TopTop
Begin typing your search above and press return to search.

'ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി'; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

"രണ്ട് കോടി രൂപ എല്ലാ മണ്ഡലങ്ങള്‍ക്കും നല്‍കി. മറ്റു പലരും അത് റോഡുണ്ടാക്കാന്‍ ഉപയോഗിച്ചപ്പോള്‍ ഞാനത് സ്‌കൂളുണ്ടാക്കാന്‍ കൊടുത്തു", പ്രിസം പദ്ധതിയെക്കുറിച്ച് എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ആ ശ്രമം ഇന്ന് എത്തി നില്‍ക്കുന്നത് രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍ എന്ന അംഗീകാരത്തിലാണ്. പ്രിസം പത്താം വര്‍ഷം പിന്നിടുമ്പോള്‍ കോഴിക്കോട്ടെ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായത് അന്താരാഷ്ട്ര നിലവാരമുള്ള പത്ത് സ്‌കൂളുകള്‍. നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ വിജയം എത്തിപ്പിടിക്കാനായി ഒരുങ്ങുന്നത് മറ്റ് ഒമ്പത് സ്‌കൂളുകളാണ്. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയിരുന്ന സ്‌കൂളുകള്‍ മുന്‍ നിരയിലേക്ക്- പ്രിസം പദ്ധതി സമാനതകളില്ലാത്ത മാതൃകയാവുന്നതും ഇങ്ങനെയാണ്.

2013 മുതല്‍ രാജ്യത്തെ മികച്ച നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ ഇടം നേടിയതാണ് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഇത്തവണ റാങ്കിങ്ങില്‍ ഒരു പടി കൂടി മുന്നിലേക്ക് കയറി രണ്ടാം സ്ഥാനം പങ്കിട്ടു. റാങ്കിങ്ങില്‍ നടക്കാവ് ജി.വി.എച്ച്.എസ്.എസിന് എപ്പോഴും മുന്നില്‍ നിന്നിരുന്നതാണ് പട്ടം കേന്ദ്രീയ വിദ്യാലയയും ചെന്നൈ ഐഐടി കാമ്പസ് സ്‌കൂളും. പട്ടം സ്‌കൂളിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി, ചെന്നൈ ഐഐടി കാമ്പസ് സ്‌കൂളിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടുകൊണ്ടായിരുന്നു ഇക്കുറി മുന്നേറ്റം. സ്‌കൂളില്‍ അഡ്മിഷനെടുക്കാന്‍ വിരലില്‍ എണ്ണാവുന്നത്രയും കുട്ടികള്‍ മാത്രം എത്തിയിരുന്ന സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ ആയിരക്കണക്കിന് പേര്‍ മടങ്ങുന്നത് വര്‍ഷങ്ങളായുള്ള പതിവ് കാഴ്ച. ഇതേ നിലവാരത്തിലേക്ക് വരികയാണ് പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മറ്റ് സ്‌കൂളുകളും.

മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി, കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി, എന്‍ജിഒ ക്വാട്ടേഴ്‌സ്, ഈസ്റ്റ് ഹില്‍ ഹയര്‍ സെക്കന്‍ഡറി, ചെലവൂര്‍ ജി എല്‍ പി, കണ്ണാടിക്കല്‍ വരദൂര്‍ ജിഎല്‍പി, പുതിയങ്ങാടി ജി എല്‍ പി, പുതിയങ്ങാടി ഗവ. മാപ്പിള എല്‍ പി, മലാപ്പറമ്പ് എയുപി എന്നിവയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്ന കോഴിക്കോട് മണ്ഡത്തിലെ സ്‌കൂളുകള്‍.

2007-ല്‍ കോഴിക്കോട് എംഎല്‍എ എ. പ്രദീപ് കുമാറിന്റെ മനസ്സില്‍ രൂപം കൊണ്ട സ്വപ്‌നപദ്ധതിയായിരുന്നു പ്രിസം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന കാഴ്ച്ചപ്പാടില്‍ നിന്നായിരുന്നു പദ്ധതിയുടെ തുടക്കം. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു ലക്ഷ്യം. 'പ്രമോട്ടിങ് റീജ്യണല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍സ്' (പ്രിസം) പദ്ധതിയില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് മൂന്ന് വിദ്യാലയങ്ങള്‍. നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി, ആഴ്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായിരുന്നു അവ. എന്നാല്‍ ആഴ്ചവട്ടം സ്‌കൂള്‍ പിന്നീട് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് മാറിയതോടെ പദ്ധതി മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂളിലേക്കും മാറി. നടക്കാവ് ജി വി എച്ച് എസ് എസ് 2013ല്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സ്‌കൂളിന്റെ രൂപം മാറ്റുന്നതിലും 90 ശതമാനത്തോളം വിജയിച്ചു. കാരപ്പറമ്പ് ഹയര്‍ സെക്കന്‍ഡറിയും മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറിയും ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരം കൈവരിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യം വികസനം രണ്ട് സ്‌കൂളുകളിലും പൂര്‍ത്തിയായി വരികയാണ്.

നടക്കാവ് ജി വി എച്ച് എസ് എസ് പ്രിന്‍സിപ്പലും പ്രിസം പദ്ധതി കോ-ഓര്‍ഡിനേറ്ററുമായ ജലൂഷ് പറയുന്നു: "ബഹുമുഖ ഇടപെടലുകളിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുക എന്ന ആശയത്തില്‍ നിന്നാണ് പ്രിസം ഉണ്ടാവുന്നത്. എംഎല്‍എ ആശയം പങ്കുവച്ചു. ഐഐഎം കോഴിക്കോട് ആണ് ആ പദ്ധതിക്ക് ഒരു രൂപം നല്‍കിയത്. പദ്ധതി രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു. 2008ല്‍ ഇന്നവേറ്റീവ് പ്രോജക്ട് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കുകയും ചെയ്തു. നടക്കാവാണ് ആദ്യം പദ്ധതി പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ കാരപ്പറമ്പ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും പൂര്‍ണമായും കഴിഞ്ഞു. കാരപ്പറമ്പ് സമ്പൂര്‍ണമായ ഹരിത വിദ്യാലയമാണ്. ഇത് പ്രിസത്തിന്റെ പതിനൊന്നാം വര്‍ഷമാണ്. ഈ സമയത്ത് കോഴിക്കോട് മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പാകുന്നുണ്ട്".

അഞ്ച് എല്‍ പി -യു പി സ്‌കൂളുകളിലും അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി നടക്കുന്ന പദ്ധതിക്കായി പ്രത്യേകം കോര്‍ഡിനേറ്ററെ സര്‍ക്കാര്‍ നിയമിച്ചു. ഓരോ സ്‌കൂളുകളിലും പ്രിസം സ്‌കൂള്‍ ഡവലപ്‌മെന്റ് സൊസൈറ്റിയും പ്രവര്‍ത്തിക്കുന്നു. എംഎല്‍എ ചെയര്‍മാനായ സമിതിയില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും എല്ലാം പ്രതിനിധികളുമുള്‍പ്പെടുന്നു. സ്മാര്‍ട് ക്ലാസ് മുറികള്‍, അന്താരാഷ്ട്ര നിലവാരമുള്ള ലാബുകള്‍, ലൈബ്രറി, ആസ്‌ട്രോ ടര്‍ഫ് ഗ്രൗണ്ട്, ഹൈടെക് കിച്ചനും കാന്റീനും, നൂറ്റി അമ്പതിലധികം കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബുകള്‍, ജിംനേഷ്യം, മിനി ഇന്‍ഡോര്‍ സ്‌റ്റേഡിയം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് സ്‌കൂളുകളില്‍ ഒരുക്കിയിരിക്കുന്നത്.

"12 ക്രൈറ്റീരിയകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിലൂടെയാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യമായാവും ഒരു നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഒരു പദ്ധതിക്ക് കോ-ഓര്‍ഡിനേറ്ററെ തീരുമാനിച്ച് സര്‍ക്കാര്‍ നിയമിച്ചത്. സ്‌കൂളുകളില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് മുകളിലുള്ളവരുടെ നിര്‍ദ്ദേശങ്ങളും സഹായങ്ങളും വേണ്ടിവരുമെന്നതിനാലാണ് എല്ലാ സ്‌കൂളുകളിലും പ്രിസം സ്‌കൂള്‍ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനായി എംഎല്‍എയെ തന്നെ തീരുമാനിച്ചത്. രാവും പകലും നടക്കുന്ന യോഗങ്ങളിലും ചര്‍ച്ചകളിലും എല്ലാം എംഎല്‍എ അര്‍പ്പണ ബോധ്യത്തോടെ ഇന്‍വോള്‍വ്ഡ്ഡ് ആവുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ വിജയം. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ എല്ലാ സ്കൂളുകളുടെയും പ്രധാനാധികാരിക്ക് ഇന്ത്യന്‍ സ്‌കൂള്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക പരിശീലനം നല്‍കി വരുന്നു. ടീം സെന്റര്‍ ഇന്ററാക്ഷനായി ഡോ. തോമസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളിലെ 150 അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നു. ഇനിയും ധാരാളമുണ്ട് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാര്യങ്ങള്‍. പദ്ധതി നടപ്പിലായ ശേഷം നടക്കാവ് ജി വി എച്ച് എസ് എസ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലുണ്ടായ വിജയശതമാനം പദ്ധതിയുടെ വിജയത്തിന് വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാം. അക്കാദമിക് റിസള്‍ട്ട് മാത്രമല്ല, എല്ലാത്തരത്തിലും പേഴ്‌സണാലിറ്റിയില്‍ വരുന്ന ഗുണകരമായ മാറ്റങ്ങളാണ്. നടക്കാവ് സ്‌കൂളിന്റെ കാര്യമെടുത്താല്‍ 2010-11 കാലത്തൊക്കെ 80-85 ശതമാനത്തിന് മുകളിലേക്ക് എസ്എസ്എല്‍സി വിജയശതമാനം പോയിട്ടില്ല. മൂന്നോ നാലോ ഫുള്‍ എ പ്ലസുകാരുണ്ടാവും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫലം നോക്കിയാല്‍ 426 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പാസ്സായി. ബാക്കിയുള്ള ഒരാള്‍ സേ എഴുതിയും പാസ്സായി. 50 ഫുള്‍ എപ്ലസ് ഉണ്ട്. വിഎച്ച്എസ്ഇയില്‍ രണ്ടാം റാങ്കും സ്‌കൂളിന് സ്വന്തമായിരുന്നു."

മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍ ആണ് പദ്ധതിയെ പ്രതീക്ഷിച്ചതിലും അധികം വിജയത്തിലേക്കെത്തിച്ചതെന്ന് പ്രദീപ് കുമാര്‍ എംഎല്‍എയും ജലൂഷും പറയുന്നു. സര്‍ക്കാരില്‍ നിന്നും എംഎല്‍എ ഫണ്ടില്‍ നിന്നുമുള്ള ഏഴ് കോടി രൂപയും ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ നല്‍കിയ 15 കോടിയും ഉള്‍പ്പെടെ 22 കോടി രൂപ ചെലവഴിച്ചാണ് നടക്കാവ് സ്കൂളില്‍ വികസനം യാഥാര്‍ഥ്യമായത്. കാരപ്പറമ്പ് സ്‌കൂളില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ മറ്റ് സ്‌കൂളുകളിലെല്ലാം പണമായും മറ്റ് സൗകര്യങ്ങളായും പലരും സഹായിക്കാറുള്ളതിനാല്‍ മാത്രമാണ് പദ്ധതി മുന്നോട്ട് പോവുന്നതെന്ന് ജലൂഷ് പറയുന്നു. "സര്‍ക്കാരിന് മാത്രം ഇത്രയും തുക ഓരോ സ്‌കൂളുകള്‍ക്കുമായി ചെലവഴിക്കാനാവില്ല. അവിടെയാണ് ഇതിന്റെ മള്‍ട്ടി ഇന്റര്‍വെന്‍ഷന്‍ സഹായകമാവുക. ഐഎസ്ആര്‍ഒ, ഐഐഎം, ഇന്ത്യന്‍ ആര്‍ക്കിടെക്ട് അസോസിയേഷന്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും അങ്ങനെ നിരവധി പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രിസം പദ്ധതിയോട് ചേരുന്നു. ഒരു സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ലാബ് ഒരുക്കിയത് ഐഎസ്ആര്‍ഒ ആണ്. എല്ലാ സ്‌കൂളുകള്‍ക്കുമുള്ള പ്ലാന്‍ തരുന്നത് ആര്‍ക്കിടെക്ട് അസോസിയേഷന്റെ സഹായമാണ്. ഡൈനിങ് ഹാള്‍, ബിവറേജ് കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ്. ഡി.സി ബുക്‌സ് ലൈബ്രറി സൗകര്യം തരുന്നു. അരീന ഹൈജീന്‍ സൊല്യൂഷന്‍ വെയ്സ്റ്റ് മാനേജ്‌മെന്റില്‍ സഹായിക്കുന്നു. ലോഗോ ഡിസൈനിങ് യാര ആഡ് ടീം ചെയ്തു. ഇനിയുമുണ്ട് ഒട്ടേറെ പേരും സ്ഥാപനങ്ങളും. പലരും പ്രിസത്തെക്കുറിച്ച് വിമര്‍ശനമുന്നയിക്കുന്നത് ഈ ബഹുമുഖ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ പൊതുസമൂഹത്തിന്റെയൊന്നാകെ സഹായവും പിന്തുണയും സ്വീകരിച്ചാല്‍ അത് അത്രയും നന്നാവുകയും സര്‍ക്കാരിന് അധിക ഭാരം ഒഴിവാവുകയും ചെയ്യും."

കോഴിക്കോട് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതി മറ്റ് പലയിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പലരും ആഗ്രഹിക്കുന്നു. ചിലര്‍ മാതൃകകള്‍ പഠിച്ച് അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ മുഴുവന്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിലവാരത്തിലേക്ക് മാറേണ്ടതുണ്ടെന്നും അത് വിദ്യഭ്യാസ മേഖലയില്‍ വലിയ വിപ്ലവമായിരിക്കുമെന്നും മന്ത്രി സി രവീന്ദ്രനാഥ് അഴിമുഖത്തോട് പറഞ്ഞു. "നടക്കാവ് ഗേള്‍സ് വിഎച്ച്എസ്എസ് ഇന്ന് രാജ്യത്തെ മികച്ച സ്‌കൂളുകളില്‍ ഉള്‍പ്പെട്ടത് ഭൗതികസാഹചര്യങ്ങളിലെ മാറ്റങ്ങളിലൂടെയാണ്. ഇത് തുടക്കമാണ്. ഭൗതിക സാഹചര്യങ്ങള്‍ മാറുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മാറും. വലിയ മാറ്റങ്ങളുടെ സാഹചര്യമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാവുന്നത്. 140 മണ്ഡലങ്ങളിലും ഇന്റനാഷണല്‍ സ്റ്റാന്‍ഡേര്‍ഡുള്ള ഒരോ സ്‌കൂള്‍ ഉടന്‍ ഉണ്ടാവും. പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം, ഭൗതിക-ഗുണനിലവാര മാറ്റങ്ങള്‍, ഇവയുടെ ആകെത്തുകയാണ് ഇന്ന് നടക്കാവ് സ്‌കൂളിന് ലഭിച്ച അംഗീകാരം. ഇത് തുടരുക തന്നെ ചെയ്യും. ക്വാളിറ്റി എന്നത് അംഗീകരിക്കാതെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കൊന്നും ഇനി മുന്നോട്ട് പോവാനാവില്ല. വൈകാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത് പ്രതിഫലിക്കും."

Also Read: നടക്കാവ് ഗേള്‍സ് വിഎച്ച്എസ്എസ് രാജ്യത്തെ രണ്ടാമത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂള്‍; മികച്ച 10 സ്‌കൂളുകളിൽ നാലെണ്ണം കേരളത്തിൽ

Next Story

Related Stories