UPDATES

പ്രളയം വീടും ഭൂമിയും തകര്‍ത്തിട്ട് മാസം നാലു കഴിഞ്ഞു, ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു; ഈ മനുഷ്യരുടെ വേദന സര്‍ക്കാര്‍ കേള്‍ക്കണം

വീട് നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രമാനദണ്ഡത്തേക്കാള്‍(മലയോര മേഖലയില്‍ 1,01,900) അധികമായി സംസ്ഥാനം നാലു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണിവര്‍

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നവരോട് ഇടുക്കിയിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടി അപ്പച്ചന്‍ എന്ന മധ്യവയസ്‌കന്‍ ചോദിക്കുകയാണ്; “സ്വന്തമായി ഉണ്ടായിരുന്ന മണ്ണും പെരയും ഉരുള്‍ വിഴുങ്ങി ഇല്ലാതായിപ്പോയ ഞങ്ങള്‍ക്ക് എന്നാണൊരു വീട് കിട്ടുക? എന്നാണ് ഞങ്ങള്‍ അഞ്ച് സെന്റ് സ്ഥലമെങ്കിലും സ്വന്തം പേരില്‍ കിട്ടുക?” പ്രളയം കഴിഞ്ഞ് അഞ്ച് മാസം ആകുമ്പോഴാണ് ജീവിത്തെക്കുറിച്ചുള്ള ഭയം തങ്ങിയ മനസോടെ ഇവരീ ചോദ്യം ചോദിക്കുന്നത്. “കിട്ടും കിട്ടും എന്നു പറയുന്നതല്ലാതെ എന്നു കിട്ടുമെന്ന് ആരും ഉറപ്പ് തരുന്നില്ല. ഓഫിസുകളില്‍ കയറിയിറങ്ങിയും അപേക്ഷകള്‍ കൊടുത്തും ഉദ്യോസ്ഥന്മാരെ കണ്ടും എത്രയോ ദിവസങ്ങള്‍. കിട്ടുമെന്നു മാത്രം എല്ലാവരും പറയുന്നു. എന്ന് കിട്ടുമെന്നു മാത്രം ആരും പറയുന്നില്ല;” അപ്പച്ചന്റെ വാക്കുകളില്‍ അപേക്ഷയാണ്.

“സ്വന്തമായി ഭൂമിയില്ലാതായി പോയവര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം നല്‍കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് പറഞ്ഞത് വാസയോഗ്യമായ സ്ഥലം കണ്ടെത്താനാണ്. സ്ഥലം കണ്ടെത്തിയപ്പോള്‍ പറഞ്ഞത് സ്ഥലം തരുന്നവരുടെ സമ്മതപത്രം വാങ്ങി വില്ലേജില്‍ കൊടുക്കാന്‍. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് അഞ്ച് സെന്‍റ് സ്ഥലം നല്‍കാന്‍ സമ്മതമാണെന്ന് സ്ഥലമുടമ എഴുതി നല്‍കുന്നത് വാങ്ങി വില്ലേജില്‍ കൊടുക്കാനാണ് പറഞ്ഞത്. അത് വാങ്ങി വില്ലേജില്‍ കൊടുത്തു. അവിടെ നിന്നും ഞാന്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവനാണ്, സര്‍ക്കാരിന്റെ സഹായത്തിന് അര്‍ഹനാണെന്നു പറഞ്ഞ് ഒരു പേപ്പറില്‍ എഴുതി നല്‍കി. അതുകൊണ്ടുപോയി കളക്ടറേറ്റില്‍ കൊടുത്തു. വലിയ തിരക്കായിരുന്നു. ഒന്നും അങ്ങോട്ട് ചോദിക്കാന്‍ പോലും പറ്റിയില്ല. അവിടുള്ളവരാകട്ടെ കടലാസ് വാങ്ങി വച്ചതല്ലാതെ ഒന്നും പറഞ്ഞുമില്ല. ഇതുവരെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ഇടുക്കിയില്‍ ആര്‍ക്കും സ്ഥലം പോയതിനും വീടു പോയതിനും പണം കിട്ടിയിട്ടില്ല. ആകെ പതിനായിരം രൂപ കിട്ടിയിട്ടുണ്ട്.

വീട് പോയവര്‍ക്ക് സഹായം കിട്ടുന്നതിനെക്കുറിച്ച് അറിയാന്‍ ഞങ്ങള്‍ ബ്ലോക്കില്‍ പോയിരുന്നു. പൂര്‍ണമായി പെര പോയവരുമുണ്ടായിരുന്നു, 75 ശതമാനത്തിലേറെ നാശം സംഭവിച്ചവരുമുണ്ടായിരുന്നു. ഈ പഞ്ചായത്തില്‍ ഏതാണ്ട് 62 പേരോളം അങ്ങനെയുണ്ട്. ഡെപ്യൂട്ടി തഹസില്‍ദാരും അവിടെയുണ്ടായിരുന്നു. സ്വന്തമായോ ആരെങ്കിലും തരാനോ തയ്യറായി വാസയോഗ്യമായ അഞ്ചു സെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കില്‍ വീടുവയ്ക്കാന്‍ നാല് ലക്ഷം രൂപ കിട്ടുമെന്നാണ് അന്നു പറഞ്ഞത്. വ്യവസ്ഥകളുണ്ട്. ലൈഫ് മിഷന്‍ പോലെ. 450 സ്ക്വയര്‍ ഫീറ്റില്‍ താഴെ വലിപ്പമേ പാടുള്ളൂ. രണ്ട് മുറി, അടുക്കള, ഹാള്‍, ബാത്ത് റൂം എന്നീ സൗകര്യങ്ങള്‍ വേണം. എല്ലാവരും അപേക്ഷ വച്ചോളൂ എന്നു പറഞ്ഞതിന്‍ പ്രകാരം ഞങ്ങള്‍ അപേക്ഷ നല്‍കി. ഒന്നുകില്‍ വീട് നമ്മള്‍ തനിയെ പണിയണം, സര്‍ക്കാര്‍ പിന്നീട് പണം തരും. അല്ലെങ്കില്‍ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പണം നല്‍കുന്നത് വാങ്ങി പണിയണം. തനിയെ പണിയാന്‍ നില്‍ക്കുകയാണെങ്കില്‍ ആദ്യം ഒരു ലക്ഷം രൂപയെങ്കിലും തറ കെട്ടാന്‍ വരും, വാടക കൊടുക്കാന്‍ പോലും ഗതിയില്ലാതെ കിടക്കുമ്പോള്‍ എങ്ങനാ ഒരു ലക്ഷം ഉണ്ടാക്കുക? സര്‍ക്കാര്‍ തരുന്നതാണെങ്കില്‍ അനുമതി കിട്ടുന്നതോടെ ഒരു ലക്ഷം തരും. അതുപയോഗിച്ച് തറ കെട്ടണം. തറ കെട്ടിക്കഴിയുമ്പോള്‍ ഒരു ലക്ഷം കൂടി തരും. അമ്പത് ശതമാനത്തിന് മുകളില്‍ പണിതു കഴിയുമ്പോള്‍ രണ്ട് ലക്ഷം രൂപ കൂടി തരും. അങ്ങനെ മൊത്തം നാല് ലക്ഷം കിട്ടുമെന്നാണ് പറഞ്ഞത്. അപേക്ഷ വച്ചിട്ട് ഇപ്പോള്‍ നാല് മാസം കഴിഞ്ഞു. ഒന്നും കിട്ടിയിട്ടില്ല.

“ഡാം പൊട്ടി വരണതാ…നമ്മളെങ്ങോട്ട് ഓടീട്ടും കാര്യമില്ല…”

സ്ഥലവും പെരയും പോയവര്‍ക്ക് എങ്ങനെയാണ് സഹായം കിട്ടുന്നതെന്നു ഞാന്‍ തിരക്കിയിപ്പോള്‍, അതേക്കുറിച്ച് ഒരു അറിയിപ്പും അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും കൊടുത്തിട്ടില്ലെന്നാണ് ഉദ്യോസ്ഥന്മാര്‍ പറഞ്ഞത്. നവംബര്‍ മാസത്തിലാണ് ഇത് നടക്കുന്നത്. ഇപ്പോള്‍ ഡിംസബറും കഴിയാറായി. ഒരു വിവരവും പറയുന്നില്ല. വാസയോഗ്യമായ അഞ്ച് സെന്റ് സ്ഥലമെങ്കിലും ഉണ്ടെങ്കിലേ വീട് വയ്ക്കാനുള്ള പണം തരൂ. അതെവിടെന്നു വാങ്ങിക്കും. വാസയോഗ്യമായ സ്ഥലമില്ലെന്നു പറഞ്ഞപ്പോള്‍ അപേക്ഷ വയ്ക്കാതെ പോകരുതെന്നു പറഞ്ഞു. ഇല്ലെങ്കില്‍ ഒന്നും കിട്ടാതെ വരുമെന്നു പറഞ്ഞു. അപേക്ഷകളൊക്കെ ഒരുപാടായി കൊടുക്കുന്നൂ. സര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണ് എല്ലാ ഉദ്യോഗസ്ഥരും പറയുന്നത്. ഇപ്പോള്‍ നാല് മാസം കഴിഞ്ഞില്ലേ. ഈ മാസങ്ങളൊക്കെയും ഞങ്ങളെങ്ങനാണ് കഴിഞ്ഞതെന്ന് അറിയാഞ്ഞിട്ടാ. വാടക കൊടുക്കാന്‍ പോലും ഗതിയില്ലാതെയായിട്ടുണ്ട്. ഉണ്ടായിരുന്നതെല്ലാം പോയില്ലേ. വീടോ മണ്ണോ ഇല്ലാതെ അനാഥരായില്ലേ ഞങ്ങള്‍. അതൊന്നും ഞങ്ങടെ കുഴപ്പം കൊണ്ടല്ലല്ലോ! എന്നുകിട്ടുമെന്നു കരുതിയാ? എന്റെ മാത്രം പ്രശ്‌നമല്ലിത്. ഇടുക്കിയിലെ എല്ലാവരുടെയും അവസ്ഥയാണ്. ബ്ലോക്കിലും വില്ലേജിലും കളക്ടറോഫീസിലുമൊക്കെ വരുന്നവരുടെ തിരക്ക് കണ്ടാല്‍ അറിയാം. എല്ലാം നഷ്ടപ്പെട്ടവരുടെ ആധിയാണ് ഓരോരുത്തരുടേയും മുഖത്ത്. അത് മാറണമെങ്കില്‍ എന്നു വീട് കിട്ടുമെന്നു ഞങ്ങള്‍ക്ക് കൃത്യമായൊരു ഉറപ്പെങ്കിലും താ…” അപ്പച്ചന്‍ പറയുന്നു.

ഇടുക്കി ജില്ലയിലെ മരിയാപുരം പഞ്ചായത്തില്‍പ്പെട്ട ഉപ്പുതോട് നിവാസിയാണ് അരിമുറ്റത്ത് വീട്ടില്‍ ജോസഫ് മത്തായി എന്ന അപ്പച്ചന്‍. 2018 ഓഗസ്റ്റ് മാസം പതിനേഴാം തീയതി രാത്രി ഒമ്പതരയോടെ ഉപ്പുതോടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അപ്പച്ചന്റെ വീടും ഭൂമിയും സമ്പാദ്യങ്ങളും എല്ലാം തന്നെ പൂര്‍ണമായി നഷ്ടപ്പെട്ടു. ഉപ്പുതോടിലെ ഈ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരണമടയുകയും ചെയ്തിരുന്നു. മൂന്നു വീടുകള്‍ പൂര്‍ണമായി നശിച്ചു പോവുകയും രണ്ടു വീടുകള്‍ താമസയോഗ്യമാകാത്ത വിധം ഭാഗികമായി നശിക്കുകയും ചെയ്തു. ഏകദേശം മുപ്പതേക്കര്‍ ഭൂമിയാണ് ഇവിടെ ഒലിച്ചു പോയത്. ഇവിടുത്തെ താമസക്കാര്‍ ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന കൃഷി ഭൂമിയാണ് ഇനിയൊരു വീണ്ടെടുക്കലിന് സാധ്യമല്ലാത്ത വിധം തകര്‍ന്നുപോയത്.

അപ്പച്ചനെ പോലുള്ളവര്‍ ഇനിയൊന്നും ബാക്കിയില്ലാത്ത വിധം എല്ലാം നഷ്ടപ്പെട്ടു പോയവരാണ്. കഴിഞ്ഞ നാലുമാസമായി കുടുംബവമൊത്ത് വാടക വീട്ടിലാണ് അപ്പച്ചന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗമില്ല. മറ്റൊരിടത്തും ഭൂമിയുമില്ല. സ്വന്തമായിരുന്ന പട്ടയഭൂമിയിലേക്ക് തിരികെ ചെല്ലാനും ഇനി സാധ്യമല്ല. വീടു വയ്ക്കാനോ കൃഷി ചെയ്യാനോ ഈ ഭൂമി ഇനി ഉപയോഗപ്രദമാകില്ല. ഇത്തരം അവസ്ഥയില്‍ കഴിയുന്ന ഒരാളാണ് സര്‍ക്കാരിന്റെ സഹായത്തിനായി നാളുകളെണ്ണി കാത്തിരിക്കുന്നത്. ആകെ കിട്ടിയതാകട്ടെ പതിനായിരം രൂപ മാത്രം! ഉരുള്‍പൊട്ടല്‍ ഉണ്ടായി ഒരു മാസം പിന്നിട്ടു കഴിഞ്ഞപ്പോഴാണ് ആ തുക പോലും കിട്ടിയത്. അതും വില്ലേജിലും താലൂക്കിലുമെല്ലാം കുറേ കയറിയിറങ്ങിശേഷവും.

കളക്ടര്‍ ജീവന്‍ ബാബു/അഭിമുഖം: ഇടുക്കി പഴയ ഇടുക്കിയാവാന്‍ സമയമെടുക്കും, നമുക്ക് തിരിച്ചു വന്നേ മതിയാവൂ

“എനിക്ക് ഒരേക്കര്‍ പട്ടയ ഭൂമിയുണ്ടായിരുന്നു. അതിനകത്ത് ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ഫില്ലറില്‍ തീര്‍ത്ത വാര്‍ക്ക കെട്ടിടമായിരുന്നു. ആ വീട് പൂര്‍ണമായി പോയി. ഇപ്പോഴത് എവിടെയാണ് ഉണ്ടായിരുന്നതെന്നു പോലും അറിയാന്‍ പറ്റണില്ല. ജാതിയും തെങ്ങും, കൊടിയും കൊക്കോയും ഒക്കെ ഉണ്ടായിരുന്ന പറമ്പായിരുന്നു. എല്ലാം പോയി. മൂത്തപെണ്ണിന്റെ കല്യാണാവിശ്യത്തിന് കരുതി വച്ചിരുന്ന അഞ്ഞൂറു കിലോ കുരുമുളക് ഉണ്ടായിരുന്നു. അഞ്ചു വര്‍ഷത്തോളമായി കൂട്ടി വച്ചിരുന്നതാണ്. അതു മുഴുവന്‍ പോയി. പത്തിരുപത്തിയഞ്ച് വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം പോയി. അനിയന്‍ എടുത്തു തന്ന വാടക വീട്ടിലാണ് ഞങ്ങളിപ്പോള്‍. ഉടുതുണിയല്ലാതെ ഒന്നും ഇപ്പോള്‍ ഇല്ല. ഇനി ഒന്നേന്നു തൊടങ്ങാനുള്ള ആരോഗ്യമില്ല. പിള്ളേര്‍ക്ക് എന്തെങ്കിലുമൊരു ജോലി കിട്ടിയാലല്ലാതെ ജീവിക്കാന്‍ നിവൃത്തിയില്ല. ഇരുപത്തിയൊന്നര ലിറ്റര്‍ പാല് കറന്നുകൊണ്ടിരുന്ന ഒരു പശുവുണ്ടായിരുന്നു. രണ്ടു ക്ടാവുകളും. അതുങ്ങളും ഉരുള്‍പൊട്ടലില്‍ പോയി. ആ പശുവിനെയെങ്കിലും ബാക്കി കിട്ടിയിരുന്നെങ്കില്‍ ജീവിക്കാന്‍ ഒരു മാര്‍ഗമെങ്കിലും ഉണ്ടെന്നു പറയായിരുന്നു. പോയതെല്ലാം വീണ്ടെടുക്കാന്‍ ഇനിയുള്ള ജീവിതം കൊണ്ടു കഴിയുമോയെന്നറിയില്ല. പത്തു രൂപ കിട്ടിയാല്‍ അത്രയും സഹായമെന്നാണ് ഇപ്പോള്‍ കരുതുന്നത്. സര്‍ക്കാര്‍ എന്താണ് ഞങ്ങളെപ്പോലെ എല്ലാം നഷ്ടപ്പെട്ടവരോട് ഈ അവഗണന കാണിക്കുന്നതെന്ന് അറിയില്ല”; അപ്പച്ചന്റെ വാക്കുകളാണ്.

വീട് നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രമാനദണ്ഡത്തേക്കാള്‍ (മലയോര മേഖലയില്‍ 1,01,900) അധികമായി സംസ്ഥാനം നാലു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണിവര്‍. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും കേന്ദ്രമാനദണ്ഡത്തെക്കാള്‍ കൂടുതലായി മൂന്നു മുതല്‍ അഞ്ച് സെന്റ് വരെ ഭൂമി, അത് നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തമായി മറ്റ് ഭൂമിയില്ലെങ്കില്‍ സംസ്ഥാനം ആറു ലക്ഷം രൂപ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മറ്റെവിടെയും ഭൂമിയില്ലെങ്കില്‍ പത്തുലക്ഷം രൂപ ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഭൂമിയും വീടും പൂര്‍ണമായി നഷ്ടപ്പെടുകയും മറ്റെവിടെയും ഭൂമിയില്ലാത്തവരുമായ അപ്പച്ചനെ പോലുള്ളവര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഇക്കണ്ട ദിവസങ്ങള്‍ മുന്നോട്ടു തള്ളിയത്. എന്നാല്‍ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ എന്ന് തങ്ങള്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്ന ഭയമാണ് ഇവരെയിപ്പോള്‍ പിടികൂടിയിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ബന്ധപ്പെട്ടപ്പോള്‍ ആസൂത്രണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കിട്ടുമെന്ന മറുപടിയാണ് ലഭിച്ചത്.

കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍