Top

മാതൃഭൂമി റിപ്പോർട്ടർ അമൽ സംസാരിക്കുന്നു: 'മീൻ വിൽപ്പനക്കാരി ഇംഗ്ലീഷ് പറയുമ്പോൾ അസ്വസ്ഥരാകുന്നതാണ് ആ ആൾക്കൂട്ടം'

മാതൃഭൂമി റിപ്പോർട്ടർ അമൽ സംസാരിക്കുന്നു:
മനസ്സും മനസ്സാക്ഷിയുമില്ലാത്തവരാണ് ആൾക്കൂട്ടം. ചിന്തകളിൽ ഏകോപനമില്ലാത്തതിനാലാണ് ആൾക്കൂട്ടത്തിന് ആ സ്വഭാവം കൈവന്നത്. അതേസമയം തെരുവിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും ഈ ആൾക്കൂട്ടക്കൊലപാതകം സാധ്യമാണെന്ന് തെളിയിക്കുന്നതാണ് തമ്മനം ജംഗ്ഷനിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ജീവിതം.

ആദ്യം സോഷ്യൽ മീഡിയയിൽ പെൺകുട്ടിക്ക് വേണ്ടി സഹതാപ കണ്ണീരും പിന്തുണയും ഒഴുക്കിയ ആൾക്കൂട്ടം പിന്നീട് അവളെ കള്ളിയെന്ന് വിളിച്ച് കല്ലെറിയുകയും ചെയ്തു. അരുൺ ഗോപി തന്റെ പുതിയ ചിത്രത്തിൽ ഹനാന് അവസരം വാഗ്ദാനം ചെയ്തതോടെയാണ് ഈ ആൾക്കൂട്ട ആക്രമണത്തിന് ശക്തി കൂടിയത്.

മാതൃഭൂമിയിൽ ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്ത അമൽ കെ ആറിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല. അരുൺ ഗോപിയുടെ പുതിയ പ്രണവ് മോഹൻലാൽ ചിത്രത്തിന് വേണ്ടി അമൽ പണം വാങ്ങി നടത്തിയ പ്രചരണമായിരുന്നു ഈ വാർത്തയെന്നാണ് മുഖ്യമായും ആരോപണമുയർന്നത്. ഹനാന് എന്തെങ്കിലും സഹായം ലഭിക്കുകയെന്നതിനേക്കാൾ ആ പെൺകുട്ടിയുടെ ജീവിതത്തോടുള്ള പോസിറ്റീവ് സമീപനം പലർക്കും പ്രചോദനമാകുമെന്നാണ് താൻ ചിന്തിച്ചതെന്ന് അമൽ അഴിമുഖത്തോട് പ്രതികരിച്ചു. സത്യസന്ധമായി താൻ റിപ്പോർട്ട് ചെയ്ത വാർത്ത ഒരു വിഭാഗം തെറ്റിദ്ധരിച്ചതിലെ അമർഷവും അമൽ മറച്ചു വച്ചില്ല.

മുമ്പും പലപ്പോഴും അമലിന് വാർത്തകൾ വിളിച്ചു തന്നിരുന്ന ഒരാളാണ് ഹനാനെക്കുറിച്ചും വിവരം നൽകിയത്. ഫോട്ടോഗ്രാഫറെയും കൂട്ടി അവിടെയെത്തിയെങ്കിലും ഹനാൻ അന്നത്തെ കച്ചവടം കഴിഞ്ഞ് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. തുടർന്ന് പിറ്റേന്ന് അതായത് നേരത്തെ വരാൻ പെൺകുട്ടിയോട് നിർദ്ദേശിച്ച് അവർ മടങ്ങി. പെൺകുട്ടിയായതിനാൽ മുൻകൂട്ടി അനുമതി വാങ്ങിയാണ് താൻ ഹനാന്റെ ജീവിതത്തെക്കുറിച്ച് എഴുതിയതെന്ന് അമൽ വ്യക്തമാക്കി. ബുധനാഴ്ചത്തെ പത്രത്തിൽ തന്നെ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് പലയിടങ്ങളിൽ നിന്നും അന്വേഷണവും പെൺകുട്ടിക്ക് സഹായ വാഗ്ദാനവുമുണ്ടായതായി അമൽ പറയുന്നു. "അത് അപ്രതീക്ഷിതമായിരുന്നു. ഒരു പെൺകുട്ടിയുടെ കഠിനാധ്വാനത്തെക്കുറിച്ചാണ് ആ വാർത്തയിലൂടെ ജനങ്ങളെ അറിയിക്കാൻ ആഗ്രഹിച്ചത്. എന്നാൽ ആ കുട്ടിയെ സഹായിക്കാൻ തയ്യാറായി നിരവധി പേർ മുന്നോട്ടുവന്നു". വാർത്തയിൽ അമൽ ഹനാനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകിയിരുന്നു. ഹനാൻ അവതാരകയാണെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റാണെന്നും ജൂനിയർ ആർട്ടിസ്റ്റാണെന്നുമെല്ലാം അതിൽ വ്യക്തമാക്കിയിരുന്നു. ഇതൊന്നും കാണാത്ത ആളുകളാണ് പ്രശ്നമുണ്ടാക്കുന്നത്.

പല ഓൺലൈൻ മാധ്യമങ്ങളും മാതൃഭൂമിക്ക് ക്രെഡിറ്റ് നൽകാതെ പോലും ഈ വാർത്ത ഉപയോഗിച്ചിരുന്നു. ആ രീതിയിലും ഈ വാർത്ത കുറെയധികം പേരിലെത്തി. അന്ന് വൈകുന്നേരം താൻ ഹനാനെ കാണാൻ തമ്മനത്തെത്തിയെങ്കിലും അപ്പോഴേക്കും ചാനൽ പ്രവർത്തകരും സോഷ്യൽ മീഡിയ പ്രവർത്തകരും ആ പെൺകുട്ടിക്ക് ചുറ്റിലും കൂടിയിരുന്നു. കുട്ടി ചായ കുടിക്കാൻ അതിന് പിന്നാലെയും ക്യാമറ പോകുന്നത് താൻ പുറത്തു നിന്നും നോക്കിക്കാണുകയായിരുന്നുവെന്നും അമൽ പ്രതികരിച്ചു.

പക്ഷെ ഇതിനിടയിലെ ഹനാന്റെ സംസാരമാണ് ആളുകളെ പ്രകോപിതരാക്കിയതെന്ന് താൻ കരുതുന്നതായി അമൽ വ്യക്തമാക്കി. 'ആർ യു റെഡി' എന്നൊക്കെ കുട്ടി ചോദിക്കുന്നുണ്ടായിരുന്നു. അവർ ഒരു ആങ്കറായതിനാൽ തന്നെ അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഒരു മീൻ വിൽപ്പനക്കാരി ഇംഗ്ലീഷ് സംസാരിക്കുന്നതൊന്നും അംഗീകരിക്കാൻ ആ ആൾക്കൂട്ടം തയ്യാറല്ലയിരുന്നു. ചിലർ അവിടെ വച്ചുതന്നെ ആ പെൺകുട്ടിയെ പരിഹസിക്കുന്നുണ്ടായിരുന്നു.

അന്ന് വൈകുന്നേരത്തോടെയാണ് പ്രശ്നങ്ങൾ കേട്ടു തുടങ്ങിയത്. ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞപ്പോഴാണ് താനീക്കാര്യം അറിഞ്ഞതെന്നും അമൽ വ്യക്തമാക്കി. സത്യത്തിൽ എന്താണ് സംഭവമെന്ന് മനസിലാകാത്തതിനാൽ അമൽ അതിനെ കാര്യമായെടുത്തില്ല. പലരും വാർത്തയുടെ സത്യസന്ധതയെ ചോദ്യം ചെയ്തപ്പോൾ വിഷമം തോന്നി. മന്ത്രിമാരുടെ പിഎമാരാണെന്ന് പറഞ്ഞും ചിലർ വിളിച്ചു. പലരും ആ കുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചാണ് വിളിച്ചത്. കുട്ടിയുടെ അനുവാദത്തോടെ താനത് നൽകിയെന്നും അമൽ പറയുന്നു.

രാത്രിയായതോടു കൂടി തന്നെയും അരുൺ ഗോപിയെയും ഹനാനെയും ചേർത്ത് പുതിയ കഥകൾ വന്നതായി അമൽ ചൂണ്ടിക്കാട്ടുന്നു. "എന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മോഹൻലാലിനൊപ്പമുള്ളതാ, അരുൺ ഗോപിടെയും അത്തരത്തിലൊന്നാണ്. ഈ പ്രൊഫൈൽ പിക്ചറുകൾ ഉയർത്തിക്കാട്ടി മോഹൻലാലിന്റെ മകൻ അഭിനയിക്കുന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഞാൻ പണം വാങ്ങി തയ്യാറാക്കിയ വ്യാജ വാർത്തയാണെന്നായിരുന്നു പ്രചരണം". അമലിനും ഹനാനും അരുണിനുമെതിരായ ഈ ആൾക്കൂട്ട ആക്രമണത്തിന് കളമൊരുങ്ങിയത് സോഷ്യൽ മീഡിയയിലാണ്.

അരുൺ ഗോപി ഹനാന് സിനിമയിൽ അവസരം നൽകുന്നുവെന്ന് താനറിഞ്ഞത് പോലും മറ്റൊരു ഓൺലൈൻ മാധ്യമത്തിലൂടെയാണെന്നും അമൽ വ്യക്തമാക്കി. എന്നിട്ടും സഹിക്കാനാകാത്ത അസഭ്യ പ്രയോഗമാണ് തനിക്ക് നേരെയുണ്ടായതെന്നും അമൽ വെളിപ്പെടുത്തി. തന്നെ ടാഗ് ചെയ്തായിരുന്നു ഈ തെറിവിളികൾ ഏറെയും മെസഞ്ചറിലൂടെയുള്ള തെറി വിളി സഹിക്കാനാകാതെ മെസഞ്ചർ ഡിലീറ്റ് ചെയ്തെന്നും അമൽ വ്യക്തമാക്കി. താൻ പത്രത്തിലൂടെ പുറത്തുവിട്ട വാർത്തയ്ക്ക് വിശദീകരണം അതിലൂടെ തന്നെ മതിയെന്നായിരുന്നു ഹനാന്റെ നിലപാട്. അതിനാലാണ് സോഷ്യൽ മീഡിയയിലുയർന്ന ആരോപണങ്ങൾക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി പറയാതിരുന്നതെന്നും അമൽ വിശദീകരിച്ചു. അതേസമയം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി അമൽ ഇന്ന് ഫേസ്ബുക്കിൽ ഒരു വിശദീകരണക്കുറിപ്പ് ഇട്ടിട്ടുണ്ട്.

ഹനാനെക്കുറിച്ചുള്ള വാർത്ത വൈറലായപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പലരും മുന്നോട്ടു വന്നിരുന്നു. അരുൺ ഒരു ഫേസ്ബുക്ക് കമന്റായാണ് ഹനാന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തത്. ഡബ്ബിംഗ് ആണ് അരുൺ വാഗ്ദാനം ചെയ്തത്. എന്നാൽ ഹനാന് അഭിനയമാണ് താൽപര്യമെന്ന് അറിഞ്ഞതോടെ ഒരു വേഷം വാഗ്ദാനം ചെയ്യുകയായിരുന്നെന്നും അമൽ കൂട്ടിച്ചേർന്നു. താനും ഹനാനും അരുണും ചേർന്ന് കേരള സമൂഹത്തെ കബളിപ്പിച്ചുവെന്നാണ് ചിലരുടെ ആരോപണം. എന്നാൽ ഹനാൻ പഠിക്കുന്ന കോളേജിലെ മാനേജരോട് അന്വേഷിച്ചാണ് താൻ വാർത്ത നൽകിയതെന്നും അമൽ വ്യക്തമാക്കി.

https://www.azhimukham.com/trending-director-arun-gopi-talk-azhimukham/

Next Story

Related Stories