TopTop
Begin typing your search above and press return to search.

മലപ്പുറം: അഹമ്മദ് നേടിയ ഭൂരിപക്ഷം കുറഞ്ഞാല്‍ ലീഗിനത് തോല്‍വിയാണ്

മലപ്പുറം: അഹമ്മദ് നേടിയ ഭൂരിപക്ഷം കുറഞ്ഞാല്‍ ലീഗിനത് തോല്‍വിയാണ്

സമീപകാല തിരഞ്ഞെടുപ്പ് ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്ത പ്രചരണ പരിപാടികള്‍ക്കാണ് മലപ്പുറം ലോക്‌സഭാമണ്ഡലം തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. പ്രചരണച്ചൂടും കൊട്ടിക്കാലാശവും കഴിഞ്ഞ് ബുധനാഴ്ചയോടെ വോട്ടുകള്‍ പെട്ടിയിലായി. ഇനി 17-ന് വോട്ടെണ്ണുന്നതുവരെ കൂട്ടിക്കുറക്കലുകളുടെയും വിലയിരുത്തലുകളുടെയും ചായക്കടച്ചര്‍ച്ചകളുടെയും ദിനങ്ങളാണ് മലപ്പുറംകാര്‍ക്കെന്നപോലെ മലയാളികള്‍ക്കെല്ലാം. ആര് ജയിക്കും എന്നതിലുപരി ലീഗിന്റെ ഭൂരിപക്ഷം കൂടുമോ അതോ കുറയുമോ എന്നുള്ളതായിരുന്നു ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ തിരഞ്ഞെടപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ ഉയര്‍ന്നു കേട്ട ചോദ്യം. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയായെത്തിയതോടെ ഭൂരിപക്ഷം കുത്തനെ ഉയരുമെന്നും മൂന്നുലക്ഷം കവിയുമെന്നുമെല്ലാമായി സംസാരം. ഇടതുപക്ഷം കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാനുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എം ബി ഫൈസലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ആരോപണവുമുയര്‍ന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പു പ്രചരണം മുറുകിയതോടെ പക്ഷേ കളി കാര്യമായി.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെല്ലാം പ്രചരണത്തിന്‍െ്‌റ ഭാഗമായി മലപ്പുറത്തേക്കൊഴുകി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ പി സി സി പ്രസിഡന്റ് എംഎം ഹസന്‍, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ലീഗ് നേതാക്കള്‍, ഇടത് വലത് എം എല്‍ എമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം അവരവരുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കച്ചകെട്ടിയിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പ് യുദ്ധസമാനമായി മാറി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെല്ലാം മലപ്പുറത്തെ വേദികളില്‍ മുഴങ്ങി. സര്‍ക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പെന്ന കോടിയേരിയുടെ പ്രസ്ഥാവനയും മലപ്പുറത്ത് ശുദ്ധമായ (ഹലാലായ) ബീഫെത്തിക്കുമെന്ന ബി ജെ പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ പ്രസ്താവനയുമെല്ലാം തുറന്നുകൊടുത്തത് വിവാദങ്ങളുടെ പുത്തന്‍ വാതിലുകളായിരുന്നു.

'പച്ച' ക്കോട്ടതന്നെയാണ് മലപ്പുറം. ഒരുകാലത്തും ലീഗിനെ കൈവിടാത്ത മണ്ഡലം. കഴിഞ്ഞ തവണ ഇ അഹമ്മദ് വന്‍ഭൂരിപക്ഷത്തില്‍ തോല്‍ക്കുമെന്നുറപ്പിച്ചിടത്തുനിന്നാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന പി കെ സൈനബയെ 1.94 ലക്ഷം വോട്ടിന് തോല്‍പ്പിച്ച് അദ്ദേഹം ലോക്‌സഭയിലെത്തുന്നത്. അന്നും ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീ പ്രകാശിന് ലഭിച്ചത് 60000-ത്തോളം വോട്ടുകള്‍. പക്ഷേ അന്ന് മത്സരരംഗത്തുണ്ടായിരുന്ന എസ് ഡി പി ഐ അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തവണ മത്സരരംഗത്തില്ല. ഇ അഹമ്മദിന്റെ ജയത്തിനിപ്പുറം ചിന്തിക്കുമ്പോള്‍ പക്ഷേ ഈ പച്ചക്കോട്ടയില്‍ ലീഗിന് അത്ര മധുരമുള്ള ഓര്‍മകളല്ല നിലവിലുള്ളത്. പിന്നീടുവന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിന്റെ കോട്ടകളില്‍ പലതും തകര്‍ന്നു തരിപ്പണമായി. ചിലതിന് വിള്ളലുകളേറ്റു. കുഞ്ഞാലിക്കുട്ടിയെത്തുന്നതോടെ ഈ കോട്ടകളുടെ ദൃഢത വീണ്ടും കൂടിയെന്നു വാദിക്കുമ്പോഴും വോട്ടുബാങ്കിലെ ഈ ചോര്‍ച്ച യു ഡി എഫിനെയും ലീഗിനെയും അല്‍പ്പം അലോസരപ്പെടുത്തുന്നുണ്ട്.

മുസ്ലീം ലീഗിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമായ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തുണ്ടായ യു ഡി എഫിലെ ഭിന്നത തലവേദനയായി തുടരുകയാണുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പലയിടത്തും കോണ്‍ഗ്രസും ലീഗും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. വള്ളിക്കുന്ന്, കൊണ്ടോട്ടി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫ് സംവിധാനം തന്നെ ഇല്ലാതായിരുന്നു. നേതാക്കള്‍ നേരിട്ട് പ്രാദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങിയിരുന്നെങ്കിലും അടിത്തട്ടില്‍ ഉണ്ടാക്കിയ അകല്‍ച്ച എത്രകണ്ട് ഉണക്കാന്‍ കഴിഞ്ഞെന്നത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ മാത്രമേ പറയാന്‍ കഴിയൂ. കോണ്‍ഗ്രസ് ലീഗ് സ്വരച്ചേര്‍ച്ചയില്ലായ്മ ലീഗ് കോട്ടകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ വിള്ളല്‍ ചെറുതൊന്നുമല്ല. മലപ്പുറത്തെ യു ഡി എഫ് എന്നാല്‍ ലീഗും കോണ്‍ഗ്രസും മാത്രമായിരുന്നു. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള കക്ഷികളെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായി തഴയുകയായിരുന്നു പതിവ്.

ഇടതു മുന്നണി മലപ്പുറം ജില്ലയില്‍ ജനദാദള്‍, ആര്‍ എസ് പി, എന്‍ സി പി തുടങ്ങിയ ചെറുകക്ഷികള്‍ക്കുപോലും സീറ്റുകള്‍ നല്‍കിയപ്പോള്‍ മലപ്പുറത്ത് ലീഗും കോണ്‍ഗ്രസും മണ്ഡലം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ തന്നെയാണ് യു ഡി എഫിന് പുറത്തുള്ള കെ എം മാണിയുടെ പോലും പിന്തുണതേടാന്‍ മുസ്ലീം ലീഗ് നേരിട്ട് രംഗത്തിറങ്ങിയതും കെ എം മാണിയെ മലപ്പുറത്തെത്തിച്ചതും. മലപ്പുറം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലങ്ങളിലായി 10000-ത്തോളം വോട്ടുകള്‍ പാര്‍ട്ടിക്കുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് മാണി ജില്ലാ നേതൃത്വം കണക്കാക്കുന്നത്. യു ഡി എഫിന് പുറത്തുപോയ ശേഷം നിലമ്പൂരില്‍ വച്ചുനടന്ന കേരള കോണ്‍ഗ്രസ് (എം) ജില്ലാ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി നേതൃത്വത്തെപോലും അമ്പരപ്പിച്ച പ്രാതിനിധ്യമാണ് ഉണ്ടായത്. കെ എം മാണി, ജോസ് കെ മാണി എം പി, ജോയി എബ്രഹാം എം പി, തുടങ്ങിയവര്‍ അന്ന് യു ഡി എഫിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

ജില്ലയില്‍ കോണ്‍ഗ്രസും ലീഗും എന്നും അവഗണനകാട്ടിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. മലയോര മേഖലകളില്‍ തെറ്റില്ലാത്ത രാഷ്ട്രീയ അടിത്തറ ഉണ്ടായിട്ടും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കാതെ ഒതുക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോണി പുല്ലംതാനി നാമമാത്ര വോട്ടുകള്‍ക്കാണ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും വിജയിച്ചത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റുപോലും യു ഡി എഫ് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് അങ്ങാടിപ്പുറം ഡിവിഷനില്‍ നിന്നും കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ഇഗ്നേഷ്യസ് സ്വതന്ത്രനായി മത്സരിക്കുകയും 1600 വോട്ടുകള്‍ നേടുകയും ചെയ്തപ്പോള്‍ 800 വോട്ടുകള്‍ക്കാണ് യു ഡി എഫ് ശക്തികേന്ദ്രമായ ഇവിടെ മുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ കേരള കോണ്‍ഗ്രസിന് ശക്തമായ വോട്ടുബാങ്കുള്ള പെരിന്തല്‍മണ്ണ മങ്കട മണ്ഡലങ്ങളില്‍ നേരിയ വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ കടന്നുകൂടിയത്. 2011ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ 579 വോട്ടിനാണ് ഇക്കുറി വിജയിച്ചത്. 23000 വോട്ടിന് 2011ല്‍ മങ്കടയില്‍ നിന്നും വിജയിച്ച അഹമ്മദ് കബീര്‍ 1509 വോട്ടിനാണ് 2016ല്‍ വിജയിച്ചത്. ഇടതുപക്ഷ കണ്‍വെന്‍ഷനില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പങ്കെടുക്കുകയും ജില്ലാ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സ്ഥാര്‍ഥിക്കുവേണ്ടി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ചെറുകക്ഷികള്‍ കച്ചകെട്ടിയിറങ്ങിയാലും കാലിടറുമെന്ന തിരിച്ചറിവാണ് യു ഡി എഫിലെ ചെറുകിട സഖ്യകക്ഷകള്‍ക്കുപോലും അവര്‍ സ്വപ്‌നത്തില്‍പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യത വലതു ക്യാമ്പില്‍ ലഭിച്ചത്.

യു ഡി എഫും എല്‍ ഡി എഫും ന്യൂനപക്ഷ വോട്ടുകള്‍ പങ്കിട്ടെടുക്കുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ പിന്‍ബലത്തോടെ വോട്ടുനില വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി സ്ഥാനാര്‍ഥി. കേന്ദ്രമന്ത്രിയെന്ന ഉറപ്പുമായാണ് ബി ജെ പി കളത്തില്‍ ഇറങ്ങിയിരുന്നത്. മലപ്പുറത്ത് ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തില്‍ കുറവുവരികെന്നാല്‍ മുസ്ലീം ലീഗിന് അത് തോല്‍വിക്ക് സമാനമാണ്. പെട്ടിയിലാക്കപ്പെട്ട വോട്ടില്‍ തങ്ങളുടേതെത്ര എന്നു കണക്കു കൂട്ടുന്ന തിരക്കിനിടയില്‍ തോല്‍വിയെക്കാളും വിജയത്തെക്കാളുമെല്ലാം ലീഗിനെ വലക്കുന്ന ചോദ്യവും ഭൂരിപക്ഷമെത്ര എന്നതുതന്നെയാണ്. ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവുവരുത്താനായാല്‍ അത് ഇതരമുന്നണികള്‍ക്ക് സമ്മാനിക്കുക വിജയത്തെക്കാള്‍ വലിയ മധുരമാവും. മുന്‍വര്‍ത്തേതില്‍ നിന്നും വോട്ടിങ് ശതമാനം ഉയര്‍ന്നതോടെ പുതിയതായി വന്ന വോട്ടര്‍മാരുടെ വോട്ടുകള്‍ എവിടേക്ക് എന്ന തിരച്ചിലിലാണ് മുന്നണികള്‍. ഒരുലക്ഷത്തോളം വോട്ടര്‍മാരാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ മലപ്പുറത്തുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തെ സ്വാധീനിക്കുന്ന ഘടകമാവാന്‍ ഈ കന്നി വോട്ടര്‍മാര്‍ക്കാവും.

എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ മുന്നണികള്‍ പ്രചരണരംഗത്ത് സജീവമായിറങ്ങിയെങ്കിലും പോളിങ്ങില്‍ മുന്‍ ഇലക്ഷനെ അപേക്ഷിച്ച് വലിയമുന്നേറ്റം ഒന്നും തന്നെ ഉണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 71 ശതമാനം തന്നെയാണ് ബൈ ഇലക്ഷനിലെയും വോട്ടിങ് ശതമാനം. നേരിയ വര്‍ധനവ് മാത്രമാണ് പോളിങ്ങില്‍ ഉണ്ടായിട്ടുള്ളത്. കൊണ്ടോട്ടി 73.76, മഞ്ചേരി 71.79, പെരിന്തല്‍മണ്ണ 70.62, മങ്കട 70.07, മലപ്പുറം 73.39, വേങ്ങര 67.76, വള്ളിക്കുന്ന് 71.51 എന്നിങ്ങനെയാണ് പോളിങ് ശതമാനം. കണക്ക് കൂട്ടലുകള്‍ ശരിയോ തെറ്റോയെന്ന് അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം. ജനവിധി ആര്‍ക്കൊപ്പം എന്നറിയാന്‍ ഇനി രണ്ടുനാള്‍ കൂടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories