TopTop
Begin typing your search above and press return to search.

എന്റെ പൊന്നു (സദാചാര) മലയാളീ; പ്ലീസ്...

എന്റെ പൊന്നു (സദാചാര) മലയാളീ; പ്ലീസ്...

അനന്‍ജന സി


ഒരിക്കലെങ്കിലും പുറത്ത്, അതായതു കേരളം അല്ലാതെ മറ്റേതെങ്കിലും സംസ്ഥാനത്ത് പോയി പഠിച്ച ഒട്ടുമിക്കവരും പറഞ്ഞു കേട്ടൊരു കാര്യമുണ്ട്; 'കേരളത്തില്‍ ഇത് നടക്കില്ല '. എന്നാല്‍ ഈ 'ഇത്' പുറത്ത്, അതായതു കേരളത്തിനു പുറത്തു നടക്കും കേട്ടോ. ഈ 'ഇത് ' പല വിഷയങ്ങളും ആവാം, എന്നാല്‍ എന്റെ വിഷയം സ്ത്രീ സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയാണ് , സ്ത്രീയുടെ സ്വാതന്ത്ര്യം എങ്ങനെ, എവിടെ, എന്നൊക്കെ ആരെല്ലാമോ ചേര്‍ന്ന് നിശ്ചയിക്കുന്നതിനെ കുറിച്ച്.ഞാനൊരു പെണ്ണാണെങ്കില്‍ ഞാനെന്തു ചെയ്യണ്ണമെന്നുള്ളത് ഞാനാണോ അതോ എനിക്ക് ചുറ്റുമുള്ള പുരുഷന്മാര്‍ (സമൂഹം എന്നതിനെ വിളിക്കുന്നത് വികലമാകും എന്ന് തോന്നുന്നു) ആണോ എന്ന ചിന്തയില്‍ നിന്നാണ് ഈ കുറിപ്പ് ഉടലെടുക്കുന്നത്. ഒന്ന് പുറത്തുപോകണമെങ്കില്‍, ഒന്ന് വിസില്‍ അടിക്കണമെങ്കില്‍, ഒരു 'സ്മാള്‍' അടിക്കണമെങ്കില്‍ എന്ന് തുടങ്ങി ആരുടെകൂടെ, എവിടെവരെ, എപ്പോള്‍ എന്ന് പോലും എനിക്ക് വേണ്ടി നിശ്ചയിക്കുന്നത് ഞാന്‍ അല്ലാതാകുമ്പോള്‍ എനിക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളം എന്ന ഭൂരേഖ അതിനുള്ള പ്രത്യേക കാരണം കൂടിയാവുമ്പോള്‍ തീര്‍ച്ചയായിട്ടും.കേരളത്തിനകത്ത് എനിക്കെന്റെ പുരുഷസുഹൃത്തുക്കളുടെ കൂടെ ഇടപഴകുന്നതിനു പരിമിതികള്‍ ഉണ്ട(ത്രെ!), ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അകലത്തിന് അനുസൃതമായി 'ദി വശപിശക് മീറ്റര്‍' ഞങ്ങളുടെ ബന്ധം നിശ്ചയിക്കും. ഈയിടയ്ക്ക് സ്ത്രീകള്‍ തമ്മില്‍ ഉള്ള ബന്ധങ്ങളും പരിശോധനാവിധേയമാണ്. പക്ഷെ, കേരളത്തിന് പുറത്ത് മറ്റെവിടെ ആയാലും എന്നിക്കിഷ്ടം പോലെ നടക്കാം, എന്തും ചെയ്യാം, ആരെയും പേടിക്കേണ്ട (എന്റെ അമ്മയ്ക്ക് ഈ 'ആര് ' എന്നുള്ളത് നാട്ടുക്കാരാണ് എന്നിവിടെ ചേര്‍ത്തുകൊള്ളട്ടെ). 'നീ അവിടെ കളിക്കുന്നത് പോലെയല്ല ഇവിടെ, ആരെങ്കിലും അറിഞ്ഞാല്‍ എന്ത് പറയും / കരുതും?". ചുരുക്കി പറഞ്ഞാല്‍ എനിക്കൊരു പരിചയവും ഇല്ലാത്ത 'ഈ ആരെങ്കിലും' എന്ന മഹാനെ പ്രീതിപ്പെടുത്തി വേണം ഞാന്‍ ജീവിക്കാന്‍. പറയാതെ വയ്യ, ചെറുതും വലുതുമായി വ്യക്തിപരമായ എന്റെ പല കാര്യങ്ങളിലും ഈ 'ആരെങ്കിലും' കുറെയായി കൈകടത്തുന്നു.

കേരളത്തിനകത്ത് എന്നതില്‍ നിന്ന് കേരളത്തിന് പുറത്തുള്ള മലയാളി എങ്ങനെ വ്യത്യസ്തനാകുന്നു? എന്തുകൊണ്ടാണ് മലയാളി, മലയാളിയുടെ മലയാളിത്വം അവന്‍ / അവള്‍ നില്‍ക്കുന്ന ഇടത്തിന് അനുസൃതമായി മാറ്റുന്നത് (അല്ലെങ്കില്‍ മാറ്റാന്‍ നിര്‍ബന്ധിതനാവുന്നത്)? തീര്‍ച്ചയായും നിലനില്‍പ്പിനായി when in Rome, more or less, one has to be a Roman എന്നാണെല്ലോ 'നാട്ടുനടപ്പ്'. എന്നാല്‍, റോമില്‍ പോകാതെ സ്വന്തം വീട്ടിലും നിലനില്പിനായി നമ്മള്‍ റോമാക്കാരായി ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നുവോ? മറുനാട്ടുക്കാരുടെ മുന്‍പില്‍ അഹങ്കാരത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന മലയാളിത്വത്തിന്റെ പൊരുള്‍ എന്താണ് അപ്പോള്‍? മര്യാദയും മര്യാദകേടും നമ്മള്‍ നിശ്ചയിക്കുന്നുവോ അതോ നമുക്ക് ചുറ്റുമുള്ള സമൂഹമോ? ആകയാല്‍ ഈ സമൂഹം ആരാകുന്നു? ഞാനും നീയും അടങ്ങുന്ന ഒന്നാകുന്നു നമ്മുടെ സമൂഹമെങ്കില്‍ എന്തുകൊണ്ട് നാം നമ്മളെ തന്നെ ഭയപ്പെടണം? സമൂഹത്തിലെ എന്ന് പറഞ്ഞ് അലിഖിതം പാലിക്കുന്ന നമ്മുടെ സന്‍മാര്‍ഗനിയമങ്ങള്‍ അപ്പോള്‍ ഞാനും നീയും പണ്ട് ഉണ്ടാക്കിയതായിരുന്നില്ലേ? കാലാനുസൃതം മാറേണ്ടവ? എനിക്ക് ബാധകമാകുന്ന നിയമങ്ങള്‍ അപ്പോള്‍ നിനക്കും തുല്യ ബാധകമല്ലേ?ഞാനും നീയും എന്ന് ഞാന്‍ തരംതിരിച്ചവര്‍ സ്ത്രീയും പുരുഷനും എന്ന രണ്ട് ചേരികള്‍ ആകുന്നില്ല. പലപ്പോഴും എനിക്കെതിരെ നില്‍ക്കുന്നത് മറ്റു സ്ത്രീകള്‍ തന്നെയാവുന്നുണ്ട്. അതുപോലെ തന്നെ മറുനാട്ടില്‍ ആണ്‍ / പെണ്‍സൌഹൃദങ്ങള്‍ യാതൊരു ശങ്കയോ ക്ലേശമോ കൂടാതെ വെച്ചുപുലര്‍ത്തുന്ന ഹിപ്പോക്രാറ്റുകളായ മലയാളികളും (ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ) . അടക്കി അധിക്ഷേപിക്കാന്‍ വയ്യ, നിന്നില്‍ ഞാനും എന്നില്‍ നീയുമുണ്ടല്ലോ.സ്വാതന്ത്ര്യം വ്യക്തിനിഷ്ടമാണ്, എന്റെ സങ്കല്പത്തിലെ സ്വാതന്ത്ര്യം എന്റെ അയല്‍ക്കാരന് സ്വാതന്ത്ര്യം ആകണമെന്നില്ലല്ലോ. അതിനാല്‍ ഡിയര്‍ മലയാളി, കേരളത്തിന് പുറത്ത് നീ ആഗ്രഹിക്കുന്ന ജീവിതം നീ ജീവിക്കുന്നെങ്കില്‍ അതിനു നീ മാത്രമാണ് കാരണം, കേരളത്തിനകത്ത് നീയത് ആഗ്രഹിക്കുന്നെങ്കില്‍, നിന്റെ കപടമലയാളിത്വം നിനക്കിവിടെ വര്‍ജ്ജിക്കാമെങ്കില്‍ ഇവിടെയും നിനക്ക് അതുപോലെ ജീവിക്കാനാകും. അതിന് പക്ഷെ കേരളത്തിന് പുറത്തെന്നപോലെ ഇവിടെയും നീ (അതായത് കേരളത്തിനുള്ളില്‍) നിന്റെ കാര്യം മാത്രം നോക്കി ജീവിച്ചാല്‍ മതി. നിനക്ക് ചുറ്റുമുള്ളവരെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങേണ്ട.കഴിയുമെങ്കില്‍ സഹായിച്ചോളൂ, പക്ഷെ ഇങ്ങനെ ഉപദ്രവിക്കരുത്; പ്ലീസ്!അഴിമുഖം പ്രസിദ്ധീകരിച്ച അനന്‍ജനയുടെ മറ്റൊരു ലേഖനം: നില്‍പ്പ് സമരം: ഒത്തുതീര്‍പ്പാകുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങള്‍(പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അനന്‍ജന)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories