TopTop
Begin typing your search above and press return to search.

'അവരുടെയൊക്കെ സങ്കടം കാണുന്നുണ്ട്. ഞങ്ങള്‍ക്കറിയാം തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കണമെന്ന്'; കാസര്‍ഗോഡെ വോട്ടര്‍മാരുടെ മനസ്സ് എങ്ങോട്ട്?

അവരുടെയൊക്കെ സങ്കടം കാണുന്നുണ്ട്. ഞങ്ങള്‍ക്കറിയാം തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതികരിക്കണമെന്ന്; കാസര്‍ഗോഡെ വോട്ടര്‍മാരുടെ മനസ്സ് എങ്ങോട്ട്?

ലോക്സഭാ മണ്ഡലം രൂപീകൃതമായ കാലം മുതല്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് കാസറഗോഡ്. എ.കെ.ജിയുടെ സ്വന്തം മണ്ഡലം. സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലും ഇവിടെ നിന്ന് തനിക്കെതിരെ മത്സരിക്കാമോയെന്ന് വെല്ലുവിളിക്കാന്‍ എകെജിയെ പ്രേരിപ്പിച്ചത് ഇവിടുത്തെ ജനങ്ങളുടെ ഇടത് അനുഭാവംകൊണ്ടാണ്. എന്നാല്‍ മൂന്ന് തവണ ഇടതിനെ കൈവിട്ടിട്ടുമുണ്ട് കാസറഗോഡ്. 1971-ല്‍ ഇ.കെ നായനാരെ അപ്രതീക്ഷിതമായി പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ വരുതിയിലാക്കി. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും പിന്നീട് 1984-ല്‍ ഐ രാമ റെയിലൂടെ കാസറഗോഡില്‍ വിജയിച്ച കോണ്‍ഗ്രസിനോ യുഡിഎഫിനോ പിന്നെ ഇതുവരെയും മണ്ഡലം പിന്തുണ നല്‍കിയിട്ടില്ല.

പൊതുവെ ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള മണ്ഡലമാണെങ്കില്‍പോലും തെക്കന്‍ കര്‍ണ്ണാടകത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ ബിജെപിക്കുള്ള സ്വാധീനം നിര്‍ണ്ണായകമാകും. കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിനും ശക്തമായ സ്വാധീനമുള്ളതുകൊണ്ട് യുഡിഎഫിനും കരുത്ത് തെളിയിക്കാം. 2014ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ടി. സിദ്ദിഖിനെതിരെ സിപിഎമ്മിന്റെ പി കരുണാകരന് കടുത്ത മത്സരം നേരിട്ടാണ് ജയിക്കാനായത്. 2004-ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കരുണാകരന്‍ ജയിച്ചതെങ്കില്‍, 2014-ല്‍ എത്തിയപ്പോഴേക്കും അത് കേവലം 6921 വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു. ഇത്തവണ മണ്ഡലത്തില്‍ നില്‍ക്കുന്നത് എല്‍ഡിഎഫിന് വേണ്ടി കെപി സതീഷ് ചന്ദ്രനും, യുഡിഎഫിന് വേണ്ടി രാജ്‌മോഹന്‍ ഉണ്ണിത്താനും, എന്‍ഡിഎയ്ക്കു വേണ്ടി രവീശ കുണ്ടാറുമാണ്. ശബരിമലയും കൊലപാതക രാഷ്ട്രീയവും, നവോത്ഥാനവും മണ്ഡലത്തിലെ വിഷയമാകുമ്പോള്‍ കാസറഗോഡിന്റെ മനസ്സ് അറിയാം..

സിപിഎമ്മിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന ഷുക്കൂറിന്റെ കൊലപാതകം നടന്ന മണ്ണാണ് കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പട്ടുവം. ചുവപ്പുകോട്ടയായ പട്ടുവം അടുത്തകാലത്ത് ശ്രദ്ധിക്കപ്പെടുന്നത് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ്. കാസറഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പട്ടുവത്ത് ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണം ഒന്നും പ്രത്യക്ഷത്തില്‍ അധികം കാണുന്നില്ലെങ്കിലും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവേശത്തോടെ നടക്കുന്നുണ്ട്. സ്വാഭാവികമായും എല്‍ഡിഎഫ് തന്നെയാണ് മുന്നിലുള്ളത്. ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവും ഒക്കെ വിഷയമാണെങ്കിലും വോട്ട് എല്‍ഡിഎഫിന് തന്നെയായിരിക്കുമെന്നാണ് പ്രദേശത്തെ നിലപാട്. എന്നാല്‍ 'കൊലപാതകികള്‍ക്ക് കൂട്ട് നമ്മളില്ലപ്പാ' എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വോട്ടര്‍ പറയുന്നത്. 'ഇടങ്ങേറിനില്ല, ഷുക്കൂറിന്റെ ഒക്കെ കൊലപാതകത്തിന് ശേഷം ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകരായ കുറെ ചെറുപ്പക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു. ആ സമയത്ത് പാര്‍ട്ടി ഒന്നും സഹായിച്ചില്ല. ഇപ്പം അവര്‍ ഒന്നിനും പോകാതെ ഇരിക്കുവാ. വോട്ട് പക്ഷെ എല്‍ഡിഎഫിന് തന്നെയാവും കൊടുക്കുക. പ്രചരണത്തിന്റെ തണുപ്പന്‍ മട്ട് ഒക്കെ അതിന്റെയാ.. മുമ്പത്തെ ഇലക്ഷന് ഒക്കെ ഇവിടെ എന്തായിരുന്നു. ആളുകള്‍ക്ക് മടുത്തു തുടങ്ങി.' അദ്ദേഹം പറഞ്ഞു നിര്‍ത്തി.

പട്ടുവത്ത് നിന്ന് തിരിച്ച് തളിപറമ്പ് (തളിപറമ്പ് കണ്ണൂര്‍ മണ്ഡലമാണ്) എത്തിയപ്പോഴും ബസിലൊന്നും ആരും തിരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കാന്‍ തയ്യാറായില്ല. അവിടെ നിന്ന പയ്യന്നൂരില്‍ എത്തിയപ്പോഴും ആദ്യം സംസാരിക്കാന്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും പഴയ സ്റ്റാന്‍ഡ് പരിസരത്തുള്ള തൊഴിലാളികളുടെ കൂട്ടത്തില്‍ കൂടിയപ്പോള്‍ രാജന്‍ എന്ന ലോഡിംഗ് തൊഴിലാളി പറഞ്ഞത്, 'നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയൂലന്നാ.. നിങ്ങടെ ഇതിന് ഒന്നും ഒരു വിലയുമില്ല. വില കല്‍പ്പിക്കണമെങ്കില്‍ മെയ് 23 വരെ കഴിയട്ടെ. അപ്പോ പറയാം. കേരളത്തില്‍ തൊണ്ണൂറ് ശതമാനം മീഡിയയും എല്‍ഡിഎഫിനെതിരാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് യുഡിഎഫിന് പറഞ്ഞവരാണ് ഇവിടുത്തെ പത്രങ്ങള്‍, ഇപ്പം പറയുന്നത് 17 സീറ്റ് യുഡിഎഫിനും നാല് സീറ്റ് എല്‍ഡിഎഫിനും കിട്ടുമെന്ന് പറഞ്ഞത്. അന്ന് 93 സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. അതുകൊണ്ട് മീഡിയയെ സംബന്ധിച്ച് നമുക്ക് വിശ്വാസമില്ല. പിന്നെ കാസറഗോഡ് എല്‍ഡിഎഫ് ആണ്. ശബരിമലയും അക്രമവും ഒന്നും വോട്ടില്‍ ഉണ്ടാവില്ല. കമ്മ്യൂണിസ്റ്റുക്കാര്‍ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. കൊലപാതകത്തെ പാര്‍ട്ടി അങ്ങേയറ്റം എതിര്‍ക്കുന്നുണ്ട്. കൊലപാതകത്തോട് യോജിപ്പില്ല. നമ്മള് എതിര്‍പ്പാണ്. പക്ഷെ ചില സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എടുത്തുകാണിച്ച് പാര്‍ട്ടി മൊത്തം കൊലപാതകമാണെന്നാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. അത് ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഇതുപോലെ നടപടിയെടുക്കാന്‍ പറ്റുന്നത് ഇന്ത്യയില്‍ ഒറ്റ പാര്‍ട്ടിയെയുള്ളൂ അത് മാര്‍കിസ്റ്റ് പാര്‍ട്ടിയാണ്.' എന്നാണ്.

പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ പെട്രോളിയം സംഭരണ കേന്ദ്രം വരുന്നതിനെതിരെ കേന്ദ്ര-കേരള സര്‍ക്കാരിനെതിരെയും എണ്ണകമ്പനികള്‍ക്കെതിരെയും സമരം നടത്തുന്ന സമിതിയംഗം നിശാന്ത് പരിയാരം, മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെക്കുറിച്ച് പറഞ്ഞത്, 'സിപിഎമ്മിന് ഏതെങ്കിലും തരത്തിലുള്ള തളര്‍ച്ചയുണ്ടായതായി പറയാന്‍ പറ്റില്ല. രഷ്ട്രീയ കൊലപാതകങ്ങളുടെ തിരിച്ചടിയുണ്ടാവില്ല സിപിഎമ്മിന്. അതിന് സിപിഎം ബെല്‍റ്റുകളെ സ്വാധീനിക്കാന്‍ സാധ്യത വളരെ കുറവാണ്. കാസറഗോഡ് മണ്ഡലത്തിലെ ഏറ്റവും ശക്തമായ എല്‍ഡിഎഫ് ബെല്‍റ്റ് കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളാണ്. ഒന്ന് കല്ല്യാശ്ശേരിയും മറ്റൊന്ന് പയ്യന്നൂരും. ഈ മണ്ഡലങ്ങളില്‍ യാതൊരു വിധത്തിലും ഇതൊന്നും ഏശില്ല. എല്‍ഡിഎഫിന് സാധ്യതയെന്ന് പറയുന്നതിന് കാരണം രാജ്‌മോഹന്‍ ഉണ്ണിത്താന് ലീഗ് വോട്ടുകള്‍ കിട്ടാന്‍ പൂര്‍ണമായും കിട്ടാന്‍ സാധ്യത കുറവാണ്. സിദ്ധിഖിനുള്ളത് പോലും ഉണ്ണിത്താനുണ്ടാവില്ല. ബിജെപി സ്ഥാനാര്‍ഥി കുറച്ചധികം വോട്ട് പിടിച്ചാല്‍ അത് ഉണ്ണിത്താനെയായിരിക്കും ബാധിക്കുക. പിന്നെ സതീഷ് ചന്ദ്രന് നല്ല ക്ലീന്‍ ഇമേജ് ഉണ്ട്. ഇതോക്കെയാണ് കാസറഗോഡിന്റെ കാര്യത്തില്‍ അഭിപ്രായം.'

ജില്ലയിലെ മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാസറഗോഡ് ലോകസഭാ മണ്ഡലം. കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെ കരുത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. എന്നാല്‍, ബിജെപിക്കും ശക്തമായ സ്വാധീനമുള്ള രണ്ട് നിയമസഭാ മണ്ഡലങ്ങളാണിവ. ബിജെപിയും തങ്ങള്‍ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് കാസറഗോഡിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തുളു-കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളിലാണ് അവരുടെ പ്രതീക്ഷ. മുമ്പ് ഐ രാമ റെയിലൂടെ മുന്‍പ് യുഡിഫ് കാസര്‍കോട് പച്ചതൊട്ടത് ഈ ഭാഷാ ന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണകൊണ്ടാണ്. കാസറഗോഡ് പതിനേഴര ശതമാനം വോട്ടുകളുള്ള ബിജെപി ശബരിമല വിഷയത്തിലൂടെ അരലക്ഷം വോട്ടുകളെങ്കിലും അധികം ലഭിയ്ക്കുമെന്ന് കണക്കുകൂട്ടുന്നു.

പയ്യന്നൂരിലെ ജനാര്‍ദ്ധന്‍ ചേട്ടന്റെ ചായക്കടയില്‍ ട്രാവല്‍സില്‍ വര്‍ക്ക് ചെയ്യുന്ന സന്ദീപും എ സി മെക്കാനിക്കായ വിപിനും ഉള്‍പ്പെടുന്ന സംഘത്തിന്റെ സൗഹൃദ സംഭാഷണത്തിനിടയിലേക്ക് തിരഞ്ഞെടുപ്പ് വിഷയം ഇട്ടുകൊടുത്തപ്പോള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് സമാധാനം വേണമെന്നാണ്, 'അതിപ്പോ ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യമാണ്. ആര് വന്നാലും നാടു നന്നാവണമെന്നാണ്. നല്ല ഭരണമുണ്ടാവണം, പ്രശ്‌നങ്ങളുണ്ടാവതെയാവണം. മുക്കിന് മുക്കിന് കൊലപാതകം നടക്കുവല്ലേ. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല. നമ്മുടെ നാട്ടില്‍ നിന്ന് നമ്മുക്ക് പോവാന്‍ കഴിയില്ലല്ലോ. ജനിച്ചുപോയില്ലേ ഇവിടെ. അതിനുള്ള എല്ലാം കൊടുക്കുക തന്നെ വേണം. അത്രയെ ആഗ്രഹിക്കുന്നുള്ളൂ. വേറെയൊന്നും വേണ്ട. സമാധാനം വേണം. അതിന് ഒരാള് കുറ്റം പറയാനും നമ്മുക്ക് ആവൂല. ഒരു പ്രശ്‌നങ്ങളുമുണ്ടാവാന്‍ പാടില്ല. സാമധാനപരമായിട്ട് ജീവിക്കണം. ഇപ്പം ഓരോ കൊലപാതകം വച്ചല്ലേ.. അതിന്റെ വാശി തീര്‍ക്കാന്‍ അടുത്തയാളെ കൊല്ലുന്നു. നമ്മള്‍ ആഗ്രഹിക്കുന്നത് ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പാടില്ലെന്നാണ്. അക്രമം വേണ്ട'.

പയ്യന്നൂരിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ കൊണ്ടുപിടിച്ച ചര്‍ച്ചയിലായിരുന്നു. വിഷയം എം പാനല്‍ ജീവനക്കാരുടെ ജോലിയായിരുന്നു. പേരുകള്‍ വെളിപ്പെടുത്തരുത്തെന്ന് നിബന്ധനയില്‍ അവര്‍ രോഷകുലരായിട്ടാണ് സംസാരിച്ചത്. 'എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു പിന്തുണയുമില്ല. അതുകൊണ്ട് തന്നെ വോട്ടുമില്ല അവര്‍ക്ക്. അവര്‍ തോല്‍ക്കുവോ ജയിക്കുവോ ചെയ്യട്ടെ. ഞങ്ങള്‍ക്ക് യാതൊരു ഗുണമില്ല. തോഴിലാളികള്‍ക്ക് ഗുണമില്ല. ഞങ്ങളുടെ വോട്ടും അവര്‍ക്ക് കൊടുക്കില്ല. ഉറപ്പിച്ചതാണ്.' പരിസരത്ത് ഓട്ടോ തൊഴിലാളികള്‍ വിഷയത്തില്‍ പ്രതികരിക്കാനെ നിന്നില്ല. പ്രാദേശിക മാധ്യമങ്ങളായ വടക്കന്‍ വാര്‍ത്തകള്‍, നെറ്റ്‌വര്‍ക്ക് ചാനല്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതികരണം 'എല്‍ഡിഎഫ് തന്നെയായരിക്കും ജയിക്കുക. ഉണ്ണിത്താന് ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ബിജെപിയുടെ വോട്ടും കൂടി അവര്‍ക്ക് കിട്ടണം.' എന്നാണ്.

തൃക്കരിപ്പൂരിലേക്കുള്ള ബസ് യാത്രയില്‍ യാത്രക്കാരാരും പ്രതികരിക്കാന്‍ തയ്യാറായില്ല. സതീഷ് ചന്ദ്രന്‍ മുമ്പ് ജയിച്ച നിയമസഭാ മണ്ഡലം തൃക്കരിപ്പൂര്‍ ശക്തമായ യുഡിഎഫ് സ്വാധീനമുള്ള മേഖലയാണ്. ഇടത്പക്ഷവും കരുത്ത് തെളിയിച്ച മണ്ഡലമാണിത്. 'ടൈറ്റ് ഒന്നുമല്ലപ്പാ എന്തന്ന് വച്ച് യുഡിഎഫിന് നല്ല സപ്പോര്‍ട്ടാണ്' എന്നാണ് സുജാത പറയുന്നത്, 'ഇവിടെയൊക്കെ (തൃക്കരിപ്പൂര്‍) യുഡിഎഫ് സപ്പോര്‍ട്ടാണ്. എല്‍ഡിഎഫ് കണക്കുതന്നെ.. യുഡിഎഫ് ആണ് നല്ലത്.'

ഇബ്രാഹിം പറയുന്നത്, 'മണ്ഡലം മൊത്തതില്‍ യുഡിഎഫിന് അനുകൂലമായിട്ടാണ് വരുന്നത്. പത്തുഇരുപത്തഞ്ച് വര്‍ഷമായി എല്‍ഡിഎഫിന്റെ എംപി ഇടുന്ന് പോണ്. നമ്മള്‍ തീരപ്രദേശത്ത് മേഖലയില്‍ ഒന്നും ഒരു റുപ്പിക തന്നിട്ടില്ല. അതെല്ലാം അവര്‍ കയ്യൂര്‍, ചീമേനി, തുടങ്ങിയ അവരുടെ സ്ഥലത്താണ് വികസനം കൊടുക്കുക. പടിഞ്ഞാറന്‍ മേഖലയില്‍ ഒന്നുമില്ല. അവരുടെ ഏരിയയില്‍ മാത്രം കൊടുക്കും. ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണ്ടേ. അതാണ് പ്രശ്‌നം. സര്‍ക്കാരിന്റെ വീട് കൊടുക്കുന്ന പദ്ധതിയോന്നും ഇവിടെ കൃത്യമായിട്ടല്ല. ഇപ്രാവശ്യം എന്തായാലും അവര്‍ എല്‍ഡിഎഫിന് വോട്ട് കൊടുക്കാന്‍ സാധ്യത കുറവാണ്.' പ്രദേശവാസിയായ മുഹമ്മദും അതേ അഭിപ്രായമാണ് പറയുന്നത്. വിശ്വാസത്തിന്റെ മേല്‍ കൈകടത്തിയതാണ് മുഹമ്മദ് എല്‍ഡിഎഫിന്റെ സാധ്യത കുറയാനായി കാണുന്നത്, 'നമ്മടെ ഇവിടെ നിന്ന് ധാരാളംപേര്‍ ശബരിമലയില്‍ പോകുന്നതാണ്. ഇത്തവണ ആരും പോയിട്ടില്ല. ആ ഭാഗത്തൊക്കെ അയ്യപ്പ ഭജന മന്ദിരമുണ്ട്. അതൊന്നും തുറന്ന് പ്രവര്‍ത്തിച്ചിട്ടേയില്ല. എല്ലാം നിശ്ചലമായിരുന്നു. കോടതി എന്തു വേണമെങ്കിലും പറഞ്ഞോട്ടെ, ഒരു ദേവസ്വം ബോര്‍ഡ് ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ അതിന് വിട്ടുകൊടുത്താല്‍ മതി. സര്‍ക്കാര്‍ അതില്‍ ഇടപടേണ്ട ആവശ്യമില്ല. സര്‍ക്കാരിന്റെ കീഴിലാണ് ദേവസ്വം ബോര്‍ഡെന്നത്‌കൊണ്ട് അതില്‍ സര്‍ക്കാര്‍ ഇടപെട്ടു. അതു വേണ്ടായിരുന്നു. ശബരിമല മാസം കര്‍ണാടകത്തില്‍ നിന്നും കാസറഗോഡില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും എപ്പോവും ട്രാഫിക്കും തിരക്കുമൊക്കെയാണ്. ഇപ്രാവശ്യം അതുണ്ടായിട്ടില്ല. ഇടുന്ന് തന്നെ മൂന്ന് ബസ്് പോകും (ശബരിമലയ്ക്ക്). ഇത്തവണ പോയിട്ടില്ല. വയലോടിയില്‍ നിന്നും ഒന്നും പോയിട്ടില്ലെന്ന്' മുഹമ്മദ് പറഞ്ഞുനിര്‍ത്തി.

തൃക്കരിപ്പൂരിലെ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി പി അഹമ്മദിന്റെ അഭിപ്രായം, 'കാസറഗോഡ് ഉണ്ണിത്താന്‍ തന്നെ ജയിക്കുമെന്നാണ് നൂറ് ശതമാനം നമ്മള് വിശ്വസിക്കുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണെങ്കിലും രാഷ്ട്രീയ കൊലപാതകം ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടെങ്കില്‍ ആ പാര്‍ട്ടി ശിക്ഷിക്കപ്പെടണം. നമ്മളിപ്പം കണ്ടില്ലെന്നാ നടിക്കാന്‍ കഴിയില്ല.' യുഡിഎഫ് കണ്‍വീന്‍ മുകുന്ദനും, പ്രവര്‍ത്തകന്‍ വിജയനും ചെയര്‍മാനോട് യോജിക്കുന്നുണ്ട്. 'കൊലപാതക രാഷ്ട്രീയം പോലെ തന്നെ വിശ്വാസ പ്രശ്‌നം, എല്ലാ മനുഷ്യര്‍ക്കും കൃത്യമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും മതമുണ്ട്. ഗവണ്‍മെന്റ് മതത്തെ നീര്‍വീര്യമാക്കുക, അതൊന്നും അത്ര നല്ലകാര്യമല്ല. തീര്‍ച്ചയായും എല്‍ഡിഎഫിനെ അത് ബാധിക്കും. ഇതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ആരാണെന്ന് ഈ ഇലക്ഷന്‍ കഴിയുമ്പോള്‍ മനസ്സിലാവും.' അവര്‍ വ്യക്തമാക്കി.

കാഞ്ഞങ്ങാട് ബസ് യാത്രക്കിടെ പരിചയപ്പെട്ട ശ്രീജിത്ത് പറയുന്നത്, 'കാസര്‍ഗോഡ് മണ്ഡലത്തില്‍ എടുത്തുകാണിക്കാന്‍ പറ്റിയ ഒരു വികസനവും ഇല്ല. വളരെ മോശമായ രീതിയിലാണ് ഇവിടുത്തെ കാര്യങ്ങള്‍. ജനജീവിതത്തിന്റെ മൊത്തം ആ രീതിയിലാണ് കാര്യങ്ങള്‍. മണ്ഡലത്തിലെ പകുതി ശതമാനവും വോട്ട് ബിജെപിയായിരിക്കും. അവസ്ഥ അങ്ങനെയാണ്. എല്‍ഡിഎഫ് അക്രമം അല്ലേ..' എന്നാണ്.

കാഞ്ഞങ്ങാട് ടൗണിലെ ഡിസി ബുക്ക്‌സിന്റെ ചുമതല വഹിക്കുന്ന കഥാകൃത് ത്യാഗരാജന്‍ ചാളക്കടവ് എല്‍ഡിഎഫിന് അനുകൂലാണ് മണ്ഡലമെന്നാണ് പറയുന്നത്. 'സതീഷ് ചന്ദ്രനാണ് എല്ലാം കൊണ്ടുമുള്ള സാധ്യത കാണുന്നത്. സിദ്ധിഖിനുള്ള സപ്പോര്‍ട്ട് ലീഗ് ഉണ്ണിത്താന് കൊടുക്കുമോയെന്നത് സംശയമാണ്. ഇവിടുള്ള ആളുകളെ കൊണ്ടുവരാതെ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. പിന്നെ സതീഷ് ചന്ദ്രന് പറ്റിയ എതിരാളിയല്ല ഉണ്ണിത്താന്‍. വര്‍ഷങ്ങളായി സതീഷ് ചന്ദ്രന്‍ ജനങ്ങളുടെ ഇടയില്‍ സൂക്ഷിക്കുന്ന ഒരു നല്ല ഇമേജുണ്ട്. സതീഷേട്ടന്‍ എന്നാണ് ആളുകള്‍ വിളിക്കുക. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവരുടെ വീടുകള്‍ കയറിചെല്ലുകയും ഒക്കെയുള്ള ഒരാളാണ് സതീഷ് ചന്ദ്രന്‍. കാസറഗോഡിനെ നന്നായിട്ട് അറിയാം. ജനങ്ങളുടെ പള്‍സറിയാം. അതേസമയം ഉണ്ണിത്താന് ഇവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഒരു ഇമേജ് ഇല്ല. മണ്ഡലത്തെ അറിയാമെന്ന് തോന്നുന്നില്ല. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥി രവീശ കുണ്ടാറിനും ഒരു ഇമേജുണ്ട്. പക്ഷെ ആളുകള്‍ക്ക് അത്ര പരിയമുള്ള ആളല്ല. രവീശന്‍ ബുദ്ധിപൂര്‍വം സംസാരിക്കുന്ന ഒരു സ്ഥാനാര്‍ഥിയാണ്. മറ്റ് ബിജെപി നേതാക്കളെ പോലെ അനാവശ്യ വര്‍ത്തമാനങ്ങള്‍ ഇല്ല. രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയാലും അത്ഭുതപ്പെടാനില്ല. അത് അവരുടെ മിടുക്ക് കൊണ്ട് മാത്രമല്ല. ഉണ്ണിത്താന് വോട്ടു കുറയുന്നതുകൊണ്ടും കൂടിയാണ്. നിക്ഷപക്ഷ വോട്ടുകള്‍ മിക്കവാറും സതീഷ് ചന്ദ്രന് അനുകൂലമായിട്ടായിരിക്കും. രാഷ്ട്രീയ കൊലപാതകം ഒക്കെ അതാത് പ്രദേശങ്ങളില്‍ ഒരു എല്‍ഡിഎഫിന് ഒരു തിരിച്ചടി ഉണ്ടാക്കിയേക്കുമെങ്കിലും അത് പക്ഷെ മണ്ഡലം മുഴുവനും ഉണ്ടാവില്ല. ശബരിമല വിഷയത്തിലെ സ്വാധീനവും ബിജെപി മേഖലകളിലെ ഉണ്ടാവുകയുള്ളൂ. ഒന്നാം സ്ഥാനം എല്‍ഡിഎഫ് തന്നെയായിരിക്കും. പിന്നെ രണ്ടാം സ്ഥാനത്തേക്കുള്ള യുഡിഎഫ് എന്‍ഡിഎ പോരാട്ടമായിരിക്കും നടക്കുക.'

കാഞ്ഞങ്ങാടില്‍ നിന്ന് ട്രെയിനിലെ യാത്രക്കിടെ പരിചയപ്പെട്ട ധര്‍മ്മടം സ്വദേശിയും കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പഞ്ചായത്തില്‍ ജോലി നോക്കിയിരുന്ന ഉസ്മാനും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും തങ്ങള്‍ക്കറിയുന്ന പ്രദേശങ്ങളിലെ വികാരം പങ്കുവച്ചത് ഇങ്ങനെയായിരുന്നു. 'അവര്‍ക്കൊക്കെ (എന്‍ഡോസള്‍ഫാന്‍ ദുരിത ബാധ്യത മേഖലയിലെ) ഇപ്പോള്‍ ദേഷ്യമാണ് രാഷ്ട്രീയക്കാരോടും ഞങ്ങളോടും (പഞ്ചായത്ത് ജീവനക്കാരോട്്). അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാത്തതും അവരുടെ മക്കളുടെ ജീവിതം നശിച്ചതിനുമൊക്കെ കാരണമായി കരുതുന്നത് സര്‍ക്കാരിന്റെയും രാഷ്ട്രീയക്കാരുടെയും അനാസ്ഥയായിട്ടാണ്് അവര്‍ കാണുന്നത്. അവര്‍ക്കോ അവരുടെ മക്കള്‍ക്കൊ യാതോരു പ്രയോജനവുമില്ലാത്ത കാര്യമായിട്ടാണ് തിരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് തോന്നുന്നത്. കുറ്റം പറയാന്‍ പറ്റില്ല. അവരുടെ മാനസികാവസ്ഥ അങ്ങനെയല്ലേ. സര്‍ക്കാര്‍ കുറച്ചുകൂടെ കാരുണ്യപൂര്‍വ്വം അവരെ ഗൗനിക്കണ'മെന്ന് ഉസ്മാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ കുറച്ചുകൂടി വൈകാരികമായിട്ടാണ് പ്രതികരിച്ചത്. 'അവര് ആ വയ്യാത്ത മക്കളെയും കൊണ്ട് ഓരോ ഓഫീസും കയറിയിറങ്ങുവല്ലേ. തിരുവനന്തപുരത്ത് എത്തി നടത്തിയ സമരം ഒക്കെ ഒത്തുതീര്‍പ്പാക്കിയെങ്കിലും ഒരു പ്രയോജനമുണ്ടായില്ല. അവരുടെയൊക്കെ സങ്കടം സര്‍ക്കാര്‍ കാണുന്നില്ലെങ്കിലും ഞങ്ങള് കാണുന്നുണ്ട്. ഞങ്ങള്‍ക്കറിയാം ഇലക്ഷനില്‍ എങ്ങനെ പ്രതികരിക്കണമെന്ന്'.

കാസറഗോട്ടെ എല്‍ഡിഎഫ് ആധിപത്യത്തിന് കാരണം അരലക്ഷത്തിലേറെ ഭൂരിപക്ഷം നല്‍കുന്ന പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളാണ്. ജില്ലയില്ലെ ഏഴു നിയമസഭാമണ്ഡലങ്ങളില്‍ ഒന്നില്‍പോലും കോണ്‍ഗ്രസിന് എം.എല്‍.എമാരില്ല. ഉദുമയില്‍ കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷം ഇടതു പാളയത്തെ അമ്പരപ്പിച്ചിരുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലുള്ള മേധാവിത്വം നിലനിറുത്താനായാല്‍ ഇത്തവണയും കാസറഗോഡ് ചുവപ്പണിയും. എന്നാല്‍, കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിലവിലുള്ള ആധിപത്യം ഉറപ്പിച്ചും ഉദുമയുള്‍പ്പടെയുള്ള മറ്റു മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചും കാസറഗോഡിനെ വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

യഥാര്‍ത്ഥത്തില്‍ ദേശീയ വിഷയങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാവാറുള്ളതെങ്കിലും ശബരിമലയടക്കമുള്ള വൈകാരിക വിഷയങ്ങളായിരിക്കും കാസറഗോഡിന്റെ ഗതി നിര്‍ണ്ണയിക്കുക. പെരിയ ഇരട്ടക്കോലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും, എന്‍ഡോസള്‍ഫാന്‍ വിഷയവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതൊരുപക്ഷേ എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം. പക്ഷെ നിലവില്‍ അതിനുള്ള സാധ്യതയും കുറവാണ്.


Next Story

Related Stories