TopTop
Begin typing your search above and press return to search.

ജനപ്രതിനിധികളേ, ജനങ്ങള്‍ നിങ്ങളെപ്പോലെ കോമാളികളല്ല

ജനപ്രതിനിധികളേ, ജനങ്ങള്‍ നിങ്ങളെപ്പോലെ കോമാളികളല്ല

ടീം അഴിമുഖം

ജനാധിപത്യ ഗവണ്‍മെന്‍റ് ഒരു മോശം രൂപമാണ്; എന്നാല്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടതില്‍ മികച്ചതും. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതാണിത്. അത് സത്യവുമാണ്. ജനാധിപത്യത്തിന് നിരവധി പിന്നാക്കാവസ്ഥകള്‍ ഉണ്ട്: പരിമിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഭൂരിപക്ഷത്തിന്റെ ഭരണം പലപ്പോഴും ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കും. ആള്‍ക്കൂട്ട ഭരണത്തിന്റെ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരാളെ വോട്ടു ചെയ്ത് ഭരണത്തില്‍ നിന്നും മാറ്റാനുള്ള അവകാശത്തിന്റെ പേരിലെങ്കിലും നമ്മള്‍ ജനാധിപത്യത്തെ അംഗീകരിച്ചേ മതിയാകൂ.

ഏകദേശം ബിസി 500 ല്‍ ഏതന്‍സ് നഗരത്തില്‍ ജനാധിപത്യത്തിന് തുടക്കം കുറിച്ചതിന് ശേഷം, ഭരണ നിര്‍വഹണത്തിന്റെ കാര്യത്തില്‍ ഇതിനെക്കാള്‍ മറ്റൊരു സങ്കല്‍പം ഉരുത്തിരിഞ്ഞ് വന്നിട്ടില്ല. നമ്മള്‍ രാജവംശങ്ങളും സാമ്രാജ്യങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ആധുനിക രാജ്യങ്ങളും ഏകാധിപത്യ ഭരണവും പ്രഭു ജനാധിപത്യവുമൊക്കെ കണ്ടുകഴിഞ്ഞു.

എന്നാല്‍ ജനാധിപത്യത്തെ അന്യാദൃശ്യമാക്കുന്ന നാല് പ്രധാനപ്പെട്ട ഗുണങ്ങളുടെ കാര്യത്തില്‍ മറ്റൊരു ഭരണനിര്‍വഹണ സംവിധാനങ്ങള്‍ക്കും അതിനോട് കിടപിടിക്കാന്‍ സാധിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. 1. സ്വതന്ത്രവും നീതിപൂര്‍ണവുമായ തിരഞ്ഞെടുപ്പുകളിലൂടെ സര്‍ക്കാരുകളെ അധികാരത്തിലെത്തിക്കാനും അധികാരത്തില്‍ നിന്നും പുറത്താക്കാനും കഴിയുന്ന രാഷ്ട്രീയ സംവിധാനം. 2. രാഷ്ട്രീയത്തിലും പൗരജീവിതത്തിലും പൗരന്മാരെന്ന നിലയിലുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തം. 3. എല്ലാ പൗരന്മാരുടെയും മനുഷ്യാവകാശ സംരക്ഷണം. 4. നിയമങ്ങളും നടപടിക്രമങ്ങളും എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധിക്കുന്ന തരത്തിലുള്ള നിയമവാഴ്ച.

എന്നാല്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കേരള നിയമസഭയില്‍ അരങ്ങേറിയ കോമാളിത്തരങ്ങള്‍ കാണിക്കുന്നത് നമ്മുടെ ഒരു വലിയ വിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്ക് ജനാധിപത്യത്തില്‍ വലിയ വിശ്വാസം ഇല്ലെന്ന് തന്നെയാണ്. എല്ലാ ജനാധിപത്യ സങ്കല്‍പങ്ങളെയും കാറ്റില്‍ പറത്തുന്ന സംഭവവികാസങ്ങളാണ് ബജറ്റവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അരങ്ങേറിയത്. അവര്‍ ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനത്തിലും വിശ്വസിക്കുന്നില്ല എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭയില്‍ ഇത്രയും അഴിഞ്ഞാട്ടം നടത്താന്‍ നമ്മുടെ ജനപ്രതിനിധികള്‍ തയ്യാറാകുമായിരുന്നില്ല. സ്പീക്കര്‍ സഭയ്ക്കകത്ത് കടക്കുന്നത് തടയുക, സ്പീക്കറുടെ കസേരയും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുക, വനിത എംഎല്‍എമാരെ ശാരീരികമായി നേരിടുക, ജാതി പറഞ്ഞ് ആക്ഷേപിക്കുക തുടങ്ങി തെരുവിലോ മറ്റ് പൊതുവിടങ്ങളിലോ ഇറങ്ങി ചെയ്താല്‍ കരണം പുകയുന്ന അടി ലഭിക്കാന്‍ യോഗ്യതയുള്ള എല്ലാ പ്രവൃത്തികളിലും കഴിഞ്ഞ വെള്ളിയാഴ്ച നമ്മുടെ ജനപ്രതിനിധികള്‍ ഏര്‍പ്പെട്ടു.എന്നാല്‍ ജനാധിപത്യത്തിന്റെ വിശാല ലോകത്തിലെ ഒരു ഒറ്റത്തുരുത്തല്ല കേരളത്തിലെ പ്രതിപക്ഷം എന്ന് പറയേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിന്റെ പതിഞ്ഞ താളത്തിലുള്ളതും ക്ലേശകരവുമായ പ്രക്രിയകള്‍ ചില നേതാക്കളുടെയെങ്കിലും ക്ഷമയെ പരീക്ഷിക്കുന്നുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. എതിര്‍പ്പുകളെ നേരിടുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ രീതികളും വാഷിംഗ്ടണ്‍ ഡിസിയില്‍ കഴിഞ്ഞ ആഴ്ച അരങ്ങേറിയ സംഭവവികാസങ്ങളുമൊക്കെ ഇതിന്റെ സൂചനകളാണ്.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അവകാശവാദം ഉന്നയിക്കുന്ന നാല് പേര്‍ ഉള്‍പ്പെടെ മൊത്തം 54 റിപബ്ലിക്കന്‍ സെനറ്റര്‍മാരില്‍ 47 പേര്‍ ഇറാനിയന്‍ നേതാക്കന്മാര്‍ക്ക് കഴിഞ്ഞ ആഴ്ച ഒരു തുറന്ന കത്തയച്ചു. ആണവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബാരക് ഒബായുമായി ഇറാനിയന്‍ നേതാക്കള്‍ ഏര്‍പ്പെടുന്ന ഏത് കരാറും അദ്ദേഹത്തിന്റെ പിന്‍ഗാമി തള്ളിക്കളയുമെന്ന് അവര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. തന്റെ രാജ്യത്തിന്റെ നയതന്ത്ര വിഷയങ്ങളില്‍ നേതൃത്വം നല്‍കാനുള്ള ഒരു രാജ്യത്തിന്റെ തലവന്റെ അവകാശം എന്ന് പരക്കെ അംഗീകരിക്കപ്പെട്ട രാഷ്ട്രീയ കീഴ്‌വഴക്കത്തിന്റെ കടയ്ക്കലാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കത്തിവച്ചത്.

ഇറാനിയന്‍ നേതാക്കന്മാര്‍ക്ക് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കത്തയച്ചതിലും ലജ്ജാവഹമായ കാര്യമാണ് കേരള നിയമസഭയില്‍ നമ്മുടെ ബഹുമാനിതരായ എംഎല്‍എമാര്‍ കാട്ടിക്കൂട്ടിയത്. ജനാധിപത്യത്തില്‍ തരിമ്പും വിശ്വസിക്കാത്ത ക്ഷമകെട്ട നിരക്ഷര കുക്ഷികള്‍ മാത്രമാണ് അവരെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കളല്ല എന്ന് മാത്രമല്ല, ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടാന്‍ യാതൊരു യോഗ്യതയുമില്ലാത്തവരാണ് തങ്ങളെന്ന് അവര്‍ ഉറക്കെ പ്രസ്താവിക്കുന്നു.

പൊതുജീവിതത്തില്‍ തുടരാന്‍ കെഎം മാണിക്ക് യാതൊരു അവകാശവുമില്ല. ഒരു മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം ലജ്ജാവഹവുമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാനാവില്ല.

എന്നാല്‍, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സൂക്ഷമമായി വീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ആഴ്ച നടന്ന സംഭവങ്ങള്‍ അത്ര ആശ്ചര്യജനകമായിരിക്കില്ല എന്ന് പറയേണ്ടിയിരിക്കുന്നു. എന്തെങ്കിലും പുതിയ ആശയങ്ങള്‍ ഇല്ലാതെ, ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാങ്ങില്ലാത്ത, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാര്‍ക്‌സിയന്‍ പ്രത്യശാസ്ത്രം ഇപ്പോഴും പുലമ്പിക്കൊണ്ടിരിക്കുന്ന, ഇന്ത്യന്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധഃപതനത്തിന്റെ ആഴങ്ങളില്‍ വീണുപോയിരിക്കുന്നു.ജനാധിപത്യത്തില്‍ എന്തെങ്കിലും ബഹുമാന്യത അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, തന്റെ ചെറുപ്പക്കാരായ അനുയായികളെ കൊണ്ട് ചൂടുചോറ് വാരിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരള ജനതയോട് മാപ്പ് പറയുകയാണ് ആദ്യം ചെയ്യേണ്ടത്. തങ്ങളുടെ എംഎല്‍മാര്‍ വിചാരിക്കുന്നതിനേക്കാള്‍ മിടുക്കന്മാരാണ് അടിസ്ഥാനപരമായി മലയാളികള്‍. രേഖപ്പെടുത്തുന്നതില്‍ കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ ജയിക്കുന്ന വളരെ അയഞ്ഞ ഒരു തിരഞ്ഞെടുപ്പ് സംവിധാനം ഉളളത് കൊണ്ട് മാത്രമാണ് നിങ്ങള്‍ എംഎല്‍എമാരാകുന്നതെന്ന് മനസിലാക്കണം. അല്ലാതെ വോട്ട് ചെയ്യുന്ന ജനങ്ങള്‍ മണ്ടന്മാരായിട്ടല്ല.

യുവജനങ്ങള്‍ നിറഞ്ഞ ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എംഎല്‍എമാരുടെ ഈ പെരുമാറ്റം നിരവധി തിരിച്ചടികള്‍ സൃഷ്ടിക്കും. യുവജനങ്ങള്‍ക്ക് രാഷ്ട്രീയ പ്രക്രിയയിലുള്ള വിശ്വാസം കുറയും എന്നതാണ് ഇതില്‍ ഏറ്റവും അപകടകരം. ഇങ്ങനെ രാഷ്ട്രീയ പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെടുന്ന ചില ചെറുപ്പക്കാരെങ്കിലും ജനാധിപത്യപരമല്ലാത്ത ചില പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും എന്നതാണ് മറ്റൊരു അപകടം. ചുരുങ്ങിയ രീതിയിലെങ്കിലും ഇത് ഇപ്പോള്‍ തന്നെ സംഭവിക്കുന്നുണ്ട്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ മതസംഘടനകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.

രാഷ്ട്രീയത്തില്‍ വിശ്വാസം നഷ്ടപ്പെടുന്ന നമ്മുടെ യുവതലമുറ മറ്റ് അനഭിലഷണീയ മാര്‍ഗ്ഗങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ സ്വാഭാവികമായും അതിന്റെ ഉത്തരവാദികള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തന്നെയായിരിക്കും. യുവാക്കള്‍ കൂടുതല്‍ പുരോഗമനപരവും ഉത്തരവാദിത്വമുള്ളതുമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണെങ്കില്‍, നമ്മുടെ നിയമസഭ അപമാനിച്ച കോമാളികളെക്കാള്‍ വിവേകശാലികളാണ് അവര്‍ എന്ന് നമ്മള്‍ സമ്മതിക്കേണ്ടി വരും.


Next Story

Related Stories