TopTop
Begin typing your search above and press return to search.

പുതിയ നീക്കവുമായി കെപിഎംഎസും വടയമ്പാടിയില്‍; പിന്നില്‍ ഹിന്ദു ഐക്യവേദി-എന്‍എസ്എസ് എന്ന് ആക്ഷേപം

പുതിയ നീക്കവുമായി കെപിഎംഎസും വടയമ്പാടിയില്‍; പിന്നില്‍ ഹിന്ദു ഐക്യവേദി-എന്‍എസ്എസ് എന്ന് ആക്ഷേപം
വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരത്തില്‍ നിലപാട് വ്യക്തമാക്കി കെപിഎംഎസ്. തീവ്രവാദ-നക്‌സല്‍ സംഘങ്ങളുമായി യോജിച്ച് സമരത്തിന് തയ്യാറല്ലെന്നും കെപിഎംഎസ് നേതൃത്വം. പുത്തന്‍കുരിശ് ചൂണ്ടിയില്‍ നടന്ന വടയമ്പാടി ഭജനമഠം ഭൂസമരത്തില്‍ കെപിഎംഎസിന്റെ വിശദീകരണ യോഗത്തിലാണ് നിലപാട് പ്രഖ്യാപിച്ചത്. ജാതിമതില്‍ വിഷയം നിയമപരമായി നേരിടുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു. ഭൂമിയുടെ വിഷയത്തില്‍ എന്‍എസ്എസ് ചര്‍ച്ചയ്ക്ക് ഒരുക്കമാണെങ്കില്‍ ആരുമായും ചര്‍ച്ചയ്ക്ക് കെപിഎംഎസ് തയ്യാറാണ്. എന്നാല്‍ തീവ്രവാദ-നക്‌സല്‍ സംഘങ്ങളുമായി യോജിച്ച് കെപിഎംഎസ് സമരത്തിന് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയന്‍ പ്രസിഡന്റ് ഐ. ശശിധരന് സഭ പൂര്‍ണ പിന്തുണ നല്‍കും. പോലീസ് നടപടി അപലപനീയമാണ്. സഭാ പ്രവര്‍ത്തകരെ അനാവശ്യമായി പോലീസ് അതിക്രമിച്ചാല്‍ പ്രതിരോധം തീര്‍ക്കുമെന്നും കെപിഎംഎസ് നേതൃത്വം പറയുന്നു.

വടയമ്പാടിയിലെ പുലയസമുദായക്കാരുടെ നേതൃത്വത്തിലുള്ള ഭൂസമരം പതിനൊന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഇതാദ്യമായാണ് കെപിഎംഎസ് സമരത്തോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്. കെപിഎംഎസ് ഔദ്യോഗിക വിഭാഗമായ ടി.വി. ബാബു വിഭാഗത്തോടൊപ്പം നിന്നവരാണ് വടയമ്പാടിയിലെ പുലയസമുദായാംഗങ്ങളില്‍ പലരും. സമരം ചെയ്യുന്നവരില്‍ ചിലര്‍ സഭയുടെ സജീവ പ്രവര്‍ത്തകരായിരുന്നിട്ട് കൂടി സഭാ നേതൃത്വം അനുകൂലമായ നിലപാട് സ്വീകരിക്കുകയോ സമരത്തിന് പിന്തുണ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇതില്‍ സമരക്കാര്‍ക്ക് വലിയ പ്രതിഷേധവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെപിഎംഎസ് ഓഫീസിനോട് ചേര്‍ന്ന് സ്ഥാപിച്ച ഭൂ അവകാശ സമിതിയുടെ താല്‍ക്കാലിക സമരപ്പന്തല്‍ പൊളിച്ചത് കെപിഎംഎസ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. ഇതോടെ കെപിഎംഎസ്, പോലീസിനും എന്‍എസ്എസിനുമൊപ്പം ചേര്‍ന്ന് സമരത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം സമരക്കാര്‍ ഉന്നയിച്ചിരുന്നു. ചൂണ്ടിയിലെ പ്രഖ്യാപനങ്ങള്‍ ഈ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും സമരക്കാര്‍ പറയുന്നു.

വടയമ്പാടിയില്‍ എന്‍എസ്എസിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം ക്ഷേത്രത്തോടൊപ്പം മതില്‍ കെട്ടിത്തിരിച്ചതോടെയാണ് വടയമ്പാടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇതിനെതിരെ പ്രദേശത്തെ നൂറ്റമ്പതോളം ദളിത് കുടുംബങ്ങള്‍ പ്രതിഷേധവുമായി എത്തുകയും കഴിഞ്ഞ ഏപ്രില്‍ 14ന് ദളിത് ഭൂ അവകാശ സമിതി മതില്‍ പൊളിക്കുകയും ചെയ്തു. തുടര്‍ന്ന് റിലേ നിരാഹാര സമരം നടത്തിവരികയായിരുന്ന സമരസമിതിയുടെ പന്തല്‍ ഒരാഴ്ച മുമ്പ് പോലീസും റവന്യൂ അധികൃതരുമെത്തി പൊളിച്ചു. ഇതോടെയാണ് പ്രശ്‌നം കൂടുതല്‍ ശ്രദ്ധനേടിയത്. സമരപ്പന്തല്‍ പൊളിച്ചതിനെ തുടര്‍ന്ന് കെപിഎംഎസ് ഓഫീസ് കെട്ടിടത്തോട് ചേര്‍ന്ന് താത്ക്കാലിക സമരപ്പന്തല്‍ സ്ഥാപിച്ചെങ്കിലും കെപിഎംഎസ് പ്രവര്‍ത്തകര്‍ തന്നെ പരാതി നല്‍കി അതും പൊളിച്ചുമാറ്റി. സമരസമിതി നേതാവായിരുന്ന ജോയ് പാവേലിനെ കെപിഎംഎസുകാരോട് മോശമായി പെരുമാറിയെന്ന പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

http://www.azhimukham.com/kerala-kpms-also-joined-against-dalit-protest-in-vadayambadi/

പത്ത് മാസത്തോളം സമാധാനപരമായി നടന്നിരുന്ന സമരത്തില്‍ മാവോയിസ്റ്റ്-തീവ്രവാദ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ടു. സമരത്തെ എതിര്‍ക്കുന്നവരും പിന്തുണയറിയിച്ച് എത്തിയ രാഷ്ട്രീയ പാര്‍ട്ടികളുമടക്കം മാവോയിസ്റ്റ്-തീവ്രവാദ സംഘടനകളുടെ സാന്നിധ്യത്തെ വിമര്‍ശിച്ചു. വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചതോടെ സിപിഎം ഏരിയാ കമ്മിറ്റി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ സമരക്കാര്‍ ഉയര്‍ത്തിയ ജാതി എന്ന അടിസ്ഥാനകാര്യം അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായതുമില്ല. മൈതാനം പൊതു ഉടമസ്ഥതയില്‍ പൊതുജനങ്ങള്‍ക്കായി വിട്ടുനല്‍കണമെന്ന ആവശ്യമാണ് സിപിഎം ഏരിയാ കമ്മിറ്റി ഉന്നയിച്ചത്. സിപിഎമ്മിന് ജാതിയും ജാതിമതിലുമില്ലെന്ന് ഏരിയാ സെക്രട്ടറി സി.കെ വര്‍ഗീസ് അഴിമുഖത്തോട് പറഞ്ഞിരുന്നു. പുറത്തുനിന്ന് വന്നവര്‍ പ്രദേശത്ത് അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സിപിഎം അതിന് കൂട്ടുനില്‍ക്കില്ലെന്നുമുള്ള അഭിപ്രായമാണ് ഏരിയാകമ്മിറ്റി നേതാക്കള്‍ പങ്കുവച്ചത്.

കഴിഞ്ഞ ഞായറാഴ്ച സ്ഥാപിക്കപ്പെട്ട ഹിന്ദുഐക്യവേദി യൂണിറ്റും സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. ദളിത് വിഭാഗക്കാരുടെ സമരത്തിനെതിരെ വടയമ്പാടിയിലെ മറ്റ് സമുദായാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന അസ്വസ്ഥത മുതലെടുക്കുക എന്ന ഉദ്ദേശമാണ് ഹിന്ദുഐക്യവേദിയുടെ രൂപീകരണത്തിന് പിന്നിലുള്ളതൊണ് സമരക്കാര്‍ ആരോപിക്കുന്നത്. വടയമ്പാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്ന സാഹചര്യത്തില്‍ യൂണിറ്റ് സ്ഥാപിച്ചതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണെന്നാണ് സമരക്കാരുടെ വിലയിരുത്തല്‍. അതേ സമയം സമരവും യൂണിറ്റ് രൂപീകരണവും തമ്മില്‍ ബന്ധമില്ലെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ വടയമ്പാടി സമരത്തില്‍ ഇസ്ലാമിക് തീവ്ര ഗ്രൂപ്പുകളുടേയും, മാവോയിസ്റ്റുകളുടേയും ഇടപെടല്‍ അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും അതിനെ നേരിടുമെന്നും അവര്‍ പറയുന്നു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമല്ല വടയമ്പാടിയിലേതെന്നും ഏതാനും ചില ഹിന്ദുക്കള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണതെന്നും ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പറഞ്ഞു, "
ഹിന്ദു ഐക്യവേദിയുടെ സ്ഥാനീയ സമിതി രൂപീകരിച്ചത് ഐക്യവേദിയുടെ പുന:സംഘടനയുടെ ഭാഗമായാണ്. അതും വടയമ്പാടിയിലെ വിഷയവുമായി ബന്ധമില്ല. അവിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വിഷയം എന്നും പറയാന്‍ സാധ്യമല്ല. ദളിത് സമുദായത്തിലെ മുഴുവന്‍ പേരും ക്ഷേത്രത്തിനെതിരോ അല്ലെങ്കില്‍ എന്‍എസ്എസിലെ എല്ലാവരും ഈ കുടുംബങ്ങള്‍ക്ക് എതിരോ അല്ല. ഏതാനും കുടുംബങ്ങളുമായുള്ള വിഷയം മാത്രമേ അവിടെയുള്ളൂ. രണ്ട് കൂട്ടരേയും വിളിച്ച് പ്രശ്‌നം പരിഹരിക്കുതിനുള്ള ശ്രമം ഹിന്ദുഐക്യവേദി ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രഭൂമിയുടെ വിഷയത്തില്‍ രാഷ്ട്രീയക്കാരോ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മുസ്ലീം സംഘടനകളോ ഇടപെടേണ്ട കാര്യമില്ല. ഇത് ഹിന്ദു സമൂഹത്തിന്റെ വിഷയമാണ്. ഏതാനും ചില ഹിന്ദുക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ്. അത് ഹിന്ദുസമൂഹം തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയമേയുള്ളൂ. അതിനകത്ത് രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് രാഷ്ട്രീയം ഉപയോഗിക്കേണ്ട കാര്യമില്ല. മറ്റൊരു പ്രധാന സംഗതി ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ഇതില്‍ കടന്നുകൂടാനായുള്ള ശ്രമം നടക്കുന്നുണ്ട്. അതിനെ ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ക്കും. മാവോയിസ്റ്റ് സംഘടനകളും, എസ്ഡിപിഐ, സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയെല്ലാം അതില്‍ പെടും. അവര്‍ ഈ പാവപ്പെട്ടയാളുകളെ ദുരുപയോഗം ചെയ്യുകയാണ്"
.

http://www.azhimukham.com/offbeat-vadaymbadi-is-land-of-our-forefathers-says-dalits/

യൂണിറ്റ് രൂപീകരിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഹിന്ദു ഐക്യവേദി, ക്ഷേത്രഭൂമി കയ്യേറാനുള്ള എസ്ഡിപിഐ, മാവോയിസ്റ്റ്, വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുടെ ഗൂഡനീക്കത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ വടയമ്പാടിയിലും സമീപ പ്രദേശങ്ങളിലും പതിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ വടയമ്പാടി ജാതിമതില്‍ വിരുദ്ധസമരം പരിഗണിക്കുന്നതിനായി ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദി ആക്ഷന്‍ കൗണ്‍സിലില്‍ പ്രദേശത്തെ കെപിഎംഎസ് നേതാക്കളും അംഗമാണ്. അതിനാല്‍ തന്നെ കെപിഎംഎസിന്റെ നിലപാട് ഹിന്ദുഐക്യവേദിയുടെ ആശയവുമായി ചേര്‍ന്നുള്ളത് തന്നെയാണെന്നാണ് സമരക്കാര്‍ ഉന്നയിക്കുന്ന ആക്ഷേപം.

സമരം തുടങ്ങിയിട്ട് ഇത്രയും കാലം തിരിഞ്ഞ് നോക്കാതിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളടക്കം എല്ലാവരും ഇപ്പോള്‍ പിന്തുണ അറിയിച്ചെത്തുന്നതെന്തിനെന്നാണ് സമരസമിതി നേതാവ് അയ്യപ്പന്‍കുട്ടി ചോദിക്കുന്നത്. കെപിഎംഎസ് ഒരവസരത്തിലും സമരത്തിന് അനുകൂലമായി നിന്നിട്ടില്ലെന്നും ഇപ്പോള്‍ ഹിന്ദുഐക്യവേദിയോടൊപ്പം എന്‍എസ്എസിന് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്‍കുട്ടിയുടെ കൂടുതല്‍ അഭിപ്രായങ്ങളിലേക്ക്, "
കെപിഎംഎസ് നാളിതുവരെ വടയമ്പാടിയില്‍ ദളിതര്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തിട്ടില്ല. ഈ സമരത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം പുലയരാണെന്നതൊഴിച്ചാല്‍ കെപിഎംഎസ് ഒരു സംഘടന എന്ന നിലയ്ക്ക് നാളിതുവരെ സമരത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. ഒരു ദിവസം പോലും പങ്കെടുത്തിട്ടില്ല. അതുകൊണ്ട് ഈ സമരം ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. സമരം ചെയ്യാത്തവര്‍ക്ക് അത് ഏറ്റെടുക്കാനുള്ള അവകാശമില്ലല്ലോ. സമരത്തില്‍ നിന്ന് പിന്‍മാറുന്നു എന്ന രീതിയിലാണ് ഇന്ന് അവരുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. കെപിഎംഎസ് ഈ സമരം ഏറ്റെടുത്തിരുന്നു, പിന്നീട് പിന്‍മാറി എന്നൊക്കെ പറഞ്ഞ് ആളുകള്‍ക്കിടയില്‍ ഒരു വിവാദമുണ്ടാക്കിയെടുക്കാനാണ് ശ്രമമെന്ന് തോന്നുന്നു. 28 ദിവസത്തിനുള്ളില്‍ ഹിന്ദു ഐക്യവേദിയായിട്ട് ആലോചിച്ച് തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ ഗ്രൗണ്ട് തങ്ങള്‍ പിടിച്ചടക്കുമെന്ന ഒരു പ്രസ്താവന ചൂണ്ടിയില്‍ ഉണ്ടായിരുന്നു. സത്യത്തില്‍ കെപിഎംഎസ് വിശദീകരണ യോഗം എന്‍എസ്എസ് സ്‌പോണ്‍സേര്‍ഡ് പരിപാടിയായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്ന ഒരു കെപിഎംഎസ് പ്രവര്‍ത്തകരും തുറവൂര്‍ സുരേഷിന്റെ നിലപാട് അംഗീകരിക്കുന്നില്ല. മുസ്ലീം തീവ്രവാദികളും മാവോയിസ്റ്റുകളുമാണ് സമരത്തിലുള്ളത്, അവരെ അടിച്ചുപുറത്തിറക്കിയിട്ട് സമരം ഏറ്റെടുക്കാമെന്നാണ് സുരേഷ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ കെപിഎംഎസ് നിലപാട് ഒരിക്കലും സമരത്തെ ബാധിക്കില്ല. ഹിന്ദു ഐക്യവേദി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. അതില്‍ കെപിഎംഎസ് വടയമ്പാടി യൂണിറ്റിലെ പ്രവര്‍ത്തകന്‍ ഉണ്ട്. സമരപ്പന്തല്‍ പൊളിച്ച സംഭവത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്ത കെപിഎംഎസ് താലൂക്ക് ജനറല്‍ സെക്രട്ടറി ശശിധരനെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ല. സമരപ്പന്തല്‍ പൊളിച്ച് നീക്കിക്കഴിഞ്ഞ അടുത്ത ദിവസം കെപിഎംഎസ് സമരം ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള്‍ അത് അംഗീകരിച്ചില്ല. കാരണം 36 ദിവസം സമരം ചെയ്തതിന് ശേഷം 37-ാമത്തെ ദിവസമാണ് ഞങ്ങള്‍ മതില് പൊളിക്കുന്നത്. ആ 36 ദിവസത്തിനിടെ ഒരു കെപിഎംഎസ് പ്രവര്‍ത്തകനും അവിടേക്ക് വരികയോ പിന്തുണ അറിയിക്കുകയോ ചെയ്തില്ല. സമരത്തില്‍ പങ്കെടുക്കാന്‍ പോയിട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും അങ്ങോട്ട് വന്നിട്ടില്ല. സമരം ചെയ്യാന്‍ ഞങ്ങളും ഫലം കൊയ്യാന്‍ അവരും, ഇക്കാര്യം പറ്റില്ലെന്ന് പറഞ്ഞ് തന്നെയാണ് എതിര്‍ത്തത്. പുറത്തുനിന്നുള്ളവര്‍ സമരം ചെയ്യാന്‍ വരുന്നു എന്നതാണ് സമരസമിതിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒരേയൊരു പ്രശ്‌നം. ഞങ്ങള്‍ സിപിഎംകാരേയും കോണ്‍ഗ്രസുകാരേയും ബിജെപിക്കാരേയും സകലമാന പാര്‍ട്ടി നേതാക്കളേയും കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചതാണ്. പക്ഷെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും അവിടേക്ക് വന്നുമില്ല, പിന്തുണച്ചുമില്ല. കഴിഞ്ഞ 29ന് വടയമ്പാടിയില്‍ പരിപാടി നടത്തി എന്നതൊഴിച്ചാല്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും അതിന് മുമ്പ് അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. കോണ്‍ഗ്രസുകാരും ബിജെപിക്കാരും വന്നിട്ടില്ല. അപ്പോള്‍ ഞങ്ങള്‍ ഈ പ്രദേശത്തുള്ള കുറച്ച് പുലയര്‍ മാത്രം ചേര്‍ന്ന് സമരം നടത്തിയാല്‍ ആ സമരത്തെ എങ്ങനേയും അടിച്ചൊതുക്കിക്കളയും. ആ സമരത്തിന് ചാലകശക്തി കൂടിയേ മതിയാവൂ. അങ്ങനെയാണ് ജോയിയെപ്പോലുള്ള ആളുകള്‍ വരുന്നത്. അവര്‍ ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങള്‍ക്ക് മതില്‍ പൊളിക്കാന്‍ കഴിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിക്കാരാണെങ്കില്‍ മതില്‍ ഇപ്പോഴും അവിടെയുണ്ടാവും, ചര്‍ച്ചകള്‍ ഗംഭീരമായി നടക്കും. ഞങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഇവിടെയെത്തി പിന്തുണ അറിയിക്കുമ്പോള്‍ തന്നെ ഒന്നുകില്‍ അവര്‍ മാവോയിസ്റ്റ് അല്ലെങ്കില്‍ തീവ്രവാദസംഘടനകള്‍ ആവും.
"

സമരത്തെ പിന്തുണച്ചോ എതിര്‍ത്തോ ആര് വന്നാലും അത് സമരത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും സമരം ശക്തമായി തന്നെ മുന്നോട്ട് പോവുമെന്നും സമരക്കാര്‍ പറയുന്നു.

http://www.azhimukham.com/kerala-abhilash-and-ananthu-talks-after-their-arrest-when-reporting-vadayampadi-caste-wall-issue-and-police-atrocities/

http://www.azhimukham.com/kerala-cast-wall-nss-rebuild-temple-board-dalit-protest-krdhanya/

http://www.azhimukham.com/kerala-vadayamapdi-dalit-protest-against-caste-wall-writes-kr-dhanya/

http://www.azhimukham.com/kerala-cast-discrimination-vadayambadi-temple-dalit-protest-cross-100-days/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories