TopTop
Begin typing your search above and press return to search.

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, വോളിബോള്‍ താരം; മാണിക്ക് ശേഷം പാല പിടിക്കാനിറങ്ങുന്ന മാണിയെ അറിയാം

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, വോളിബോള്‍ താരം; മാണിക്ക് ശേഷം പാല പിടിക്കാനിറങ്ങുന്ന മാണിയെ അറിയാം

കെഎം മാണിയോട് പാലയില്‍ മൂന്ന് തവണ തോറ്റതിന് ശേഷമാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ നാലാം അങ്കത്തിനൊരുങ്ങുന്നത്. എല്‍ഡിഎഫ് എന്‍സിപിക്ക് നല്‍കിയിരിക്കുന്ന സീറ്റില്‍ പാലാ സ്വദേശിയായ മാണി സി കാപ്പനെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 2006 മുതല്‍ ഇദ്ദേഹമാണ് തുടര്‍ച്ചയായി ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മാണി സാറിന്റെ സ്വന്തം പാലായില്‍ ജയമെന്നത് ഒരു വിദൂര സ്വപ്‌നം മാത്രമായി നില്‍ക്കുമ്പോഴാണ് ഒരു പോരാളിയുടെ വീറോടെ മാണി സി കാപ്പന്‍ മൂന്ന് തവണ അദ്ദേഹത്തിനെതിരെ മത്സരിക്കുകയും പരാജയം രുചിച്ച് മടങ്ങുകയും ചെയ്തത്.

മലയാള ചലച്ചിത്ര നിര്‍മ്മാതാവ്, അഭിനേതാവ്, മുന്‍ രാജ്യാന്തര വോളിബോള്‍ താരം എന്നിങ്ങനെ പല മേഖകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് മാണി സി കാപ്പന്‍ രാഷ്ട്രീയത്തില്‍ പയറ്റാനിറങ്ങുന്നത്. ഓവര്‍സീസ് സെല്‍ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് മാണി സി കാപ്പന്‍ ഇപ്പോള്‍. പാലാ മുനിസിപ്പാലിറ്റിയില്‍ കൗസിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എന്‍സിപി സംസ്ഥാന ട്രഷററായ മാണി സി കാപ്പന്‍ ഇരുപത്തഞ്ചോളം സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രം ബോറോലര്‍ഘര്‍ എന്ന പേരില്‍ അസാമി ഭാഷയില്‍ മാണി തന്നെ സംവിധാനം ചെയ്തിരുന്നു. 1960ല്‍ സീത എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. സൂപ്പര്‍ഹിറ്റുകളായിരുന്ന മേലേപ്പറമ്പില്‍ ആണ്‍വീട്, മാന്നാര്‍മത്തായി സ്പീക്കിംഗ്, കുസൃതിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. ഇതില്‍ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ മാന്നാര്‍ മത്തായി സ്പീക്കിംഗിന്റെ ഔദ്യോഗിക സംവിധായകന്‍ കൂടിയാണ് മാണി. ലാല്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിന്മാറുകയും ചിത്രത്തിന്റെ ക്രെഡിറ്റില്‍ തന്റെ പേര് ഒറ്റയ്ക്ക് വയ്ക്കുന്നതില്‍ സിദ്ധിഖ് വിമുഖത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് മാണി ഈ ചിത്രത്തിന്റെ സംവിധായകനായത്.

2001ല്‍ 22,301 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ എം മാണി ഉഴവൂര്‍ വിജയനെ പരാജയപ്പെടുത്തിയതോടെയാണ് മാണി സി കാപ്പനെ അങ്കത്തട്ടിലിറക്കാന്‍ എന്‍സിപി തീരുമാനിച്ചത്. കെ എം മാണി 52,838 വോട്ടുകള്‍ നേടിയപ്പോള്‍ ഉഴവൂര്‍ വിജയന്‍ 30,537 വോട്ടുകളാണ് നേടിയത്. 2006ല്‍ കെ എം മാണി 46,608 വോട്ടുകള്‍ നേടിയപ്പോള്‍ 38,849 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടി. കെ എം മാണിയുടെ ഭൂരിപക്ഷം 7759 ആയി കുറഞ്ഞു. 2011ലെ തെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ ഭൂരിപക്ഷത്തില്‍ വീണ്ടും ഇടിവ് വരുത്താന്‍ മാണി സി കാപ്പന് സാധിച്ചു. 5259 ആയി ഇക്കുറി മാണി സാറിന്റെ ഭൂരിപക്ഷം. കെ എം മാണി 61,239 വോട്ടുകള്‍ നേടിയപ്പോള്‍ മാണി സി കാപ്പന്‍ 55,980 വോട്ടുകള്‍ നേടി. 44.92 ശതമാനം വോട്ടുകളാണ് ഇക്കുറി മാണി സി കാപ്പന്‍ നേടിയത്. 2006ല്‍ ഇത് 42.96 ശതമാനമായിരുന്നു.

ബാര്‍ കോഴക്കേസ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച 2016ലെ തെരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷകളോടെയാണ് മാണി സി കാപ്പന്‍ ഒരിക്കല്‍ കൂടി കെ എം മാണിയെ നേരിട്ടത്. എന്‍ഡിഎ കൂടി വന്നതോടെ ത്രികോണ മത്സരമായി തീര്‍ന്ന അത്തവണ വോട്ട് ശതമാനം 38.76 ശതമാനമായി കുറഞ്ഞെങ്കിലും മാണി സി കാപ്പന്‍ വന്‍കുതിപ്പ് തന്നെയാണ് നടത്തിയത്. കെഎം മാണി 58,884 വോട്ടുകള്‍ നേടിയപ്പോള്‍ 54,181 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിയത്. കെ എം മാണിയുടെ ഭൂരിപക്ഷം 4703 ആയി കുറഞ്ഞു.

വിമര്‍ശനങ്ങളും ധാരളമേറ്റുവാങ്ങിയിട്ടുള്ള മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എന്‍സിപിക്കുള്ളില്‍ പോലും പ്രതിഷേധം ഉയര്‍ന്നിട്ടും അതിനെയെല്ലാം വെട്ടിയാണ് അദ്ദേഹം ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിയാകുന്നത്. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെതിരെ മാണി നടത്തിയിട്ടുള്ള പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന്റെ മുഖ്യകാരണം. വിജയനെ മാണി പലവട്ടം ജോക്കര്‍ എന്ന് വിളിച്ചിട്ടുണ്ടെന്നതാണ് അതിലൊന്ന്. ഉഴവൂരിനെ പോലെ ഒരു ജോക്കറിനെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉഴവൂരിന്റെ മരണ ശേഷവും മാണി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉഴവൂരിന്റെ പെട്ടെന്നുള്ള മരണത്തിന് പാര്‍ട്ടിക്കുള്ളിലെ ചിലരുടെ പെരുമാറ്റമാണെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് മാണി സി കാപ്പന്‍ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തിയത്. നിത്യരോഗിയായ ഉഴവൂരിനെ ആരെങ്കിലും തെറി പറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോയെന്നും മാണി അന്ന് ചോദിച്ചിരുന്നു.

പാലായില്‍ മാണിയുടെ ഭൂരിപക്ഷം കുറയ്ക്കുകയെന്നത് തന്നെ വിജയമായി കണക്കാക്കിയിരുന്ന കാലഘട്ടത്തില്‍ നിന്നും ജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാനാകാത്ത അവസ്ഥയിലാണ് എല്‍ഡിഎഫ് ഇപ്പോള്‍. അതിനാല്‍ തന്നെയാണ് കെഎം മാണിയുടെ ഭൂരിപക്ഷം ഓരോ തെരഞ്ഞെടുപ്പിലും കുറച്ചെടുത്ത് എല്‍ഡിഎഫ് അനുകൂല സാഹചര്യം മണ്ഡലത്തില്‍ സൃഷ്ടിച്ച പാലയുടെ 'കൊച്ചുമാണി'യെ തന്നെ അവര്‍ വീണ്ടും കളത്തിലിറക്കുന്നത്. മാണി സാര്‍ യുഗത്തിന് അവസാനം കുറിയ്ക്കാന്‍ ഈ കൊച്ചുമാണിക്ക് സാധിക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

also read:ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശ്രീറാം വെങ്കിട്ടറാമിനെതിരെ പരാതി; കൃത്യവിലോപം മറയ്ക്കാന്‍ വ്യാജരേഖ ചമച്ചെന്നും ആരോപണം


Next Story

Related Stories