TopTop

വൃദ്ധദമ്പതികളെ സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിട്ട് ഭൂമാഫിയ; തട്ടിപ്പിന് കൂട്ടായി സര്‍ക്കാര്‍ വകുപ്പും

വൃദ്ധദമ്പതികളെ സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിട്ട് ഭൂമാഫിയ; തട്ടിപ്പിന് കൂട്ടായി സര്‍ക്കാര്‍ വകുപ്പും
'ചോരയും നീരും വറ്റിച്ച് പത്ത് മുപ്പത് കൊല്ലം പണിയെടുത്തതീന്ന് മിച്ചം വെച്ച് വാങ്ങിയതാ. ഇപ്പോള്‍ ആ മണ്ണ് ഞങ്ങടേതല്ലെന്ന്. നാല് പെണ്‍മക്കളേം കെട്ടിച്ചയച്ചേച്ച് സമാധാനായിട്ട് ഒരു കൂരേം വച്ച് കഴിയാന്ന് കരുതീതാ ആകെ ചെയ്ത തെറ്റ്. ഞങ്ങക്ക് വലിയ പണോം പത്രാസുമൊന്നിമില്ല. വലിയ കാശുകാരോടൊന്നും മത്സരിക്കാനുള്ള ആയുസും ആരോഗ്യവുമില്ല. പക്ഷെ കാശ് കൊടുത്ത് വാങ്ങിച്ച മണ്ണ് ഞങ്ങള്‍ക്ക് കിട്ടണ്ടായോ? അതിനിനി എന്നാ തെളിയിക്കാനാ? മക്കടെ വീട്ടില്‍ മാറിമാറിത്താമസിച്ച് ആയുസ്സൊടുങ്ങാനാ തമ്പുരാന്‍ വിധിച്ചേക്കുന്നേന്ന് തോന്നുന്നു. കളിയില്‍ അവരൊക്കെയേ ജയിക്കുവൊള്ളായിരിക്കും. പക്ഷെ തോറ്റ് പിന്‍മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഇപ്പോ, അവര് ഞങ്ങളെ കുടിയിറക്കി. എന്നേലും സത്യം ജയിക്കുവല്ലോ. അപ്പോ, ഞങ്ങടെ മണ്ണും വീടും ഞങ്ങക്ക് തന്നെ കിട്ടും'
വാര്‍ധക്യത്തിന്റെ ഇടര്‍ച്ചയുണ്ടെങ്കിലും ഇത് പറയുമ്പോള്‍ പൗലോസിന്റെ വാക്കുകള്‍ക്ക് നല്ല കനമുണ്ടായിരുന്നു.

പൗലോസും ഏലിയാമ്മയും സ്വന്തം മണ്ണും വീടും വിട്ടോടേണ്ടി വന്ന വാഗമണ്‍ സ്വദേശികളായ വൃദ്ധ ദമ്പതികള്‍. കയ്യൂക്കുള്ളവര്‍ അവരുടെ മണ്ണ് കയ്യടക്കി. 22 വര്‍ഷം മുമ്പ് വൃദ്ധ ദമ്പതികള്‍ വാങ്ങിയ പട്ടയ ഭൂമിക്ക് ഇതുവരെയും പോക്കുവരവ് ചെയ്ത് കൊടുക്കാതെ വാഗമണ്‍ വില്ലേജും ഈ കളിയില്‍ ലാഭം പറ്റുന്നതായാണ് ഇവരുടെ ആരോപണം. ഈ മാസം 23 ന് വൃദ്ധ ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അയല്‍വാസിയും ഗുണ്ടകളും ചേര്‍ന്ന് അഞ്ചേക്കര്‍ സ്ഥലവും വീടും കയ്യേറി. വാഗമണ്‍ ഉളുപ്പണിയിലെ അഞ്ചേക്കര്‍ ഭൂമിക്ക് പുറത്താണ് ഇപ്പോള്‍ പൗലോസും ഭാര്യ ഏലിയാമ്മയും. ഭൂമാഫിയയ്ക്ക് വാഗമണ്‍ വില്ലേജും ഒത്താശ ചെയ്ത് കൊടുക്കുന്നതിന്റെ തെളിവുകളാണ് പൗലോസ് നിരത്തുന്നത്.

1982 ല്‍ പട്ടയം കിട്ടിയ ഭൂമിയാണ് പൗലോസ് വാങ്ങിയത്. സര്‍വേ നമ്പര്‍ 898 ആയ ഭൂമി. 1995ല്‍ സ്ഥലം വാങ്ങിയ കാലം മുതല്‍ പോക്കുവരവിനായി വില്ലേജ് ഓഫിസ് കയറി ഇറങ്ങുകയാണ് ഇയാള്‍. സര്‍വേ നമ്പര്‍ മാറി , വസ്തു തിരിച്ചറിയാനാകുന്നില്ല തുടങ്ങിയ പലവിധ ന്യായങ്ങളും തടസങ്ങളും പറഞ്ഞ് വില്ലേജ് അധികൃതര്‍ പോക്കുവരവ് നടത്തിയില്ല. എല്ലാം അയല്‍വാസിയുടെ സ്വാധീനഫലമായെന്നാണ് പൗലോസിന്റെ ആരോപണം. 'എന്റെ കയ്യില്‍ എല്ലാ രേഖകളും ഉണ്ട്. വില്ലേജ് ഓഫീസര്‍ വിചാരിച്ചാല്‍ ചെയ്ത് തരാവുന്ന കാര്യമേയുള്ളൂ. പക്ഷെ പരാതിയുമായി ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കളക്ടര്‍ക്കോ മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പരാതി നല്‍കാനാണ് അദ്ദേഹം പറയുന്നത്.
' പൗലോസ് പറയുന്നു. എന്നാല്‍ 'ഈ വസ്തു സംബന്ധിച്ച പരിഹാരത്തിനായി താലൂക്കിലേക്ക് കത്തയച്ചിട്ടുണ്ട്. അളന്നു തിട്ടപ്പെടുത്താന്‍ മറുപടി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ പരിഹാരം കാണാനാവൂ' എന്നാണ് വാഗമണ്‍ വില്ലേജ് ഓഫീസര്‍ കെ.ജെ. തോമസ് നല്‍കുന്ന മറുപടി.

അതേസമയം വില്ലേജില്‍ നിന്ന് ലഭിക്കേണ്ട റിപ്പോര്‍ട്ടുകള്‍ ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പീരുമേട് എല്‍.ആര്‍. തഹസില്‍ദാര്‍ എ.ആര്‍ ഷൈന്‍ പറയുന്നു. 'വില്ലേജ് രേഖകളില്‍ ഈ പറമ്പില്‍ ആളു താമസമില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. ഒരു പേപ്പറും താലൂക്ക് ഓഫീസിലേക്ക് ഇതു സംബന്ധിച്ച് വന്നിട്ടില്ല. നേരത്തെ തന്നെ പോക്കുവരവ് ചെയ്തു കൊടുക്കാവുന്നതായിരുന്നു. വില്ലേജോഫീസര്‍ റിപ്പോര്‍ട്ട് തന്നാല്‍ ഇപ്പോഴും ചെയ്തു കൊടുക്കാവുന്നതേയുള്ളൂ 
'- ഷൈന്‍ പറഞ്ഞു.പൗലോസിന്റെ പേരിലുള്ള ഭൂമിയില്‍ ആളു താമസമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്ന തഹസില്‍ദാരുടെ വിശദീകരണത്തോടെ വാഗമണ്‍ വില്ലേജിലെ കള്ളക്കളി കൂടുതല്‍ തെളിയുന്നതായി പൗലോസിന്റെ ബന്ധുവും സഹായിയുമായ തോമസ് ആരോപിക്കുന്നു. 'പൗലോച്ചന്‍ വാങ്ങിയ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ അയല്‍വാസി കാട്ടുന്ന സര്‍വേ നമ്പറില്‍ പട്ടയമില്ലെന്ന് വിവരാവകാശ മറുപടിയുമുണ്ട്. എന്റെ ഓര്‍മ്മയില്‍ പൗലോസ് തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളയാളായിരുന്നു. 1995ല്‍ കുമളി സി.ആര്‍. എഞ്ചിനീയറിങ് കമ്പനിയില്‍ തനിക്കൊപ്പം ജോലി നോക്കിയിരുന്ന രാധാകൃഷ്ണനില്‍ നിന്ന് വാഗമണ്ണിലെ അഞ്ച് ഏക്കര്‍ വാങ്ങുന്നത് വരെ മനസ്സമാധാനവും സന്തോഷവുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ആ വസ്തു വാങ്ങിയത്. പൗലോസ് വാങ്ങിയ ഭൂമിയുടെ സര്‍വേ നമ്പര്‍ 818 എന്നാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാല് അത് ശരിക്കും 898 ആണ് ആ വസ്തുവിന്റെ സര്‍വേ നമ്പര്‍.


1979-80 കാലഘട്ടത്തിലാണ് വാഗമണ്‍ വില്ലേജില്‍ അവസാനമായി സര്‍വേ നടന്നത്. എന്നാല്‍ അന്നത്തെ സര്‍വേയില്‍ വില്ലേജിലെ ഭൂമിയില്‍ പലതിന്റേയും സര്‍വേ നമ്പറുകള്‍ മാറിയാണ് കിടന്നിരുന്നത്. ഇത് സംബന്ധിച്ച് മുമ്പ് തന്നെ പല ആക്ഷേപങ്ങളും ഉണ്ടായിരുന്നു. ഇതനുസരിച്ച് പോക്കുവരവ് ചെയ്യുന്നതിനും മറ്റും വില്ലേജ് ഓഫീസര്‍ രേഖകള്‍ പരിശോധിച്ചതിന് ശേഷം നല്‍കുകയാണ് പതിവ്. എന്നാല്‍ ഈ ഭൂമിയുടെ കാര്യത്തില്‍ മാത്രം അത് നടന്നില്ല. സ്ഥലം ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്നില്ല, സര്‍വേ നമ്പര്‍ തെറ്റാണ് തുടങ്ങിയ പല കാരണങ്ങള്‍ പറഞ്ഞ് 22 വര്‍ഷമായിട്ടും പൗലോസിനെ മടക്കിയയ്ക്കുകയാണ് ചെയ്യുന്നത്.


പക്ഷേ, യഥാര്‍ഥ കാര്യം അതൊന്നുമല്ല. ഈ വസ്തുവിന് സമീപ പ്രദേശത്തുള്ള വസ്തുക്കളെല്ലാം ഒരു വ്യക്തിയുടേതാണ്. അയാളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൗലോസിന് നല്‍കുന്ന ഉപദേശം. അയാള്‍ സമൂഹത്തില്‍ വലിയ പിടിപാടുള്ളയാളാണ്. അയാള്‍ക്ക് വേണ്ടിയാണ് എല്ലാവരും സംസാരിക്കുന്നത്. നിരന്തര പീഡനം സഹിക്കാനാവാതെ പൗലോസും ഏലിയാമ്മയും ഇവിടെ നിന്ന് മാറി മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കുകയായിരുന്നു. ഒടുവില്‍ തോറ്റു കൊടുക്കാന്‍ മനസ്സില്ലെന്ന് പറഞ്ഞ് വീണ്ടും ഈ പുരയിടത്തില്‍ താമസമാക്കിയപ്പോഴാണ് ജൂണ്‍ 23ന് ആ അയല്‍വാസിയും കൂട്ടാളികളായ ഗുണ്ടകളും ചേര്‍ന്ന് രാവിലെ ഏഴ് മണിക്ക് വീട്ടിലെത്തി ഈ വൃദ്ധ ദമ്പതികളെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ഓടിച്ചത്. പരാതിയുമായി പോലീസില്‍ ചെന്നപ്പോഴും ആ അയല്‍വാസിയുമായി ഒത്തുതീര്‍പ്പിന് സഹായം നല്‍കാമെന്നാണ് പോലീസ് ഉദ്യോഗസ്ഥരടക്കം പറയുന്നത്. ഒടുവില്‍ പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്ന കടുംപിടുത്തം പൗലോസിന്റെ ഭാഗത്തു നിന്നുണ്ടായപ്പോഴാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.'


വൃദ്ധ ദമ്പതികളെ അക്രമിച്ചതിന് അയല്‍വാസി റോയിയും മകനുമടക്കം പത്തു പേര്‍ക്കെതിരെ ആയുധനിയമപ്രകാരം വാഗമണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ സിപിഐ. ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതായി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. 'വാഗമണ്ണിലെ ഭൂമി കയ്യേറ്റ മാഫിയയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൗലോസിന്റേത് പോലുള്ള സംഭവങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്ക് റവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. പാര്‍ട്ടി ഇടപെട്ട് ഇരകള്‍ക്ക് നീതി ലഭ്യമാക്കും' എന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories