Top

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം
'ബാധ'യൊഴിപ്പിക്കാന്‍ ആഭിചാരക്രിയ, പരിക്കേറ്റ് ആശുപത്രിയിലായത് പോലീസുകാരന്റെ മകള്‍. ന്യൂമോണിയയ്ക്ക് ചികിത്സ മന്ത്രവാദം; പതിനാറുകാരി മരിച്ചു. പേവിഷബാധയേറ്റ എട്ടുവയസ്സുകാരനെ എത്തിച്ചത് ആശുപത്രിയിലല്ല, മന്ത്രവാദിയുടെ അടുക്കല്‍. ജിന്ന് ചികിത്സയ്ക്കിടെ നിലമ്പൂര്‍ കരുളായിയില്‍ യുവാവ് മരിച്ചു.

ഏകദേശം മൂന്നു മാസക്കാലയളവിനിടെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരേ സ്വഭാവമുള്ള വാര്‍ത്തകളില്‍ ചിലതാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരം വാര്‍ത്തകള്‍ കേരളത്തില്‍ പുതുമയല്ലാതായിക്കൊണ്ടിരിക്കുന്നു. നേരത്തേ ഒറ്റപ്പെട്ടയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്ന മന്ത്രവാദ-വ്യാജചികിത്സാ-ആത്മീയചികിത്സാ കേന്ദ്രങ്ങളെക്കുറിച്ചും വ്യാജസിദ്ധന്മാരെക്കുറിച്ചുമുള്ള പരാതികളുടെയും കുറ്റകൃത്യങ്ങളുടെയും ദൃശ്യത കൂടിവരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എന്തുകൊണ്ട് ഇത്തരം തട്ടിപ്പു കേന്ദ്രങ്ങള്‍ തഴച്ചു വളരുന്നു എന്നുകൂടി ചിന്തിക്കേണ്ടി വന്നിരിക്കുകയാണ്. ആത്മീയ കേന്ദ്രങ്ങളുടെ മറവിലും അല്ലാതെയും സാധാരണക്കാരുടെ ഭയം മുതലെടുത്ത് ചൂഷണം ചെയ്യുന്ന വലിയൊരു കൂട്ടമാളുകള്‍ തന്നെ സംസ്ഥാനത്തങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥ തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന മന്ത്രവാദ-വ്യാജചികിത്സാ വ്യാപാര കേന്ദ്രങ്ങള്‍ 'സാക്ഷര കേരള'ത്തില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നതും അഭിവൃദ്ധിപ്പെടുന്നതും?

നേരത്തേ സൂചിപ്പിച്ച വാര്‍ത്തകളിലെല്ലാം തന്നെ, രോഗബാധിതരായവരാണ് ഇത്തരം കേന്ദ്രങ്ങളിലെത്തിപ്പെടുന്നത്. ശാരീരികമായോ മാനസികമായോ അസ്വസ്ഥതയോ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍, ആശുപത്രികളെയും ഡോക്ടര്‍മാരെയുമാണ് സമീപിക്കേണ്ടതെന്ന സാമാന്യ ബോധ്യത്തെ അട്ടിമറിച്ചാണ് മലയാളി ഇവിടങ്ങളിലെത്തിപ്പെടുന്നത് എന്ന് സാരം. ശരിയായ ചികിത്സാ രീതികള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന പല കേസുകളും ഇത്തരത്തില്‍ വ്യാജന്മാരുടെ കൈയിലകപ്പെട്ട് വഷളായിത്തീരുന്നുണ്ട്. അത്തരത്തില്‍ മരണപ്പെടുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നവരില്‍ ചിലരുടെ കഥ മാത്രം പുറത്തുവരുന്നു എന്നുമാത്രം. ആരോഗ്യരംഗം കാര്യമായ പുരോഗതിയാര്‍ജ്ജിച്ചിട്ടുള്ള കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് ഇത്തരം 'ചികിത്സാ കേന്ദ്രങ്ങള്‍' നിലനില്‍ക്കുന്നതെന്നോര്‍ക്കണം. പലയിടങ്ങളിലും ചരടു കെട്ടുക, പൂജകള്‍ നടത്തി കഷ്ടതകള്‍ ഇല്ലാതാക്കുക എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ പരിപാടികള്‍ നടത്തിപ്പോരുന്ന ആത്മീയ കേന്ദ്രങ്ങള്‍ തന്നെയാണ് സമാന്തര ചികിത്സാ കേന്ദ്രങ്ങളായി മാറുന്നതും. ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണെന്നും, രോഗം മാറിയതായി തങ്ങള്‍ക്ക് അനുഭവമുണ്ടെന്നും ദൃഷ്ടാന്തം പറയുന്നവരും, തങ്ങള്‍ ചൂഷണത്തിന് വിധേയരാവുകയാണെന്ന് തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. "
ഇതില്‍ ഈ പറയുന്നപോലുള്ള അപകടമൊന്നുമില്ല. എന്റെ മോന്‍ രാത്രിയൊക്കെ ഉറക്കത്തില്‍ ഞെട്ടി കരയുമായിരുന്നു. ചരട് ജപിച്ചു കെട്ടിയതോടെ അതു നിന്നു. ഓരോ വിശ്വാസങ്ങളല്ലേ. ചരട് കെട്ടി എന്നതുകൊണ്ട് ദോഷമൊന്നും വരാനുമില്ലല്ലോ",
മലപ്പുറം ജില്ലയിലെ ഒരു 'പ്രശ്‌ന പരിഹാര കേന്ദ്ര'ത്തിലെ സന്ദര്‍ശക പറഞ്ഞതിങ്ങനെ. എന്നാല്‍, ചരടു കെട്ടിയാല്‍ ഉറക്കം കിട്ടുമെന്നും വലംപിരിശംഖ് വീട്ടില്‍ വച്ചാല്‍ ഐശ്വര്യം കുമിഞ്ഞുകൂടുമെന്നുമടക്കമുള്ള 'നിര്‍ദ്ദോഷമായ' വിശ്വാസങ്ങള്‍ തന്നെയാണ് ആളെക്കൊല്ലുന്ന മന്ത്രവാദ വ്യവസായത്തിന്റെ ആണിക്കല്ലായി മാറുന്നതെന്ന വസ്തുത പരിഗണിക്കപ്പെടുന്നില്ലെന്നു മാത്രം.

മലബാറിലെ അറബി മാന്ത്രികവും മതത്തിന്റെ ലേബലുള്ള വ്യാജ ചികിത്സയും

മലപ്പുറം ജില്ലയില്‍ നിന്നു തന്നെ കേട്ട അതിദാരുണമായ ഒരു കഥയായിരുന്നു നിലമ്പൂരിനടുത്ത് കരുളായിയിലുള്ള ഫിറോസിന്റേത്. സമുദായത്തിനകത്തും തന്റെ പരിസരപ്രദേശങ്ങളിലും ആളുകള്‍ പിന്തുടര്‍ന്നു പോരുന്ന അന്ധവിശ്വാസങ്ങളും 'ശൈത്താന്‍ ബാധ' എന്ന മിത്തും തെറ്റാണെന്ന് ബോധ്യപ്പെടുത്താനും എതിര്‍ക്കാനും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്ന ഫിറോസിന്റെ മരണം ഇതേ 'ശൈത്താന്‍ ചികിത്സ'യെത്തുടര്‍ന്നായിരുന്നു. ലിവര്‍ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫിറോസിനെ ചികിത്സ നിഷേധിച്ച് മഞ്ചേരിയിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ പൂട്ടിയിട്ടത് ഇരുപത്തിയാറു ദിവസത്തോളമാണ്. ശൈത്താന്‍ ചികിത്സയില്‍ വിശ്വസിച്ചിരുന്ന ബന്ധുക്കള്‍ തന്നെയാണ് ഫിറോസിനെ ഈ കേന്ദ്രത്തിലെത്തിക്കുന്നത്. ഫിറോസിന് കരള്‍ രോഗമല്ല, മറിച്ച് ശൈത്താന്‍ ബാധിച്ചതാണെന്നും, ചരണിയിലുള്ള തങ്ങന്മാര്‍ക്ക് രോഗം പ്രാര്‍ത്ഥിച്ചു ഭേദമാക്കാനാകുമെന്നുമായിരുന്നു ബന്ധുക്കളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നത്. വലിയ തുകകളും ഇവരില്‍ നിന്നും സംഘം കൈപ്പറ്റിയതായാണ് ആരോപണം. തേനില്‍ മഞ്ഞള്‍ കലര്‍ത്തിയത് മാത്രം കൊടുത്തുള്ള 'ചികിത്സ'യും, തന്റെ വയറിനകത്ത് ഗണപതിയാണെന്ന വിചിത്ര വാദവും, 'അനിസ്ലാമികമായ' മരുന്നുകള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശവുമെല്ലാമായതോടെ പല തവണ ഫിറോസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ സുഹൃത്തുക്കള്‍ കണ്ടെത്തി രക്ഷപ്പെടുത്തുമ്പോള്‍, ഇരുപത്തിയാറു ദിവസം ചികിത്സ നിഷേധിക്കപ്പെട്ട് അവശനിലയിലായിരുന്നു ഫിറോസ്. അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താവുന്ന ജീവനായിരുന്നു ഫിറോസിന്റേത്. തനിക്ക് സംഭവിച്ചതെന്തെന്ന് ഫിറോസ് സ്വന്തം ശബ്ദത്തില്‍ വിശദീകരിക്കുന്ന ഓഡിയോയിലൂടെയാണ് പുറം ലോകം ഈ സംഭവമറിഞ്ഞത്.

ഫിറോസിന്റെ ജീവനെടുത്ത ആത്മീയ ചികിത്സാ സംഘത്തിന് മഞ്ചേരിയില്‍ മാത്രം മൂന്നു കേന്ദ്രങ്ങളാണുള്ളത്. ഈ മൂന്നിടങ്ങളിലും പല മതവിശ്വാസങ്ങളില്‍പ്പെട്ടവരുടെ വലിയ തിരക്കായിരുന്നു ഉണ്ടായിരുന്നത്. ഫിറോസിന്റെ മരണം ചര്‍ച്ചയായതോടെ, ഫിറോസ് പ്രവര്‍ത്തിച്ചിരുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്റെ യുവസംഘമായ ഐ.എസ്.എം അടക്കമുള്ളവര്‍ ഇടപെട്ട് ഈ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തുകയും പ്രവര്‍ത്തനം നിര്‍ത്തിക്കുകയും ചെയ്തിരുന്നു. രഹസ്യമായി സഹായമാവശ്യപ്പെട്ട് സമീപിക്കാന്‍ ആവശ്യക്കാരുള്ളപ്പോള്‍, ചികിത്സാ കേന്ദ്രം പൂട്ടിച്ചാലും സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിക്കാന്‍ സാധിക്കണമെന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്. മഞ്ചേരിയില്‍ ഈ വ്യാജ ചികിത്സാ കേന്ദ്രത്തിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ഭാഗികമായെങ്കിലും ഫലം കണ്ടിട്ടുണ്ടെങ്കില്‍, പ്രാദേശികമായി നടത്തുന്ന പ്രതിരോധങ്ങള്‍ കൊണ്ട് ഇത്തരം ശൃംഖലകള്‍ വ്യാപിക്കാതെ നോക്കാനും സാധിക്കാവുന്നതേയുള്ളൂ. ഫിറോസിന്റെ കഥയിലെ ഏറ്റവും ദുഃഖകരമായ ഭാഗം പക്ഷേ, ഇതല്ല എന്നതാണ് വാസ്തവം. രോഗബാധിതനായ ഫിറോസിനെ ചരണിയിലെ പ്രാര്‍ത്ഥനാ കേന്ദ്രത്തിലെത്തിച്ചതും, നടത്തിപ്പുകാര്‍ക്ക് പ്രതിദിനം പതിനായിരം രൂപ വച്ച് നല്‍കിയതും സ്വന്തം സഹോദരന്‍ തന്നെയാണ്.
"ഫിറോസിനെ രക്ഷപ്പെടുത്താം എന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്താണ് സഹോദരനും ബന്ധുക്കളും ഇതു ചെയ്തത്. അവരെല്ലാം ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നത് ഫിറോസിന്റെ മരണം ശൈത്താന്‍ ബാധിച്ചാണെന്നാണ്. അവരുടെ നോട്ടത്തില്‍ അവര്‍ ഫിറോസിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഈ സഹോദരന്‍ നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയുമുള്ളയാളാണെന്നതാണ് സങ്കടം. എത്ര പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല",
ഫിറോസിന്റെ സുഹൃത്തുക്കളാണ് പറയുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരടക്കമുള്ളവര്‍ പരിപൂര്‍ണ വിശ്വാസത്തോടെയാണ് ഇത്തരം സംഘങ്ങളെ സമീപിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മലപ്പുറത്തു നിന്നും കേള്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഫിറോസിന്റേത്. നിലമ്പൂരിനടുത്തു നിന്നുതന്നെയാണ് മാസങ്ങള്‍ക്കു മുന്‍പ് മറ്റൊരു തട്ടിപ്പു കഥയും പുറത്തുവന്നത്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ യുവതിയെ മന്ത്രവാദത്തിന്റെ പേരില്‍ കബളിപ്പിച്ച് പീഢിപ്പിച്ചത് മദ്രസാധ്യാപകന്‍ കൂടിയായിരുന്ന സുനീര്‍ എന്നയാളാണ്. രണ്ടു വര്‍ഷക്കാലം മുന്‍പ് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് യുവതി സുനീറിനടുത്തെത്തുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ പ്രാര്‍ത്ഥനയിലൂടെയും ചികിത്സയിലൂടെയും പരിഹരിച്ചുകൊടുക്കുമെന്നായിരുന്നു സുനീറിന്റെ അവകാശവാദം. തമിഴ്‌നാട്ടിലെ ഏര്‍വാടിയിലുള്ള തന്റെ ചികിത്സാ കേന്ദ്രത്തില്‍ വച്ചു നടത്തുന്ന പ്രാര്‍ത്ഥനയിലൂടെ യുവതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നു പറഞ്ഞുവിശ്വസിപ്പിച്ച ശേഷം ഇരുവരും യാത്ര തിരിക്കുകയായിരുന്നു. യാത്രക്കിടെയാണ് യുവതിയെ വ്യാജസിദ്ധന്‍ ലൈംഗികമായി ഉപദ്രവിച്ചത്. തിരികെയെത്തിയ ശേഷം ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വീണ്ടും പീഡിപ്പിച്ചതായും യുവതി പറയുന്നു. സഹിക്കവയ്യാതെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞ ശേഷമാണ് യുവതി പോലീസില്‍ പരാതിപ്പെടുന്നതും സുനീര്‍ അറസ്റ്റിലാകുന്നതും. ചികിത്സാ ചെലവിലേക്ക് എന്ന വ്യാജേന ആഭരണങ്ങളും പണവും യുവതിയില്‍ നിന്നും ഇയാള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. പോത്തുകല്ല്, കോടാലിപ്പൊയില്‍, ആനപ്പാറ എന്നിങ്ങനെ വിവിധയിടങ്ങളില്‍ മദ്രസ അധ്യാപകനായി ജോലി നോക്കിയിട്ടുള്ള സുനീര്‍ എന്ന കറാമത്ത് ഉസ്താദ്, പല തവണയായി പലരേയും ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരടക്കം സുനീറിന്റെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നും, അപമാനഭീതി കാരണം പുറത്തുപറയാത്തതാണെന്നുമാണ് പോലീസിന്റെ ഭാഷ്യം. ജില്ലകള്‍ക്കപ്പുറത്തു നിന്നു പോലും ആളുകള്‍ തേടിയെത്തുന്ന ഇത്തരം അസംഖ്യം വ്യാജ ചികിത്സാ-പ്രാര്‍ത്ഥനാ കേന്ദ്രങ്ങളാണ് മലപ്പുറം ജില്ലയിലും പരിസര പ്രദേശങ്ങളിലുമുള്ളത്. പലതും ചെറുകിട തട്ടിപ്പു കേന്ദ്രങ്ങളാണെങ്കില്‍, ചരണിയിലെപ്പോലെ സമുദായസംഘടനകളുടെ പിന്‍ബലമുള്ള വന്‍ ശൃംഖലകളും ഇവിടങ്ങളിലുണ്ട്. എന്തെങ്കിലും തരത്തിലുള്ള അത്യാഹിതം സംഭവിക്കാതെ ഇത്തരം വ്യാജന്മാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാനും സാധിക്കാത്ത അവസ്ഥയാണ്. പലരും മതപരമായ വിശ്വാസത്തിന്റെ പേരിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, പുറത്ത് ഇവ ആത്മീയ കേന്ദ്രങ്ങളും പ്രാര്‍ത്ഥനാ സംഘങ്ങളുമാണ്. എന്നാല്‍ അകത്തു നടക്കുന്നത് ജിന്ന് ചികിത്സയും തട്ടിപ്പും.

അറബി മാന്ത്രിക ചികിത്സയുടെ തട്ടിപ്പുകഥകള്‍ മലപ്പുറത്തും പരിസരപ്രദേശങ്ങളിലുമായി ഒതുങ്ങിനില്‍ക്കുന്നതല്ല. മലബാറിലെ ഒട്ടുമിക്കയിടങ്ങളിലും ഇത്തരത്തില്‍ ഒരു ചെറുകിട സംഘമെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയാണ് ആത്മീയ വ്യാപാരത്തിന് വലിയ മാര്‍ക്കറ്റുള്ള മറ്റൊരിടം. കാസര്‍കോട് ബദിയടുക്കയ്ക്കടുത്ത് മുണ്ട്യത്തടുക്കയില്‍ ചികിത്സാ കേന്ദ്രം നടത്തിയിടുന്ന കോട്ട ഉസ്താദ് എന്ന കോട്ട അബ്ദുറഹ്മാനെക്കുറിച്ചുള്ള വാര്‍ത്തകളും ഈയിടയ്ക്കാണ് പുറത്തുവന്നത്. നാലായിരം പേരുടെ ക്യാന്‍സര്‍ സൗജന്യമായി ഭേദമാക്കിക്കൊടുത്തുവെന്ന അവകാശവാദത്തോടെ രംഗത്തുവന്ന കോട്ട ഉസ്താദിന്റെ കേന്ദ്രത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു പോലും രോഗികളുടെ ഒഴുക്കായിരുന്നു. ആംബുലന്‍സിലും മറ്റും അവശരായ രോഗികളുമായി എത്തിയവരെക്കൊണ്ട് പ്രദേശമാകെ ഇടക്കാലത്ത് തിരക്കിലായിരുന്നു. നിശ്ചിതമായ ഫീസ് ആവശ്യപ്പെടാതെ കാണിക്കവഞ്ചിയില്‍ സംഭാവനയിട്ടോളാന്‍ ആവശ്യപ്പെടുന്ന ഒരു പുതിയ തരം മാര്‍ക്കറ്റിംഗ് രീതിയായിരുന്നു കോട്ട ഉസ്താദ് പരീക്ഷിച്ചു വിജയിച്ചത്. സമാന്തരമായി മരുന്നു കച്ചവടവും മന്ത്രിച്ച തേന്‍ വില്‍പ്പനയും നടത്തിയിരുന്നു. മരുന്നായി കൊടുക്കുന്നതാകട്ടെ, അത്തിയുടെ തൊലിയും വേരും പൊടിച്ചുണ്ടാക്കുന്ന മിശ്രിതവും. ഉസ്താദിന്റെ ചികിത്സ തേടിയെത്തിയവരില്‍ ചിലര്‍ക്ക് രോഗം മൂര്‍ച്ഛിക്കുക കൂടി ചെയ്തതോടെ, പ്രദേശത്തെ ചെറുപ്പക്കാരില്‍ ചിലര്‍ കള്ളി വെളിച്ചത്താക്കാന്‍ പ്രയത്‌നിക്കുകയായിരുന്നു. ഒടുവില്‍ സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചര്‍ച്ചയാകുകയും, കോട്ട ഉസ്താദിന് സ്ഥലം വിടേണ്ടി വരികയും ചെയ്തു. കോട്ടയിലെ ആത്മീയ വ്യാപാരവും അജ്മീര്‍ ദര്‍ഗയുടെ പേരിലുള്ള തട്ടിപ്പും പുറത്തുവന്നു കഴിഞ്ഞെങ്കിലും, ഉസ്താദ് വീണ്ടും ചികിത്സയാരംഭിച്ചതായും അഭ്യൂഹങ്ങളുണ്ട്. തന്റെ ചികിത്സാത്തട്ടിപ്പിനെക്കുറിച്ചുള്ള വസ്തുത ഉസ്താദ് തന്നെ തുറന്നു പറഞ്ഞെങ്കിലും, വിശ്വാസികള്‍ക്കും ആവശ്യക്കാര്‍ക്കും മാത്രം മാറ്റമില്ലെന്ന് സാരം.

ക്യാന്‍സര്‍ മുതല്‍ കാഴ്ചക്കുറവു വരെ നൂറിലധികം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയെന്ന പേരില്‍ ഹോട്ടലുകളില്‍ ക്യാമ്പ് ചെയ്ത് 'മിറാക്കിള്‍ ഡ്രിങ്ക്' വില്‍പ്പന നടത്തിയിരുന്ന സംഘത്തെ കാഞ്ഞങ്ങാടു നിന്നും ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് പിടികൂടിയത് ദിവസങ്ങള്‍ക്കു മുന്‍പാണ്. കര്‍ണാടകയില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയായിരുന്നു വ്യാജമരുന്നുകള്‍ വിറ്റിരുന്നത്. വ്യക്തമായ സൂചനകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇനിയും ഇത്തരം നടപടികള്‍ ഉണ്ടാകുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസും അറിയിക്കുന്നുണ്ട്. മലബാറിലെ ജില്ലകളില്‍ നിന്നും അറബി മാന്ത്രിക ചികിത്സയുടെ പേരില്‍ പത്തൊന്‍പതു വര്‍ഷമായി വന്‍തുകകള്‍ തട്ടിച്ചിട്ടുള്ള വയനാട് സ്വദേശി ഹാജി മുസല്യാര്‍ പിടിയിലായതും ഈയിടെയാണ്. ചികിത്സാത്തട്ടിപ്പുകളിലൂടെ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടിന്റെ ഞെട്ടിക്കുന്ന കഥകളാണ് ഇയാളുടെ അറസ്റ്റിനു ശേഷം പുറത്തുവന്നത്. മന്ത്രവാദത്തില്‍ നിന്നും എളുപ്പത്തില്‍ സമ്പാദിക്കുന്ന തുകകള്‍ മറ്റു ബിസിനസ്സുകളില്‍ മുടക്കിയിരുന്ന ഇയാള്‍ക്ക് കോടികളുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. റിസോര്‍ട്ട് അടക്കമുള്ള ബിസിനസ്സുകള്‍ ഹാജി മുസല്യാര്‍ നടത്തിപ്പോന്നിരുന്നു. ആത്മീയ വ്യാപാരവും വ്യാജ ചികിത്സയും ഉപയോഗിച്ച് പൊതുജനങ്ങളില്‍ നിന്നും സമ്പാദിക്കുന്ന വന്‍ തുകകളുപയോഗിച്ച് ബിസിനസ് സാമ്രാജ്യങ്ങള്‍ തന്നെ കെട്ടിപ്പടുക്കുന്നവരുടെ പ്രതിനിധിയാണ് ഇയാള്‍ എന്നുപറഞ്ഞാലും അതിശയോക്തിയില്ല. അത്രയ്ക്ക് സങ്കീര്‍ണമാണ് മന്ത്രവാദ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ പടര്‍ന്നുപൊങ്ങുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥ.

അറബി മാന്ത്രികവും ഖുര്‍ആന്‍ മുന്‍നിര്‍ത്തിയുള്ള വ്യാജചികിത്സയും വിശ്വാസ ചൂഷണവുമെല്ലാം തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിവിധ മുസ്ലീം സംഘടനകള്‍ തന്നെ ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രവാദവും വ്യാജ ചികിത്സാ രീതികളും ഇസ്ലാമിനെതിരാണെന്നും, ഇസ്ലാം മതം ഇവയെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രഖ്യാപിത നിലപാട് എടുത്തിരിക്കുന്നത് കേരള നദ്വത്തുല്‍ മുജാഹിദീന്‍ അടക്കമുള്ളവരാണ്. മഞ്ചേരിയില്‍ മന്ത്രവാദത്തിനിരയായി മരിച്ച ഫിറോസിന്റെ വിഷയത്തില്‍ ശക്തമായി ഇടപെട്ടിരുന്ന കെ.എന്‍.എം, യുവജനസംഘടന വഴി ഇത്തരം തെറ്റായ പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കാനുള്ള സംസ്ഥാനതല ക്യാംപയിനുകളും നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് ഇത്തരം ചികിത്സകളുമായി ഇറങ്ങുന്നതെന്നും, അടിസ്ഥാനപരമായി വിശ്വാസത്തെ ചൂഷണം ചെയ്യാനും ഇസ്ലാം മതത്തെ തെറ്റിദ്ധരിപ്പിക്കാനുമാണ് സഹായിക്കുക എന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്. കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഘങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കാന്‍ കോപ്പുകൂട്ടുകയാണ് കെ.എന്‍.എം അടക്കമുള്ള മുസ്ലിം മതസംഘടനകളില്‍ ചിലര്‍.

തെക്കന്‍ കേരളത്തിലെ മന്ത്രവാദം എടുക്കുന്ന ജീവനുകള്‍

മലബാര്‍ മേഖലയില്‍ കൂടുതല്‍ വിറ്റു പോകുന്നത് അറബി മാന്ത്രികമാണെങ്കില്‍, തെക്കന്‍ കേരളത്തില്‍ അത് ആഭിചാരക്രിയകളും പൂജകളുമൊക്കെയാണ്. തട്ടിപ്പിന്റെ രീതിയും ശൈലികളും മാറുന്നുണ്ടെങ്കിലും, ചൂഷണത്തിന്റെ വ്യാപ്തിയിലോ പരിണിത ഫലങ്ങളുടെ കാഠിന്യത്തിലോ വ്യത്യാസം ചൂണ്ടിക്കാണിക്കാനാകാത്തതാണ് തെക്കന്‍ കേരളത്തിലെ മന്ത്രവാദ തട്ടിപ്പുകളും. ജലദോഷപ്പനിക്ക് മുതല്‍ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കു വരെ ഇത്തരക്കാരുടെ പക്കല്‍ മരുന്നുണ്ട്. ചുരുക്കം ചിലരെങ്കിലും മന്ത്രവാദികളെ സമീപിക്കുന്നത് കൂടുതല്‍ സമ്പല്‍സമൃദ്ധിയ്ക്കു വേണ്ടിയും എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴികള്‍ തേടിയുമാണ്. പൂജാവിധികളും മന്ത്രവാദവും വഴി വരുമാനം കൂട്ടാനാകുമെന്നും പണം ആവശ്യത്തില്‍ക്കൂടുതല്‍ വന്നു ചേരുമെന്നുമുള്ള അവകാശവാദങ്ങള്‍ തട്ടിപ്പുസംഘങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുമുണ്ട്. മന്ത്രവാദക്രിയകള്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യം തീര്‍ക്കാനായി ശിഷ്യന്‍ മന്ത്രവാദിയടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ തൊടുപുഴയിലെ കമ്പകക്കാനം കൂട്ടക്കൊലയും എളുപ്പത്തില്‍ ആരും മറന്നുപോകാനിടയില്ല. എല്ലാ പരിധികള്‍ക്കുമപ്പുറം ജീവനും സ്വത്തിനും വരെ ഭീഷണിയുയര്‍ത്തുന്ന തലത്തിലേക്ക് അന്ധവിശ്വാസങ്ങളും മന്ത്രവാദക്കളങ്ങളും മാറുകയാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായിരുന്നു കമ്പകക്കാനത്ത് കണ്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവരുന്ന തട്ടിപ്പു കഥകളില്‍ ഇരകളായി മാറിയതില്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള, സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ജോലികളിലിരിക്കുന്നവരാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. കോട്ടയത്ത് മന്ത്രവാദി ഏല്‍പ്പിച്ച മുറിവുകളുമായി ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ കഥ ഇത്തരത്തിലൊന്നാണ്. പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചതാകട്ടെ, അടുത്ത ബന്ധുവായ പോലീസുദ്യോഗസ്ഥനും.

ശരീരമാസകലം പരിക്കുകളുമായി ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് വിവരങ്ങള്‍ ഭാഗികമായെങ്കിലും പുറത്തെത്തിച്ചത്. മുറിവുകള്‍ കൊടിയ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായതാണെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നുകയും, പോലീസ് ഇടപെട്ടു കേസെടുത്താല്‍ മാത്രമേ ചികിത്സ തുടരാനാകൂ എന്ന തീരുമാനമെടുക്കുകയും ചെയ്തതോടെ, ഒപ്പമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ അടക്കമുള്ള ബന്ധുക്കള്‍ പെണ്‍കുട്ടിയുമായി തിരികെപ്പോകുകയും ചെയ്തിരുന്നു. നേരത്തേ, പെണ്‍കുട്ടിയുടെ ദേഹത്ത് 'ബാധ'യുണ്ടെന്ന കാരണം പറഞ്ഞ് മന്ത്രവാദിയുടെ അടുക്കല്‍ എത്തിച്ചിരുന്നു എന്നാണ് വിവരം. പൂജയ്ക്കും മറ്റുമൊപ്പം ചൂരല്‍ കൊണ്ടുള്ള മര്‍ദ്ദനം കൂടിയടങ്ങുന്നതായിരുന്നു മന്ത്രവാദി വിധിച്ച 'ചികിത്സ'. മര്‍ദ്ദനമേറ്റുണ്ടായ മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതോടെയാണ് ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കാര്യം തിരിച്ചറിഞ്ഞ് കടുത്ത നിലപാടെടുത്തതോടെ, ഇവരെ എറണാകുളത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഈ വിഷയത്തില്‍ നടപടികളൊന്നും സ്വീകരിക്കപ്പെട്ടിട്ടില്ല. പരിക്കുകള്‍ സാരമായപ്പോഴെങ്കിലും വൈദ്യസഹായം എത്തിക്കാനുള്ള മനസ്സ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുണ്ടായി എന്നത്, മറ്റു ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും ആശ്വാസകരമായ കാര്യമാണ്. മിക്കയിടത്തും മന്ത്രവാദവും ആത്മീയചികിത്സയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഇത്രയെളുപ്പം പരിഹരിക്കാനാവാറില്ല.

വ്യാജ ചികിത്സകന്മാരും ആത്മീയ മുതലെടുപ്പുകാരും ചേര്‍ന്നെടുത്ത ഒരു ജീവനാണ് തിരുവന്തപുരം വെമ്പായം സ്വദേശിയായ അഭിഷേക് എന്ന എട്ടുവയസ്സുകാരന്റേത്. പേവിഷ ബാധയേറ്റായിരുന്നു അഭിഷേകിന്റെ മരണം. മരിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പേ അഭിഷേകിന് പേവിഷബാധയേറ്റിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍. വിഷബാധ മൂര്‍ധന്യാവസ്ഥയിലെത്തിയപ്പോള്‍, ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ട് അഭിഷേക് വെള്ളം കുടിക്കാന്‍ വിസമ്മതിക്കുകയും ഒപ്പം വെളിച്ചം കാണുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കാനുമാരംഭിച്ചിരുന്നു. കുഞ്ഞിന്റെ അസ്വാഭാവികമായ പെരുമാറ്റം കണ്ട മാതാപിതാക്കള്‍ ഉടനടി ആശുപത്രിയിലെത്തിക്കുന്നതിനു പകരം വീടിനടുത്തുള്ള മന്ത്രവാദിയെ സമീപിക്കുകയാണ് ചെയ്തത്. കൃത്യസമയത്ത് മന്ത്രവാദിയെ കാണുന്നതിനു പകരം ഏതെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ അഭിഷേകിന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് വെമ്പായം തലേക്കുന്നിലെ പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രവാദിയുടെ ചികിത്സാരീതി വളരെ ലളിതമായിരുന്നു. കുട്ടിയുടെ ദേഹത്ത് കയറിയിരിക്കുന്ന 'ബാധ' മാറാനായി ഒരു നൂല്‍ ജപിച്ചു കെട്ടിയാണ് വീട്ടുകാരെ അയാള്‍ തിരികെ പറഞ്ഞയച്ചത്. എന്നിട്ടും അസ്വസ്ഥത മാറാതിരുന്നപ്പോള്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും, അഭിഷേകിന്റെ അടുത്ത ബന്ധുക്കള്‍ക്ക് വൈദ്യശാസ്ത്രത്തേക്കാള്‍ വിശ്വാസം മന്ത്രവാദിയിലായിരുന്നു. നാക്കു പുറത്തിട്ട് മരണവെപ്രാളം കാണിക്കുകയും വായില്‍ നിന്നും നുരയും പതയും പുറത്തു വരികയും ചെയ്യുന്ന അവസ്ഥയിലായിരുന്ന അഭിഷേകിനെ എത്രയും പെട്ടന്ന് മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുപോലും കൈയില്‍ മന്ത്രിച്ചു കെട്ടിയ നൂലിനെ വിശ്വസിച്ച ബന്ധുക്കളുടെ നീക്കം അവന്റെ ജീവനെടുത്തു. നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഇത്തരത്തില്‍ രോഗശാന്തി വരുത്തുമെന്ന് അവകാശവാദം മുഴക്കുന്ന കുറേയേറെപ്പേരുണ്ടെന്നും, അവരില്‍ വിശ്വസിക്കുന്ന ധാരാളം സാധാരണക്കാരുമുണ്ടെന്നും പ്രദേശവാസികളില്‍ ചിലര്‍ വിശദീകരിക്കുന്നുണ്ട്. അഭിഷേകിന്റെ മരണം വലിയ ഞെട്ടലാണ് പരിസരവാസികളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അഭിഷേകിന്റേതു മാത്രമല്ല, സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത മറ്റു പല മരണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ആത്മീയചൂഷകരും ചികിത്സാത്തട്ടിപ്പുകാരുമുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതും, നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കത്തെഴുതിവച്ച് അമ്മയും മകളും ആത്മഹത്യ ചെയ്തതും കേരളം ചര്‍ച്ച ചെയ്തത് മറ്റു കാരണങ്ങള്‍കൊണ്ടാണെങ്കിലും, രണ്ടു സംഭവങ്ങള്‍ക്കു പിന്നിലും മന്ത്രവാദത്തട്ടിപ്പിന്റെ പൊതുവായ സാന്നിധ്യമുണ്ട്. പട്ടിണി കിടന്ന്, ന്യൂമോണിയ ബാധിച്ച് കൊല്ലം കരുനാഗപ്പള്ളിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് തുഷാര മരിച്ചപ്പോള്‍, സ്ത്രീധനപീഢനത്തെത്തുടര്‍ന്നുള്ള കൊലപാതകമായാണ് വിലയിരുത്തപ്പെട്ടത്. അതു ശരിയാണെങ്കില്‍പ്പോലും, കുതിര്‍ത്ത അരിയും പഞ്ചസാരവെള്ളവും മാത്രം നല്‍കി തുഷാരയെ പട്ടിണിക്കിടാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് മന്ത്രവാദിയാണെന്ന് പ്രദേശത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അയല്‍ക്കാരോട് പോലും അടുപ്പം സൂക്ഷിക്കാതെ, ഓരോ നീക്കവും മന്ത്രവാദിയുടെ നിര്‍ദ്ദേശങ്ങളുനസരിച്ച് മാത്രം നടത്തിപ്പോന്നിരുന്ന തുഷാരയുടെ ഭര്‍ത്താവ് ചന്തുലാലിന്റെ കുടുംബം, തുഷാരയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനു പിന്നിലും ഇത്തരം കാരണങ്ങളുണ്ടായിരിക്കാമെന്ന് അയല്‍ക്കാര്‍ പറഞ്ഞിരുന്നു. ഇവര്‍ വീട്ടില്‍ സ്വയം ആഭിചാരക്രിയകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. ആറു വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ വെറും ഇരുപത്തിയേഴു വയസ്സില്‍ മരണപ്പെടുമ്പോള്‍ തുഷാരയ്ക്ക് ഇരുപതു കിലോ മാത്രമായിരുന്നു ഭാരം. ഇത്രയേറെ ക്രൂരത ഈ പെണ്‍കുട്ടിയോടു കാണിക്കാന്‍ ഈ കുടുംബത്തെ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം ഇത്തരം മന്ത്രവാദക്രിയകളിലുള്ള അന്ധമായ വിശ്വാസം തന്നെയാണ്.

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്കു പിന്നിലും സമാനമായ വിശ്വാസങ്ങളുടെ സാന്നിധ്യമുണ്ട്. വീടു ജപ്തി ചെയ്യപ്പെടും എന്ന ഘട്ടത്തില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും മകളുടേയും മരണവിവരം ആദ്യം പുറത്തുവന്നപ്പോള്‍ പ്രതിക്കൂട്ടിലായത് വായ്പ നല്‍കിയ ബാങ്കാണെങ്കിലും, ലേഖയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ മരണത്തിനു പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂരതകളാണെന്ന് വ്യക്തമായിരുന്നു. വീടിനടുത്തായി കെട്ടിയുയര്‍ത്തിയിട്ടുള്ള തറയില്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ പൂജകളും ക്രിയകളും ചെയ്യാറുണ്ടെന്നും, കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം താനാണെന്ന് ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആകെയുണ്ടായിരുന്ന വീടും ജപ്തി ചെയ്യപ്പെടും എന്ന ഘട്ടത്തിലെത്തിയപ്പോഴും, പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ ജപ്തി നോട്ടീസ് പൂജയ്ക്കു വച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇത്തരം കെണികളില്‍ അകപ്പെടുകയും അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന ശരാശരി മലയാളിയുടെ പ്രതിനിധി തന്നെയാണ്. സ്ത്രീധന പീഢനവും ഗാര്‍ഹിക പീഢനവും തന്നെയാണ് തുഷാരയുടെയും ലേഖയുടെയും മകളുടെയും മരണത്തില്‍ കലാശിച്ചത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഈ മൂന്നു മരണങ്ങളിലേക്കും നയിച്ച ക്രൂര പീഢനങ്ങളുടെ പിറകിലുള്ള മന്ത്രവാദം എന്ന ഘടകത്തെ തള്ളിക്കളയാനാകില്ല താനും. പലപ്പോഴും മതവിശ്വാസത്തിന്റെ പിന്താങ്ങുള്ളതും നിസ്സാരമെന്നു തോന്നാവുന്നതുമായ ആചാരങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ ദൃഷ്ടാന്തങ്ങളായിത്തന്നെ ഇവയെ വിലയിരുത്തേണ്ടതുണ്ട്.

ആത്മീയ ചികിത്സാ വ്യാപാരം അഥവാ സമാന്തര ബിസിനസ്സ് ശൃംഖലകള്‍

എന്തുകൊണ്ടാണ് കേരളത്തില്‍ ഒന്നുവിടാതെ എല്ലായിടത്തും ഇത്തരത്തില്‍ ആത്മീയ തട്ടിപ്പും ചികിത്സാത്തട്ടിപ്പും അരങ്ങേറുന്നത് എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. പൊതുജനത്തിന്റെ അടിയുറച്ച വിശ്വാസം തുടങ്ങി ആധുനിക ശാസ്ത്രത്തില്‍ അവബോധമില്ലായ്മ വരെ ഇത്തരത്തില്‍ കാരണങ്ങളായി പട്ടികപ്പെടുത്താമെങ്കിലും, സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് അടിസ്ഥാനപരമായി ഇത്തരം കേന്ദ്രങ്ങള്‍ക്കും വ്യക്തികള്‍ക്കും പിന്നില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് എന്നതാണ് വാസ്തവം. കാസര്‍കോട്ട് ആത്മീയ ചികിത്സാത്തട്ടിപ്പ് നടത്തിയിരുന്ന കോട്ട ഉസ്താദിന്റെ പ്രതിദിനമുള്ള വരുമാനം അഞ്ചോ ആറോ ലക്ഷം രൂപയായിരുന്നു എന്നു പറയുമ്പോള്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണ ലഭിക്കും. ഈ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഉസ്താദിന് ആകെ ചെലവായിരുന്നത് കുറച്ച് മരത്തോലിന്റെ പൊടി, അവ ചെറു പായ്ക്കുകളിലാക്കാനുള്ള അധ്വാനം, വരുന്നവരെയെല്ലാം നേരില്‍ കണ്ട് പൊടി കൈമാറാനെടുക്കുന്ന സമയം എന്നിവ മാത്രമാണ്. സന്ദര്‍ശകരായെത്തുന്നവരോട് രോഗവിവരം പോലും അന്വേഷിക്കാതെ ചികിത്സിക്കാന്‍ മുതിരുന്ന കോട്ട ഉസ്താദിന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തേയും ധനസമ്പാദന രീതിയേയും കുറിച്ച് കാസര്‍കോട്ട് സാമൂഹിക പ്രവര്‍ത്തകരായ യൂസുഫും കെ.പി.എസ് വിദ്യാനഗറും പറയുന്നുണ്ട്. ആരോടും ചില്ലിക്കാശു പോലും ആവശ്യപ്പെടാതെ, സൗജന്യമായി രോഗിയെ ചികിത്സിക്കുന്നു എന്നതാണ് ഉസ്താദിന് പുറത്തുള്ള ലേബല്‍. എന്നാല്‍ ഇവിടെയെത്തുന്നവരിലാരും കാണിക്കവഞ്ചിയില്‍ ചെറിയ തുകയെങ്കിലും നിക്ഷേപിക്കാതെ മടങ്ങാറുമില്ല. പതിനായിരക്കണക്കിന് രൂപ ആംബുലന്‍സിനും മറ്റും ചെലവഴിച്ച് ഇവിടെയെത്തുന്നവര്‍ തക്കതായ തുകകള്‍ തന്നെ നിക്ഷേപിക്കാറുണ്ടെന്ന് ഇവര്‍ വിശദീകരിക്കുന്നു. മരുന്ന് എന്ന പേരില്‍ വില്‍ക്കുന്ന പൊടിക്കും മന്ത്രിച്ച് തേനിനും ഈടാക്കുന്ന തുക വേറെ. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ, കോട്ട ഉസ്താദിന്റെ പിറകില്‍ ശക്തരായ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ഉസ്താദിനെ മുന്നില്‍ നിര്‍ത്തി എളുപ്പത്തില്‍ പണം സമ്പാദിക്കുന്ന ഈ സംഘം ഒരു ഗുണ്ടാസംഘത്തിന്റെ എല്ലാ പ്രത്യേകതകളുമുള്ളവരായിരുന്നു, കോട്ടയില്‍ നടന്നിരുന്നത് ഇവര്‍ക്കെല്ലാം പങ്കുള്ള ഒരു വലിയ ബിസിനസ്സും.

വയനാട്ടിലെ ഹാജി മുസല്യാരുടെ കഥയും ഏതാണ്ട് സമാനമാണ്. ടെലിവിഷന്‍ ചാനലില്‍ സ്‌പോണ്‍സേഡ് പ്രോഗ്രാം ചെയ്ത് മാര്‍ക്കറ്റിംഗ് നടത്താന്‍ പോന്നത്ര സാമ്പത്തിക ലാഭം ഉസ്മാന്‍ ഹാജി എന്ന ഹാജി മുസല്യാര്‍ തട്ടിപ്പു ചികിത്സയില്‍ നിന്നും ഉണ്ടാക്കിയിരുന്നു. ഏഴു ലക്ഷം രൂപ വരെ മുസല്യാര്‍ ചികിത്സാ ഫീസായി കൈപ്പറ്റുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങളും മുസല്യാര്‍ക്കുണ്ടായിരുന്നു. ഒരു കേന്ദ്രത്തില്‍മാത്രം നൂറുകണക്കിനാളുകളാണ് ദിവസേന സഹായമാവശ്യപ്പെട്ട് എത്തിയിരുന്നത്. റിസോര്‍ട്ട്, ചന്ദനത്തിരി ഉല്‍പാദിപ്പിക്കുന്ന കമ്പനി, പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സി, ഫാമുകള്‍ തുടങ്ങി ധാരാളം ബിസിനസ്സുകളാണ് ഇയാള്‍ സമാന്തരമായി നടത്തിക്കൊണ്ടു പോന്നിരുന്നത്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഊഹിക്കാന്‍ പോലും പ്രയാസമായത്ര വിപുലമാണ് ആത്മീയ ചികിത്സാ വ്യവസായത്തിന്റെ ഉള്ളുകള്ളികളെന്നു സാരം. ഹൈന്ദവ രീതിയിലുള്ള മന്ത്രവാദ ചികിത്സകള്‍ക്കും ഈടാക്കപ്പെടുന്നത് പതിനായിരങ്ങളും ലക്ഷങ്ങളുമൊക്കെയാണ്. കമ്പകക്കാട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണ്ടെത്തലുകളും ഇത്തരത്തില്‍ എളുപ്പത്തിലുള്ള ധനസമ്പാദനത്തെക്കുറിച്ചുള്ളതുതന്നെയായിരുന്നു.

വലിയ വ്യാപ്തിയുള്ള സാമ്പത്തികലോകം തന്നെ കൈയാളുന്ന ചികിത്സാ തട്ടിപ്പുകാരെക്കുറിച്ചും, അവര്‍ക്ക് ഇടം കൊടുത്ത് ആ വ്യവസായത്തില്‍ പങ്കാളികളായി മാറുന്ന മാധ്യമങ്ങളടക്കമുള്ള സ്ഥാപനങ്ങളെക്കുറിച്ചും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായ മനോജ് പുതിയവിള പറയുന്നതിങ്ങനെ: "വേഗം പണമുണ്ടാക്കണം എന്ന ആഗ്രഹമാണ് ഇത്തരം കേന്ദ്രങ്ങളും സിദ്ധന്മാരും മുളച്ചു പൊന്തുന്നതിന്റെ ഒരുപാട് കാരണങ്ങളിലൊന്ന്. അതിപ്പോള്‍ നടത്തുന്നവരുടെ കാര്യത്തിലായാലും, കാര്യസാധ്യത്തിനും രോഗമുക്തിക്കുമായി ഇവരെ സമീപിക്കുന്നവരുടെ കാര്യത്തിലായാലും. വലംപിരിശംഖ് പോലുള്ള തട്ടിപ്പുകള്‍ അതല്ലെങ്കില്‍ ഇത്രയേറെ ഹിറ�

Next Story

Related Stories