TopTop
Begin typing your search above and press return to search.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാഹിയില്‍ ചികിത്സയില്ല: മാനുഷിക പരിഗണന പോലും കാണിക്കുന്നില്ലെന്ന് നാട്ടുകാർ

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മാഹിയില്‍ ചികിത്സയില്ല: മാനുഷിക പരിഗണന പോലും കാണിക്കുന്നില്ലെന്ന് നാട്ടുകാർ

"എൻറെ മോനെ ഒന്ന് വേഗം ചികിൽസിക്കൂ, ഒന്നില്ലേലും നമ്മൾ എല്ലാവരും ഇന്ത്യക്കാരല്ലേ", തെരുവ് നായയുടെ കടിയേറ്റ് കരയുന്ന മകനെ ചികിൽസിക്കാനായി കേരളത്തിൽ നിന്ന് ഒരച്ഛൻ തന്റെ വീടിനു തൊട്ടടുത്തുള്ള മാഹിയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് അപേക്ഷിച്ചതാണ്. കേരളത്തിലാണ് വീട് എന്ന ഒറ്റക്കരണത്താലാണ് തെരുവ് നായയുടെ കടിയേറ്റ എട്ടുവയസ്സുകാരന് മാഹി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക കുത്തിവെയ്പ്പ് പോലും നിഷേധിച്ചത്. എട്ടാം തീയതി വൈകിട്ട് തെരുവുനായയുടെ കടിയേറ്റ ന്യൂമാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് അനിൽകുമാറിന്റെ മകൻ അവാനിഷിനെ നാട്ടുകാർ ചേർന്നാണ് മാഹി താലൂക്ക് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വന്നയുടൻ തന്നെ നേഴ്സ് കുട്ടിയെ പരിചരിക്കുയും കടിയേറ്റ ഭാഗം കഴുകി കെട്ടിവെക്കുകയും ചെയ്തു. ഡോക്ടറിന്റെയടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയപ്പോൾ ഫോമിൽ എഴുതുവാനായി കുട്ടിയുടെ സ്ഥലം ചോദിച്ചു. ആ സമയത്ത് മകനെ നായകടിച്ച വിവരം അറിഞ്ഞ് തിടുക്കത്തിൽ ആശുപത്രിയിലെത്തിയ അനിൽകുമാറില്‍ നിന്നും സ്ഥലം കേരളത്തിലെ പരിമഠമാണെന്ന് പറഞ്ഞതോടെ ആശുപത്രി അധികൃതരുടെ വിധം മാറി.

കേരളത്തിലുള്ളവർക്ക് ഇവിടെ ചികിത്സ ഇല്ല എന്ന മട്ടിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ തന്റെ സഹോദരി പോണ്ടിച്ചേരി ജിഗ്‌മാർ മെഡിക്കൽ കോളേജിൽ നേഴ്സ് ആണെന്നും മറ്റൊരു സഹോദരി മാഹിയിലാണെന്നും അവനിഷ് പഠിക്കുന്നത് മാഹിയിലെ ഒരു സ്കൂളിൽ ആണെന്നുമൊക്കെ അനിൽ കുമാർ പറഞ്ഞ് നോക്കി. ആശുപത്രിയിലെ മിഥുൻ എന്ന ഡോക്ടർ ഒന്നും ചെവികൊണ്ടില്ല എന്നാണ് അനിൽകുമാർ ആരോപിക്കുന്നത്. എന്നാൽ മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ബി. രാമചന്ദ്രന് തനിക്ക് മാഹി ആശുപത്രിയിൽ നിന്നുണ്ടായ ഈ ദുരനുഭവം കാണിച്ച് പരാതി നല്കിയതറിഞ്ഞതോടെ ആശുപത്രി അധികൃതർ ചുവടു മാറ്റിയെന്നാണ് അനിൽ കുമാർ പറയുന്നത്. ഈ കുട്ടിയ്ക്ക് നൽകാനുള്ള മരുന്ന് ആശുപത്രിയിൽ സ്റ്റോക്കില്ലാത്ത കൊണ്ടാണ് മടക്കിയച്ചത് എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരണം നൽകിയത്. തെരുവ് നായ കടിച്ച തീവ്രതയനുസരിച്ച് വിവിധ തരം ചികിത്സകൾ ഉണ്ടെന്നും അവനിഷിന്റെ മുറിവിനു അനുസരിച്ചുള്ള കുത്തിവെപ്പിനുള്ള മരുന്ന് ഇവിടെയില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ ന്യായീകരണം. എന്നാൽ മുറിവിന്റെ തീവ്രതയറിയാൻ ഡോക്ടർ തന്റെ മകനെ പരിശോധിച്ചിട്ടുപോലുമില്ല എന്നാണ് അനിൽ കുമാർ പറയുന്നത്.

അവാനിഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ആഴ്ചയും കാലിനു മുറിവുമായെത്തിയ ഒരു കുട്ടി കേരളത്തിൽ നിന്നാണെന്ന് കണ്ടപ്പോൾ മുറിവ് തുന്നിക്കെട്ടാനുള്ള തുണിയും മരുന്നും മറ്റ് സാധനങ്ങളും പുറത്തുനിന്ന് വാങ്ങാൻ ആവശ്യപ്പെടുകയുണ്ടായി. കുറച്ച് നാൾ മുൻപ് വരെ ഇവിടെ ചീട്ട് എടുക്കുന്നവരോട് സ്ഥലം ഏതാണെന്ന് ചോദിച്ച് കേരളത്തിൽ നിന്നുള്ളവരുടെ കാർഡിൽ K എന്നും മാഹിയിൽ നിന്നുള്ളവരെ P എന്നും അടയാളപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ളവരോട് പല മരുന്നുകളും പുറത്ത് നിന്ന് വാങ്ങാൻ ആവിശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ മാഹിയിലെ തന്നെ ചില യുവജന സംഘടനകൾ പ്രതിഷേധിച്ചതിന്റെ ഫലമായാണ് ഈ വിവേചനം അവസാനിപ്പിച്ചത്. എന്നാൽ തലശ്ശേരി സർക്കാർ ആശുപത്രിയിൽ മാഹി സ്വദേശികളോട് വിവേചനമൊന്നുമില്ലെന്നനാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്.

മാഹിയിൽ ചികിത്സ നിഷേധിക്കപ്പെതോടെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ച് കുത്തിവെപ്പ് നൽകി. ദിവസേനയുള്ള കുത്തിവെപ്പ് ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ നിന്നെത്തുന്ന രോഗികളോട് മാഹി ആശുപത്രി ജീവനക്കാർ മാനുഷിക പരിഗണന പോലും കാണിക്കുന്നില്ലെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. അവിനാഷിന്റെ സംഭവം കൂടി കഴിഞ്ഞതോടെ ഫേസ്‌ബുക്കിലും പുറത്തും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. തെരുവ് നായ കടിച്ചാൽ ഉള്ള പ്രതിരോധ മരുന്നുകൾ മാഹി താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ ആവിശ്യത്തിന് ലഭ്യമാകുന്നില്ലെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രതികരിച്ചു.

മെഡിക്കൽ എത്തിക്സ് പോലും മറന്ന്, തീർത്തും മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുകയും രോഗികളോട് മോശമായി ഇടപെടുകയും, ജനിച്ച സ്ഥലത്തിന്റെ പേരിൽ തനിക്ക് മുന്നിലെത്തുന്ന രോഗികളോട് വിവേചനം കാണിക്കുന്ന ഡോക്ടറുമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ന്യൂ മാഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനാധിപത്യ വാദികൾ ഫേസ്ബുക്കിലും പുറത്തും പ്രതിഷേധിക്കുന്നുണ്ട്.

മാഹി താലൂക്ക് ആശുപത്രി ജീവനക്കാർ ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ആരോപണ വിധേയനായ ഡോക്ടറും കേരളത്തിൽ നിന്നുള്ളയാൾ തന്നെയാണ്. വിവേചനത്തെക്കുറിച്ച് ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശം എന്നാണ് പലപ്പോഴും ആശുപത്രി ജീവനക്കാർ മറുപടി പറയാറുള്ളത്. ഒരേ രാജ്യത്ത് തന്നെ തൊട്ടടുത്ത പ്രദേശങ്ങളിൽ ജീവിക്കുമ്പോൾ കേന്ദ്ര ഭരണ പ്രദേശം, മറ്റൊരു സംസ്ഥാനം എന്ന രീതിയിൽ രോഗികളോട് വേർതിരിവ് എന്തിനാണ്, മനുഷ്യരുടെ ജീവനല്ലേ പ്രധാനം എന്നാണ് അനിൽ കുമാർ ചോദിക്കുന്നത്.


Next Story

Related Stories