UPDATES

ട്രെന്‍ഡിങ്ങ്

കോഴിക്കോട് ലോ കോളേജില്‍ ഭരണഘടന പഠിപ്പിക്കുന്ന അധ്യാപികയ്ക്ക് സംവരണ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഔദാര്യം പറ്റിവന്നവര്‍; പ്രതിഷേധം കനക്കുന്നു

പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുത്ത ശേഷം പല വിചിത്ര നിയമങ്ങളും കലാലയത്തില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് ലോ കോളേജില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിക്ക് അധ്യാപികയുടെ ആക്ഷേപം നേരിടേണ്ടി വന്നതായി പരാതി. സംവരണം വഴി പഠിക്കാനെത്തിയവര്‍ മറ്റു കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിയവരാണെന്നും ക്ലാസ്സില്‍ സംസാരിക്കാനുള്ള യോഗ്യതയില്ലെന്നുമായിരുന്നു അധ്യാപികയുടെ പരാമര്‍ശമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംവരണ വിഭാഗത്തില്‍പ്പെട്ടവരെയാകെ ആക്ഷേപിക്കുന്ന നിലപാടാണ് അധ്യാപികയുടേതെന്നു ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലും പുറത്തും പ്രതിഷേധമറിയിക്കുന്നുണ്ട്. ഭരണഘടന പഠിപ്പിക്കുന്ന ക്ലാസിനിടെയാണ് അധ്യാപികയുടെ അധിക്ഷേപകരമായ പരാമര്‍ശമുണ്ടായത്.

അറ്റന്‍ഡന്‍സ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികള്‍ സംസാരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. സംസാരിച്ച വിദ്യാര്‍ത്ഥിനികളില്‍ മുസ്ലിം മതവിശ്വാസികളായ ചിലരുണ്ടായിരുന്നെന്നും, ഇവരെ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയാണ് അധ്യാപികയായ ജി.ആര്‍ ലക്ഷ്മി പരസ്യമായി ആക്ഷേപിച്ചത് എന്നുമാണ് പരാതി. ഔദാര്യം പറ്റി വന്നവരാണ് സംവരണവിഭാഗത്തിലുള്ളതെന്നും, നിങ്ങള്‍ ക്ലാസ്സില്‍ സംസാരിക്കേണ്ടെന്നുമായിരുന്നു അധ്യാപിക പറഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു. വിഷയത്തില്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രതിഷേധദിനം ആചരിക്കുകയാണ് എസ്എഫ്ഐ. എംഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

ലോ കോളേജ് വിദ്യാര്‍ത്ഥിയായ നോയല്‍ ജോര്‍ജ് പറയുന്നതിങ്ങനെ: “ഒരുമിച്ചിരുന്ന രണ്ടു മൂന്നു മുസ്ലീം കുട്ടികളോടായാണ് അധ്യാപിക മോശമായി സംസാരിച്ചത്. സംവരണവിഭാഗത്തില്‍ വന്ന കുട്ടികള്‍ സംസാരിക്കേണ്ട, നിങ്ങള്‍ ഔദാര്യം പറ്റി വന്നവരാണ്, മറ്റു കുട്ടികളുടെ അവസരം ഇല്ലാതാക്കിയവരാണ് എന്നെല്ലാമായിരുന്നു ക്ലാസ്സില്‍ അവര്‍ പറഞ്ഞത്. സംഭവം നടന്നയുടനെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അതു ചോദ്യം ചെയ്തിരുന്നില്ല. പിന്നീടാണ് ഇത് തീര്‍ത്തും തെറ്റായ നീക്കമാണെന്ന തിരിച്ചറിവില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമറിയിക്കുന്നത്. യൂണിയന്‍ ഭാരവാഹികള്‍ അധ്യാപികയുമായി സംസാരിച്ചപ്പോള്‍ ഇതു സംസാരിക്കാന്‍ മാത്രമുള്ള വിഷയമല്ലെന്നും നിങ്ങള്‍ ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ കുട്ടിയേയും വിളിച്ചു സംസാരിച്ചു. അതിനു ശേഷമാണ് നിങ്ങള്‍ക്കു വേണ്ടി മാപ്പു പറയാമെന്നു പറഞ്ഞ് അധ്യാപിക പേരിനൊരു മാപ്പുപറച്ചില്‍ നടത്തിയത്.

ഇതോടെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളുണ്ടായി.  മാപ്പു പറഞ്ഞതോടെ അധ്യാപികയ്ക്ക് അബദ്ധം പറ്റിയതാവുമെന്ന രീതിയിലുള്ള ന്യായീകരണങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, ഇതു മാത്രമല്ല അധ്യാപികയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ള വീഴ്ച. പൊതുവേ സംവരണ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന ഇവര്‍ സംവരണം എന്ന ആശയം തന്നെ തെറ്റാണെന്നും ഇന്ത്യയിലല്ലാതെ മറ്റൊരിടത്തും ഈ സംവിധാനമില്ലെന്നും ക്ലാസ്സില്‍ പറഞ്ഞിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിനിയെ ശകാരിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അധ്യാപിക പറയുന്നുണ്ടെങ്കിലും, സംവരണ വിഭാഗങ്ങളെ മുഴുവന്‍ അവഹേളിക്കുന്ന പ്രസ്താവനയാണത്. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കുന്നതു വരെ സമരവുമായി മുന്നോട്ടു പോകും”, എസ്എഫ്ഐ നേതാവു കൂടിയായ നോയല്‍ പറയുന്നു.

നേരത്തേ എറണാകുളം ലോ കോളേജില്‍ പഠിപ്പിച്ചിരുന്ന ജി.ആര്‍ ലക്ഷ്മി ഈ വര്‍ഷമാണ് സ്ഥലം മാറിയെത്തിയതെന്നും എറണാകുളത്ത് സമാനമായ പ്രശ്‌നങ്ങളില്‍പ്പെട്ട ഇവരെ വിദ്യാര്‍ത്ഥികള്‍ പൂട്ടിയിടുക വരെ ചെയ്തിട്ടുള്ളതാണെന്നും നോയല്‍ പറയുന്നു. വിഷയത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പ്രകടനം നടത്തുകയും ഫ്രറ്റേണിറ്റി പഠിപ്പു മുടക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ വകുപ്പു തല നടപടികള്‍ കൈക്കൊള്ളണമെന്നു കാണിച്ച് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, യുവജന കമ്മീഷന്‍, ന്യൂനപക്ഷ വികസന കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നു. കോളേജധികൃതരോടും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍, വിഷയത്തെക്കുറിച്ച് കേട്ടുവെന്നും, വിവരങ്ങളന്വേഷിക്കാനായി ചില അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പ്രിന്‍സിപ്പാള്‍ തിലകാനന്ദന്റെ പ്രതികരണം: “വിഷയം അധ്യാപകര്‍ അന്വേഷിക്കട്ടെ. അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണോയെന്ന് അതിനു ശേഷം തീരുമാനിക്കാം. വിദ്യാര്‍ത്ഥികള്‍ പറഞ്ഞുള്ള അറിവല്ലേയുള്ളൂ. അത് ശരിയാണോ എന്നറിയണമല്ലോ. അറിഞ്ഞതിനു ശേഷം ബാക്കി കാര്യങ്ങള്‍ ആലോചിക്കാം.”

നേരത്തേ ലോ കോളേജിലെ ചില അധ്യാപകര്‍ക്കെതിരായി നിലപാടെടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്ന വിദ്യാര്‍ത്ഥികളുണ്ടെന്നും, ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്നതടക്കമുള്ള അത്തരം നടപടികള്‍ ഭയന്നാണ് വിദ്യാര്‍ത്ഥിനിയടക്കമുള്ളവര്‍ പരാതി നല്‍കാന്‍ മടിക്കുന്നതെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുത്ത ശേഷം പല വിചിത്ര നിയമങ്ങളും കലാലയത്തില്‍ കൊണ്ടു വന്നിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതു വിലക്കിക്കൊണ്ടും യൂണിഫോം വേണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുമുള്ള നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുള്ളതായി നിയമവിദ്യാര്‍ത്ഥികള്‍ പറയുന്നു. യൂണിയന്‍ പരിപാടികള്‍ക്കടക്കം തടസ്സം നേരിടാറുണ്ട്. റസിഡന്‍ഷ്യല്‍ ക്യാംപസ്സായിരുന്നിട്ടും കോളേജില്‍ നാലു മണിക്കു ശേഷം വിദ്യാര്‍ത്ഥികളെ കാണരുതെന്നതടക്കമുള്ള സദാചാര നടപടികള്‍ ഉണ്ടായിട്ടുള്ളതായും പരാതിയുണ്ട്. ഇതുകൊണ്ടു തന്നെ അധ്യാപികയ്‌ക്കെതിരെ കോളേജ് നടപടിയെടുക്കുമെന്നു പ്രതീക്ഷയില്ലെന്നും, വകുപ്പുതല നടപടികളുണ്ടാകുന്നതു വരെ പ്രതിഷേധം തുടരുമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍