UPDATES

ട്രെന്‍ഡിങ്ങ്

സ്കൂളില്‍ ആര്‍എസ്എസ് ക്യാമ്പ് തടഞ്ഞതിന് വില്ലേജ് ഓഫീസര്‍ക്ക് ഭീഷണി; നടപടി എടുക്കാതെ പോലീസും; നറുകര വില്ലേജ് ഓഫീസര്‍ വിന്‍സെന്റിന്റെ പോരാട്ടങ്ങള്‍

ഭൂമാഫിയയുടെ ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പുതിയ ഭീഷണിയും

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് നറുകരയിലെ നാട്ടുകാര്‍ പറയുന്നത് അവര്‍ക്ക് ഏറെ കാലത്തിനുശേഷമാണ് മതിപ്പുള്ളൊരു സത്യസന്ധനായൊരു വില്ലേജ് ഓഫീസറെ ലഭിക്കുന്നതെന്നാണ്. നറുകര വില്ലേജ് ഓഫിസര്‍ വിന്‍സെന്റിനെ കുറിച്ചാണ് ഈ നല്ല വര്‍ത്തമാനം. കൈക്കൂലി മേടിച്ചും മിച്ചഭൂമി സ്വന്തം പേരിലാക്കിയും ഭൂമി നികത്തിലിനും കൂട്ടുനിന്നും സമ്പന്നാരായ നിരവധി വില്ലേജ് ഓഫീസര്‍മാറെ തങ്ങള്‍ക്ക് പരിചയമുണ്ടെന്നും അവരില്‍  പലരും സസ്‌പെന്‍ഷന്‍ ലഭിച്ച് കസേര ഒഴിഞ്ഞുപോയവരാണെന്നും നാട്ടുകാര്‍ പറയുന്നു. വിന്‍സെന്റിനു തൊട്ട് മുമ്പുണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ ഒന്നര ഏക്കര്‍ മിച്ചഭൂമി സ്വന്തം പേരില്‍ എഴുതിയെടുത്തുവെന്ന ആരോപണം നേരിട്ടാണ് സ്ഥാനം ഒഴിഞ്ഞുപോയത്. എന്നാല്‍ കേരളത്തിന്റെ തെക്കേ അറ്റത്തെ അതിര്‍ത്തിയില്‍ നിന്നും മലപ്പുറം ജില്ലയിലെത്തിയ നാട്ടുകാരുടെ പ്രിയപ്പെട്ട വിന്‍സെന്റ് സാര്‍ തന്റെ ഒരു വര്‍ഷത്തെ ജനസേവനത്തിനിടെ തിരുത്തിക്കുറിച്ചത് സര്‍ക്കാര്‍ സര്‍വീസിനെ കുറിച്ചും തിരുവിതാംകൂറുകാരെ കുറിച്ചുമുളള തങ്ങളുടെ പൊതുധാരണയാണെന്നും നറുകരക്കാര്‍ സമ്മതിക്കുന്നു.

നറുകര വില്ലേജ് ഓഫിസില്‍ വിന്‍സെന്റ് എത്തിയതിനു ശേഷം കാര്യങ്ങളില്‍ ഒരുപാട് മാറ്റമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ”മഞ്ചേരി ടൗണിലും ചുറ്റുപുറങ്ങളിലും പാടശേഖരങ്ങളും ചതുപ്പുമാണ് കൂടുതലും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കി വമ്പന്‍മാര്‍ മിക്ക വയലുകളും നികത്തി കഴിഞ്ഞു. അതിന് കൂട്ടു നില്‍ക്കുന്നത് വില്ലേജ് ഓഫീസര്‍മാരാണ്. വിന്‍സെന്റ് സാര്‍ വന്നതിനു ശേഷം പാടശേഖരങ്ങളില്‍ മണ്ണിടുന്നതിന് നല്ല മാറ്റം ഉണ്ടായിട്ടുണ്ട്.” നറുകര സ്വദേശി സജു അഴിമുഖത്തോട് പറഞ്ഞു.

താരമതമ്യേന വലിയ വില്ലേജാണ് നറുകര. 78,000 ജനസംഖ്യയുണ്ട്. അണുകൂടുംബങ്ങളാണ് കൂടുതലും. അതുകൊണ്ട് തന്നെ പാടശേഖരം നികത്തുന്നത് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിന് കടിഞ്ഞാണിട്ടാണ് വിന്‍സെന്റ് തന്റെ ജോലി തുടങ്ങിയത്. അതോടെ വയല്‍ നികത്തല്‍ മാഫിയ വിന്‍സെന്റിനു നേരെ തിരിഞ്ഞു. വിന്‍സന്റിന്റെ മുന്‍ഗാമിയായ വില്ലേജ് ഓഫീസറെ കൂട്ടുപിടിച്ച് റവന്യു വകുപ്പിലെ രണ്ട് പ്രമുഖരും ബിജെപിയുടെ ഒരു പ്രാദേശിക നേതാവും ചേര്‍ന്ന് മിച്ചഭൂമി തട്ടിയെടുത്ത വിഷയത്തില്‍ ഇടപ്പെട്ടതും വിന്‍സെന്റിനെതിരെ ശത്രുക്കള്‍ കൂടാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷത്തിനിടയില്‍ മണല്‍ അടിക്കാന്‍ വന്ന 43 ലോറികളാണ് വിന്‍സെന്റ് പിടിച്ചെടുത്തത്. ശത്രുക്കള്‍ കൂടാന്‍ ഇതും കാരണമായി. എങ്കിലും നറുകരയിലെ നാട്ടുകാര്‍ക്കിടയില്‍ ജനകീയനായി തീര്‍ന്ന വിന്‍സെന്റ് എന്ന 52 കാരന്‍ സധൈര്യം തന്റെ ജോലികളുമായി മുന്നോട്ടു പോയി.

നിലം നികത്തല്‍ മാഫിയയുടെ ക്വട്ടേഷന്‍ ഭീഷണിയെ അതിസാഹസികമായി പ്രതിരോധിച്ചു നീങ്ങുന്നതിനിടയിലാണ് പുതിയ ശത്രുക്കളുടെ കൊലവിളി. പൊതുസേവനത്തോടുളള താത്പര്യം പോലെ തന്നെ പൊതുസമൂഹത്തിന്റെ സുരക്ഷിതമായ നിലനില്‍പ്പും വിന്‍സെന്റ് ആഗ്രഹിച്ചു. മലപ്പുറം ജില്ലയുടെ മതസൗഹാര്‍ദ്ദത്തിന് കടകവിരുദ്ധമായ ഒന്നും ഉണ്ടാകരുതെന്നും അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ട്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയ്ക്ക് ഭരണഘടന വിഭാവന ചെയ്ത മതേതര കാഴ്ച്ചപ്പാടിനു വേണ്ടി നിന്നതോടെ വിന്‍സെന്റിന് പുതിയ ശത്രുക്കളുണ്ടായി.

അതിനെക്കുറിച്ച്  വിന്‍സെന്റ് അഴിമുഖത്തോട് പറയുന്നു;

”ജോയിന്റ് കൗണ്‍സില്‍ അംഗമാണ്. കണ്ണൂര്‍ ജില്ലയുടെ ചുമതലയുണ്ട്. കഴിഞ്ഞ 22ാം തീയതി ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. രാത്രി പതിനൊന്നര മണിയായിക്കാണും, വില്ലേജ് ഓഫീസിനടുത്തുളള അമൃത വിദ്യാലയത്തിനരികെ എത്തിയപ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം.  മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുളള മൂന്ന് ജീപ്പ് പൊലിസ് സ്ഥലത്തുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ വില്ലേജ് ഓഫീസര്‍ ആയി ജോലി ചെയ്തുവരുന്നത് കാരണം പലരേയും നേരിട്ട് അറിയാം. സ്ഥിരമായി കാണുന്ന കുറച്ച് പേരും പിന്നെ കുറുവടിയുമായി മറ്റുചിലരേയും കണ്ടു. കുറുവടിക്കാരില്‍ ഒന്നു രണ്ട് പേരെ അറിയാം. അവരോട് ചെന്ന് കാര്യം തിരക്കി. “ഇവിടെ (അമൃത വിദ്യാലയം, മഞ്ചേരി) ഞങ്ങളുടെ  (ആര്‍എസ്എസ്) ക്യാമ്പ് നടക്കുന്നുണ്ട്. ക്യാമ്പ് നടത്തുന്നതിനെ എതിര്‍ത്ത് നാട്ടുകാര്‍ കല്ലും കുപ്പിയും വലിച്ചെറിയുന്നു. അതിനാണ് പൊലിസ് എത്തിയത്”. അവര്‍ പറഞ്ഞു. മാത്രമല്ല, വില്ലേജ് ഓഫീസര്‍ എന്ന നിലയ്ക്ക് അവരോട് സംസാരിക്കാന്‍ പറ്റുമോയെന്ന് എന്നോട് അവര്‍ ചോദിച്ചു. ഞാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ കൂടി നിന്ന നാട്ടുകാരുമായി സംസാരിച്ചതിനുശേഷം കുറുവടിക്കാരോട് ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും വയല്‍ നികത്തുന്ന വണ്ടി കണ്ട് നാട്ടുകാര്‍ ആരോ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന ഞാന്‍ പരിശോധനക്ക് പോവുകയും ചെയ്തു’.

പിറ്റേ ദിവസം (ഡിസംബര്‍ 23) കാലത്ത് വിന്‍സെന്റിനെ തേടി മഞ്ചേരി അമൃതാ വിദ്യാലയത്തിനരികില്‍ താമസിക്കുന്ന നാട്ടുകാരില്‍ ചിലര്‍ ഒരു ഹര്‍ജിയുമായി വിന്‍സെന്റിനെ കാണാനെത്തി. 250 പേരടങ്ങുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്യാമ്പ് വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും രാത്രിയില്‍ അവിടെ ആയുധപരിശീലനമടക്കമുള്ള കാര്യങ്ങള്‍ നടപ്പുണ്ടെന്നും അമൃത വിദ്യാലയത്തില്‍ ഇത്തരം ക്യാമ്പ് സംഘടിപ്പിക്കാന്‍ അനുമതി ഉണ്ടോയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ചോദ്യം. ഈ ഹര്‍ജി കളക്ടര്‍ക്ക് നല്‍കിയിരുന്നു. നാട്ടുകാരുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിന്‍സെന്റിനോട് കളക്ടര്‍ നിര്‍ദേശിച്ചു. അതനുസരിച്ച് വിന്‍സെന്റ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എന്നാല്‍ അടുത്ത ദിവസം മഞ്ചേരി കേന്ദ്രീകരിച്ചുളള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് കയ്യേറ്റം ചെയ്യുകയാണുണ്ടായതെന്ന് വിന്‍സെന്റ് പറഞ്ഞു. ഓഫീസില്‍ കയറി വന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടി കാണിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഭൂമാഫിയയും സംഘരിവാറും പച്ചയ്ക്ക് ഭീഷണിയും വെല്ലുവിളിയും നടത്തുമ്പോഴും പോലീസ് കാണിക്കുന്ന ഉദാസീനത അദ്ദേഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. നറുകരയിലെ ഗ്രാമീണര്‍ ഏറെ ആദരിക്കുന്ന ഈ വില്ലേജ് ഓഫീസര്‍, തനിക്ക് ഇപ്പോഴത്തെ ധൈര്യവും ആത്മവിശ്വാസവും ജനങ്ങളിലാണെന്നാണ് അദ്ദേഹം പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍