TopTop
Begin typing your search above and press return to search.

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

ഇടതുസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി ജനാധിപത്യത്തെ അട്ടിമറിക്കുന്നോ? അന്വേഷണം

ഇപ്പോള്‍ നിയമസഭ ചേരുന്ന സമയമല്ല. അതിനാല്‍ തന്നെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഓര്‍ഡിനന്‍സ് വഴി നിയമമാക്കാം. എന്നാല്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവച്ച് ഒരു ഓര്‍ഡിനന്‍സ് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഏഴ് നിയമങ്ങളാണ് ഒരു ഓര്‍ഡിനന്‍സ് വഴി അന്ന് ഭേദഗതി ചെയ്തത്. പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലികാ നിയമ, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് തുടങ്ങി ഏഴ് നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് ഒരു ഇടത് സര്‍ക്കാരും. ആ ഓര്‍ഡിനന്‍സിന്റെ അടിയന്തിര പ്രാധാന്യം എന്തായിരുന്നു?

'കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സ്' - കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിന് കേരളസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. എന്നാല്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറങ്ങിയ കാര്യം കേരളത്തിലെ പ്രതിപക്ഷം പോയിട്ട് ഭരണപക്ഷത്തുള്ളവരില്‍ പോലും പലരും അറിഞ്ഞില്ല. ആരെയും അറിയിക്കാതെ രഹസ്യമായി അടിയന്തിര പ്രാധാന്യത്തോടെ ഇറക്കാന്‍ മാത്രം ആ ഓര്‍ഡിനന്‍സില്‍ എന്താണുള്ളത്?

അധികാരഘടനയേയും, അടിസ്ഥാന വര്‍ഗത്തിനായി നിര്‍മ്മിച്ച നിയമങ്ങളേയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്ന നിയമഭേദഗതികളാണ് ഈ ഒറ്റ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നതുകൊണ്ടാവണം അങ്ങനെ സംഭവിച്ചത്. ലോകബാങ്ക് വികസിപ്പിച്ചെടുത്ത 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ മുന്‍നിരയിലേക്കെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് ഓര്‍ഡിനന്‍സ് ഉണ്ടായിരിക്കുന്നത്. 189 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 134-ാം സ്ഥാനത്താണ്. റാങ്കിങ്ങില്‍ മുന്നേറാനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച 231 ഇന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ വിമുഖത പ്രകടിപ്പിച്ച് നില്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. 10 സംസ്ഥാനങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ തൊണ്ണൂറ് ശതമാനത്തിലേറെ നടപ്പാക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായങ്ങള്‍ക്ക് സുഗമമായ വഴിയൊരുക്കി നല്‍കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുകയേ മാര്‍ഗമുള്ളൂ എന്ന് മനസ്സിലാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ വിവാദമായേക്കാവുന്ന പല നിയമഭേദഗതികളും ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കുകയായിരുന്നു.

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ഉടന്‍ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മ്മാണം നടത്തുന്നതിനെ കടുത്ത വിമര്‍ശനങ്ങളുമായി നേരിട്ട ഇടതുപക്ഷമാണ് ഇതേ സമീപനത്തിലൂടെ ഏഴ് നിയമങ്ങളെ ഭേദഗതിചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയ നിയമഭേദഗതികള്‍ കേരളത്തെ, ജനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കെ.ആര്‍ ധന്യ നടത്തിയ അന്വേഷണപരമ്പരയുടെ ആദ്യഭാഗം.

http://www.azhimukham.com/kerala-pinarayi-vijayan-trying-to-implement-world-bank-policy-by-ordinance-it-is-harmful-progressive-democracy-azhimukham-edit/

കഴിഞ്ഞ ഒക്ടോബര്‍ 25ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസംരംഭങ്ങള്‍ക്കുമുള്ള ലൈസന്‍സ് നടപടികള്‍ ലളിതമാക്കും, അപേക്ഷിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ ലൈസന്‍സ് അനുവദിക്കും, നോക്കുകൂലി നിയന്ത്രിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇത് വെറും പ്രഖ്യാപനങ്ങളായിരുന്നു, അതില്‍ വിശദാംശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രഖ്യാപനത്തിന് നാല് ദിവസം മുമ്പ് തന്നെ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറങ്ങിയിരുന്നു എന്നതാണ് വാസ്തവം. ഓര്‍ഡിനന്‍സ് മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഭേദഗതികളിലൊന്ന് 1978ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ സെക്ഷന്‍ ഒമ്പതിനൊപ്പം കൂട്ടിച്ചേര്‍ത്ത രണ്ട് സബ്‌സെക്ഷനുകളാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷന്‍ ഒമ്പതിനൊപ്പം രണ്ട് വ്യവസ്ഥകള്‍ കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നു.

നോക്കുകൂലി ഇല്ലായ്മ ചെയ്യുക എന്നതിന്റെ മറവിലാണ് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍ ചുമടിറക്കുന്നത് എങ്ങനെയാവണമെന്നത് തൊഴിലുടമയുടെ അവകാശമാണ്. സ്വയം ചുമടിറക്കുകയോ കയറ്റുകയോ, യന്ത്രങ്ങളുപയോഗിക്കുകയോ, ചുമടിറക്കുന്നതിന് ഇഷ്ടമുള്ളവരെ ചുമതലപ്പെടുത്തുകയോ ചെയ്യാം. അതായത് സ്വന്തം വ്യവസായ, വാണിജ്യ സ്ഥാപനത്തില്‍ ചരക്കു കയറ്റിറക്കിന് ആരെ നിയോഗിക്കണം, യന്ത്രങ്ങള്‍ ഉപയോഗിക്കണോ അതോ സ്വയം ചരക്കിറക്കണോ, കയറ്റണോ എന്നീ കാര്യങ്ങള്‍ തൊഴിലുടമക്ക് തീരുമാനിക്കാം. അതത് പ്രദേശങ്ങളിലെ തൊഴിലാളി പൂളുകളില്‍ നിന്ന് ഇതിനായി തൊഴിലാളികളെ നിയോഗിക്കേണ്ടതില്ല. കേരളത്തില്‍ ചുമട്ട്‌തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൊണ്ണൂറായിരത്തിനു മേല്‍ തൊഴിലാളികളാണ്. രജിസ്റ്റര്‍ ചെയ്യാത്തവരുമുള്‍പ്പെടെ ഒരു ലക്ഷത്തിനടുത്ത് ചുമട്ടുതൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടാവുമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു. ഇത്രയും തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടും തൊഴിലാളി നേതാക്കള്‍ പോലും ഇതറിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.

http://www.azhimukham.com/land-ordinance-modi-government-compromise-politics-paranjoy-guha-thakurta/

എഐടിയുസി ദേശീയ വൈസ്പ്രസിഡന്റ് പി. രാജു പ്രതികരിച്ചതിങ്ങനെ: 'എനിക്ക് ഈ ഓര്‍ഡിനന്‍സ് ഒരു ദിവസം മുമ്പാണ് കിട്ടിയത്. ഈ നിയമം സംബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി സംസാരിച്ചിട്ടില്ല. രണ്ട്, പുതിയ നിയമം പാസാക്കുക എന്ന് പറഞ്ഞാല്‍ നിലവിലുള്ള നിയമം അസാധൂകരിക്കുക എന്നാണ്. ഇത് തികച്ചും തൊഴിലാളി വിരുദ്ധ നിയമമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാടില്ലാത്തതാണ്. ഓര്‍ഡിനന്‍സ് പുന:പരിശോധിക്കണമൊണ് എഐടിയുസിയുടെ അഭിപ്രായം. പുതിയ വ്യവസായ നയവുമായി ബന്ധപ്പെട്ട നിയമമായിരിക്കാം ഇത്. ഒരു തൊഴിലാളി നേതാവും ഇത് അംഗീകരിക്കില്ല. ബില്‍ ആയിട്ട് വരുമ്പോള്‍ നിയമസഭയിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ വരും. ഓര്‍ഡിനന്‍സ് ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഞങ്ങള്‍ ശക്തമായ നിലപാട് തന്നെ സ്വീകരിക്കും.'

സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെക്കുറിച്ച് അഭിപ്രായമറിയാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി സംഘടനാ നേതാക്കളെ സമീപിച്ചപ്പോള്‍ എല്ലാവരും ഒരുപോലെ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അത്തരത്തിലൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അത് തൊഴിലാളി നേതാക്കളെ അറിയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടാവും എന്ന ആത്മവിശ്വാസവും അവരില്‍ പലരും പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 20-ന് ഇറക്കിയ ഓര്‍ഡിനന്‍സിനെക്കുറിച്ച് ഒരാഴ്ച മുമ്പ് വരെ ഇടത് സംഘടനകളുള്‍പ്പെടെ കേരളത്തിലെ തൊഴിലാളി സംഘടനാ നേതാക്കള്‍ അറിഞ്ഞിട്ടില്ല എന്ന കാര്യം തെളിയിക്കുന്നതായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ നിലപാടുകള്‍ വ്യക്തമാക്കി തൊഴിലാളി സംഘടനകള്‍ രംഗത്ത് വരികയും സര്‍ക്കാരിനെ പ്രതിഷേധമറിയിക്കുകയും ചെയ്തു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രന്‍പിള്ള പറയുന്നു: 'ഞങ്ങളാരും ഓര്‍ഡിനന്‍സിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാന്‍ അത് കയ്യില്‍ കിട്ടിയിരുന്നുമില്ല. പക്ഷെ, ഓര്‍ഡിനന്‍സ് ഇറങ്ങിയതുകൊണ്ട് അതൊന്നും നടപ്പാവില്ല. നൂറ് ശതമാനം തെറ്റായ നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ സംസ്ഥാനതല യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമൊവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഓര്‍ഡിനന്‍സ് നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല".

ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം തൊഴില്‍ ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് മാത്രം വേതനം നല്‍കാനുള്ള നിയമഭേദഗതിയാണ്. നോക്കുകൂലി ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെങ്കിലും ഇക്കാര്യവും തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചല്ല ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയത്. ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം ന്യായീകരിക്കാനാവുന്നതല്ല എന്ന നിലപാടാണ് നിലവില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ എടുത്തിട്ടുള്ളത്.

http://www.azhimukham.com/ordinance-amending-mining-minerals-development-serious-loopholes/

സിഐടിയു ദേശീയ സെക്രട്ടറി ചന്ദ്രന്‍പിള്ള തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തില്ലെങ്കിലും ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചത്: "ഈ ഓര്‍ഡിനന്‍സ് വരുമ്പോള്‍ കമ്പനികള്‍ കയറ്റിറക്ക് ജോലികള്‍ക്ക് തൊഴിലാളികളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് വരുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ചില നടപ്പുരീതികളുണ്ട്. ഏതെങ്കിലും കമ്പനികളിലേക്ക് സാധനങ്ങള്‍ വന്നാല്‍ ആ പ്രദേശത്തുള്ള ചുമട്ടുതൊഴിലാളികളുടെ പൂളില്‍ നിന്ന് തൊഴിലാളികള്‍ എത്തിയാണ് ഇറക്കുന്നത്. അങ്ങനെ വരുമ്പോള്‍ പല വ്യവസായങ്ങള്‍ക്കും അത് അസൗകര്യമാണെന്ന തര്‍ക്കം ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. തൊഴിലാളികള്‍ സമയത്ത് ജോലി ചെയ്യാതെ വന്നാല്‍, അല്ലെങ്കില്‍ സമയത്ത് അവരെ കിട്ടാതെ വന്നാല്‍, അവര്‍ ചോദിക്കുന്ന കൂലി കൂടുതലാണെങ്കില്‍-അങ്ങനെ പലരൂപത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട്. അതുകൊണ്ട് വ്യവസായികളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ തൊഴിലാളികളെ നിശ്ചയിക്കുന്നതിനുള്ള അവകാശം അവര്‍ക്ക് തന്നെ വേണമെന്ന കാര്യം ഉടമകള്‍ ഉന്നയിക്കുന്നുണ്ട്. കുറേ സ്ഥലങ്ങളില്‍ ഇപ്പോഴും അങ്ങനെ തന്നെ നടക്കുന്നുണ്ട്. പക്ഷേ മറ്റ് സ്ഥലങ്ങളില്‍ സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ള തൊഴിലാളികള്‍ പോയി ജോലി ചെയ്യുന്നുണ്ട്. ഈ ഓര്‍ഡിനന്‍സ് വരുമ്പോള്‍ പുറത്തുനിുള്ള തൊഴിലാളികളെ ഒഴിവാക്കാനും സ്വന്തമായി തൊഴിലാളികളെ വക്കാനുമുള്ള അധികാരം ഉടമകള്‍ക്ക് ലഭിക്കും. അങ്ങനെ വരുമ്പോള്‍, പുതുതായി തുടങ്ങുന്ന കമ്പനിയുടെ വര്‍ക്ക് അറേഞ്ച്‌മെന്റാണെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നം വരില്ല. ഇപ്പോള്‍ ഏതെങ്കിലും കമ്പനികളില്‍ അവരുടെ ആളുകളെ തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ അവിടെ ജോലി നഷ്ടപ്പെടുന്ന വിഷയം വരും. പക്ഷെ പുതിയ നിക്ഷേപകരെ സ്വാഗതം ചെയ്യുമ്പോള്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട ഈ കാര്യങ്ങള്‍ ഒരു വിഷയമായി ഉന്നയിക്കപ്പെടാറുണ്ട്. അങ്ങനെ വരുമ്പോള്‍ അത് ഉടമകളുടെ വിവേചനാധികാരമായി കൊടുക്കണം. ഈ ഓര്‍ഡിനന്‍സ് നിയമസഭയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ നിലവിലുള്ള പ്രാക്ടീസുകളെല്ലാം ചര്‍ച്ച ചെയ്തതിന് ശേഷം തൊഴിലാളികളുടെ പ്രശ്‌നങ്ങളും കൂടി പരിഗണിച്ച ശേഷമേ ഇത് നടപ്പാക്കാവൂ എന്നാണ് സിഐടിയു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഉടമകളുടെ ആവശ്യവും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ആവശ്യവും തമ്മില്‍ ഒരു വൈരുധ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഒരു തടസ്സമായി നില്‍ക്കുന്നത്. അത് കൂടുതല്‍ ചര്‍ച്ച ചെയ്യാം. ഓര്‍ഡിനന്‍സായ സ്ഥിതിക്ക് നിയമസഭയില്‍ വതിന് ശേഷമേ അത് നടപ്പാക്കാനാവൂ. ഓര്‍ഡിനന്‍സ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിലിന്റെ പ്രശ്‌നം ഇതില്‍ വരുന്നുണ്ട്. അതുകൊണ്ട് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ഇത് അംഗീകരിക്കാവൂ എന്ന സിഐടിയുവിന്റെ പ്രസ്താവന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ചുമട്ടുതൊഴിലാളി ഫെഡറേഷനോട് ഇക്കാര്യത്തില്‍ പ്രതികരണം കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളോട് ആലോചിച്ചതിന് ശേഷമേ ഇത് ചെയ്യാമായിരുന്നുള്ളൂ എന്ന അഭിപ്രായവും ഞങ്ങള്‍ക്കുണ്ട്. യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമുള്ള ഒന്നല്ല അത്."

നോക്കുകൂലിയുടെ മറവില്‍ സര്‍ക്കാര്‍ ചെയ്യുന്ന കടുത്ത തൊഴിലാളി ദ്രോഹ നടപടിയാണ് ഇപ്പോള്‍ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. നിയമം നടപ്പിലാവുന്നതോടെ കയറ്റിറക്കുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടേയും നിയന്ത്രണം ഉടമയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടും. കയറ്റിറക്ക് തൊഴിലാളികളുടെ അവകാശമായിരുന്നെങ്കില്‍ ഇനിയവര്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെടും. പ്രദേശവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവാനും അര്‍ഹമായ കൂലി നിഷേധിക്കാനും ഇത് ഇടവരുത്തും. ഈ നിയമഭേദഗതി നിലവില്‍ വരുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ചോ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചോ ഒരു സൂചന നല്‍കാന്‍ പോലും തയാറാകാതെ തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ മാറുന്നു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളികളോട് സര്‍ക്കാര്‍ ചെയ്ത വഞ്ചനയായാവും ഭാവിയില്‍ ഈ നിയമഭേദഗതിയെ വിലയിരുത്തുക.

http://www.azhimukham.com/india-gujarat-cpim-supports-congress/

ബിഎംസ് സംസ്ഥാന പ്രസിഡന്റ് കെ കെ വിജയകുമാര്‍ ഓര്‍ഡിനന്‍സിലെ മറ്റെല്ലാ കാര്യങ്ങളും സംഘടനയെന്ന നിലയ്ക്ക് സ്വാഗതം ചെയ്യുമ്പോഴും ചുമട്ടുതൊഴിലാളി നിയമ ഭേദഗതിയെ എതിര്‍ക്കുകയാണെന്ന് വ്യക്തമാക്കി. "കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് അറിഞ്ഞത്. ചുമട്ടുതൊഴിലാളികളുടെ തൊഴിലവകാശം നഷ്ടപ്പെടുന്നു, തൊഴിലുടമയ്ക്ക് താത്പര്യമുള്ളയാളുകളെക്കൊണ്ടോ യന്ത്രങ്ങളുപയോഗിച്ചോ ജോലി ചെയ്യിക്കാം, നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല-ഈ രണ്ട് കാര്യങ്ങളാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. ഓര്‍ഡിനന്‍സില്‍ മറ്റ് പല നല്ല കാര്യങ്ങളും പറഞ്ഞിട്ടുള്ളതിനാല്‍ അപ്പാടെ തള്ളിക്കളയാനാവില്ല. ട്രേഡ് യുണിയനുകള്‍ ആക്ഷേപമുന്നയിച്ചിട്ടുള്ളത് ചുമട്ടുതൊഴിലാളികളുടെ അവകാശം ഹനിക്കപ്പെടുന്നതിനെക്കുറിച്ച് മാത്രമാണ്. സെക്രട്ടറിയേറ്റ് ധര്‍ണ നടത്തുകയും ചെയ്തു. അതിന് ശേഷം തൊഴില്‍വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ വിയോജിപ്പറിയിക്കുകയും ചെയ്തു. എന്നാല്‍ തൊഴില്‍ വകുപ്പ് മന്ത്രി എന്ന നിലയില്‍ തനിക്ക് ഇതിനോട് പൂര്‍ണമായും യോജിക്കാനാവില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ നയമെന്ന നിലക്ക് തനിക്ക് എതിര്‍ക്കാനും സാധിക്കില്ലെന്നാണ് മന്ത്രി പറഞ്ഞത്. വ്യവസായ വകുപ്പാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍ക്കാര്‍ തലത്തില്‍ തന്നെ വകുപ്പുകള്‍ തമ്മില്‍ വേണ്ടരീതിയില്‍ ആശയവിനിമയം നടിന്നിട്ടില്ല എന്നതാണ് അതിന്റെ അര്‍ഥം. ആ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിന്ന് നീക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കാരണം ചെറിയ ഒരു അവസരം ലഭിച്ചാല്‍ തൊഴിലുടമകള്‍ അത് നന്നായി ഉപയോഗിക്കും. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു കാര്യം അതിന് ഉദാഹരണമാണ്. പഴയ എംസി റോഡ് പുതുക്കി പണിയുന്നതിന് മലേഷ്യന്‍ കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. അവര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ തൊഴിലാളി സംഘടനകളേയും എതിര്‍കക്ഷിയാക്കി, ട്രേഡ് യൂണിയനുകള്‍ കയറ്റിറക്ക് അവകാശമുന്നയിച്ചാല്‍ സംരക്ഷണം നല്‍കണമൊവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രശ്നമുണ്ടാവുന്നതിന് മുമ്പ് തന്നെ അവര്‍ മുന്‍കൂട്ടി ചെയ്തതാണ്. അതാണ് പൊതുവെ തൊഴിലുടമകളുടെ നയം. ഉടമകള്‍ പൊതുവെ തൊഴിലാളികളോട് സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന നയം ഉണ്ടാവാനിടയില്ല."

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത് മുതലെടുത്തും വ്യാവസായിക രംഗത്തെ പുരോഗതിക്കായുള്ള മുറവിളി ഉപയോഗപ്പെടുത്തിയുമാവും സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സിനെ ന്യായീകരിക്കുക എന്നതാണ് ഇതുവരെയുള്ള സൂചനകള്‍ തെളിയിക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ഉയര്‍ത്തിക്കാട്ടി പരിസ്ഥിതിക്കും തൊഴില്‍ മേഖലക്കും ഉണ്ടാവുന്ന കോട്ടങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സിലൂടെ കടുത്ത പ്രത്യാഘാതങ്ങളെയാണ് ക്ഷണിച്ചുവരുത്തുന്നത്. വ്യവസായ സംരംഭങ്ങള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കിക്കൊണ്ടും നിയന്ത്രണങ്ങളെ ലഘൂകരിച്ചുകൊണ്ടും സംരംഭങ്ങളുടെ ഉടമയ്ക്കനുകൂലമായ സാഹചര്യമുണ്ടാക്കണമെുള്ള ലോക ബാങ്കിന്റെ നിര്‍ദ്ദേശങ്ങളെയും വഞ്ചനാപരമായ ഈ നിയമഭേഗദതിക്ക് സര്‍ക്കാര്‍ മറയാക്കിയിട്ടുണ്ട്.

(തുടരും)

http://www.azhimukham.com/kerala-cm-pinaray-warns-govt-may-impose-gundaact-on-those-who-stands-against-industries/

http://www.azhimukham.com/updates-rajasthan-passes-ordinance-protecting-public-servants-from-investigations-into-their-work/

Next Story

Related Stories