മലമ്പുഴയിലെ അനധികൃത ആയുര്‍വേദ റിസോര്‍ട്ട് നിര്‍മാണം നിര്‍ത്തിച്ചു; കാരണം പറയാന്‍ പറ്റില്ലെന്ന് അധികൃതര്‍

മാസങ്ങളായി പ്രദേശത്ത് തുടർന്നുവന്ന അനധികൃത നിര്‍മാണത്തെക്കുറിച്ച് അഴിമുഖം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

മലമ്പുഴ ഡാമിന്റെ സമീപത്തു നടക്കുന്ന അനധികൃത റിസോർട്ട് നിർമ്മാണം നിർത്തിവച്ചു. റിസോർട്ട് നിർമാണം നിർത്തി വച്ചത് മലമ്പുഴ വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മൊയെത്തുടർന്ന്. നിർമാണം നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ കൊടുത്തത് എന്ത് കാരണത്താലാണെന്ന് പറയാൻ കഴിയില്ലെന്നും മലമ്പുഴ വില്ലേജ് ഓഫീസർ.

തെക്കേ മലമ്പുഴ എലിവാലിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തിനോട് ചേർന്ന് നിർമ്മിച്ചുകൊണ്ടിരുന്ന ആയുർവേദ റിസോർട്ടിന്റെ നിർമാണമാണ് നിർത്തിവച്ചത്. കേന്ദ്രസർക്കാരിന്റെ ഡിഫൻസ് ഇന്ത്യ ആക്റ്റ് പ്രകാരം അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച സ്ഥലത്തായിരുന്നു നിർമ്മാണം. മാസങ്ങളായി പ്രദേശത്ത് തുടർന്നുവന്ന അനധികൃത നിര്‍മാണത്തെക്കുറിച്ച് അഴിമുഖം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. [അനധികൃത ആയുര്‍വേദ റിസോര്‍ട്ട് ആണെങ്കില്‍ സംരക്ഷിത മേഖലയിലും ആവാം; മലമ്പുഴയില്‍ നടക്കുന്നത്]

1962-ലെ കേന്ദ്രസർക്കാരിന്റെ ഡിഫൻസ് ഇന്ത്യ ആക്റ്റ് പ്രകാരം ഡാമും ചുറ്റുമുള്ള 300 മീറ്ററും സംരക്ഷിത മേഖലയാണ്. ഇതിനുള്ളിൽ കൈയേറ്റമോ നിർമാണപ്രവർത്തനങ്ങളോ പാടില്ല. എന്നാൽ ജലസംഭരണിയിൽ നിന്നും 100 മീറ്റർ പോലും ദൂരം പാലിക്കാതെയായിരുന്നു റിസോർട്ട് നിർമാണം. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. മലമ്പുഴ വില്ലേജ് ഓഫീസും ഗ്രാമപഞ്ചായത്തും അനധികൃത നിർമാണത്തിന് കൂട്ടുനിൽക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുകയുണ്ടായി.

എന്നാല്‍ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും അതിന്റെ കാരണം വ്യക്തമാക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് മലമ്പുഴ വില്ലേജ്. നിർമാണം നടക്കുന്നത് സ്വകാര്യവ്യക്തികളുടെ സ്ഥലത്താണെന്നും അവര്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ കൊടുക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ അത്‌ പറയാൻ കഴിയില്ലെന്നായിരുന്നു മലമ്പുഴ വില്ലേജ് ഓഫീസർ അരുൺ ബോസ് പറഞ്ഞത്. “സ്റ്റോപ് മെമ്മോ കൊടുത്തത് വില്ലേജ് ഓഫീസ് ആണ്. എന്തിനാണെന്ന് പറയാൻ കഴിയില്ല. നിരവധി കാരണങ്ങളുണ്ട്. ഒന്നോ രണ്ടോ കാരണം മാത്രമായും പറയാൻ കഴിയില്ല. നിർമാണത്തിന് ചില വകുപ്പുകളിൽ നിന്നു അനുമതി കിട്ടിയിട്ടില്ല. ഏതൊക്കെ വകുപ്പാണ് അനുമതി കൊടുക്കാത്തതെന്ന് പറയാൻ കഴിയില്ല”, മലമ്പുഴ വില്ലേജ് ഓഫീസറുടെ വാക്കുകള്‍.

മലമ്പുഴ ഡാമിന്റെ സമീപത്ത് നടക്കുന്ന അനധികൃത നിർമാണത്തെക്കുറിച്ച് ഡാം സേഫ്റ്റി അതോറിറ്റി അധികൃതരോട് ചോദിച്ചപ്പോഴും അതേക്കുറിച്ചു ഒന്നും അറിയില്ലെന്നായിരുന്നു ഉത്തരം. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജലസംഭരണിയുടെ സമീപത്ത് നടക്കുന്ന അനധികൃത നിര്‍മാണത്തെക്കുറിച്ചാണ് ഏറ്റവും ഉത്തരവാദിത്വപ്പെട്ട അധികൃതർ ഒന്നും അറിയില്ലെന്ന് പറയുന്നത്.

പശ്ചിമഘട്ട മലനിരകളും കൊച്ചുകൊച്ചു മലകൾക്കിടയിലായി ഒഴുകിപ്പരന്നു കിടക്കുന്ന ജലസംഭരണിയും ജലസംഭരണിക്കുള്ളിലായി കിടക്കുന്ന ഏഴോളം ചെറുദ്വീപുകളും കാടും എല്ലാം ചേർന്ന് പ്രകൃതി മനോഹരമായ പ്രദേശമാണ് മലമ്പുഴ ഡാം. അതുകൊണ്ടുതന്നെ റിസോർട്ട് തുടങ്ങിയ വമ്പൻ പദ്ധതികളുമായി വർഷങ്ങൾക്ക് മുൻപേ തന്നെ പലരും ഇവിടേക്കെത്തിയിട്ടുണ്ട്.

എന്നാൽ പത്തുലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൂടിയായ ജലസംഭരണിയുടെ സമീപത്ത് ഇത്തരത്തിലുള്ള വൻപദ്ധതിക്ക് ജലസേചന വകുപ്പ് അനുമതി കൊടുക്കുന്നത് ആദ്യമായാണ്.

മലമ്പുഴ ഡാമും ഉദ്യാനവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് നടത്തിയിട്ടുള്ള അഴിമതികൾ ചെറുതൊന്നുമല്ല. നിലവാരമില്ലാത്തതും നീണ്ടുനിൽക്കാത്തതുമായ പദ്ധതികൾ ഉദ്യാനത്തിൽ നടപ്പാക്കിയും ഡാമിന്റെ വൃഷ്ടിപ്രദേശം സ്വകാര്യവ്യക്തികൾക്ക് കൈയ്യേറാൻ സൗകര്യം ചെയ്തുകൊടുത്തും സർക്കാരിന്റെ പണവും സ്വത്തും പാഴാക്കിക്കളഞ്ഞതിനു കണക്കില്ല. ഏറ്റവുമൊടുവിൽ 21 കോടിയുടെ ഉദ്യാനനവീകരണം നടത്തിയും പണം പാഴാക്കി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്തിന്റെ ഏകദേശം 100 ഏക്കറോളം സ്ഥലം ഇപ്പോഴും വിവിധ സ്വകാര്യവ്യക്തികളുടെ കൈകളിലാണെന്ന് മലമ്പുഴയിലെ മുൻ വില്ലേജ് ഓഫീസർ തന്നെ പറയുന്നു. കുടിവെളള സ്രോതസ്സായ മലമ്പുഴ ജലാശയത്തെ മലിനമാക്കുന്ന പല പ്രവൃത്തികൾക്ക് നേരെയും വകുപ്പധികൃതരും ഗ്രാമപഞ്ചായത്തും ഒരേപോലെ കണ്ണടച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ അനധികൃത റിസോർട്ട് നിർമാണത്തിന് നേരെ കണ്ണടച്ചതും.

അനധികൃത ആയുര്‍വേദ റിസോര്‍ട്ട് ആണെങ്കില്‍ സംരക്ഷിത മേഖലയിലും ആവാം; മലമ്പുഴയില്‍ നടക്കുന്നത്

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍