Top

രണ്ട് ജാതിത്തൈ ഉള്ളവരും, വീട്ടില്‍ പുല്ലുപോലുമില്ലാത്തവരും; മോദിയുടെ 6000 രൂപ സമ്മാനത്തിന് ക്യൂ നില്‍ക്കുന്ന കേരളത്തിലെ 'കര്‍ഷകര്‍'

രണ്ട് ജാതിത്തൈ ഉള്ളവരും, വീട്ടില്‍ പുല്ലുപോലുമില്ലാത്തവരും; മോദിയുടെ 6000 രൂപ സമ്മാനത്തിന് ക്യൂ നില്‍ക്കുന്ന കേരളത്തിലെ
'ആടിനെ തൂപ്പ് കാട്ടി നടത്തിക്കുക എന്നൊരു നാടന്‍ പ്രയോഗമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ആറായിരം രൂപ കിട്ടും എന്ന് പറഞ്ഞുകൊണ്ട് ക്യൂ നില്‍ക്കുകയാണ് കേരളത്തിലെ ഒട്ടുമുക്കാലും ആളുകള്‍. ആടിന് പ്ലാവില കിട്ടുവോന്ന് കണ്ടറിയണം. ലക്ഷക്കണക്കിന് അപേക്ഷകള്‍ വന്നിട്ടുണ്ട്. പക്ഷെ ഇതില്‍ എത്രണ്ണം വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ പറ്റും എന്ന് ഒരുറപ്പുമില്ല. ഭാഗ്യമുള്ളവര്‍ക്ക് കിട്ടും. അമ്പതിനായിരത്തിനടുത്ത് അപേക്ഷകള്‍ പോലും ഇതേവരെ വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍ പറ്റിയിട്ടില്ല. ഇന്നലെ വൈകിട്ട് വരെ അപ്ലോഡ് ചെയ്തവര്‍ക്ക് ആദ്യഘട്ടത്തില്‍ 2000 രൂപ ഉടനെ കിട്ടും. ബാക്കിയൊക്കെ ഭാഗ്യം പോലിരിക്കും. മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കാം എന്നാണ് ഇപ്പോള്‍ പറയുന്നത്. അവര്‍ക്ക് പിന്നീട് പണം നല്‍കുമെന്നാണ് അറിയിപ്പ്. അതെപ്പോള്‍ എങ്ങനെയാവും എന്ന് അറിയില്ല. ഞങ്ങള്‍ക്കാണ് ഇരിക്കപ്പൊറുതിയില്ലാത്തത്. രാത്രിയില്‍ പോലും വീട്ടില്‍ പോവാന്‍ പറ്റുന്നില്ല.'
കിസാന്‍ സമ്മാന നിധിയ്ക്കായി കാത്ത് നില്‍ക്കുന്നവരുടെ നീണ്ട നിര കണ്ട് തങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥന്‍.

കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നീണ്ട ക്യൂവിലാണ്. നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ കണ്ട നീണ്ട നിരകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ഇത് പലയിടത്തും. വില്ലേജ് ഓഫീസ്, സപ്ലൈ ഓഫീസ്, കൃഷിഭവന്‍ ഈ മൂന്ന് ഓഫീസുകള്‍ക്ക് മുന്നിലും നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ട് ഇന്നേക്ക് അഞ്ച് ദിവസമായി. പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തിക്കും തിരക്കുമാണ്. റേഷന്‍കാര്‍ഡ് ഇതേവരെ ലഭിച്ചിട്ടില്ലാത്തവര്‍ അതിനായി സപ്ലൈ ഓഫീസില്‍ ക്യൂ നില്‍ക്കുന്നു. കരമടക്കാനായി വില്ലേജ് ഓഫീസില്‍ വേറെയൊരു നീണ്ട നിര. കൃഷിഭവനുകളില്‍ ജനങ്ങളുടെ തള്ളിക്കയറ്റം.

ബുധനാഴ്ചയ്ക്കുള്ളില്‍ കിസാന്‍ സമ്മാന നിധി ആനുകൂല്യത്തിനായി അപേക്ഷ സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം ലഭിച്ച നിര്‍ദ്ദേശം. ഞായറാഴ്ച അവധി റദ്ദാക്കി കൃഷിഭവനുകളും വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിച്ചു. എന്നാല്‍ തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ കഴിഞ്ഞ് തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും വന്‍ ജനത്തിരക്കാണ് വില്ലേജ് ഓഫീസിലും കൃഷിഭവന് മുന്നിലുമുണ്ടായത്. ഇന്നും അത് തുടരുകയാണ്. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കാമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച വരെ
pmkissan.nic.in
എന്ന വെബ്‌സൈറ്റില്‍ അപേക്ഷ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമേ പദ്ധതിയുടെ ഉദ്ഘാടന ദിവസം തുക അക്കൗണ്ടില്‍ ലഭിക്കുകയുള്ളൂ. മറ്റുള്ളവര്‍ക്ക് പിന്നീട് തുക വരവുവച്ച് നല്‍കുമെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പതിനേഴ് ലക്ഷത്തിലധികം അപേക്ഷകളാണ് ഇതേവരെ കൃഷിഭവനുകളില്‍ ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ നാല്‍പ്പത്തിഅയ്യായിരത്തിലധികം അപേക്ഷകള്‍ മാത്രമേ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാനായിട്ടുള്ളൂ.

രണ്ട് ജാതിത്തൈ ഉള്ളവരും, 'വീട്ടില്‍ പുല്ലുപോലുമില്ലാത്തവരും'

കൃഷിഭവനുകളിലെ തിരക്കില്‍ ചെന്നപ്പോള്‍ ആദ്യം കണ്ട അപേക്ഷകരോട് വിവരങ്ങള്‍ തിരക്കി. ആശാലത എന്ന സ്ത്രീ ഇന്നലെ അപേക്ഷ നല്‍കാനെത്തി മടങ്ങിയതാണ്. ഇനിയും അപേക്ഷ സ്വീകരിക്കുമെന്നറിഞ്ഞ് രാവിലെ കൃഷിഭവനിലെത്തിയിരിക്കുകയാണ്. ചോദ്യം-എന്ത് അപേക്ഷ നല്‍കാനാണ് എത്തിയത്? ഉത്തരം- 6000 രൂപയ്ക്ക്. കര്‍ഷകര്‍ക്കോ മറ്റോ ആണെന്ന് കേള്‍ക്കുന്നു. ചോ:- കര്‍ഷകയാണോ? ഉ:- ഓ അല്ല, വീട്ടില്‍ രണ്ട് ജാതിത്തൈ ഉണ്ട്, മൂന്ന് തെങ്ങും. അതൊന്നും നോക്കിയിട്ടല്ല. ഇത് എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ? എല്ലാവരും കൊടുക്കുന്നുണ്ട്. അപേക്ഷ കൊടുത്തില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതുകൊണ്ട് ഞാനും കൊടുത്തേക്കാമെന്ന് വച്ചു. വല്ല പ്രശ്‌നോം ആവുവോ?


ഗഫൂര്‍ പറമ്പില്‍ എന്നയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'കൊള്ളാം, വീട്ടില്‍ പുല്ലുപോലും ഇല്ലാത്തവര്‍ വന്ന് അപേക്ഷ വച്ചിട്ടുണ്ട്. പിന്നെന്ത് പറയാനിരിക്കുന്നു. തെങ്ങ് എങ്കിലും ഉള്ള ഞങ്ങളൊക്കെ ഭേദമല്ലേ. എന്തായാലും നമ്മളെ കട്ടുമുടിക്കുവാണ്. അപ്പോ പോരുന്നത് പോരട്ടെ. ആറായിരമെങ്കില്‍ ആറായിരം'രണ്ട് ഹെക്ടറില്‍(അഞ്ച് ഏക്കര്‍) താഴെ കൃഷി ഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് അനൂകൂല്യം നല്‍കുന്നതാണ് പദ്ധതി. അതത് പ്രദേശത്തെ കര്‍ഷകരെ സംബന്ധിച്ച വിവരങ്ങള്‍ കൃഷിഭവനുകളില്‍ ഉണ്ട്. കാര്‍ഷിക പെന്‍ഷന്‍ വാങ്ങുന്നവരുടെ വിവരങ്ങളും സര്‍ക്കാരിന്റെ കൈവശമുണ്ട്. അതുനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനോ അപേക്ഷ സമര്‍പ്പിക്കുന്നതിനോ വേറെ തടസ്സങ്ങള്‍ ഇല്ലാതിരിക്കെ ആ മാര്‍ഗം സ്വീകരിക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം മൂലമാണ്. ചുരുങ്ങിയ കൃഷിഭൂമി എത്ര വേണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നില്ല. അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള ആര്‍ക്കും അപേക്ഷ നല്‍കാമെന്നിരിക്കെ ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. റേഷന്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷ നല്‍കുന്ന സമയം സമര്‍പ്പിക്കണമെങ്കിലും റേഷന്‍കാര്‍ഡില്‍ തൊഴില്‍ കൃഷി എന്ന് രേഖപ്പെടുത്തണം എന്ന് നിര്‍ബന്ധമില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ സ്വന്തമായി ഭൂമിയുള്ള ആര്‍ക്കും കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യത്തിന് അപേക്ഷ നല്‍കാം. ആദ്യ ദിവസങ്ങളില്‍ അപേക്ഷിച്ചവരില്‍ യഥാര്‍ഥ കര്‍ഷകര്‍ എത്ര പേരുണ്ടെന്ന കാര്യത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സംശയം പ്രകടിപ്പിക്കുന്നു. ബാങ്ക് പാസ് ബുക്ക്, 2018-19 വര്‍ഷത്തെ കരമടച്ച രസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി ആര്‍ക്ക് വേണമെങ്കിലും അപേക്ഷ നല്‍കാം. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും പെന്‍ഷന്‍കാരും, അവസാന അസസ്‌മെന്റ് വര്‍ഷം ഇന്‍കംടാക്‌സ് അടച്ചവര്‍, ഭരണഘടനാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോ വിരമിച്ചവരോ ആയവര്‍ക്ക് മാത്രം ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. കര്‍ഷകരാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയെന്നതും ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറ്റുന്നു. മറ്റ് ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ തടസ്സമില്ല.

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ അപേക്ഷ കേരളത്തില്‍ വളരെ വൈകിയാണ് സ്വീകരിച്ച് തുടങ്ങിയത്. ഇതാണ് ഇത്രയധികം തിരക്ക് കൃഷിഭവനുകളിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും ഉണ്ടാവാനുള്ള കാരണമെന്ന മറുപക്ഷവുമുണ്ട്. ഞായറാഴ്ച മുതല്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങിയെങ്കിലും നെറ്റ് വര്‍ക്കിലെ തകരാര്‍ നിമിത്തം പലപ്പോഴും അപ്ലോഡിങ് വേണ്ടരീതിയില്‍ നടന്നില്ല. കിസാന്‍ വികാസ് നിധിയുടെ ദേശീയതല ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്കുള്ള 2000 രൂപ അന്ന് തന്നെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി ബുധയാഴ്ച വരെ ഒരു കൃഷി ഭവനില്‍ നിന്ന്് ഇരുന്നൂറ് അപേക്ഷയെങ്കിലും വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം. പക്ഷെ അപേക്ഷകരുടെ ബാഹുല്യം മൂലം കിട്ടിയ അപേക്ഷകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാനായിട്ടില്ല.

[video width="226" height="400" mp4="https://www.azhimukham.com/wp-content/uploads/2019/02/WhatsApp-Video-2019-02-21-at-1.27.53-PM.mp4"][/video]

Next Story

Related Stories