TopTop
Begin typing your search above and press return to search.

ഈ കുട്ടികളുടെ പഠനം മുടങ്ങരുത്, ഇവിടെ മനുഷ്യര്‍ ചികിത്സ കിട്ടാതെ മരിക്കരുത്; വികസനപാതകള്‍ വെട്ടുന്ന സര്‍ക്കാര്‍ അറിയണം ഉറുമ്പിക്കരയിലെ ഒറ്റപ്പെട്ടുപോയ ഒരു ജനതയെ

ഈ കുട്ടികളുടെ പഠനം മുടങ്ങരുത്, ഇവിടെ മനുഷ്യര്‍ ചികിത്സ കിട്ടാതെ മരിക്കരുത്; വികസനപാതകള്‍ വെട്ടുന്ന സര്‍ക്കാര്‍ അറിയണം ഉറുമ്പിക്കരയിലെ ഒറ്റപ്പെട്ടുപോയ ഒരു ജനതയെ

കൊച്ചി മെട്രോയും ശബരി റെയിലും അടങ്ങിയ വികസന പാതകള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമായിരിക്കെ, നവീകരണം എങ്ങും എത്താതെ യാത്ര സൗകര്യം ദിനംപ്രതി ദുര്‍ഘടമായിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ഗ്രാമമുണ്ട് നമ്മുടെ കേരളത്തില്‍. ഇടുക്കി-കോട്ടയം എന്നീ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന കൊക്കയാര്‍ പഞ്ചായത്തിലെ മലയോര ഗ്രാമമായ ഉറുമ്പിക്കരയിലാണ് വികസന പാതകള്‍ സ്വപ്നം കണ്ടുകൊണ്ട് ഒരു കൂട്ടം ജനവിഭാഗം ഇവിടെ ദുരിത ജീവിതം അനുഭവിക്കുന്നത്. ടൂറിസം രംഗത്തും, വികസന രംഗത്തും കുതിച്ചുചാട്ടം നടത്തുന്ന ആധുനിക അവസ്ഥയിലും യാത്ര മാര്‍ഗം പോലുള്ള അടിസ്ഥാന സൗകാര്യത്തിനായി സമരങ്ങളും പ്രതിക്ഷേധങ്ങളും നടത്തുന്ന ഒരു ജനത ഇവിടെയുണ്ട്. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും അടങ്ങിയ ജനവിഭാഗമാണ് ഇവിടെ ജീവിക്കുന്നത്. ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ട് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ഇവര്‍ക്ക് പറയാനുള്ളത് ദുരിത പൂര്‍ണമായ ജീവിതത്തെ കുറിച്ചാണ്.

ഇടുക്കി ജില്ലയിലെ പീരുമേട് ബ്ലോക്കില്‍ കൊക്കയാര്‍ പഞ്ചായത്തിലെ ഉറുമ്പിക്കര ഒറ്റപ്പെട്ട മലയോര ഗ്രാമമാണ്. സുഖവാസ കേന്ദ്രത്തിന് ഏറെ അനുകൂലമായ ഇവിടെ പണ്ട് 200 ഓളം കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ പണിചെയ്ത് ഉപജീവന മാര്‍ഗം നയിച്ചിരുന്നു. ഇടയ്ക്കു വന്ന സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഉറുമ്പിക്കര എസ്റ്റേറ്റ് കമ്പനി ഒഴിവാക്കുകയും സമരം നടത്തിയ തൊഴിലാളികള്‍ക്ക് പണവും സ്ഥലവും നല്‍കി കമ്പനി ഒത്തു തീര്‍പ്പാകുകയും ചെയ്തു. എന്നാല്‍ ജീവിതച്ചെലവും നിലവാരവും വര്‍ധിച്ചതോടെ പല കുടുംബങ്ങളും ഇവിടുനിന്ന് മലയിറങ്ങി. തോട്ടങ്ങളും മറ്റും നിലച്ചതോടെ ഇന്നിവിടെ വസിക്കുന്നത് 80 ഓളം കുടുംബങ്ങള്‍ മാത്രമാണ്. പിന്നീട് ത്രിതല പഞ്ചായത്തുകള്‍ നവീകരണ പ്രവര്‍ത്തനം ഏറ്റെടുത്തെങ്കിലും എവിടെയും എത്തിയില്ല.

കൂലിപ്പണികൊണ്ട് കിട്ടുന്ന തുച്ഛമായ വരുമാനം യാത്രച്ചെലവിനുപോലും തികയാത്ത അവസ്ഥയാണ്. ഏന്തയാറില്‍ നിന്നും 9 കിലോമീറ്റര്‍ മല കയറിവേണം ഉറുമ്പിക്കരയിലെത്താന്‍. എന്നാല്‍ കുണ്ടും കുഴിയും നിറഞ്ഞു റോഡ് തകര്‍ന്നതിനാല്‍ ഇവിടേക്കുള്ള യാത്ര മാര്‍ഗം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. സമീപ പ്രദേശമായ ഏന്തയാറില്‍ നിന്നും ചുരുക്കം ചില ജീപ്പുകള്‍ മാത്രമാണ് ഉറുമ്പിക്കരയില്‍ എത്തുന്നത്. കാലവര്‍ഷം കനത്തതോടെ ഇവിടേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ആവിശ്യ സാധനങ്ങളും മറ്റും വാങ്ങുവാനായി ഗ്രാമവാസികള്‍ ആശ്രയിക്കുന്നതും 9 കിലോമീറ്റര്‍ അകലെയുള്ള ഏന്തയാറെന്ന ചെറു പട്ടണത്തെയാണ്. ആശുപത്രിയും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഒന്നും തന്നെ ഇവിടെയില്ല. അടിയന്തര ചികിത്സകള്‍ക്കും മറ്റും 23 കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കയം ആശുപത്രിയെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഉറുമ്പിക്കരയില്‍ നിന്ന് ഇവിടേക്ക് 1200 മുതല്‍ 1500 രൂപയോളം വണ്ടിച്ചെലവുണ്ട്. യാത്ര സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി പേര്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞിട്ടുണ്ട്. അവശത അനുഭവിക്കുന്നവരെയും, വാര്‍ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നവരെയും മാസത്തില്‍ ഒരിക്കല്‍ വരുന്ന ഹെല്‍ത് കെയര്‍ നഴ്‌സുമാരാണ് പരിചരിക്കുന്നത്. ഇവര്‍ക്കു കിട്ടുന്ന ഏക ചികിത്സയാണിത്.

ഒറ്റപ്പെട്ട മലപ്രദേശമായതിനാല്‍ അധികൃതര്‍ ആരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. മേഖലയിലെ 30 ഓളം കുട്ടികള്‍ക്ക് ഈ റോഡിലൂടെ 9 കിലോമീറ്ററോളം നടന്നു വേണം സ്‌കൂളിലെത്താന്‍. എന്നാല്‍, റോഡിന്റെ ശോചനീയാവസ്ഥ മൂലം യാത്ര ദുര്‍ഘടമാവുകയും അധ്യയനവര്‍ഷം തുടങ്ങി ഒരു മാസത്തോളം കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്തു. വടക്കേമല വഴി 3 കിലോമീറ്റര്‍ നടന്നാണ് ഇപ്പോള്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. കാട് നിറഞ്ഞ പാതയിലൂടെ സ്വയം വഴിയൊരുക്കി വേണം ഇതിലൂടെ നടക്കുവാന്‍. ഇഴ ജന്തുക്കളും മറ്റ് മൃഗങ്ങളുമുള്ള ഈ കാട്ടിലൂടെയുള്ള യാത്ര ഏറെ ദുര്‍ഘടം പിടിച്ചതാണ്. കുട്ടികളുടെ അവസ്ഥ കണ്ട സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് വന്നെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ മൂലം ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായരായി ഇരികുക്കയാണ്. എസ്എസ്എ ഇടുക്കി ജില്ലാ മേധാവികള്‍ ഇടപെട്ട് ഇടുക്കി ജില്ലയിലെ സ്‌കൂളിലേക്ക് കുട്ടികളെ മാറ്റുന്നതിനായി സര്‍വ ശിക്ഷ അഭിയാനില്‍ നിന്ന് ഫണ്ട് ലഭിക്കുമെന്ന് അറിയിച്ചിരുന്നെകിലും മികച്ച നിലവാരമുള്ള നിലവിലെ സ്‌കൂളില്‍ നിന്ന് കുട്ടികളെ മാറ്റുന്നതിനോട് പല രക്ഷിതാക്കളും സമ്മതക്കുറവ് പ്രകടിപ്പിച്ചു.

മാറി മാറി വരുന്ന സര്‍ക്കാരുകളും ഇവരുടെ ദുരിത ജീവിതത്തിന് ഒരു പരിധിവരെ കാരണക്കാരാണ്. ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും അനാസ്ഥ മൂലമാണ് ഒരു ജന വിഭാഗം ഇവിടെ നരക ജീവിതം അനുഭവിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കണ്ടു ആവിശ്യത്തിന് വേണ്ട നടപടി ക്രമങ്ങള്‍ എടുക്കുമെന്നും, വാഹനങ്ങള്‍ നല്‍കുമെന്നും ഇ എസ് ബിജിമോള്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്ര കാലം കഴിഞ്ഞിട്ടും ആരും തന്നെ ഇവിടേക്ക് തിരിഞ്ഞു പോലും നോക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ആവിശ്യപെട്ടുകൊണ്ട് എഫക്റ്റീവ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ വെംബ്ലി പോസ്റ്റ് ഓഫീസില്‍ നിന്ന് കുട്ടികളും ഗ്രാമവാസികളും ചേര്‍ന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നൂറു കണക്കിന് കത്തുകള്‍ അയക്കുകയും ജൈവമതിലില്‍ ഒപ്പുകള്‍ ചാര്‍ത്തി പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതരും സര്‍ക്കാരുകളും ഇവരെ പൂര്‍ണമായും അവഗണിച്ച മട്ടിലാണ്.

വികസനവും, നവീകരണങ്ങളും, ആധുനികതയുമെല്ലാം ഇവിടെ സ്വപ്നങ്ങള്‍ മാത്രം. സാമ്പത്തികമായും സാമൂഹികമായും ഒറ്റപ്പെട്ട ഈ ജനവിഭാഗത്തിന് യാത്ര സൗകര്യം ഉള്‍പ്പെടെയുള്ള പ്രാഥമിക അടിസ്ഥാന സ്വകാര്യങ്ങള്‍ എല്ലാം സ്വപ്നമായി അവശേഷിക്കുന്നു. വിദൂരതയില്‍ ആണെങ്കിലും പുതുവഴി തെളിച്ചുകൊണ്ട് ഒറ്റപ്പെടലില്‍ നിന്നും ഒത്തൊരുമയിലേക്ക് വരുന്ന കാലത്തെ സ്വപ്നം കണ്ട് ജീവിക്കുകയാണ് ഉറുമ്പിക്കരയിലെ ഒരു കൂട്ടം ജനങ്ങള്‍.


Next Story

Related Stories