Top

ആനവണ്ടി മരണവണ്ടിയാകുമ്പോള്‍; തങ്കമ്മ, റോയ്, നടേഷ് ബാബു, കരുണാകരന്‍...

ആനവണ്ടി മരണവണ്ടിയാകുമ്പോള്‍; തങ്കമ്മ, റോയ്, നടേഷ് ബാബു, കരുണാകരന്‍...
വിരമിച്ച രണ്ടു കെ എസ് ആര്‍ ടി ഉദ്യോഗസ്ഥര്‍ കൂടി ഇന്നലെ മരിച്ചു. രണ്ടും ആത്മഹത്യ. ഒന്നു വയനാട് ബത്തേരിയില്‍. മറ്റൊന്ന് ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന്‍ തുമ്പില്‍. ഈ മരണങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ തീരുമാനിച്ചതും. ചിലപ്പോള്‍ ഈ തീരുമാനം കുറച്ചു നേരത്തെ വന്നിരുന്നെങ്കില്‍ ഇവരില്‍ ചിലര്‍ മരിക്കില്ലായിരുന്നു. എന്തായാലും ഫെബ്രുവരി 14 മുതല്‍ പെന്‍ഷന്‍ കൊടുത്തു തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പയ്ക്കുള്ള ധാരണാപത്രം ഇന്ന് ഒപ്പുവെയ്ക്കും.

ബത്തേരി കെ എസ് ആര്‍ ടി സി സൂപ്രണ്ട് ആയിരുന്ന കണ്ണൂര്‍ കതിരൂരിലെ നടേഷ് ബാബുവാണ് ബത്തേരിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചത്. “വിരമിച്ച ശേഷം ബത്തേരിയിലെ വീട് വിറ്റ് സ്വദേശമായ തലശ്ശേരിയില്‍ സ്ഥിര താമസമാക്കിയ നടേഷ് ബാബു കഴിഞ്ഞ ആറിനാണ് ലോഡ്ജില്‍ മുറിയെടുത്തത്. ബത്തേരിയിലെ ബാങ്കിലുള്ള അക്കൌണ്ട് നിര്‍ത്താന്‍ പോവുകയാണ് എന്നാണ് വീട്ടില്‍ പറഞ്ഞത്. അക്കൌണ്ട് നിര്‍ത്തുകയും അക്കൌണ്ടില്‍ ഉണ്ടായിരുന്ന 5000 രൂപ ഭാര്യയുടെ പേരില്‍ മണി ഓര്‍ഡര്‍ അയക്കുകയും ചെയ്തു. പിന്നീട് ഫോണില്‍ കിട്ടാതായി.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ അസുഖങ്ങളും പെന്‍ഷന്‍ മുടങ്ങിയതിലുള്ള മനോവിഷമവും മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചു ചികിത്സയിലായിരുന്ന മുന്‍ കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ കെ കരുണാകരന്‍ ആണ് മരിച്ച മറ്റൊരാള്‍. “കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ചു അവശനായ നിലയില്‍ കണ്ടത്. അന്നു മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷക ആത്മഹത്യ കണ്ടു മനസ്സ് മരവിച്ച വയനാടാണ് നടേഷ് ബാബു ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുത്തത്. താന്‍ ജോലി ചെയ്തിരുന്ന ഇടം എന്നതില്‍ കവിഞ്ഞൊന്നും അര്‍ത്ഥം ഈ തെരഞ്ഞെടുപ്പിന് നടേഷ് ബാബു കരുതിയിട്ടുണ്ടാവില്ല. കാര്‍ഷിക ലോണെടുത്തും വിദ്യാഭ്യാസ ലോണെടുത്തും കടക്കണിയില്‍ കുടുങ്ങി നിരവധി പേര്‍ മരണത്തിലേക്ക് നടന്നു കയറിയ വയനാടിനെ സംബന്ധിച്ചിടത്തോളം ജീവിത പ്രതിസന്ധി എത്ര രൂക്ഷവും വ്യാപകവുമാണ് എന്നു തെളിയിക്കുന്നതായി നടേഷിന്റെ മരണവും.

http://www.azhimukham.com/kerala-ksrtc-pension-dealy-pensioners-strike-government/

മരിച്ച കെ കരുണാകരന്റെ പ്രായം 76 ആണ്. വിവിധ രോഗങ്ങളാല്‍ കുറെ നാളായി അവശനിലയില്‍ കഴിയുകയായിരുന്നു കരുണാകരന്‍. തന്നെ കാണാന്‍ വീട്ടിലെത്തുന്നവരോടൊക്കെ പെന്‍ഷന്‍ മുടങ്ങിയ കാര്യം മനോവിഷമത്തോടെ പറയുമായിരുന്നു എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല കാരണങ്ങളാല്‍ നിരാശരാണ് കേരളത്തിലെ വൃദ്ധ ജനത. കുടുംബത്തിലും സമൂഹത്തിലും അനുഭവിക്കുന്ന ഏകാന്തയും അവഗണയും ഒരു ഭാഗത്ത്. അതിവേഗം മാറുന്ന കാലത്തിനൊപ്പം ഓടിയെത്താന്‍ സാധിക്കാത്ത അവസ്ഥ. വിവിധ തരത്തിലുള്ള രോഗ പീഡകള്‍. അതിനൊപ്പം സാമ്പത്തികമായ പ്രതിസന്ധിയും. തങ്ങള്‍ക്ക് അവകാശപ്പെട്ട പണം ലഭിക്കുന്നില്ല എന്ന നിരാശ. തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ നിലവിളിച്ചിട്ടും കേള്‍ക്കാത്ത ഭരണകൂടം. കെ കരുണാകരന്‍ ഒരു പ്രതിനിധിയാണ്.പുതുവൈപ്പില്‍ ചികിത്സ കിട്ടാതെ മരിച്ച റോയിയുടെ വീട്

ഡോ. എം എസ് വല്യത്താന്‍ ഈ അടുത്ത് കലാകൌമുദി മാസികയില്‍ എഴുതി, “60 വയസ്സിന് മുകളിലുള്ളവര്‍ ജനസംഖ്യയുടെ 14 ശതമാനം കടന്നിരിക്കുന്നു. 2025 ആകുമ്പോഴേക്കും കേരളത്തില്‍ 20 ശതമാനം വയോജനങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്ക്. അതായത് കേരളത്തിലെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നും വൃദ്ധര്‍”. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇനി ഇതായിരിക്കും. കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയും മറ്റും ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഇനി കഴിഞ്ഞ ആഴ്ച മരണപ്പെട്ട എറണാകുളം പുതുവൈപ്പിനിലെ റോയിയുടെ കഥ കൂടി. 34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത റോയ് ചികിത്സയ്ക്ക് പണമില്ലാതെയാണ് ജീവന്‍ വെടിഞ്ഞത്. അഴിമുഖം റിപ്പോര്‍ട്ടര്‍ അമല്‍ ജോയ് റിപ്പോര്‍ട്ട് ചെയ്യുന്നു; “ഹൃദ്രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും തുടര്‍ ചികിത്സക്കുള്ള പണമില്ലാതെ റോയിയുടെ ചികിത്സ മുടങ്ങുകയായിരുന്നു. എത്രയും വേഗം ശസ്ത്രക്രിയയ്ക്കു വിധേയമായില്ലെങ്കില്‍ ജീവന്‍ നഷ്ടമായേക്കാമെന്ന് പറഞ്ഞപ്പോള്‍ നിസഹായനായി കേട്ട് നില്‍ക്കാനെ റോയിക്കു കഴിഞ്ഞുള്ളു. ഒന്നര ലക്ഷം രൂപയിലേറെ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആയുര്‍വേദവും നിര്‍ത്തി. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് റോയിയുടെ മരണത്തിന് കാരണമായത്. തിങ്കളാഴ്ച നെഞ്ചു വേദന അനുവഭപ്പെട്ടതിനെ തുടര്‍ന്ന് റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.”

http://www.azhimukham.com/kerala-another-pensioner-ends-life-victim-of-ksrtc-financial-crisis-krdhanya/

റോയ് മരിക്കുമ്പോള്‍ 59 വയസ്സ്. തന്റെ ആയുസിന്‍റെ പകുതിയില്‍ അധികം കാലം അയാള്‍ ചിലവിട്ടത് കെ എസ് ആര്‍ ടി സിയിലാണ്. ഒടുവില്‍ പിരിഞ്ഞു പോരുമ്പോള്‍ കിട്ടാനുള്ള 10 ലക്ഷത്തോളം രൂപയ്ക്ക് വേണ്ടി വിജയിക്കാത്ത നിയമ പോരാട്ടം നടത്തേണ്ടി വന്നു റോയിക്ക്.

ഇനി തങ്കമ്മയുടെ കഥ കൂടി. അവര്‍ കെ എസ് ആര്‍ ടി സിയില്‍ ജീവനക്കാരി ആയിരുന്നില്ല. റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂത്താട്ടുകുളം പാലക്കുഴ വാളായികുന്ന് തട്ടുംപുറത്ത് മാധവന്റെ ഭാര്യയാണ് 63കാരിയായ തങ്കമ്മ. മാധവന്‍ മരിച്ചിട്ട് എട്ടുവര്‍ഷമായി. ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപ പെന്‍ഷന്‍ തുക കൊണ്ടാണ് അവര്‍ കുടുംബം നോക്കിയിരുന്നത്. കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധി രൂക്ഷമായപ്പോള്‍ അവര്‍ക്ക് പെന്‍ഷന്‍ കിട്ടതായി. തങ്കമ്മയെ കുറിച്ചുള്ള കെ ആര്‍ ധന്യയുടെ റിപ്പോര്‍ട്ടില്‍ നാട്ടുകാര്‍ പറയുന്നതിങ്ങനെ; “എത്ര ദാരിദ്ര്യമുണ്ടെങ്കിലും ആരുടെ മുന്നിലും അഞ്ച് പൈസയ്ക്ക് കൈനീട്ടില്ല. പെന്‍ഷന്‍ കിട്ടുന്ന കാശുകൊണ്ട് ഇതെല്ലാം ഒരു വിധം എങ്ങനേലുമൊക്കെ തട്ടീമുട്ടീം മുന്നോട്ട് പോവുകയായിരുന്നു. വലിയ കഷ്ടമായിരുന്നു അവരുടെ കാര്യം.”

അതേ നിശബ്ദത സഹനത്തിന്റെ അല്ല, അഭിമാന ക്ഷതത്തിന്റെ കൂടിയാണ് എന്നാണ് തങ്കമ്മ തെളിയിച്ചത്. ഒടുവില്‍ അവര്‍ പ്രതികരിച്ചത് തന്റെ മരണം കൊണ്ടും.

സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയിലൂടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം മാത്രമേ ഉണ്ടാവുകയുള്ളൂ. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ അനവണ്ടി മരണ വണ്ടി ആകാതിരിക്കാന്‍ വേണ്ടത് ദീര്‍ഘ വീക്ഷണമുള്ള നടപടികളാണ്.

ഇല്ലെങ്കില്‍ മരണ നൃത്തം തുടര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.

http://www.azhimukham.com/kerala-retired-ksrtc-officials-death-without-getting-proper-treatment-due-to-deny-pension-reports-amal/

Next Story

Related Stories