TopTop
Begin typing your search above and press return to search.

"കുരുക്കിയാലും ഓര് കുടുങ്ങാന്‍ പാടില്ലായിരുന്നു"; എംകെ രാഘവനെ രക്ഷിക്കാന്‍ രാഹുലിന് കഴിയുമോ? കോഴിക്കോട് പറയുന്നതിങ്ങനെ

കുരുക്കിയാലും ഓര് കുടുങ്ങാന്‍ പാടില്ലായിരുന്നു; എംകെ രാഘവനെ രക്ഷിക്കാന്‍ രാഹുലിന് കഴിയുമോ? കോഴിക്കോട് പറയുന്നതിങ്ങനെ

ലോകസഭാ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിലവിലെ എംപി എംകെ രാഘവനെയും എല്‍ഡിഎഫ് നിലവിലെ എംഎല്‍എ എ പ്രദീപ് കുമാറിനെയും രംഗത്തിറക്കിയപ്പോഴെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത് കോഴിക്കോട് തീപാറുന്ന മത്സരമുണ്ടാവുമെന്നാണ്. 'ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി' എന്നു തന്നെ പറയാം. കാരണം ഇരുവരും കോഴിക്കോട്ടെ സാധാരണക്കാരുടെ പ്രിയപ്പെട്ട നേതാക്കളാണ്. വികസനത്തിന്റെ കാര്യത്തിലും ജനസമ്മതിയുടെ കാര്യത്തിലും ഇരുവരും കോഴിക്കോട്ടുക്കാര്‍ക്ക് ഒരു പോലെ സ്വീകാര്യരാണ്. ഇനി തിരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ നിയമസഭാ - തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ എല്‍എഡിഎഫിന് നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്ന ജില്ല, ലോക്സഭാ തിരഞ്ഞെടുപ്പുകളിലെത്തുമ്പോള്‍ യുഡിഎഫിന്റെ ഉറച്ച കൊട്ടയാവുകയാണ് പതിവ്.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമോ എന്നും സംശയിക്കേണ്ടിരിക്കുന്നു. നേരീയ ഭൂരിപക്ഷത്തിലാണെങ്കിലും വിജയ സാധ്യത കല്‍പിച്ചിരുന്ന എം കെ രാഘവനെതിരെ ഒളിക്യാമറ കോഴ വിവാദം എത്തിയതോടെ പ്രദീപ് കുമാറിനും സാധ്യതയേറി. സാഹചര്യങ്ങള്‍ മാറിയ ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളുടെ വിജയ സാധ്യതയെക്കുറിച്ച് കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതികരണം,

'ഇവിടം മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയാണ്, ഇവിടം മാത്രമല്ല മണ്ഡലത്തിലെ പല പ്രദേശങ്ങളും അങ്ങനെയാണ്' എന്നു പറഞ്ഞാണ് ഒളവണ പഞ്ചായത്തിലെ തടി മില്‍ ജോലിക്കാരനായ കോയക്ക പറഞ്ഞു തുടങ്ങിയത്. 'ആദ്യം കരുതിയത്, രാഘവന്‍ കൊണ്ടുപോകുമെന്നാ, പക്ഷെ ഇനിയിപ്പം സാധ്യത പ്രദീപിന് തന്നെയാണ്.. നല്ല ചീത്തപേര് കേള്‍പ്പിച്ചില്ലെ രാഘവന്‍. രണ്ടുപേരില്‍ കുറച്ച് മുമ്പില്‍ നിന്നത് അവരായിരുന്നു. ഇനിയിപ്പം പ്രദീപ് ആയിരിക്കും.'

പന്തീരാങ്കാവിലെ ജയേട്ടന്‍ അരാഷ്ട്രീയ വാദമാണ് തനിക്കുള്ളതെന്ന് വ്യക്തമാക്കികൊണ്ട് അതിനുള്ള കാരണം പറഞ്ഞത് ഇതാണ്, 'ആരു ജയിച്ചാലും കണക്ക് തന്നെയാ.. നമ്മുക്ക് ഒന്നൂല്ല്യ.. ജയിച്ചാല്‍ ഓര് നന്നാവും. അല്ലാതെ നമ്മളെ നന്നാവുതാ അവര് ചെയ്യുക? ആര് ജയിച്ചിട്ടും കാര്യമില്ല. കൃത്യമായി രാഷ്ട്രീയം പറഞ്ഞാ ആര്‍ക്കും അങ്ങോട്ട്..'

രാഘവേട്ടന്‍ ജയിച്ചേക്കുമെന്നാണ് കടുപ്പിനി സ്വദേശി കമലേച്ചി പറയുന്നത്. 'ഓര് കഴിഞ്ഞ തവണ ജയിച്ചിം ഇനിയും ഓര് ആയിരിക്കും.'

സ്ഥലം എടുക്കാന്‍ എത്തിയ സംഘത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നാണ് എം കെ രാഘവനെതിരെ ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒളിക്യാമറയുമായി കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എംപി ഇടനിലക്കാരനായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവര്‍ഷ ചാനല്‍ സംഘം എംകെ രാഘവനെ കാണുന്നത്. ഇതിന്റെ കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം ക്യാഷായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

എന്നാല്‍ ആരോപണം വന്നതുമുതല്‍ എം കെ രാഘവന്‍ ആവര്‍ത്തിക്കുന്നത് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യുകയും സംഭാഷണം ഡബ് ചെയ്യുകയും ചെയ്ത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ്. ഇത് സംബന്ധിച്ച തെളിവുകള്‍ ഉടന്‍ പുറത്തുവരും എന്നും ഈ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ പരാതി നല്കിയിട്ടുണ്ട് എന്നും എം കെ രാഘവന്‍ വ്യക്തിമാക്കിയിരുന്നു. ആരോപണം തെളിയിച്ചാല്‍ താന്‍ ലോക്സഭാ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെ എംകെ രാഘവന്‍ പ്രതികരിച്ചത്. സംഭവത്തില്‍ സിപിഎം നടത്തുന്ന വ്യക്തിഹത്യയാണെന്നും ആദ്ദേഹം ആരോപിച്ചിരുന്നു. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രീന്‍കോ എന്ന സഹകരണ സ്ഥാപനത്തില്‍ എം കെ രാഘവനും കൂട്ടരും 77 കോടി രൂപയുടെ തിരിമറി നടത്തിയെന്നുള്ള ഒരു ആരോപണവും നേരത്തെ പുറത്തു വന്നിരുന്നു.

ടൗണില്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കച്ചവടം നടത്തുന്ന ദീപന്‍ പറയുന്നത്, 'ഇപ്പം യുഡിഎഫിന് ആകെ അങ്ങ് ഡളായത് രാഘവേട്ടന്റെ പ്രശ്‌നം മാത്രമെയുള്ളൂ. സംഗതി മൂപ്പരെ കുടുക്കിയതാണെന്ന്. കുടുക്കിയാലും ഓര് കുടുങ്ങാന്‍ പാടില്ല. പക്ഷെ മൂപ്പര് പൈസ ഒന്നും മേടിച്ചിട്ടില്ലാല്ലോ. അയാളടെ സ്വാധീനംവച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ പൈസയായി ഒക്കെ എന്തെങ്കിലുമൊക്കെ നടത്തിയിട്ടുണ്ടെങ്കില്‍ പറയാം.. ഇത് അതില്ലല്ലോ..' എന്നാണ്.

ബീച്ചിലെത്തിയ ഷാജിയും കുടുംബവും പറഞ്ഞത്, 'വ്യക്തിപരമായി പറയുവാണെങ്കില്‍ രാഘവേട്ടന്‍ കുടുങ്ങാന്‍ പാടില്ല. ഇലക്ഷന്‍ ഒക്കെ നടക്കുന്ന സമയത്ത് ഇങ്ങനെ കുടുക്കാന്‍ പലരും ശ്രമിക്കും. നമ്മടെ ചങ്ങായി പ്രദീപ് കുമാറിനാണെങ്കില്‍ നല്ല പേരുമുണ്ട്. ഏതായാലും പറയാന്‍ പറ്റില്ല. ഇലക്ഷന്‍ കഴിയട്ടെ.'

വികസന വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വ്യക്തിഹത്യയല്ലെന്നാണ് എ പ്രദീപ് കുമാര്‍ കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തിനോട് എം കെ രാഘവനെ ലക്ഷ്യമാക്കി പറഞ്ഞത്. വ്യക്തിപരമായിട്ടല്ല രാഷ്ട്രീയ പരമായിട്ടാണ് പോരാട്ടം. പത്ത് വര്‍ഷം എംകെ രാഘവന്‍ എംപിയായിരുന്ന ഈ മണ്ഡലം വികസന മുരുടിപ്പിലായിരുന്നുവെന്നാണ് വാസ്തവം. സംസ്ഥാന സര്‍ക്കാരും എംഎല്‍എമാരും നടത്തിയ പദ്ധതികള്‍ തങ്ങളുടേതാക്കിയാണ് യുഡിഎഫ് പ്രചരണം നടത്തുന്നത്. പിന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ചലനമുണ്ടാക്കുമെന്ന് കരുതുന്നില്ല. കേരളത്തിലെ 20 യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. അദ്ദേഹത്തെ നേരിടാന്‍ ഞങ്ങളുടെ സ്ഥാനാര്‍ഥിയുണ്ടവിടെ എന്നിങ്ങനെയായിരുന്നു പ്രദീപിന്റെ പ്രതികരണം.

Read: ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് / മണ്ഡലങ്ങളിലൂടെ

ശബരിമല വിഷയം മണ്ഡലത്തില്‍ കാര്യമായി പ്രതിഫലിക്കില്ലെന്നും വോട്ടുകളും അധികം നേടുകയില്ലെന്നുമാണ് വെസ്റ്റ് ഹില്ലിന്‍ നിന്ന് പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സ്ത്രീ തൊഴിലാളികള്‍ പറഞ്ഞത്. മീഞ്ചന്തയില്‍ പാത്രകടയിലെ ഷംസുവും കൂടെ ജോലി ചെയ്യുന്ന ഷെറിയും പറയുന്നത് പ്രദീപ് കുമാറാണ് ജയിക്കുക എന്നാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നെ പ്രദീപ് കുമാര്‍ വിദ്യാലയങ്ങളും മറ്റും കാര്യമായി ഗൗനിക്കുന്നതുമൊക്കെയാണ് അവര്‍ നേട്ടമായി കാണുന്നത്.

ചെറുവണ്ണൂരിലെ ജയ സിംഗ് പറയുന്നത് താന്‍ യുഡിഎഫ് അനുഭാവിയാണെങ്കിലും ഇത്തവണ ജയ സാധ്യത കാണുന്നില്ലെന്നാണ്. 'പ്രത്യേക സമുദായത്തിനോടുള്ള പ്രീണനം ശബരിമല വിഷയം ഒക്കെ യുഡിഎഫിന് തിരിച്ചടിയായേക്കും. എന്‍ഡിഎയുടെ കെ പി പ്രകാശ് ബാബു ശബരിമല വിഷയം കാരണം ജയില്‍ കിടക്കുന്നത്‌കൊണ്ട് തന്നെ വോട്ട് നേടിയേക്കും. പ്രദീപ് കുമാറിനായി പ്രവര്‍ത്തകര്‍ ഉത്സാഹിച്ച് പ്രചരണം ഒക്കെ നടത്തുന്നുണ്ട്. അത് അപേക്ഷിച്ച് നോക്കുമ്പോള്‍ രാഘവേട്ടന്റെ ഒക്കെ പ്രചരണം പോരാ. പിന്നെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്. യുഡിഎഫിന് മൊത്തതില്‍ നേട്ടമാണ്. പക്ഷെ രാഘവേട്ടനാണെങ്കില്‍ ഒരു ആരോപണം വന്നപ്പോഴേക്കും കരഞ്ഞ് നിലവിളിച്ച് ആളുകളുടെ ഇടയിലെ ഇമേജ് നഷ്ടപ്പെടുത്തി.' എന്നാണ്.

കേരളത്തില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന സീറ്റുകളിലൊന്നായ കോഴിക്കോട് ഇപ്പോഴും പിടിതന്നിട്ടില്ല, ആര്‍ക്കായിരിക്കും വോട്ടറുമാരുടെ നറുക്ക് എന്ന് കാത്തിരുന്നു കാണാം.


Next Story

Related Stories