TopTop

'ഞങ്ങളുടെ മക്കള്‍ടെ ഭാവി കൊണ്ടാണ് ഇവര്‍ കളിക്കുന്നത്; ഞങ്ങള്‍ക്കെങ്ങനെ ആശങ്ക ഇല്ലാതിരിക്കും?'

'പട്ടിണി കിടന്നു പഠിച്ചാണ് എന്റെ മോള് ഈ റാങ്ക് മേടിച്ചത്. രണ്ടായിരത്തി അഞ്ഞൂറ്റിയന്‍പതാമത്തെ റാങ്ക് ഉണ്ട്. ഇല്ലാത്ത പൈസ കടം മേടിച്ചാണ് ഈ അഞ്ച് ലക്ഷവും കൊണ്ട് ഞങ്ങളിവിടെ ഇരിക്കുന്നത്. അപ്പോഴാണ് പിന്നെയും ആറു ലക്ഷത്തിന്റെ കണക്ക്. പൈസ ഉള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ സര്‍ക്കാര്‍ പറയുന്നത്.'

ആ അമ്മ പറയുമ്പോള്‍ തൊട്ടടുത്ത് ഇരുപ്പുണ്ട് എംബിബിഎസ് പ്രവേശനം എന്ന ആശങ്ക നിറഞ്ഞ മനസുമായി അവരുടെ മകള്‍. ഒന്നും പറയാനില്ലാതെ, തല കുനിച്ച്; ഞങ്ങളൊക്കെ സംസാരിച്ചിട്ട് എന്താകാനാ? എന്നുമാത്രം ചോദിച്ചു.

ഒരു പുതിയ കോഴ്‌സിനു പ്രവേശനം നേടാനെത്തുന്നവരുടെ സന്തോഷമൊന്നും ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കണ്ട വിദ്യാര്‍ത്ഥികളുടെയോ അവരുടെ രക്ഷകര്‍ത്താക്കളുടെയോ മുഖത്തില്ലായിരുന്നു. എല്ലാവരുടെയും മുഖത്ത് ആശങ്ക മാത്രം. ആരെയൊക്കെയോ ഭയപ്പെടുന്നതുപോലെയാണ് മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനം. 'അയ്യോ, ഞങ്ങള്‍ ഇനി എന്തെങ്കിലും പറയണം, അത് വാര്‍ത്തയാകണം. അത് കാരണം ഇനി ഇവിടെ വല്ല പ്രശ്‌നവും ഉണ്ടായാല്‍ ഈ കാശ് മുടക്കിയതൊക്കെ വെറുതെ ആകും.';
ഈ അമ്മയുടെ വാക്കുകള്‍ തന്നെയാണ് അതിനുദ്ദാഹരണം.

സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന ഓഫീസില്‍ നിന്നും മൈക്ക് ടെസ്റ്റ് ചെയ്യുന്ന ശബ്ദം കേട്ടാല്‍ തന്നെ ആ പരിസരം നിശബ്ദമാകും. എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയാന്‍ ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്ന കുറെ മനുഷ്യര്‍. സ്‌പോട്ട് അഡ്മിഷന്‍ ഹാളില്‍ നിന്നും പലപ്പോഴായി രക്ഷിതാക്കള്‍ ആശങ്കപ്പെടെണ്ടതില്ല എന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും പുറത്തു നില്‍ക്കുന്നവരുടെ ഉള്ള് തണുക്കുന്നില്ല.'അവര്‍ ഓരോ സമയം ഓരോന്ന് വിളിച്ചു പറയുകയാണ്. എന്റെ റാങ്ക് ഉള്‍പ്പെട്ട നമ്പര്‍ വിളിക്കുമ്പോള്‍ പോകാന്‍ കാത്താണ് ഞാന്‍ നില്‍ക്കുന്നത്. അഡ്മിഷന്‍ ലഭിച്ചാല്‍ തന്നെ ഈ പതിനൊന്നു ലക്ഷം എന്ന ഭീമമായ തുക എങ്ങനെ അടയ്ക്കുമെന്ന് അറിയില്ല. എല്ലാ വര്‍ഷവും ഇത് തന്നെ അടയ്‌ക്കേണ്ടി വരുമെന്നാണ് പറയുന്നതെങ്കില്‍ എനിക്ക് ഇതു വേണ്ടാന്ന് വെയ്ക്കാനെ പറ്റുകയുള്ളു. ലോണ്‍ എടുത്തു പഠിച്ച് അവസാനം ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ടാലും തിരിച്ചടയ്ക്കാന്‍ കഴിയാതെ നടക്കേണ്ടി വരും. എട്ടാം ക്ലാസ്സ് മുതല്‍ തുടങ്ങിയതാണ് ഈ നെട്ടോട്ടം. അവസാനം കഷ്ടപെട്ടു പഠിച്ച് ഒരു റാങ്ക് വാങ്ങിയിട്ടും പഠിക്കാന്‍ മാത്രം വിധിയില്ല. ആരോട് ചോദിച്ചാല്‍ ഇതിനൊക്കെ ഉത്തരം കിട്ടുമെന്നറിയില്ല';
പേരു പറയാന്‍ മടിയോടെ ഒരു വിദ്യാര്‍ത്ഥി തന്റെ അവസ്ഥ പങ്കുവച്ചു.

നീറ്റ് പരീക്ഷ വലിയ പ്രതീക്ഷയാണ് നല്‍കിയത്. പല പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അടയ്ക്കുന്ന ഫീസ് ലാഭിക്കാം. റാങ്ക് ലിസ്റ്റ് ഒന്നേ കാണുകയുള്ളൂ. തീര്‍ത്തും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം അഡ്മിഷന്‍. പക്ഷെ ഒടുവില്‍ ഇങ്ങനെയൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചില്ല; തകിടം മറിഞ്ഞുപോയ പ്രതീക്ഷകള്‍ നല്‍കിയ നിരാശ പങ്കുവച്ചു ചിലര്‍.

'ബാങ്ക് ഗ്യരന്റി പതിനഞ്ചു ദിവസത്തിനകം എത്തിച്ചാല്‍ മതിയെന്നും, ഫീസ് നിര്‍ണയിക്കാനുള്ള ഉത്തരവാദിത്ത്വം അഡ്മിഷന്‍ കമ്മറ്റിക്കാണെന്നും, രക്ഷിതാക്കള്‍ ആശങ്കപ്പെടെണ്ടതില്ല എന്നുമാണ് ഇവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് എങ്ങനെ ആശങ്ക ഇല്ലാതിരിക്കും. ഞങ്ങളുടെ ആശങ്ക അകറ്റാന്‍ ഇവരെന്താണ് ചെയ്യുന്നത്. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. ഇന്ന് ചെയ്യാനുള്ളത് രണ്ട് ദിവസം കഴിഞ്ഞു ചെയ്താല്‍ മതിയെന്ന് പറയുമ്പോള്‍ എങ്ങനെയാണ് ഞങ്ങളുടെ ആശങ്ക മാറുന്നതെന്നു മനസിലാകുന്നില്ല. അഡ്മിഷന്‍ കമ്മിറ്റി തീരുമാനമെടുത്തു ഫീസ് പഴയപടി ആക്കനൊന്നും പോകുന്നില്ലലോ. പിന്നെന്തു സമാധാനമാണ് ഞങ്ങള്‍ക്കുള്ളത്.
'; രോഷവും നിരാശയും കലര്‍ന്ന ചോദ്യം.'സര്‍ക്കാര്‍ ഞങ്ങളുടെ ഒപ്പമാണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്. ഈ കാര്യത്തില്‍ ഭരണപക്ഷവുമില്ല പ്രതിപക്ഷവുമില്ല. എല്ലാരും ഒന്നുതന്നെ. ഞങ്ങളുടെ മക്കളുടെ ഭാവിയും ജീവിതവും വച്ചാണ് അവര്‍ കളിക്കുന്നത്. ഞങ്ങള്‍ ദിവസങ്ങളായിട്ട് ഇവിടെയുണ്ട്. ഞങ്ങളുടെ മക്കളുടെ ഭാവിയെ ഓര്‍ത്ത്. ഞങ്ങള്‍ കാണിക്കുന്ന പ്രതിബദ്ധതയുടെ നൂറില്‍ ഒരംശം സര്‍ക്കാരിന് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ നെട്ടോട്ടം ഓടേണ്ടി വരുമായിരുന്നോ? ഓരോ വര്‍ഷവും ഇവരിങ്ങനെ ഫീസ് കൂട്ടുകയാണ്. എന്ത് അടിസ്ഥാനത്തില്‍. ആരെങ്കിലും ചോദിക്കാനുണ്ടോ. സര്‍ക്കാരിന് അത് അന്വേഷിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വമില്ലേ. അതെന്താ ചെയ്യാതെ. അപ്പോള്‍ തന്നെ മനസിലാകുന്നില്ലേ ഇവരൊക്കെ ആരുടെ വശത്താണെന്ന്;
മറ്റൊരു രക്ഷകര്‍ത്താവിന്റെ പ്രതിഷേധം.

നിങ്ങള്‍ക്ക് പ്രതിഷേധിച്ചു കൂടെ എന്നൊരു ചോദ്യത്തിനുളള മറുപടി ഇങ്ങനെയായിരുന്നു; 'ആരോട് പ്രതിഷേധം അറിയിക്കാനാണ്. ഞങ്ങള്‍ തമ്മില്‍ തമ്മിലോ? ഈ കുട്ടികള്‍ പഠിച്ച ഡോക്ടര്‍മാര്‍ ആകണമെന്നതാണ് ആകെയുള്ള ആഗ്രഹം. അതും ഞങ്ങള്‍ക്കു മാത്രം. സര്‍ക്കാരിനില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്ര മാസം സമയം കിട്ടിയിട്ടും ഈ അവസാന നിമിഷം കുട്ടികളെ വെട്ടിലാക്കുമായിരുന്നോ. മെറിറ്റ് അടിസ്ഥാനത്തില്‍ കഴിവുള്ള കുട്ടികള്‍ പഠിക്കട്ടെ എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇവിടെ സാമ്പത്തിക മെറിറ്റ് അല്ലേ നോക്കുന്നത്. പൈസ അടയ്ക്കാന്‍ പറ്റാത്തവര്‍ പഠിക്കണ്ട എന്ന നിലപാടല്ലേ കോടതിക്ക്. ഇന്നലെ ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ വിളിക്കാത്ത നേതാക്കള്‍ ഇല്ല. ഒരാളു പോലും ഞങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സന്നദ്ധത കാണിച്ചില്ല. പ്രതികരിക്കാത്തവര്‍ വരെയുണ്ട്. അപ്പോള്‍ ഇവര്‍ ഈ കാണിക്കുന്നതൊക്കെ വെറുതെയല്ലേ'.


അഡ്മിഷനു വേണ്ടി കാത്തിരിക്കുന്നവരുടെ നീണ്ട നിരയുണ്ട്. എങ്കിലും ഭൂരിഭാഗം പേരും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും- ഒന്നും മിണ്ടാന്‍ തയ്യാറാകുന്നില്ല. ഞങ്ങളോടല്ല, ഞങ്ങള്‍ ചോദിക്കുന്നതിന് നിങ്ങളൊക്കെയാണ് ഉത്തരം തരേണ്ടത്; അവരില്‍ ചിലര്‍ ഉയര്‍ത്തുന്ന വാദമാണ്.

ഇരുന്നിടത്തു നിന്ന് മാറാന്‍ പോലും ആരും തയ്യാറാകുന്നില്ല. എപ്പോള്‍ വേണമെങ്കിലും റാങ്ക് വിളിക്കാം. കാത്തിരുന്നാല്‍ തന്നെ വിളിക്കാതെ മടങ്ങേണ്ട അവസ്ഥയും ഉണ്ടാകാം. അഡ്മിഷന്‍ ഓഫീസില്‍ നിന്നും പുറത്തേക്കു വരുന്ന ഓഫീസര്‍മാരുടെ പുറകെ നടന്നു കാര്യങ്ങള്‍ തിരക്കുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ കുട്ടികളുടെ മുഖത്തെ നിരാശയാണ് ഈ പ്രശ്‌നം എത്രമാത്രമാണ് ഒരു വിദ്യാര്‍ത്ഥിയെ ബാധിച്ചിരിക്കുന്നു എന്ന അറിവ് നമുക്ക് നല്‍കുന്നത്. പല ഇടത്തും കുട്ടികള്‍ക്ക് വേണ്ടി സംസാരിക്കുന്നതു രക്ഷിതാക്കളാണ്. ഭക്ഷണവും ഉറക്കവുമില്ലാതെ അവര്‍ പഠിച്ചു നേടിയ സീറ്റ് മുന്നില്‍ നിന്ന് ഇല്ലാതാകുമോ എന്ന ഭീതി എല്ലാരുടെയും കണ്ണിലുണ്ട്.'ഈ വിധി നല്‍കിയ ജഡ്ജ് തന്നെയല്ലേ പണ്ട് സ്വാശ്രയ കോളേജിനു വേണ്ടി വാദിച്ചിരുന്നത്. മാനേജ്മന്റ് സീറ്റിലേക്ക് ഫീസ് കൂട്ടി ചോദിക്കുമ്പോള്‍ എങ്ങനെയാണു ഞങ്ങളുടെ എല്ലാരുടെയും ഫീസ് കൂടുന്നത്. ഈ പതിനൊന്നു ലക്ഷം വരെ ഫീസ് ആകാമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ വക്കീലിന് ഒന്നും പറയന്നിലായിരുന്നോ. ഇവരൊക്കെ എന്താ ഞങ്ങളുടെ ഇത്രേം വര്‍ഷത്തെ ശ്രമത്തെ ഇത്ര നിസാരമായി ആണോ കാണുന്നത്. ഒറ്റ തവണ എഴുതി ജയിച്ചവര്‍ മുതല്‍ മൂന്നും നാലും തവണ എഴുതി കിട്ടിയവരുണ്ട് ഇവിടെ. ഞങ്ങളുടെ ഈ ആശങ്കകള്‍ എന്താ സര്‍ക്കാരിന് മനസിലാകാത്തത്. വെറുതെ സര്‍ക്കാര്‍ ഞങ്ങളോടോപ്പമാണെന്നു പറഞ്ഞിട്ട് കാര്യമുണ്ടോ. പ്രവര്‍ത്തിയിലും അതുവേണ്ടേ. ആരോടെങ്കിലുമൊക്കെ ഇതെല്ലാം വിളിച്ചു പറയുമ്പോ എന്തോ ഒരു സമാധാനം.'
; ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യമാണ്.

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരവും ഇവരുടെ ഉള്ളിലെ ആശങ്കകളും തീര്‍ക്കാന്‍ ഒരാള്‍ പോലും വരുന്നില്ല എന്നതാണ് ഇവിടെ കൂടിയിരിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഏറ്റവും അധികം വേദനിപ്പിക്കുന്നത്. ആരും സഹായിക്കാനില്ലാതെ, എല്ലാ ആഗ്രഹങ്ങളും നശിച്ചുപോകുമോയെന്ന ഭയമാണ് ഇവര്‍ക്ക്. ഈ ഭയം അവരില്‍ നിന്ന് ഇല്ലാതാക്കണം. അവര്‍ കണ്ട് സ്വപ്‌നം യാഥാര്‍ത്ഥ്യമാകണം. സര്‍ക്കാരിന്‌ ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇതു പറയുന്നത്.

Next Story

Related Stories