UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ ബാലകൃഷ്ണ പിള്ളയെ മുട്ടുകുത്തിച്ച മുന്‍ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്‍റ് അടൂരും കടന്ന് മാവേലിക്കരയെത്തുമ്പോള്‍; ചിറ്റയം ഗോപകുമാറിനെ അറിയാം

മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല അടൂര്‍. എന്നിട്ടും മാവേലിക്കര പിടിക്കാന്‍ ചിറ്റയത്തെ ഇറക്കുമ്പോള്‍, ചരിത്രത്തില്‍ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്

രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. നേടിയും പോയും ഇരുമുന്നണികളും അടൂരിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്നു. 1982 ല്‍ തെന്നല ബാലകൃഷ്ണ പിള്ള കോണ്‍ഗ്രസിനു വേണ്ടി തിരിച്ചു പിടിച്ച മണ്ഡലം 87 ല്‍ ആര്‍ ഉണ്ണികൃഷ്ണ പിള്ളയെക്കൊണ്ട് തെന്നലയെ തോല്‍പ്പിച്ചു സിപിഎം കൈപ്പിടിയിലാക്കിയപ്പോള്‍ 1991 ല്‍ അടൂരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കോണ്‍ഗ്രസ് ഇറക്കി. 91 ല്‍ മാത്രമല്ല, 96 ലും 2001 ലും 2006 ലും വിജയിച്ച് അടൂരിനെ തിരുവഞ്ചൂര്‍ യുഡിഎഫ് കോട്ടയാക്കി.

2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി. തിരുവഞ്ചൂരിന്റെ പകരക്കാരനായി കോണ്‍ഗ്രസ് അടൂരിലേക്ക് അയച്ചത് മുന്‍ മന്ത്രി കൂടിയായ പന്തളം സുധാകരനെയായിരുന്നു. അടൂരില്‍ നിന്നാണെങ്കില്‍ പന്തളവും നിയമസഭയില്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തുടര്‍ച്ചയായി തോല്‍വികള്‍ നേരിടേണ്ടി വന്നെങ്കിലും ഇത്തവണ മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന വാശിയിലായിരുന്നു മറുവശത്ത് സിപിഐയും.

ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വത്തിലുള്ള ആരെയെങ്കിലും കൊണ്ടുവരണമെന്ന തീരുമാനം എത്തിച്ചേര്‍ന്നത് ചിറ്റയം ഗോപകുമാറിലായിരുന്നു. പാര്‍ട്ടി അന്നു തന്നില്‍ അര്‍പ്പിച്ച വിശ്വാസം ചിറ്റയം തകര്‍ത്തില്ല. അതേ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനും ചിറ്റയം ഗോപകുമാര്‍ എത്തുന്നത്. അടൂരെന്ന പോലെ, മവേലിക്കരയും യുഡിഎഫിന്റെ മണ്ഡലമായി നിലനില്‍ക്കുമ്പോഴാണ് ചിറ്റയം മറ്റൊരു പോരാട്ടത്തിന് എത്തുന്നതെന്നതാണ് കൗതുകകരം.

കൊട്ടാരക്കാര സെന്റ്. ഗ്രിഗോറിയസ് കേളേജ് വിദ്യാഭ്യാസ കാലത്ത് എ ഐ എസ് എഫിലൂടെയാണ് ചിറ്റയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. പിന്നീട് എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റിയംഗം, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നു. കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നും വരുന്ന ചിറ്റയത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. കൊല്ലത്തെ കര്‍ഷക-കശുവണ്ടി തൊഴിലാളികള്‍ക്കിടയിലായിരുന്നു ചിറ്റയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കര്‍ഷക തൊഴിലാളി, കശുവണ്ടി തൊഴിലാളി, ചെത്ത് മദ്യ വ്യവസായ തൊഴിലാളി ട്രേഡ് യൂണിയനുകളുടെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് എത്തുന്നതും അങ്ങനെയാണ്. 2006 ലെ വി എസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കശുവണ്ടി തൊഴിലാളി കേന്ദ്ര കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

സംഘടന-തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ചിറ്റയം പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത് 1995 ല്‍ ആണ്. കൊട്ടാരക്കര പഞ്ചായത്ത് ഭരണം ആര്‍ ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ കൈപ്പിടിയിലായിരുന്നുവെങ്കിലും 95 ല്‍ കഥ മാറി. പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. ചിറ്റയം ഗോപകുമാര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.

പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ചിറ്റയം സ്വന്തമാക്കിയ വലിയ നേട്ടം തന്റെ ജനകീയത വര്‍ദ്ധിപ്പിച്ചു എന്നതായിരുന്നു. ജനങ്ങള്‍ക്കിടിയല്‍ വന്‍ സ്വീകാര്യതയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഇതിനൊരു തെളിവാണ് സാക്ഷാല്‍ ബാലകൃഷ്ണ പിള്ളയുടെ 2006 ലെ തോല്‍വി. കൊട്ടാരക്കരയില്‍ ഐഷ പോറ്റി ബാലകൃഷ്ണ പിള്ളയെ അട്ടിമറിക്കുമ്പോള്‍ ജില്ലയിലെ പ്രധാന നേതാവ് കൂടിയായിരുന്ന ചിറ്റയമായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചത്. തന്റെ സംഘടനാമികവും ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനവും ചേര്‍ത്ത് ചിറ്റയം ഐഷ പോറ്റിയുടെ വിജയം ഉറപ്പിച്ചു(അതേ ബാലകൃഷ്ണ പിള്ള ഇന്ന് മാവേലിക്കര മണ്ഡലത്തില്‍ ചിറ്റയത്തിന്റെ വിജയത്തിനായി ഒപ്പം നിന്നു പ്രവര്‍ത്തിക്കുന്നൂ എന്നത് മറ്റൊരു രാഷ്ട്രീയ തമാശ). ഇപ്പോഴും ചിറ്റയം എന്ന നേതാവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്നത് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം എന്നാണ്.

എന്നാല്‍, 2011 ല്‍ അടൂരില്‍ സ്ഥനാര്‍ത്ഥിയാക്കുമ്പോള്‍ ചിറ്റയം നല്ലൊരു പോരാട്ടം കാഴ്ച്ചവയ്ക്കും എന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ കുറവായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി ആരെന്നതല്ല, ആ മണ്ഡലത്തിന് യുഡിഎഫിനോടുള്ള താത്പര്യമായിരുന്നു ആശങ്കയ്ക്ക് കാരണം. പോരാത്തതിന് അടൂരില്‍ ചിറ്റയം പുതുമുഖവുമാണ്. സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തിയെടുക്കുക എന്നിനു തന്നെ ഏറെ സമയം വേണ്ടതുണ്ട്. എന്നാല്‍ പാര്‍ട്ടിയെ പോലും ഞെട്ടിച്ചാണ് ചിറ്റയം അടൂരിനെ തന്നോട് അടുപ്പിച്ചത്. പോകെ..പോകെ…പാര്‍ട്ടിക്കും നിരക്ഷീകര്‍ക്കും അത് മനസിലാവുകയും ചെയ്തു. ഒടുവില്‍ ഫലം വന്നപ്പോള്‍ ആ യുഡിഎഫ് കോട്ടയില്‍ പന്തളം സുധാകരന്‍ തോറ്റൂ. വെറും 602 വോട്ടിന്! പന്തളത്തിന്റെ തോല്‍വി ചെറിയ മാര്‍ജിനില്‍ ആയിരുന്നുവെന്നു ആശ്വാസപ്പെട്ടവരും അുപോലൊരു മണ്ഡലത്തില്‍ വന്ന് പുതുമുഖമായ ചിറ്റയം നേടിയ വിജയത്തില്‍ അമ്പരന്നു. രാഷ്ട്രീയ സാഹചര്യത്തിനൊപ്പം തന്റെ ജനകീയത കൂടിയാണ് ചിറ്റയത്തിന് അവിടെ തുണയായത്. എനിക്ക് ഇവിടെ വന്ന് ഒരു അടൂരുകാരനായി മറാന്‍ അധികം സമയം വേണ്ടി വന്നില്ലെന്നും ഇപ്പോള്‍ ഞാനൊരു അടൂരുകാരനാണെന്നും വിജയത്തിനുശേഷം പറഞ്ഞ ചിറ്റയത്തിന്റെ വാക്കുകള്‍ സത്യമായിരുന്നുവെന്ന് തെളിഞ്ഞത് 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ്. ആദ്യമത്സരത്തില്‍ 602 ആയിരുന്നു ഭൂരിപക്ഷമെങ്കില്‍ രണ്ടാം അങ്കത്തില്‍ അത് 26,000 മുകളില്‍ ആയിരുന്നു ചിറ്റയത്തിന്റെ ഭൂരിപക്ഷം.

മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല അടൂര്‍. എന്നിട്ടും മാവേലിക്കര പിടിക്കാന്‍ ചിറ്റയത്തെ ഇറക്കുമ്പോള്‍, ചരിത്രത്തില്‍ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്നും വന്ന് അടൂര്‍ എന്ന യുഡിഫ് കോട്ട പിടിക്കാന്‍ കഴിഞ്ഞൊരാള്‍ക്ക് അടൂരില്‍ നിന്നും വന്നു മാവേലിക്കരയും പിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. സിറ്റിംഗ് എംപിയായ കൊടിക്കുന്നേല്‍ സുരേഷ് തന്നെ വീണ്ടും മത്സരിക്കുമെന്നു കരുതുന്ന മാവേലിക്കരയില്‍ യുഡിഎഫിന് വിജയ പ്രതീക്ഷ തന്നെയാണുള്ളതെങ്കിലും ചിറ്റയത്തിലൂടെ ആ പ്രതീക്ഷ തകര്‍ക്കുമെന്നാണ് ഇടതുപക്ഷവും സിപിഐയും ഉറപ്പിച്ച് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍