TopTop
Begin typing your search above and press return to search.

രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ് ഈ കുടുംബം

രണ്ടു തവണ ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ്, പിന്നാലെ വി.എസിന്റെതും; പട്ടികവര്‍ഗ വകുപ്പ് അപേക്ഷ വാങ്ങിവയ്ക്കും, വിചിത്ര ന്യായങ്ങള്‍ പറഞ്ഞ് തള്ളും; ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ഏഴു വര്‍ഷമായി അലയുകയാണ് ഈ കുടുംബം

കുടുംബനാഥന്‍ ആദിവസിയല്ലാത്തതിനാല്‍ ഭൂമി നല്‍കില്ലെന്ന നിയമം മാറിയിട്ടും നടപടിയില്ല

മലമ്ബുഴ ആനക്കല്‍ മൂപ്പന്‍ചോലയില്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സിനിയുടെയും സുജേഷിന്റെയും വീട്. മഴയൊന്ന് കനത്തു തുടങ്ങിയാല്‍ ഇരുവരുടെയും മനസ് പിടയും. വൃഷ്ടിപ്രദേശത്തേക്ക് ആഞ്ഞു വീശുന്ന കാറ്റ് ഇവരുടെ വീടിന്റെ ദുര്‍ബലമായ മേല്‍ക്കൂരയെ കൊണ്ടുപോയേക്കാം. അതുകൊണ്ട് മഴയത്ത് ശ്രദ്ധയോടെയിരിക്കണം. പകലായാലും രാത്രിയായാലും കാറ്റത്ത് മേല്‍ക്കൂരയില്‍ നിന്ന് പറന്നുപോകുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ അപ്പോള്‍ത്തന്നെ പോയി എടുത്തു കൊണ്ടു വരണം. മഴയെയും കാറ്റിനെയും വകവയ്ക്കാതെ ഉടനടി മേല്‍ക്കൂര മറയ്ക്കണം. ഇല്ലെങ്കില്‍ വീടിനകം വെള്ളത്തിലാകും. മഴക്കാലത്ത് രാത്രികളില്‍ ഇരുവര്‍ക്കും ഉറക്കം തന്നെ കുറവാണ്. ഇനി ഇത്രയെല്ലാം ചെയ്തു കഴിഞ്ഞാലും കനമുള്ള മഴത്തുള്ളികള്‍ ഓലയും ചാക്കും മറച്ച ചുമരിനിടയിലൂടെ അകത്തേക്ക് ചിതറും. നടക്കുമ്ബോള്‍ താണുപോകും വിധം തറ മുഴുവന്‍ ഈര്‍പ്പം നിറയും.

വീടിന്റെ രണ്ടു ചുമരുകളുടെ പകുതിവരെ മാത്രമേ സിമന്റ് കട്ടകള്‍ കൊണ്ട് കെട്ടിപ്പൊക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ള രണ്ടു വശം ഓലയും ചാക്കും കൊണ്ട് മറച്ചിരിക്കുന്നു. മേല്‍ക്കൂര മറച്ചിരിക്കുന്ന ഓലകള്‍ പഴക്കം കൊണ്ട് മുക്കാലും അടര്‍ന്നു പോയിക്കഴിഞ്ഞു. മഴവെള്ളം അകത്തേക്കു വീഴാതിരിക്കാനായി പഴകിക്കീറിയ ഓലകള്‍ക്കു മീതെ പ്ലാസ്റ്റിക്ക് കവര്‍ വിരിച്ചിട്ടുണ്ട്. ഇവിടെയാണ് ഏഴു വയസ്സും രണ്ടര വയസ്സും ഏഴു മാസവും പ്രായമായ മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് സിനിയും സുജേഷും താമസിക്കുന്നത്.

പാലക്കാട്‌ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏഴ് വര്‍ഷത്തോളമായി ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കാതെ മടക്കിയ മൂപ്പന്‍ചോല ആദിവാസി കോളനിയിലെ സിനിയുടെയും കുടുംബത്തിന്റെയും ദുരിതപൂര്‍ണമായ ജീവിതത്തിന്റെ ചിത്രമാണിത്.

പ്രണയവിവാഹം മുടക്കിയ ആനുകൂല്യം

2011 ലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട സിനി ഇതരമതത്തില്‍പ്പെട്ട സുജേഷിനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ടു വയസില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട സുജേഷ് ബന്ധുക്കളുടെ സംരക്ഷണയിലാണ് അതുവരെ വളര്‍ന്നത്. അനാഥനായവന്‍ നേരിടേണ്ടി വരുന്ന എല്ലാ വേദനയും ഒറ്റപ്പെടലും അനുഭവിച്ചറിഞ്ഞ സുജേഷിന്‌ സ്നേഹിക്കാന്‍ മതമോ ജാതിയോ തടസ്സമായിരുന്നില്ല. ബന്ധുക്കളുടെയെല്ലാം എതിര്‍പ്പിനെ മറികടന്ന് അവന്‍ സിനിയെ വിവാഹം കഴിച്ചു. സിനിയെ വിവാഹം കഴിച്ചതോടുകൂടി ആകെയുണ്ടായിരുന്ന അച്ഛന്റെ ബന്ധുക്കളും സുജേഷിനെ വിട്ടുപോയി. സിനിയെ വീട്ടുകാരും പുറത്താക്കി. എവിടെയും അഭയമില്ലാതെ വന്നതോടെ ഡാമിന്റെ തീരത്ത് കുടില്‍ കെട്ടി ഇവര്‍ ജീവിതം തുടങ്ങി. സ്വന്തമായി ഒരു വീടൊരുക്കുന്നതിനായി പിന്നീടുള്ള ശ്രമം. വീട് വയ്ക്കാനുള്ള ഭൂമിക്ക് വേണ്ടി 2012 മുതല്‍ സിനി ഗ്രാമപഞ്ചായത്തിലും പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും മാറി മാറി അപേക്ഷ കൊടുത്തു. എന്നാല്‍ എവിടെ നിന്നും ഭൂമിക്കുള്ള സഹായധനം സിനിക്ക് ലഭിച്ചില്ല. ഗൃഹനാഥന്‍ ആദിവാസി വിഭാഗത്തില്‍പ്പെടാത്ത ആളായതിനാല്‍ സ്ഥലം വാങ്ങാന്‍ തുക കിട്ടില്ലെന്നാണ് അന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും മറുപടി ലഭിച്ചതെന്ന് സിനി പറഞ്ഞു.

ഭൂമിയ്ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് പിന്നാലെ ഏഴ് വര്‍ഷം

2012 ലാണ് സിനി ഭൂമി ലഭിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിനെ സമീപിക്കുന്നത്. ഗൃഹനാഥന്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഭൂമി ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2013 ലും 2015 ലും പാലക്കാട്‌ നടന്ന ജനസമ്ബര്‍ക്ക പരിപാടികളില്‍ സിനി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സിനിക്ക് ഭൂമി നല്‍കാമെന്ന് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് ധാരണയായി. എന്നാല്‍ പിന്നീട് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വീണ്ടും തന്നെ ഒഴിവാക്കിയെന്ന് സിനി പറയുന്നു.

"2013 ല്‍ മുഖ്യമന്ത്രിയുടെ ജനസമ്ബര്‍ക്ക പരിപാടിയില്‍ ഞാന്‍ പരാതി കൊടുത്തിരുന്നു. അന്ന് സ്ഥലം തരാമെന്ന് ഞങ്ങളുടെ ജില്ലാ ഓഫീസര്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് തരുന്ന സ്ഥലത്തിന്റെ രേഖകള്‍ നല്‍കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ അതും സ്ഥലമുടമയോടൊപ്പം പാലക്കാട്‌ ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. കുറേനാള്‍ കഴിഞ്ഞപ്പോ ഫണ്ട്‌ ഇല്ലെന്ന് പറഞ്ഞു", സിനി പറയുന്നു.

രണ്ട് ജനസമ്ബര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിട്ടും ഭൂമി കിട്ടാതെ വന്നതോടെ 2017-ല്‍ വി.എസ് അച്യുതാനന്ദനും സിനി പരാതി നല്‍കുകയുണ്ടായി. എന്നിട്ടും ഇതേവരെ സിനിക്ക് ഭൂമി ലഭിച്ചിട്ടില്ല.

"വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു കഴിഞ്ഞപ്പോള്‍ ഞങ്ങളോട് സ്ഥലം അന്വേഷിച്ചു കണ്ടെത്താന്‍ ജില്ലാ ഓഫീസില്‍ നിന്നും പറഞ്ഞിരുന്നു. അത് കേട്ട് ഞങ്ങള്‍ വീടിനടുത്തുള്ള ഒരു സ്ഥലം കണ്ടെത്തി. സ്ഥലം തരാന്‍ തയാറാണെന്നുള്ള സമ്മതപത്രവും സ്ഥലമുടമ ഓഫീസില്‍ നല്‍കി. എന്നാല്‍ പിന്നീട് അതേക്കുറിച്ചു അവരൊന്നും പറയുന്നില്ല. ഞങ്ങളെ എന്തിനാണിങ്ങനെ നടത്തിക്കുന്നത്? 2012 മുതല്‍ ഞങ്ങള്‍ ഓരോരുത്തരുടെയും പിറകെ നടക്കുകയാണ്", സിനിയുടെ ഭര്‍ത്താവ് സുജേഷ് പറഞ്ഞു.

"ഇതുപോലെ ഈര്‍പ്പം നില്‍ക്കുന്ന മുറിയിലാണ് എന്റെ മക്കള്‍ കിടന്നുറങ്ങുന്നത്. നടക്കുമ്ബോള്‍ തറ താണുപോകും. മഴക്കാലത്ത് എപ്പോഴും മക്കള്‍ക്ക് പനിയാണ്. കാലുകള്‍ ചൊറിഞ്ഞു പൊട്ടും. കഴിഞ്ഞ ദിവസം തറ ഞാന്‍ സിമന്റിട്ടിരുന്നു. കടം വാങ്ങിയ പൈസ കൊണ്ടാണ് സിമന്റ് ഇട്ടത്. അതും താഴേക്ക് താണുപോയി. കണ്ടില്ലേ? മുറികളിലെല്ലാം ഇപ്പൊ കുഴിയാണ്", പറയുമ്ബോള്‍ സുജേഷിന്റെ കണ്ണില്‍ നനവ് പടര്‍ന്നു.

ഗൃഹനാഥന്‍ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ ഭൂമി കൊടുക്കാന്‍ പാടില്ലെന്ന് മുന്‍പ് ഉത്തരവുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിക്ക് ഭൂമി കൊടുക്കാന്‍ കഴിയാതിരുന്നതെന്നാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ പിന്നീട് ആ ഉത്തരവ് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ 'ലാന്‍ഡ് ബാങ്ക് പദ്ധതി' പ്രകാരമാണ് ഭൂമി നല്‍കുന്നത്. ഗ്രാമപ്പഞ്ചായത്ത് നല്‍കുന്ന ഭൂരഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഭൂമി നല്‍കുകയെന്നും അധികൃതര്‍ പറയുന്നു.

സുരക്ഷിതമായി കിടന്നുറങ്ങാന്‍ വെറും മൂന്ന് സെന്റ് ഭൂമിക്കും വീടിനും വേണ്ടിയാണ് സിനിയും സുജേഷും ഉദ്യോഗസ്ഥരുടെ പിന്നാലെ വര്‍ഷങ്ങളോളം അലയുന്നത്. ഒരു ദിവസം ആനക്കല്‍ മേഖലയില്‍ നിന്നും പാലക്കാട്‌ ജില്ലാ ഓഫീസില്‍ വന്നുപോകണമെങ്കില്‍ ബസിനുള്ള ചാര്‍ജ് മാത്രം 60 രൂപയാകും. ആദിവാസികളുടെയിടയില്‍ 60 രൂപയ്ക്ക് മൂല്യമേറെയുണ്ട്. ഒരു ദിവസത്തെ അവരുടെ എന്തെങ്കിലുമൊരു ആവശ്യം അവര്‍ ഉപേക്ഷിച്ചിട്ടുണ്ടാകാം. 60 രൂപ പോലും കൈയ്യിലില്ലാത്തതിനാല്‍ കടം വാങ്ങിയതാകാം. ഇങ്ങനെയെത്തുന്ന ഇവരുടെ അവകാശങ്ങള്‍ക്കു നേരെ മാറി മാറി വരുന്ന ഓരോ ഉദ്യോഗസ്ഥരും മനപ്പൂര്‍വ്വം കണ്ണടയ്ക്കുന്നു. അപേക്ഷ തരൂ, നോക്കാം എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തക


Next Story

Related Stories