയുമില്ലാതെ ഡ്യൂട്ടി ചെയ്തു തുടങ്ങിയ നേഴ്സുമാരും ഹൗസ് സർജൻ ഡോക്ടർമാരും റസിഡൻറ് ഡോക്ടർമാരും ദുരന്തത്തിന്റെ വ്യാപ്തി നിയന്ത്രിച്ചു നിർത്തി.

പലർക്കും വലിയ മാനസികസമ്മർദ്ദം ഉണ്ടായി എന്ന് പറയാതിരിക്കാൻ വയ്യ. അധ്യാപകരും നിപ്പ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ഡ്യൂട്ടി എടുത്തു തുടങ്ങി. വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങളുടെ കുറവ് പരിഹരിക്കാൻ വലിയ ശ്രമങ്ങൾ ഉണ്ടായി. ഒരു പരിധി വരെ എല്ലാം പരിഹരിക്കപ്പെടുകയും ചെയ്തു . മെഡിസിൻ ഐസിയു, ഇൻഫെക്ഷ്യസ് ഡിസീസസ് വാർഡ് എന്നീ സ്ഥലങ്ങളും രോഗികളെ പാർപ്പിക്കാനായി തുടക്കത്തിൽ ഉപയോഗിച്ചെങ്കിലും മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ ഒരു സ്ഥലത്ത് മറ്റു രോഗികളിൽ നിന്നും വളരെ മാറി ഐസൊലേഷൻ വാർഡ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അധികം വൈകാതെ തന്നെ തെളിഞ്ഞു.

നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ വിദഗ്ധരുടെ നിർദ്ദേശപ്രകാരം ഇവരെ പാർപ്പിക്കാൻ അനുയോജ്യമായ കെട്ടിടം മെഡിക്കൽ കോളേജിലെ പേവാർഡ് ആണ് എന്ന് മനസ്സിലാക്കിയതിനാൽ ഒരാഴ്ചയ്ക്കുള്ളിൽ ഐസൊലേഷൻ അങ്ങോട്ടു മാറ്റി. രോഗത്തിന് പരിപൂർണ്ണമായ രക്ഷപ്പെടൽ ഉറപ്പാക്കുന്ന ഒരു മരുന്ന് ഇല്ലെങ്കിലും അല്പമെങ്കിലും പ്രയോജനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന റിബാവിറിൻ എന്ന ആന്റിവൈറൽ മരുന്ന് ലഭ്യമാക്കുകയും ചികിത്സയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. ഈ രോഗത്തിൽ ഗവേഷണം നടത്തി Monoclonal antibody വികസിപ്പിച്ചെടുത്ത ക്വീൻസ് ലാൻഡിൽനിന്ന് 50 യൂണിറ്റ് monoclonal antibody സംസ്ഥാനത്ത് എത്തിക്കാനും സാധിച്ചു. (ഈ മരുന്ന് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായില്ല)

ഈ പ്രവർത്തനങ്ങളുടെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് രണ്ട് പേർ രോഗത്തിന്റെ സകല സങ്കീർണതകളും പ്രകടിപ്പിച്ച ശേഷവും ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നത്. രോഗബാധിതരുടെ ചികിത്സ പോലെത്തന്നെ പ്രധാനമായിരുന്നു ഇവരുമായി സമ്പർക്കത്തിൽ വന്ന ആളുകളുടെ നിരീക്ഷണം. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്താകട്ടെ ഇതു ദുഷ്കരവുമായിരുന്നു, അതും കോഴിക്കോട് മലപ്പുറം എന്നീ രണ്ട് ജില്ലകളിലായി ഉള്ള നിരീക്ഷണ പട്ടികകൾ.

ആശുപത്രിയിലും മരുന്നുഷോപ്പിലും ലാബുകളിലും മറ്റും വച്ച് അനേകം പേരുമായി ഓരോ രോഗിയും സമ്പർക്കത്തിൽ വന്നിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞു കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ ആരോഗ്യവകുപ്പിന്റെ അടിസ്ഥാന തലത്തിലുള്ള ശക്തമായ ഘടനാശേഷി ഉപയോഗിച്ച് വീടുകളിൽ ചെന്നും ടെലിഫോൺ വഴിയും ഒട്ടുമിക്ക കോൺടാക്റ്റുകളേയും കണ്ടെത്താനും അവരെ രോഗിയിലേക്ക് ബന്ധിപ്പിക്കുന്ന കണ്ണികൾ തിരിച്ചറിയാനും ഓരോരുത്തരെയും നിരീക്ഷിക്കാനും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കാനുമുള്ള സൗകര്യം ദിവസങ്ങൾക്കകം തന്നെ ഒരുക്കി. ഈ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തകർ നിപ്പാ സെല്ലിൽ തന്നെ പ്രവർത്തിച്ചു വിവരങ്ങൾ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും ഫോളോഅപ്പ് ചെയ്യുകയും ചെയ്തു.

രോഗികളുമായി ബന്ധപ്പെട്ടവർക്ക് നൽകിയ മനശാസ്ത്ര പിന്തുണയാണ് എടുത്തുപറയത്തക്ക മറ്റൊരു പ്രവർത്തനം. ഡോക്ടർമാരും നിരവധി ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ പലരും മാരകമായ ഈ രോഗവുമായി സമ്പർക്കത്തിൽ വന്നിരുന്നു. കോൺടാക്റ്റ് ലിസ്റ്റിൽ ആരോഗ്യപ്രവർത്തകർ ഏറെയുണ്ടായിരുന്നു എന്നുള്ളത് ലളിതമായ വിഷയമല്ല. അവർക്ക് തുറന്നു സംസാരിക്കാനും ആശങ്കകൾ പരിഹരിക്കാനും ഉള്ള സൗകര്യം മാനസികാരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കി എന്നത് ശ്രദ്ധേയമാണ്.

നിപ്പാ ബാധിതരുടെ മൃതദേഹ സംസ്കരണം അടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തേണ്ടതായും വന്നു. മൃതദേഹം സംസ്കരിക്കുന്നതിന് സഹായിക്കാൻ ബന്ധുക്കൾപോലും മടിച്ചപ്പോൾ ആ ഉത്തരവാദിത്വം ആരോഗ്യവകുപ്പിലെ ജീവനക്കാർതന്നെ പലപ്പോഴും നിറവേറ്റേണ്ടി വന്നു.

ഒരു വികസിത രാജ്യം അജ്ഞാതമായ പകർച്ചവ്യാധിയെ നേരിടുന്ന മാതൃകയോട് സമാനമായ രീതിയിലാണ് നാം നിപ്പാ പനിയെ നേരിട്ടത്. നിപ്പാ രോഗപ്രതിരോധത്തിന് 2500-ലധികം പേരുൾപ്പെടുന്ന സമ്പർക്ക പട്ടിക മറ്റെവിടെങ്കിലും രൂപീകരിച്ചോ എന്നുള്ളത് തന്നെ സംശയം. എന്നാലും പോരായ്മകൾ കാണാതെ പോയിക്കൂടാ. മെഡിക്കൽ കോളേജിലെ തിരക്ക് പിടിച്ച കാഷ്വലിറ്റിയിലും സിടി സ്കാൻ മുറിയുടെ അടുത്തുള്ള വീതി കുറഞ്ഞ ഇടനാഴിയിലും വെച്ച് രോഗം പകർന്നു എന്നത് അവഗണിക്കാവുന്ന വസ്തുതയല്ല. അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രോഗികളുടെ ബാഹുല്യവും മെഡിക്കൽ കോളേജിനെ സംബന്ധിച്ച് വലിയ ഒരു പരിമിതിയാണ് എങ്കിലും പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനുള്ള മുൻകരുതലുകൾ ഇനിയും ശക്തിപ്പെടേണ്ടി
യിരിക്കുന്നു.

നിപ്പാ രോഗചികിത്സയും പ്രതിരോധവും നിരീക്ഷണവും നടത്തുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങൾ കൂടി അരങ്ങേറി. ഓരോ ദിവസവും പ്രചരിച്ചുകൊണ്ടിരുന്ന വ്യാജസന്ദേശങ്ങൾ ആയിരുന്നു അത്. സർക്കാർ നോട്ടീസുകൾ പോലെതന്നെ തോന്നിക്കുന്ന ഫോട്ടോഷോപ്പ് വ്യാജസന്ദേശങ്ങൾ വരെ പുറത്തിറങ്ങി. ഇവയൊക്കെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും വലിയൊരളവ് ഊർജം ചെലവഴിക്കേണ്ടി വന്നു. എങ്കിലും അതൊന്നും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കാതെ കൈകാര്യം ചെയ്യാൻ വകുപ്പിനായി.

മന്ത്രിമാരുടെയും ആരോഗ്യവകുപ്പ് മേധാവിയുടെയും ജില്ലാ കളക്ടറുടെയും ആഭിമുഖ്യത്തിൽ എല്ലാ ദിവസവും പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും, സത്യസന്ധമായി ആ വിവരങ്ങൾ എല്ലാദിവസവും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഏവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുമ്പോട്ടുപോകുക എന്നതാണ് ചെയ്തിരുന്നത്.

നിപ്പ പഠിപ്പിച്ച പാഠങ്ങളും ആരോഗ്യ രംഗത്തിൻറെ സമഗ്രമായ പരിഷ്കരണത്തിനുള്ള നിർദേശങ്ങളും മറ്റൊരു ലേഖനമായി എഴുതുന്നതാണ്.

നിരീക്ഷണത്തിൽ വെച്ചിരിക്കുന്ന മിക്കവരും തന്നെ രോഗലക്ഷണങ്ങൾ പുറത്തു കാണിക്കാതെ ആരോഗ്യകരമായി ഇൻക്യുബെഷൻ പിരീഡിന് പുറത്തെത്തിക്കൊണ്ടിരിക്കുന്നു. രോഗം ബാധിച്ച രണ്ട് പേർ രോഗ വിമുക്തരായി ഡിസ്ചാർജ് കാത്തിരിക്കുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. മുഴുവനും കൊഴിഞ്ഞു തീർന്നുവെന്ന് കരുതാറായിട്ടില്ല. എങ്കിലും ആശങ്കകളിൽ നിന്നും പതുക്കെ മാറി നമുക്ക് ജാഗ്രതയുടെ കളത്തിൽ തുടരാം.

കേരളം നിപ്പയിൽ നിന്നും പൂർണ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാൻ ഇനിയും കുറച്ചു നാളുകൾ കൂടിയുണ്ട്. കാലം പഠിപ്പിച്ച വൃത്തിയുടെ ശീലങ്ങളുമായി ശ്രദ്ധയോടെ തന്നെ മുന്നോട്ടു പോകാം.

എഴുതിയത്: Dr. Arun Mangalath, Dr. Shimna Azeez, Dr. Mohandas Nair & Dr. Jinesh P S

-Info Clinic

Next Story

Related Stories