Top

സ്മാര്‍ട്ട് മീറ്റര്‍; കെഎസ്ഇബിയുടെ പുതിയ പരിഷ്‌കാരം ജീവനക്കാര്‍ക്ക് ഭീഷണി, എതിര്‍പ്പുകള്‍ ശക്തമാകുന്നു

സ്മാര്‍ട്ട് മീറ്റര്‍; കെഎസ്ഇബിയുടെ പുതിയ പരിഷ്‌കാരം ജീവനക്കാര്‍ക്ക് ഭീഷണി, എതിര്‍പ്പുകള്‍ ശക്തമാകുന്നു
കെഎസ്ആര്‍ടിസിയുടെ ഗതി ഉണ്ടാകരുതെന്ന് മുന്‍കുട്ടി കാണുകയാണോ കെഎസ്ഇബി? കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പുതിയ പരിഷ്‌കരണങ്ങള്‍ കാണുമ്പോള്‍ ബോര്‍ഡില്‍ ഉള്ളവര്‍ തന്നെയാണ് ഇങ്ങനെയൊരു സംശയം പ്രകടിപ്പിക്കുന്നത്. പരിഷ്‌കാരങ്ങളെന്ന പേരില്‍ വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം കുറയക്കാന്‍ അണിയറ നീക്കം ശക്തമാകുന്നതായാണ് ഇവരുടെ പരാതി. ഏറ്റവും ഒടുവിലായി ബോര്‍ഡ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുന്നതോടെ 15,000 ത്തോളം ജീവനക്കാര്‍ ഇല്ലാതാകുമെന്നാണ് പറയുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ യൂണിയനുകള്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു കൊണ്ട് രംഗത്തു വന്നിട്ടുമുണ്ട്. ബോര്‍ഡിന്റെ പുതിയ നീക്കത്തിനെതിരെ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കാമ്പയിനുകളും തുടങ്ങി.

വിദേശ രാജ്യങ്ങള്‍ നേരത്തെ നടപ്പാക്കി പരാജയപ്പെട്ട സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പാക്കുക വഴി ബോര്‍ഡിന് കൂടുതല്‍ നഷ്ടമുണ്ടാക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. നേരത്തെ ബോര്‍ഡില്‍ പല ഇടങ്ങളിലായി നടപ്പാക്കിയ ഓട്ടോമാറ്റിക് റിലേ സിസ്റ്റം (വൈദ്യുതി വിളക്കുകള്‍ ഓട്ടോമാറ്റിക്കായി കെടുകയും തെളിയുകയും ചെയ്യുന്ന) സംവിധാനം നടപ്പാക്കിയെങ്കിലും പലതും ഇപ്പോള്‍ അറ്റകുറ്റപണികള്‍ ചെയ്യാതെ തകാരാറിലായി കിടക്കുന്നു. ഗ്യാരന്റി എല്ലാം കഴിയാറായപ്പോഴാണ് ഇവ ഘടിപ്പിച്ചതെന്നും ജീവനക്കാര്‍ പറയുന്നു. ഈ ഇനത്തില്‍ ബോര്‍ഡിന് കനത്ത നഷ്ടം നേരിടേണ്ട വന്ന സാഹചര്യത്തില്‍ പുതിയതായി നടപ്പാക്കാനുദ്ദേശിക്കുന്ന, മറ്റു രാജ്യങ്ങളില്‍ നടപ്പാക്കി പരാജയപ്പെട്ട- ഈ സംവിധാനം ബോര്‍ഡിനെ കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുമെന്നുമാണ് യൂണിയനുകള്‍ പറയുന്നത്.

മൂന്നു വിഭാഗം ജീവനക്കാര്‍ സ്മാര്‍ട്ട് മീറ്റര്‍ വരുന്നതോടെ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് പരാതി. മീറ്റര്‍ റീഡേഴ്‌സ്, ബില്‍ തുക സ്വീകരിക്കുന്ന ക്യാഷേഴ്‌സ്, സീനയര്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകള്‍ ഇല്ലാതാകും. പദ്ധതി വിജയകരമായില്ലെങ്കില്‍ ഈ തസ്തികകള്‍ ഇല്ലാതായാല്‍ പിന്നീട് പെട്ടെന്ന്് ഇത്രയും ജീവനക്കാരെ ബോര്‍ഡില്‍ ജോലിക്കെടുക്കാന്‍ കഴിയാതെ ആകും. പിന്നെ ഈ വിഭാഗങ്ങള്‍ കോണ്‍ട്രാക്ടിലേക്ക് പോകാനിടയായേക്കും. ഇതിനു പിന്നാലെ ബേര്‍ഡ് സ്വകാര്യ മേഖലയിലേക്ക് പോകാനിടയായേക്കുമെന്നും അതിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്‌കരണങ്ങളെന്നുമാണ് ജീവനക്കാരുടെ ആശങ്ക. പുതിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി പിഎസ്‌സി റാങ്കില്‍ ഇടം കിട്ടിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കേണ്ടെന്ന നിലപാടിലാണ് വകുപ്പ്. ബോര്‍ഡിന് ലാഭമാണ് ലക്ഷ്യമെങ്കില്‍ തകരാറിലായ ലക്ഷകണക്കിന് ത്രീഫെയ്‌സ് മീറ്ററുകള്‍ മാറ്റി കൊടുത്ത കൂടെ? വന്‍കിട കമ്പനികളില്‍ ഉള്‍പ്പെടെ മീറ്ററുകള്‍ തകരാറിലായതുകൊണ്ട് ഒരു ശരാശരി തുകയാണ് പ്രതിമാസം വൈദ്യുതി ചാര്‍ജായി ഇത്തരക്കാരില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ വരുത്തിയിട്ടുള്ള കുടിശികയും പിടിച്ചെടുക്കണമെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

എന്താണ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം?
ഉപയോക്താക്കളുടെ വൈദ്യുതി ഉപയോഗം കെഎസ്ബി ഓഫീസിലിരുന്നു തന്നെ മനസിലാക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം. കൊല്ലം ജില്ലയിലെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസാണ് അഡ്വാന്‍സ് മീറ്ററിംഗ് ഇന്‍ഫ്രാ സ്ട്രക്ചര്‍ അഥവ സ്മാര്‍ട്ട് മീറ്റര്‍ വികസിപ്പിച്ചെടുത്തത്. സ്മാര്‍ട്ട് എല്‍ഇഡി ലൈറ്റുകളും ഇതേ കമ്പനി തന്നെയാണ് കൊണ്ടു വന്നത്. അതാത് ഉപയോക്താവിന്റെ വീട്ടിലെത്തി വൈദ്യുതി മീറ്ററുകള്‍ നോക്കി ഉപഭോഗം അളക്കുന്നതിന് പകരം അതാത് കെ്എസ്ഇബി ഡിവിഷന്‍ ഓഫീസിലിരുന്നു ഉപഭോഗം അളക്കാം. ഇതനുസരിച്ച് ബില്‍ തയാറാക്കാം. മീറ്ററൊന്നിന് 3000 രൂപയും അനുബന്ധ സംവിധാനങ്ങളും ചേര്‍ന്നാല്‍ 5000 രൂപ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന.

കെഎസ്ഇബി പറയുന്നതിങ്ങനെ
വൈദ്യുതി പ്രസരണ വിതരണ മേഖലകളിലാക സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് എല്ലാത്തരം ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്ററുകള്‍ എര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഓരോ ഉപയോക്താവിന്റെ വൈദ്യുതി ഉപഭോഗം അപ്പപ്പോള്‍ മനസിലാകും. പദ്ധതി നടപ്പാക്കുന്നതു വഴി വൈദ്യുതി മോഷണം തടയാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് മൊബെല്‍ ആപ്പ് വഴി അതത് സമയത്ത് വൈദ്യുതി ഉപയോഗം കൃത്യമായി മനസിലാക്കാന്‍ സാധിക്കും. വൈദ്യതി ബില്ലും ഇതു വഴി ഒഴിവാക്കാം.

സ്മാര്‍ട്ട് മീറ്ററിനെതിരേ ജീവനക്കാര്‍ സമൂഹമാധ്യമത്തില്‍ പറയുന്നത്
ലളിതമായ ഒരു കണക്കു പറയട്ടെ സര്‍,
മീറ്റര്‍ ഒന്നിന് 5000 x 1 കോടി മീറ്റര്‍(എല്‍ടി, എച്ച്ടി എല്ലാം ഉള്‍പ്പെടെ)= 5000 കോടി(ഒരു 15 വര്‍ഷത്തേക്ക് മീറ്റര്‍ ഗ്യാരണ്ടി
അനുബന്ധ ചിലവുകള്‍ ഉള്‍പ്പെടെ).

മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ത്ഥിയെ എടുക്കാതിരുന്നാല്‍ കമ്പനിക്ക് ലാഭം: 4 കോടി പ്രതിവര്‍ഷം(ഐഐഎം റിപോര്‍ട്ട്) X 15 വര്‍ഷം= 60 കോടി,
15 വര്‍ഷം കഴിയുമ്പോള്‍ നഷ്ടം; 5000 കോടി-60 കോടി= 4940 കോടി.


ഇത്രയും ഭീമമായ നഷ്ടം ഉണ്ടാകാതിരിക്കാന്‍ 1200 മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നതല്ലേ സാര്‍ നല്ലത്, അത്രയും പേര്‍ക്ക് ജോലിയും കിട്ടും അത്രയും കുടുംബങ്ങളും രക്ഷപ്പെടുകയും ചെയ്യും കെഎസ്ഇബിക്കു ലാഭവും ഉണ്ടാകില്ലേ? ചിലപ്പോള്‍ മന്ത്രിസഭയെ പിടിച്ച് കുലുക്കാവുന്ന ഏറ്റവും വലിയ അഴിമതിയായി ഇത് മാറിയേക്കാം. അതു കൊണ്ട് എല്ലാവരും ഇത് ഷെയര്‍ ചെയ്ത് ബന്ധപ്പെട്ട അധികാരികളുടെ അടുത്ത് എത്തിക്കൂ. ഗവണ്‍മെന്റിന്റെ മേല്‍ ഉയര്‍ന്നേക്കാവുന്ന അഴിമതി ആരോപണത്തില്‍ നിന്നും ഗവണ്‍മെന്റിനെ മാറ്റി നിര്‍ത്താനുള്ള ശ്രമത്തില്‍ പങ്കാളിയാകൂ...

എന്തായാലും പുതിയ പരിഷ്‌കരണം ബോര്‍ഡിനുള്ളില്‍ നിന്നു തന്നെ കടുത്ത എതിര്‍പ്പുകള്‍ക്ക് വിധേയമായിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടികളുമായി കെഎസ്ഇബി മുന്നോട്ടു പോകുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തന്നെയാണ് ജീവനക്കാര്‍ പറയുന്നത്.

Next Story

Related Stories