വാര്‍ത്തകള്‍

അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി ദുര്‍ബലസ്ഥാനാര്‍ഥികളെ നിര്‍ത്തും, പകരം കുമ്മനത്തെ യുഡിഎഫ് ജയിപ്പിക്കണമെന്നാണ് ധാരണ: കോടിയേരി

യുഡിഎഫ്, എസ്ഡിപിഐയുമായും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയെന്നും കോടിയേരി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്- യുഡിഎഫ് – എസ്ഡിപിഐ കൂട്ടുകെട്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിയും ആര്‍എസ്എസും ദുര്‍ബലസ്ഥാനാര്‍ഥികളെ നിര്‍ത്തും, പകരം കുമ്മനം രാജശേഖരനെ യുഡിഎഫ് ജയിപ്പിക്കണമെന്നുമാണ് ധാരണയെന്നാണ് കോടിയേരിയുടെ ആരോപണം. മണ്ഡലങ്ങളുടെ പേര് എടുത്തുപറഞ്ഞായിരുന്നു കോടിയേരിയുടെ പ്രസ്താവനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍എസ്എസ് ബിജെപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മാത്രമേ നിര്‍ത്താന്‍ പാടുള്ളൂവെന്നാണ്. ഇതിന് പകരമായി തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ യുഡിഎഫ് സഹായിക്കുമെന്ന് പറഞ്ഞ കോടിയേരി അതിനായി വട്ടിയൂര്‍ക്കാവ് എംഎല്‍എയായ മുരളീധരനെ തിരുവനന്തപുരത്തിന് പകരം വടകരയില്‍ നിര്‍ത്തിയതെന്തിന്? എന്നും ചോദിച്ചു.

ഇടത് തരംഗത്തെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് കോടിയേരി പറയുന്നത്. എറണാകുളത്ത് ടോം വടക്കനെയും വടകരയില്‍ സജീവനെയും ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണനെയും സ്ഥാനാര്‍ഥികളായി നിര്‍ത്തിയതിന് പിന്നില്‍ ഇതിന് ഉദാഹരണമാണ്. യുഡിഎഫ് എസ്ഡിപിഐയുമായും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയെന്നും കോടിയേരി പറയുന്നു.

എസ്ഡിപിഐയുമായി ചര്‍ച്ച നടത്താന്‍ മുസ്ലിം ലീഗിനെ ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസ് തന്നെയാണ്. പരമാവധി എസ്ഡിപിഐ വോട്ടുകള്‍ മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇത്. ഇങ്ങനെ കേരളത്തില്‍ ആര്‍എസ്എസ് – ബിജെപി – യുഡിഎഫ് – എസ്ഡിപിഐ അവിശുദ്ധകൂട്ടുകെട്ടാണ് ഉണ്ടായിരിക്കുന്നതെന്നാണ് കോടിയേരി വിമര്‍ശിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍