TopTop
Begin typing your search above and press return to search.

'ചോരയും നീരും ഊറ്റിപ്പിഴിഞ്ഞെടുത്തു, മറ്റു ജോലികള്‍ക്കൊന്നും പോകാനാകാത്ത അവസ്ഥയായി'; ലോംഗ് മാര്‍ച്ചില്‍ പൊട്ടിക്കരഞ്ഞ് എംപാനല്‍ ജീവനക്കാര്‍

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സെക്രട്ടേറിയേറ്റ് ലോംഗ് മാര്‍ച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പിരിച്ചുവിട്ട നാലായിരത്തോളം എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരം വരെ കാല്‍നടയായി നടത്തുന്ന ജാഥയില്‍ രണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ പേരെയും സര്‍വീസില്‍ തിരിച്ചെടുക്കുക, ജീവിത സാഹചര്യം മനസ്സിലാക്കി തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ ലോംഗ് മാര്‍ച്ച്.

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിക്കുന്ന മാര്‍ച്ച് തിങ്കളാഴ്ച ഉച്ചയോടെ സെക്രട്ടേറിയേറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മാര്‍ച്ചിന്റെ ഭാഗമായവരെക്കൂടാതെ ജീവനക്കാരുടെ കുടുംബാംഗങ്ങളും തിങ്കളാഴ്ച സെക്രട്ടേറിയേറ്റിനു മുന്നില്‍ എത്തിച്ചേരുമെന്ന് പിരിച്ചു വിടപ്പെട്ട എംപാനല്‍ ജീവനക്കാരിലൊരാളായ ശശീന്ദ്രന്‍ പറയുന്നു, 'മാര്‍ച്ച് തിരുവനന്തപുരത്തെത്തുമ്പോഴേക്കും ജീവനക്കാരുടെ കുടുംബാംഗങ്ങളും ഞങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. കുട്ടികള്‍ക്കൊക്കെ പരീക്ഷയാണ്. എങ്കിലും ജീവിത പ്രശ്നമായതിനാല്‍ മറ്റുവഴികളില്ലല്ലോ. തിങ്കളാഴ്ച മുഖ്യമന്ത്രിയെക്കണ്ട് സംസാരിക്കുക തന്നെ ചെയ്യും.

പി.എസ്.സി വഴിയുള്ള നിയമനത്തിന് ആയിരത്തിയഞ്ഞൂറോളം പേര്‍ എത്തിയിരുന്നെന്ന് മാധ്യമങ്ങള്‍ വഴിയറിഞ്ഞു. പി.എസ്.സി നിയമനങ്ങള്‍ കഴിഞ്ഞിട്ടും ഒഴിവുള്ള തസ്തികകളിലേക്ക് എംപാനല്‍കാരെ പരിഗണിക്കാമെന്ന കോടതിയുടെ നിലപാടിലാണ് ഇനി പ്രതീക്ഷ. എന്നാല്‍പ്പോലും കുറച്ചു പേര്‍ പുറത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. അങ്ങിനെയുണ്ടാകരുതെന്നും, പത്തുവര്‍ഷക്കാരെ മാത്രമല്ല എല്ലാവരെയും തിരിച്ചെടുക്കണമെന്നുമാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവരുടെ ആവശ്യം. എങ്കിലും എല്ലാവര്‍ക്കും ജോലി തിരികെ കിട്ടില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.'

രാവിലെ ആറു മണി മുതല്‍ രാത്രി പത്തു മണി വരെ ഇടതടവില്ലാതെ ജോലി ചെയ്ത് ദിവസം 960 രൂപ സമ്പാദിക്കുന്ന രീതിയാണ് മിക്ക എംപാനല്‍ ജീവനക്കാര്‍ക്കുമെന്ന് ശശീന്ദ്രന്‍ പറയുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം ഇങ്ങനെ തുടര്‍ച്ചയായി ജോലി നോക്കേണ്ട അവസ്ഥ പോലുമുണ്ടാകുന്നുണ്ട്. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ഡ്യൂട്ടിയെടുക്കേണ്ടെന്ന നിയമം വരുന്നതോടെ കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കിലും അതിനു സാധിക്കാതെയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പത്തു ദിവസം അടുപ്പിച്ച് ഡബിള്‍ ഡ്യൂട്ടി എടുക്കുന്നവരാണ് ഞങ്ങള്‍. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്തിട്ടുണ്ട്. അത് കോര്‍പ്പറേഷന് വലിയ ലാഭവുമാണ്. പതിനൊന്നു വര്‍ഷമായി ഞാന്‍ സര്‍വീസില്‍. അതുവരെ ചോരയും നീരും ഊറ്റിപ്പിഴിഞ്ഞെടുത്തു. നാല്‍പത്തിനാലാമത്തെ വയസ്സാണിപ്പോള്‍. മറ്റു ജോലികള്‍ക്കൊന്നും പോകാനാകാത്ത അവസ്ഥയായിട്ടുണ്ട്. പിരിച്ചുവിടപ്പെട്ട എല്ലാവരുടേയും അവസ്ഥയിതാണ്.' ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

https://www.azhimukham.com/offbeat-a-removed-ksrtc-m-panel-conductor-nazeer-pk-telling-his-life-story/

പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി ജോലി ചെയ്ത് നാല്‍പതുകളിലെത്തി നില്‍ക്കുന്നവര്‍ക്ക് മറ്റു ജോലികള്‍ക്കായി ശ്രമിക്കാന്‍ പോലും സാധിക്കില്ലെന്ന് ജീവനക്കാരനായ ഷിജീഷും പറയുന്നു. മറ്റു തൊഴിലുകളിലുള്ളതു പോലെ പല തട്ടിലുള്ളവര്‍ എംപാനല്‍ ജീവനക്കാര്‍ക്കിടയിലില്ലെന്നും, മറ്റൊരു വരുമാന മാര്‍ഗ്ഗം കണ്ടെത്താനാകാത്തവരാണ് തങ്ങളെല്ലാവരുമെന്നാണ് ഷിജീഷിന്റെ പക്ഷം. ലോംഗ് മാര്‍ച്ചിലെ പങ്കാളിത്തം വര്‍ദ്ധിക്കാന്‍ കാരണം ഈ നിസ്സഹായതയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ജീവിതത്തിന്റെ നല്ല പങ്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാരായി പിന്നിട്ടവര്‍ക്കൊപ്പം ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ വനിതാ ജീവനക്കാരുമുണ്ട്. ജാഥയ്ക്കൊപ്പം നടന്നു നീങ്ങുന്നതിനിടെ പൊട്ടിക്കരഞ്ഞുപോകുകയാണ് പലരും. വനിതാ എംപാനല്‍ ജീവനക്കാരില്‍ അധികവും കുടുംബത്തിന്റെ ചുമതല ഒറ്റയ്ക്കു വഹിക്കുന്നവരാണ്. കുടുംബത്തിന്റെയും കുട്ടികളുടെയും ഭാവിയെക്കരുതി മാത്രം ആത്മഹത്യ ചെയ്യാതിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഡിസംബര്‍ പതിനഞ്ചു വരെയുള്ള ഡ്യൂട്ടിയാണ് ഇവര്‍ക്കു കിട്ടിയിരിക്കുന്നത്. അതിന്റെ പ്രതിഫലം ലഭിക്കണമെങ്കില്‍ ജനുവരി ഒന്നാം തീയതിയാകണം. മാസവരുമാനത്തിലെ ഈ കുറവു പോലും താങ്ങാനുള്ള സാമ്പത്തികശേഷിയില്ലാത്തവര്‍ വരാനിരിക്കുന്ന പ്രതിസന്ധിയെ എങ്ങിനെ തരണം ചെയ്യുമെന്ന ആശങ്കയാണ് മാര്‍ച്ചിലെല്ലാവരും പങ്കുവയ്ക്കുന്നത്.

മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമടക്കമുള്ള അധികൃതര്‍ തങ്ങളുടെ വിഷയത്തിലിടപെട്ട് അനുകൂലമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും എംപാനല്‍ ജീവനക്കാര്‍.

https://www.azhimukham.com/keralam-ksrtc-starts-recruitment-reports-arathi/

https://www.azhimukham.com/keralam-4000-families-will-fall-in-poverty-with-the-dismissal-of-m-panel-staff-in-ksrtc-reports-sreeshma/

Next Story

Related Stories