TopTop
Begin typing your search above and press return to search.

“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

“ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണവന്‍ ചോദിച്ചത്”; ദുരന്തരാത്രിയെ ഓര്‍മിച്ച് കവളപ്പാറക്കാര്‍, ഇനി എങ്ങോട്ട് പോകും?

"ആഗസ്ത് എട്ട് വ്യാഴാഴ്ച ജീവിതത്തില്‍ ഒരിക്കലും ഇനി മറക്കാന്‍ പറ്റില്ല. ഉരുള്‍പൊട്ടിയ ചളിയും വെള്ളവും ഒഴുകി വന്ന് തോടുകളൊക്കെ വീതി കൂടി കുത്തിയൊലിക്കുകയാണ്. ഗതി മാറി വേറെ ഏതൊക്കെയോ വഴിയിലൂടെയാണ് ഒഴുകുന്നത്. അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ കടക്കാന്‍ സാധിക്കുന്നില്ല. വീടുകളിലും കുന്നിന്റെ മേലെയും ഒക്കെയായി ഒറ്റപ്പെട്ടുപോയ ബാക്കിയുള്ളവരെ ജീവനോടെ രക്ഷിക്കണോ, മണ്ണിനടിയില്‍ പെട്ടുപോയവരെ എവിടെയെന്നു കണ്ടെത്തി പുറത്തെടുക്കാന്‍ നോക്കണോ, അതോ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിളിച്ചറിയിക്കണോ എന്നൊന്നും തീരുമാനിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് ഒരുതവണ ഫയര്‍ഫോഴ്‌സില്‍ വിളിച്ച് കാര്യം പറഞ്ഞു. സ്ഥലം ചോദിച്ചപ്പോള്‍ കവളപ്പാറയെന്നും പറഞ്ഞു. അതെവിടെയാണ്, ഞങ്ങളുടെ മാപ്പില്‍ അങ്ങനെയൊരു സ്ഥലം കാണുന്നില്ലല്ലോ എന്നാണ് ഫയര്‍ഫോഴ്‌സുകാര്‍ ആദ്യം തിരിച്ചു ചോദിച്ചത്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പുറത്താര്‍ക്കും അറിയാത്ത, പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലമായിപ്പോയില്ലേ."

മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഷ്‌റഫിന്റെയും പ്രശാന്തിന്റെയും അനുഭവമാണിത്. ഭൂപടങ്ങളില്‍പ്പോലും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലായിരുന്ന ഭൂദാനത്തെ കവളപ്പാറ എന്ന സ്ഥലം പക്ഷേ വളരെ പെട്ടെന്നാണ് ഒരു സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ നേടിയത്. മണ്ണിനടിയില്‍പ്പെട്ട് ശ്വാസം മുട്ടി മരിച്ചവരില്‍ 48 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ മുത്തപ്പന്‍ കുന്നില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പതിനൊന്നു പേരെ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ഥലം ലഭിച്ചവരും, പിന്നീട് അവരില്‍ നിന്നും സ്ഥലം വാങ്ങി ഇങ്ങോട്ടെത്തിയവരും, പണിയ ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന കവളപ്പാറ കോളനിയുമെല്ലാം അപകടത്തില്‍പ്പെട്ട് ജീവനും സമ്പത്തും നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞെങ്കിലും, ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുന്ന ഇവിടത്തുകാരുടെ ജീവിതം ഇനി ഒരിക്കലും പഴയപടിയായിരിക്കുകയില്ല. ഒപ്പമുണ്ടായിരുന്നവരെ നഷ്ടപ്പെട്ട വേദനയിലും അപകടത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ തങ്ങളാലാകുന്ന തരത്തില്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. ജനിച്ചു വളര്‍ന്ന മുത്തപ്പന്‍ കുന്നിലേക്ക് ഇനി തിരിച്ചുവരാനാകില്ലെന്ന വസ്തുത ഇവരെല്ലാം ഏറെക്കുറെ ഉള്‍ക്കൊണ്ടു കഴിഞ്ഞു, അക്കാര്യത്തില്‍ ഏറെ ദുഃഖമുണ്ടെങ്കിലും. മുത്തപ്പന്‍ കുന്നിന് വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഇവര്‍ക്കു ചിലതു പറയാനുണ്ട്. തങ്ങളെ ഈയവസ്ഥയിലെത്തിച്ച ഉരുള്‍പൊട്ടലിനു പിന്നിലെ കാരണങ്ങളെന്താണെന്നതിനെക്കുറിച്ചും ഇവര്‍ക്ക് സ്വന്തമായ വിശദീകരണങ്ങളുണ്ട്. മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ച ഓരോരുത്തരുടെ അനുഭവകഥകള്‍ക്കും കേരളം ചെവികൊടുക്കേണ്ടതുണ്ട്.

'മരിച്ചാലും സാരമില്ല, കവളപ്പാറയ്ക്കു തിരികെപ്പോകും എന്നു പറയുന്നവരുണ്ട്'

പണിയ ഗോത്രവിഭാഗക്കാരുടെ കവളപ്പാറ കോളനിയ്ക്കാണ് മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം വിലകൊടുക്കേണ്ടിവന്നത്. കോളനിയില്‍ നിന്നു മാത്രം 29 പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടുപോയതെന്ന് ഇവിടത്തുകാര്‍ പറയുന്നുണ്ട്. മുത്തപ്പന് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നു തിരിച്ചറിഞ്ഞ് വീടുകളില്‍ നിന്നും പുറത്തേക്ക് മാറാനുള്ള ശ്രമത്തിലായിരുന്നു കോളനിയില്‍ പലരും. എന്നാല്‍, പോയ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ ഭാഗമായി തോട്ടിലും വഴിയിലും മഴ പെയ്ത് വെള്ളം കയറിയ ദിവസങ്ങളിലെ അനുഭവം കണക്കിലെടുത്ത് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ പലരും മടിച്ചിരുന്നുവെന്നും അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അജയനും വിനേഷുമെല്ലാം പറയുന്നു. കഴിഞ്ഞ വര്‍ഷം വെള്ളം കയറിത്തുടങ്ങിയപ്പോള്‍ മുത്തപ്പന്‍ കുന്നില്‍ ഉരുള്‍പൊട്ടാന്‍ പോകുന്നു എന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഇവര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. അന്ന് പരിഭ്രമിച്ച് കൈയില്‍ കിട്ടിയതുമെടുത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. അന്നത്തെ ഓട്ടത്തിനും തിരക്കിനുമിടെ തെന്നിവീണ് പലര്‍ക്കും പരിക്കുമേറ്റിരുന്നു. കൈയും കാലും ഒടിഞ്ഞവരുമുണ്ട്. 'കഴിഞ്ഞ തവണ ചമ്മിയതുകൊണ്ട് ഇപ്രാവശ്യം ആരും മഴ കാര്യമാക്കിയില്ലെ'ന്ന് കവളപ്പാറ കോളനിയിലെ പത്മിനി പറയുന്നു. കഴിഞ്ഞ വര്‍ഷം അപകട മുന്നറിയിപ്പിനെത്തുടര്‍ന്ന് ജിയോളജി വകുപ്പില്‍ നിന്നും വിദഗ്ധരെത്തി പരിശോധിച്ച്, കുന്നിന് യാതൊരു കുഴപ്പവുമില്ലെന്ന് വിധിയെഴുതിയതിന്റെ ധൈര്യവും ഇവിടത്തുകാര്‍ക്കുണ്ടായിരുന്നു.

എന്നാല്‍, ഇത്തവണ കുന്നിനു താഴേയ്ക്കുള്ള പതിനേഴു വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയപ്പോഴും മുന്നറിയിപ്പുകളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് കോളനിയിലെ ലീലയുടെ പരാതി. ആരും വീടൊഴിഞ്ഞുപോയത് തങ്ങളറിഞ്ഞില്ലെന്നു പറയുന്ന ലീല, അമ്മായിയും ചെറിയമ്മയുമടക്കമുള്ള അടുത്ത ബന്ധുക്കള്‍ മണ്ണിടിഞ്ഞ് വീടിനൊപ്പം മറഞ്ഞുപോകുന്നത് നേരിട്ടു കണ്ട നടുക്കത്തില്‍ നിന്നും മോചിതയായിട്ടില്ല. കോളനിയില്‍ എല്ലാവരും ബന്ധുക്കളായതിനാല്‍ 29 പേരുടെ നഷ്ടം ഇവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്തത്ര ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. 'എന്റെ വീടിന്റെ രണ്ടടി അടുത്തു വരെ ഉരുള്‍പൊട്ടിയെത്തി. ഇളയ കുട്ടിയെയും എടുത്ത് ചുമരില്‍ ചാരി നില്‍ക്കാനേ പറ്റിയുള്ളൂ. മൂത്ത കുട്ടി ശബ്ദം കേട്ടുണര്‍ന്ന് ഓടിവന്നു. എന്താണ് ചെയ്യണ്ടതെന്നറിയില്ല. തൊട്ടടുത്ത് ഒരു മതിലാണ്. രണ്ടു കുട്ടികളെയും എടുത്ത് മതില്‍ ചാടാനും സാധിക്കില്ല. ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ ഒന്നും കാണുന്നുമില്ല. അവസാനം കുട്ടികളെ കൊണ്ട് രക്ഷപ്പെടാന്‍ പറഞ്ഞ് ഭര്‍ത്താവ് പുറത്തേക്ക് തള്ളിയിടുകയാണ് ചെയ്തത്. സുഖമില്ലാത്ത അമ്മയുണ്ട്. എഴുന്നേറ്റു നടക്കാനൊന്നും പറ്റില്ല. ഇളയ കുട്ടിയെ മൂത്തതിന്റെ കൈയില്‍ കൊടുത്ത് ഓടിക്കോളാന്‍ പറഞ്ഞു. അമ്മയെ കൈയില്‍ കോരിയെടുത്ത് പറ്റാവുന്നത്ര വേഗത്തില്‍ ഞാനും ഓടി. താഴേക്ക് പകുതിവഴിവരെ അങ്ങനെ ഓടി. അംഗനവാടിയുടെ ഭാഗത്തേക്കാണെത്തിയത്. രാത്രി മുഴുവന്‍ ഇരുന്നു നേരം വെളുപ്പിച്ചു. പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ചിലര്‍ വീടു നോക്കാന്‍ തിരിച്ചു പോയിനോക്കി. നോക്കുമ്പോള്‍ അവിടെ ഒന്നും ബാക്കിയില്ല. എല്ലാം പോയതു കണ്ടപ്പോള്‍ ആര്‍ക്കും പിന്നെ അവിടെ നില്‍ക്കാന്‍ പോലും തോന്നിയില്ല.'

'അപകടം ഉണ്ടാകും എന്ന് ആരും പറയാത്തതുകൊണ്ടാണ് പലരും അന്ന് വീടുകളില്‍ തന്നെ ഇരുന്നത്. മഴ തുടങ്ങി തോട്ടില്‍ വെള്ളം കയറിയപ്പോള്‍ത്തന്നെ അവിടെ നിന്നും മാറാം എന്ന് കുറേപ്പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നുണ്ടായിരുന്നു. എങ്ങോട്ട് മാറാനാണ്? എവിടെപ്പോകാനാണ്? കഴിഞ്ഞ കൊല്ലം നേരത്തേ തന്നെ പൊലീസുകാരും മെമ്പര്‍മാരും വന്ന് കാര്യം പറഞ്ഞ് സ്‌കൂളിലേക്ക് മാറ്റിയതാണ് ഞങ്ങളെ. ഇത്തവണ അങ്ങനെ ഒന്നുമുണ്ടായില്ല. ചെറിയമ്മയുടെ വീട് എന്റെ വീടിന്റെ തൊട്ടടുത്താണ്. എല്ലാവരും ഇവിടുന്ന് മാറുന്ന കാര്യം പറയുന്നുണ്ട്, നമുക്കും പോകാമെന്ന് ഞാന്‍ ചെറിയമ്മയോട് പറയുകയായിരുന്നു. എവിടേക്ക് പോകും, നമുക്ക് ഇവിടെത്തന്നെ നില്‍ക്കാം എന്ന് എന്നോടു പറഞ്ഞ് ഒന്നു തിരിഞ്ഞതേയുള്ളൂ ചെറിയമ്മ. അപ്പോഴേക്കും ഉരുള്‍പൊട്ടിവന്ന് വീടടക്കം പോയി. ഒന്നും ബാക്കിയില്ല. വീട്ടില്‍ നിന്നും മാറാന്‍ തയ്യാറായി നിന്നവരും ഉണ്ടായിരുന്നു. അവരും പോയി. മുത്തപ്പന്‍ കുന്ന് ഇനിയും ഇടിയും എന്നാണ് പറയുന്നത്. അതൊന്നും കാര്യമാക്കാതെ തിരിച്ച് അങ്ങോട്ടു തന്നെ പോകും എന്നുപോലും പറയുന്നവരുണ്ട്. കൂട്ടം കൂടിയിരിക്കാനൊക്കെ ഉണ്ടായിരുന്നവരെല്ലാം പോയി. ഇനി ഞങ്ങള്‍ കുറച്ചു പേരേയുള്ളൂ. ക്യാമ്പില്‍ നിന്നും ഇറങ്ങിയാല്‍ എങ്ങോട്ടു പോകാനാണ്, അവിടെ കിടന്നു മരിച്ചാലും സാരമില്ല തിരികെ അങ്ങോട്ടു തന്നെ പോകും എന്നാണ് ഇവിടെ കുറച്ചുപേര്‍ പറയുന്നത്. എനിക്കു പക്ഷേ, നല്ല പേടിയുണ്ട്. വേറെയെങ്ങോട്ടെങ്കിലും പോകാന്‍ എന്തെങ്കിലും വഴിയുണ്ടായാല്‍ മതിയായിരുന്നു.' ഇടയ്ക്കിടെ വിതുമ്പിയും കണ്ണുതുടച്ചും ഏറെ പണിപ്പെട്ടാണ് ലീല ഇത്രയും സംസാരിച്ചത്.

'റബ്ബര്‍ തോട്ടം വരുന്നതിനു മുമ്പ് ഇങ്ങനെയായിരുന്നില്ല മുത്തപ്പന്‍ കുന്ന്'

ലീലയുടേതിന് സമാനമായ കഥകളാണ് കോളനിയില്‍ത്തന്നെയുള്ള സുമയ്ക്കും പറയാനുള്ളത്. തോട്ടില്‍ ഉച്ചയോടെ വെള്ളം കയറാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സുമയും കുടുംബവും അല്പം താഴെയുള്ള സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു. ഒപ്പം വരാന്‍ ബന്ധുക്കളെയും അയല്‍ക്കാരെയും നിര്‍ബന്ധിച്ചിരുന്നെങ്കിലും കുറച്ചു കഴിഞ്ഞു വരാം എന്ന മറുപടിയാണ് സുമയ്ക്ക് ലഭിച്ചത്. രാത്രി നടന്ന അപകടമോ ബഹളങ്ങളോ സുമ അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെ വീട്ടില്‍ നിന്നും വസ്ത്രങ്ങളും അവശ്യവസ്തുക്കളും എടുക്കാന്‍ പോയ സുമ കണ്ടത് പരന്നു കിടക്കുന്ന മണ്ണു മാത്രമാണ്. 'സ്വന്തക്കാരെല്ലാം പോയി. വീടിരുന്ന സ്ഥലം മുഴുവന്‍ ഗ്രൗണ്ട് പോലെയായി. അവിടെയുള്ള ആരും രക്ഷപ്പെട്ടിരിക്കില്ല എന്ന് അതു കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി. അതിനുള്ളില്‍പ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടാനാണ്. ഞങ്ങളൊക്കെ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെത്തന്നെയാണ്. എനിക്കിപ്പോള്‍ മുപ്പത്തിയെട്ട് വയസ്സായി. ഇത്രകാലമായിട്ടും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. പാതാര്‍ ഭാഗത്തെല്ലാം ഉരുള്‍പൊട്ടിയതായി പത്രത്തിലൊക്കെ കാണാറുണ്ട്. അതല്ലാതെ ഇവിടെയൊന്നും ഉണ്ടായിട്ടേയില്ല. കുന്നിന്റെ മേലെ ജെ.സി.ബി കയറ്റിയിട്ടാണെന്നാണ് ആളുകള്‍ പറയുന്നത്. മുന്‍പ് നല്ല കാടായിരുന്നു ഇവിടെയെല്ലാം. അന്നൊന്നും റബ്ബറില്ലല്ലോ. തെങ്ങും കവുങ്ങും പ്ലാവുമൊക്കെയല്ലേ. ഞങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് റബ്ബര്‍ വരുന്നത്. അന്ന് ഞങ്ങളുടെ വീട്ടില്‍ എല്ലാവരുടെയും ജോലിയും കാടുമായി ബന്ധപ്പെട്ടായിരുന്നു. കാട്ടില്‍ നിന്നും തേനൊക്കെ എടുക്കും, പിന്നെ ചാലിയാറില്‍ പൊന്നരിക്കാന്‍ പോകും. തൊഴിലുറപ്പ് ഇപ്പോഴല്ലേ വന്നത്. കാടും കുന്നുമൊക്കെയായിട്ടും മുന്‍പൊന്നും ഇവിടെ ജീവിക്കാന്‍ ഒട്ടും പേടിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ നല്ല പേടി വരുന്നുണ്ട്. മുന്‍പും ഇവിടെ മൃഗങ്ങളൊക്കെ ഉണ്ടെങ്കിലും അവയെ പേടിക്കേണ്ട കാര്യമൊന്നും വന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ പക്ഷേ ഈ സ്ഥലത്ത് താമസിക്കാന്‍ തന്നെ നല്ല പേടിയുണ്ട്.'

സുമയുടെ അമ്മ ചക്കിയുടെ ഓര്‍മയിലും മുത്തപ്പന്‍ കുന്നില്‍ ഇത്തരമൊരു അത്യാഹിതം മുമ്പുണ്ടായിട്ടില്ല. ചക്കിയും വിശ്വസിക്കുന്നത് കുന്നിടിയാന്‍ കാരണം ജെ.സി.ബി കയറ്റി റബ്ബറിനു കുഴിയും പ്ലാറ്റ്‌ഫോമും എടുത്തതാണെന്നു തന്നെ. എന്താണ് അങ്ങനെ തോന്നാന്‍ കാര്യമെന്ന ചോദ്യത്തിനാകട്ടെ, ഇക്കാലയളവില്‍ മുത്തപ്പന്‍ കുന്നില്‍ വന്നിട്ടുള്ള കാതലായ മാറ്റം അതുമാത്രമാണെന്ന മറുപടിയുമുണ്ട്. പൂളപ്പാടം മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചക്കിയ്ക്കും കോളനിയിലെ മറ്റു താമസക്കാരായ ശാരദയ്ക്കും രാധയ്ക്കുമെല്ലാം ഇതുതന്നെയാണ് അഭിപ്രായം. കോളനിയിലെ പത്മിനി പറയുന്നതിങ്ങനെ 'ഇപ്പോള്‍ ഇടിഞ്ഞ അത്രയും ഭാഗം റബ്ബര്‍ തൈ വയ്ക്കാന്‍ വേണ്ടി കഴിഞ്ഞ മാസം ജെ.സി.ബി ഇട്ട് പിടിച്ചിട്ടുള്ളതാണ്. ഈ ഭാഗത്തൊക്കെ മഴക്കുഴികള്‍ പണിതിട്ടുമുണ്ട്. ഇനി അതുകൊണ്ടാണോ പ്രശ്‌നമായത് എന്നുമറിയില്ല. ഞങ്ങടെയൊക്കെ അമ്മമാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, 61ല്‍ ഒരു ഇടിച്ചില്‍ ഉണ്ടായിട്ടാണ് ഇവിടെ ഇത്രയും മണ്ണൊക്കെ വന്നതെന്ന്. എടക്കര ഇല്ലിക്കാടിലാണ് ഞാന്‍ ജനിച്ചത്. സ്ഥലം കിട്ടിയപ്പോള്‍ ഇങ്ങോട്ടുവന്നതാ. അന്നൊന്നും മുത്തപ്പന്‍ കുന്ന് ഇങ്ങനെയല്ല. ഞാന്‍ വരുമ്പോള്‍ ഇവിടെ ഏറ്റവും കൂടുതലുള്ളത് കപ്പകൃഷിയാണ്. പിന്നെയുള്ളത് പറങ്കി. ഇതു രണ്ടും പോയ ശേഷമാണ് റബ്ബര്‍ വന്നത്. ഈ റബ്ബര്‍ നിന്ന സ്ഥലത്ത് പണ്ട് പല തരത്തിലുള്ള കാട്ടുമരങ്ങളായിരുന്നു. പേരൊന്നും അറിയാത്ത കുറേ മരങ്ങള്‍ ഇങ്ങനെ കാടുപോലെ വളര്‍ന്നു നില്‍ക്കുകയായിരുന്നു. ഈ വഴിയൊക്കെ നടക്കാന്‍ പോലും പേടിയായിരുന്നു. ഇടുങ്ങിയ വഴിയും ചുറ്റും കാട്ടുമരങ്ങളും. ഈ താഴെയുള്ള ഭാഗത്തൊക്കെ നല്ല നെല്‍കൃഷിയും ഉണ്ടായിരുന്നു. അടയ്ക്കയ്ക്ക് വില കൂടിയപ്പോള്‍ നെല്‍കൃഷി മതിയാക്കി അതു കുറേ നട്ടുപിടിപ്പിച്ചു. കോളനിയിലും അന്ന് ആളുകള്‍ കുറവാണ്. കാട്ടില്‍ പോകുന്നവരായിരുന്നു അധികവും. ചിലര്‍ കിഴങ്ങ് പറിക്കും, ചിലര്‍ ഞൗഞ്ഞി പറിക്കും. ഞങ്ങള്‍ വളര്‍ന്ന ശേഷം അമ്മമാരൊന്നും കാട്ടില്‍ പോയിട്ടില്ല. ആനയിറങ്ങുന്നതായിരുന്നു പ്രധാന പ്രശ്‌നം. കാട്ടിലിപ്പോള്‍ വിറകെടുക്കാന്‍ പോലും സ്ത്രീകളാരും പോകുന്നില്ല. എല്ലാവര്‍ക്കും റബ്ബറാണ്. കോളനിക്കാര്‍ക്കും, പുറത്തുള്ളവര്‍ക്കുമെല്ലാം.'

'ഭൂമിയുടെ ഘടന പരിശോധിച്ച് ഏതു കൃഷി വേണമെന്ന് തീരുമാനിച്ചുകൂടേ?'

അല്പം കൂടുതല്‍ മണ്ണുകൂടി മുത്തപ്പന്‍ കുന്നില്‍ നിന്നും ഇടിഞ്ഞിറങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ രക്ഷപ്പെട്ട് അക്കഥ പറയാന്‍ ബാക്കിയായവര്‍ പോലും ഇല്ലാതെപോയേനെ എന്നാണ് കോളനിയോടടുത്ത് താമസിക്കുന്ന പ്രശാന്തിന്റെ പക്ഷം. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പ്രശാന്തിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. മരിച്ചു എന്നുറപ്പിച്ച നിമിഷത്തില്‍ നിന്നാണ് താന്‍ കരകയറിയെത്തിയതെന്ന് പറയുന്ന പ്രശാന്തിന്, വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും നഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുമ്പോള്‍ ഇപ്പോഴുള്ളത് നിര്‍വികാരതയാണ്. ആദിവാസി അവകാശപ്രശ്‌നങ്ങളില്‍ നേരിട്ടിടപെടുന്നയാളെന്ന നിലയില്‍ പ്രശാന്തിനും കവളപ്പാറയെക്കുറിച്ച് ചിലതു പറയാനുണ്ട്. 'ചെറിയ ഇടിമുഴക്കത്തിന്റെ ശബ്ദം പോലെയാണ് തുടങ്ങിയത്. ആ മുഴക്കം പക്ഷേ നില്‍ക്കുന്നുണ്ടായിരുന്നില്ല. കണ്ണടച്ച് തുറക്കുന്നതിനു മുന്‍പേ വീടിന്റെ ഒരു ഭാഗം പോയി. മുന്നിലൊരു രണ്ടു നില വീടുണ്ടായിരുന്നു. പുറത്തേക്കു നോക്കിയപ്പോള്‍ അവിടെ ശൂന്യത. വീടിനു ചുറ്റും ഒന്നുമില്ല. ടെന്‍ഷനല്ല അന്നേരം ഉണ്ടായത്, മരിച്ചു എന്നങ്ങുറപ്പിച്ചു. ഇടിഞ്ഞുപോയ വീട്ടില്‍ നിന്നും എങ്ങനെ പുറത്തെത്തി എന്നൊന്നും ഇപ്പോഴും മനസ്സിലാകുന്നില്ല. അപ്പുറത്തൊരു ഷെഡു കെട്ടി അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നുമ്മല്‍ക്കാരുടെ അവസ്ഥ അറിയാന്‍ അങ്ങോട്ട് ഇറങ്ങിയോടി. തടയണ പൊട്ടി വന്ന കൂട്ടത്തിലാണ് ചെളിയും കല്ലും കുറേ ഒഴുകി വന്നത്. കുന്നുമ്മല്‍ ചെന്ന് നിന്ന് അവരോട് കാര്യം തിരക്കുമ്പോഴാണ് വീണ്ടും പൊട്ടല്‍ ഉണ്ടായത്.'

'ഭൂമി തട്ടു തട്ടായി തിരിച്ച് റബ്ബര്‍ വെച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനെല്ലാം കാരണം. ഇങ്ങനെ തട്ടുകളാക്കി കുഴി കുഴിച്ച് റബ്ബര്‍ വയ്ക്കുമ്പോള്‍ പാറയും മണ്ണുമായുള്ള പിടിത്തം പാടെ നഷ്ടപ്പെടും. മെഷീനിറക്കി ഒന്നും ചെയ്യാത്ത സ്ഥലങ്ങള്‍ ഇപ്പോഴും അതുപോലെത്തന്നെ നില്‍ക്കുന്നുണ്ട്. ജെ.സി.ബി കയറിയതാണ് കുന്നിന് ബലക്ഷയം വരാനുള്ള കാര്യം. ഇത്രയേറെ സ്ഥലത്തുള്ള റബ്ബര്‍ത്തോട്ടം കൈവശം വച്ചിരിക്കുന്നത് പുറത്തു നിന്നുള്ള ബിസിനസുകാരാണ്. കോളനിയിലുള്ളയാളുകള്‍ക്കായി സര്‍ക്കാര്‍ പെട്ടന്ന് എന്തെങ്കിലും ബദല്‍ സംവിധാനം കണ്ടെത്തണം. ഇവരെ മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണം. ഇവിടെ ഇനി വാസയോഗ്യമേയല്ല. കാട്ടിലൊക്കെ പോകുന്നയാളുകളാകുമ്പോള്‍ അവരുടെ ജീവിതത്തിനെത്തന്നെ സ്ഥലം മാറ്റം ബാധിക്കും എന്നതാണ് മറ്റൊരു വിഷയം. സാധനങ്ങളൊക്കെ ഇവര്‍ക്ക് ഇഷ്ടം പോലെ ഇവിടെ കിട്ടുന്നുണ്ട്. ഇനി എങ്ങോട്ട് പോകും അല്ലെങ്കില്‍ ഇനി എന്തു ചെയ്യും എന്നുള്ളതാണ് ഇവരുടെ പ്രധാന പ്രശ്‌നം. അതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. ഈ പ്രദേശമാകെ ഓരോ ഭാഗങ്ങളായി തിരിച്ച് അവിടെയൊക്കെ ശാസ്ത്രജ്ഞരെ കൊണ്ടു വന്ന് പരിശോധിപ്പിക്കാന്‍ വഴിയുണ്ടാക്കണം. ഭൂമിയുടെ ഘടനയ്ക്കനുസരിച്ച് ഓരോയിടത്തും എന്തു കൃഷിയാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാനും സാധിക്കണം. ജിയോളജിക്കാര്‍ക്കും ഇവിടെ വന്നു നോക്കി കൃത്യമായ മുന്നറിയിപ്പ് തരാന്‍ സാധിച്ചിട്ടില്ല. പണ്ടാണെങ്കില്‍ കുഴിയെടുക്കാനൊന്നും യന്ത്രങ്ങളില്ലല്ലോ. എല്ലാം മാന്‍ പവറല്ലേ. അപ്പോള്‍ ചെയ്യാന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ടാകും. ജെ.സി.ബിയൊക്കെ വന്നതില്‍പ്പിന്നെ കണക്കൊന്നും ഇല്ലാതെയായി. ഈ ഇടിഞ്ഞതിന്റെ മേലെ ഒരു പ്ലാവ് ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നുണ്ട്. അതിന്റെ ചുറ്റിലൂടെയും ഉരുള്‍പൊട്ടി കുത്തിയൊലിച്ച് ഒഴുകിപ്പോയി. പ്ലാവും അതിരിക്കുന്ന ഭാഗവും അങ്ങനെതന്നെയുണ്ട്. ഇതൊക്കെ കണ്ട് ആ പ്ലാവ് മേലെ ഇങ്ങനെ നില്‍പ്പുണ്ട്. അപ്പോള്‍ എന്താ മനസ്സിലാക്കേണ്ടത്?

ലീലയുടെ ആറുവയസ്സുകാരന്‍ മകന് വീട്ടിലെന്താണ് സംഭവിച്ചതെന്ന് മനസ്സിലായിത്തുടങ്ങുന്നതേയുള്ളൂ. വലിയവര്‍ സംസാരിക്കുന്നതു കേട്ടും മുതിര്‍ന്ന കുട്ടികളോടു ചോദിച്ചറിഞ്ഞും അവന്‍ പല സംശയങ്ങളുമായെത്തുമ്പോള്‍ എന്തു പറയും എന്നതാണ് ലീലയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭീതി. ക്യാമ്പില്‍ കുട്ടികളുടെ സമ്മര്‍ദ്ദമകറ്റാനായി സംഘടിപ്പിച്ച പാട്ടും ഡാന്‍സുമെല്ലാം കണ്ട് മകന്‍ ഇപ്പോള്‍ കുറച്ച് സന്തോഷത്തിലാണെങ്കിലും ഇനിയും അതേ ചോദ്യവുമായി അവന്‍ തന്റെയടുത്തെത്തും എന്ന് ലീലയ്ക്കറിയാം. 'വീട്ടില്‍ നിന്നിറങ്ങി ഒപ്പം പോരാന്‍ തയ്യാറായി നിന്നവരെയാണ് പല ദിക്കിലേക്ക് തെറിപ്പിച്ചു കളഞ്ഞത്. മാന്തിയിട്ടും പിടിച്ചിട്ടും ഇപ്പോഴും പലരേയും കിട്ടിയിട്ടില്ല. മോനോട് എന്തു പറയണമെന്നാണ് അറിയാത്തത്. തൊട്ടടുത്ത വീട്ടിലുള്ള ബന്ധുക്കളെയെല്ലാം അമ്മമ്മ, അച്ഛച്ഛന്‍ എന്നു പറഞ്ഞ് നടക്കുന്നവനാണ്. പൊന്നരിക്കാനൊക്കെ കൂടെപ്പോകും. വലിയ സ്‌നേഹമാണ്. ജെ.സി.ബി കൊണ്ടുവന്ന് മാന്തുന്ന കാര്യമൊക്കെയാണ് ഇപ്പോള്‍ അവന്‍ ചോദിക്കുന്നത്. ആറുവയസ്സായിട്ടേയുള്ളൂ. അവന്‍ ചോദിക്കുന്നതിന്റെ ഉത്തരങ്ങളൊന്നും എനിക്ക് പറയാന്‍ പറ്റുന്നില്ല. കഴിഞ്ഞ ദിവസം ഇവിടെ ക്യാമ്പിലേക്ക് കക്കൂസിന്റെ പണിയെടുക്കാന്‍ മണ്ണു മാന്തിയപ്പോള്‍ അമ്മമ്മയെ മാന്തിയെടുക്കുകയാണോ എന്നാണ് ചോദിച്ചത്. വലിയ കുട്ടികള്‍ പറഞ്ഞതു കേട്ടിട്ടാണ് ചോദിക്കുന്നത്. എനിക്ക് ഇതിനൊന്നും ഒന്നും പറയാനില്ല.'

ലീലയും മകനും, കുടുംബത്തിലെ ഏഴും എട്ടും അംഗങ്ങളെ നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയവരും, കുടുംബാംഗങ്ങളെല്ലാം മരിച്ച ദുഃഖം സഹിക്കാനാകാതെ പുഴയില്‍ച്ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും എല്ലാമാണ് കവളപ്പാറയുടെ ഇപ്പോഴത്തെ മുഖങ്ങള്‍. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നയിടത്തേക്ക് കയറിവന്ന്, 'ബാക്കി മൂന്നാളെ കിട്ടിയോ' എന്നന്വേഷിക്കുന്ന, അമ്മയും സഹോദരിയുമെല്ലാം നഷ്ടപ്പെട്ട ജോസും കവളപ്പാറക്കാരുടെ ദുഃഖമാണ്. ഒരു പ്രദേശം മുഴുവന്‍ വാസയോഗ്യമല്ലാതായിപ്പോയിടത്ത് ഇനി ഇവര്‍ എങ്ങനെ ജീവിക്കുമെന്നും എങ്ങോട്ടു പോകുമെന്നുമെന്നുമാണ് ഇപ്പോള്‍ ഏറ്റവും വലിയ അനിശ്ചിതത്വം.

also read:ഒരു വര്‍ഷത്തെ രഹസ്യ ദാമ്പത്യജീവിതം; തുറന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാരുടെ കഥ (വീഡിയോ)


Next Story

Related Stories