തിരുവനന്തപുരം മേയറും കൂട്ടരും സംഘടിപ്പിച്ച പ്രളയദുരിതാശ്വാസ സാധനങ്ങൾ ഇനിയും കയറ്റി അയയ്ക്കാൻ ബാക്കി. മേയർ വികെ പ്രശാന്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് ലൈവിൽ പറയുന്നതു പ്രകാരം നാൽപ്പത്തിനാലാമത്തെ ലോഡാണ് ഇപ്പോൾ ഫിൽ ചെയ്തു കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതം അനുഭവിക്കുന്ന മലബാർ മേഖലയിലേക്കാണ് ഈ ലോഡുകളെല്ലാം പോകുന്നത്.
സാധനങ്ങള്‍ കോർപ്പറേഷൻ ഓഫീസിൽ നിറഞ്ഞ് വെക്കാൻ പോലും സ്ഥലമില്ലാതെ വിഷമിക്കുകയാണ്. സംഭരണകേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. യുവാക്കളടങ്ങുന്ന വൻ സംഘം തുടർച്ചയായി ശേഖരണ പ്രവർത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏർപ്പെടുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ സംഭരണ കേന്ദ്രം കഴിഞ്ഞ ദിവസം സന്ദർശിക്കുകയും ചെയ്തിരുന്നു. ആപത്ത് നേരിടുന്ന സഹോദരങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.