Top

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ...

ഷോ പോര ഡിസിപി മെറിന്‍; മാഡം പോയി ബര്‍സയെ കേള്‍ക്കൂ...
മെറിന്‍ ജോസഫ് ഐപിഎസിന്റെ രാത്രി യാത്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ മുഖ്യചര്‍ച്ച. മാതൃഭൂമി ഡിസിപിയ്ക്കും മറ്റ് രണ്ട് വനിതാ പോലീസുകാര്‍ക്കും പിന്നാലെ നടന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതും ഇന്ന് രാവിലെ പ്രസിദ്ധീകരിച്ചതും. മാതൃഭൂമി ഓണ്‍ലൈന്‍ ഈ ചിത്രങ്ങളും യാത്രയ്ക്കിടയുണ്ടായ സംഭവങ്ങളും വിവരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ അത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മെറിന്‍ അതീവ രഹസ്യമായി നടത്തിയ യാത്ര മാതൃഭൂമി ഫോട്ടോഗ്രാഫര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും മാത്രം കിട്ടുന്നത്ര തന്മയത്വം നാടകത്തിനുണ്ടായിരുന്നു.

സിവില്‍ പോലീസ് ഓഫീസര്‍മാരായ സബിത, സൗമ്യ എന്നിവരാണ് കോഴിക്കോട് റൂറല്‍ ഡിസിപി മെറിന്‍ ജോസഫിനൊപ്പം രാത്രി യാത്ര നടത്തി കോഴിക്കോട്ടെ ജനങ്ങളുടെ സ്ത്രീകളോടുള്ള പെരുമാറ്റം പഠിക്കാന്‍ ഇറങ്ങിയത്. പോലീസുകാര്‍ പോലും രാത്രിയില്‍ സിവില്‍ വേഷത്തില്‍ നഗരത്തിലൂടെ നടന്ന തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള പോലീസ് രഹസ്യമായി നടത്തിയ യാത്ര എന്തിന് മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിച്ച് മെറിന്‍ പ്രചരിപ്പിക്കുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. കൊച്ചിയില്‍ ബര്‍സ എന്നറിയപ്പെടുന്ന അമൃത ഉമേഷിനെയും മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമയെയും രാത്രിയില്‍ സഞ്ചരിച്ചെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ ഈ വിമര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നുമുണ്ട്. നാട്ടുകാരില്‍ നിന്നും ചിലയിടങ്ങളില്‍ മോശം സമീപനമുണ്ടായെങ്കിലും താന്‍ ഡിസിപിയാണെന്ന് തിരിച്ചറിയാതിരുന്ന പോലീസുകാരില്‍ നിന്നും നല്ല കരുതലാണ് ഉണ്ടായതെന്നാണ് മെറിന്‍ പറയുന്നത്. വളരെ മാന്യമായി സംസാരിച്ച അവര്‍ ഫ്‌ളാറ്റിലേക്ക് പോകുകയാണോ പോലീസിന്റെ സഹായം വേണോയെന്ന് വളരെ മാന്യമായി ചോദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒറ്റയ്ക്ക് ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് കാണിച്ച കരുതല്‍ വളരെ നല്ലകാര്യമായെന്ന് മെറിന്‍ജോസഫ് പറയുന്നു.

ഡിസംബര്‍ ഒന്നിന് എറണാകുളം നോര്‍ത്ത് ജനമൈത്രി പോലീസ് ആണ് ഒട്ടും മൈത്രിയില്ലാതെ സുഹൃത്തുക്കളായ പ്രതീഷിനെയും ബര്‍സയെയും കസ്റ്റഡിയിലെടുത്തത്. ബര്‍സയെ ജാതീയമായി അധിക്ഷേപിച്ച ഉദ്യോഗസ്ഥര്‍ പ്രതീഷിനെ വസ്ത്രം ധരിക്കാന്‍ പോലും അനുവദിക്കാതെ പുലര്‍ച്ചെ വരെ സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. രാത്രി കോഴിക്കോട് വടകരയിലുള്ള വീട്ടിലേക്ക് പോകാനായി റയില്‍വേസ്‌റ്റേഷനിലേക്ക് പോകുമ്പോഴാണ് ബര്‍സയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതീഷിനെ പോലീസ് പീഡിപ്പിച്ചത്. 'നീ അവളെക്കൊണ്ടുപോയി കുത്തിയിട്ട് തോന്നുന്ന പോലെ ഇറക്കി വിടുകയാണോ' എന്നാണ് പോലീസ് പ്രതീഷിനോട് ചോദിച്ചത്. ബര്‍സയുടെ സ്വകാര്യ ഡയറി ഉച്ചത്തില്‍ വായിച്ചും ഇരുവരെയും അപഹസിക്കുകയും ചെയ്തു.

http://www.azhimukham.com/trending-kerala-police-acting-like-moral-police-brutality-attacked-dalit-activist-journalist-opinion-dr-asaz/

ഈ പുകില്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഇന്നലെ കോഴിക്കോട് നഗരത്തില്‍ ഡിസിപി മെറിന്‍ ജോസഫിന്റെ നാടകം അരങ്ങേറിയത്. ബര്‍സയോടും പ്രതീഷിനോടും മോശമായി പെരുമാറിയ അതേ കേരള പോലീസ് മറ്റൊരു നഗരത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് കണ്ട മെറിന്‍ ജോസഫിനോട് അതേക്കുറിച്ച് ചോദിച്ചതുപോലുമില്ലെന്ന് പറയുന്നതില്‍ അല്‍പ്പം അതിശയോക്തി ഉണ്ട് എന്നു സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. 'ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിച്ച യുവതിയെ പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കാതെ മാതാപിതാക്കളെ വിളിച്ചുവരുത്താതെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിച്ച കേരള പോലീസിന് എത്ര ലൈക്ക് കൂട്ടുകാകരെ?' എന്നാണ് പ്രതീഷ് തന്നെ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.ഇന്നലെ രാത്രിയില്‍ പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ യുവാക്കള്‍ കൊച്ചി നഗരത്തില്‍ സ്വതന്ത്രമായി സഞ്ചരിച്ചും ഒത്തുകൂടിയും പ്രതിഷേധിച്ചിരുന്നു. അതേ രാത്രിയില്‍ തന്നെയാണ്‌ കോഴിക്കോട് യുവതിയായ പോലീസ് ഉന്നതോദ്യോഗസ്ഥ സ്വതന്ത്രമായി സഞ്ചരിക്കുകയും നാട്ടുകാരില്‍ നിന്നല്ലാതെ പോലീസില്‍ നിന്നും യാതൊരു വിധത്തിലുമുള്ള തിക്താനുഭവങ്ങളുമുണ്ടായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നത്. ഇത് പോലീസിനെ വെള്ളപൂശാനല്ലെങ്കില്‍ മറ്റെന്തിനാണ്. അല്ലെങ്കില്‍ ബീറ്റിന് വന്ന പോലീസുകാര്‍ ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന് അവര്‍ പറയുന്നത് ഒരു വലിയ നുണയാണെന്ന് പറയേണ്ടിവരും. മാതൃഭൂമി അതിലേക്ക് അബദ്ധത്തില്‍ ചെന്ന് ചാടിയതാണോ അല്ലെങ്കില്‍ പോലീസിന്റെ തട്ടിപ്പിന് കൂട്ടുനിന്നതാണോ?

http://www.azhimukham.com/offbeat-kerala-police-moralizing-casteism-transfobia/

Next Story

Related Stories