UPDATES

ട്രെന്‍ഡിങ്ങ്

കേട്ട ആര്‍ത്തവ കഥകളൊക്കെയും അമ്പരപ്പിക്കുന്നതായിരുന്നു; ശുദ്ധാശുദ്ധങ്ങളുടെ പെണ്‍ജീവിതം

സാമൂഹികമാറ്റമെന്നും പുരോഗമനമെന്നും പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല എന്ന് വെളിവാക്കുന്നതായിരുന്നു ആര്‍ത്തവാനുഭവങ്ങള്‍ പങ്കുവച്ചവരെല്ലാം തന്നെ

എന്താണ് നവോത്ഥാനാനന്തര പുരോഗമന കേരളത്തിലെ ആര്‍ത്തവ യാഥാര്‍ത്ഥ്യങ്ങള്‍? പുരോഗമന വീമ്പുപറച്ചിലുകള്‍ക്കും സാമൂഹിക ഉയര്‍ച്ചകളുടെ കണക്കെടുക്കലിനുമെല്ലാം ഒടുവില്‍ ഇവിടുത്തെ സ്ത്രീകള്‍, പെണ്‍കട്ടികള്‍ എവിടെയാണ് നില്‍ക്കുന്നത്? ആര്‍ത്തവം അശുദ്ധമോ? ഒരു അന്വേഷണം.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം ആര്‍ത്തവം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുന്നതിന് ആര്‍ത്തവമല്ല കാരണം എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. മറിച്ച് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട്, പ്രത്യുല്‍പ്പാദന സാധ്യതയുള്ള സമയത്ത് സ്ത്രീകളെ അവിടേക്ക് കയറ്റാനാവില്ല എന്നാണ് അവരുടെ വാദം. എന്നാല്‍ പ്രത്യുല്‍പ്പാദനവും ആര്‍ത്തവവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, ആര്‍ത്തവത്തോട് തന്നെയാണ് കേരളത്തിലെ പുരുഷന്‍മാര്‍ക്കും വിശ്വാസ സമൂഹത്തിനും എതിര്‍പ്പ് എന്ന് മറുപക്ഷവും വാദിക്കുന്നു. ആര്‍ത്തവം അശുദ്ധമല്ലെന്നും, ജൈവിക പ്രക്രിയ മാത്രമാണെന്നും അയിത്തം കല്‍പ്പിക്കേണ്ട ഒന്നല്ല ആര്‍ത്തവമെന്നും ഒരുകൂട്ടം സ്ത്രീകള്‍ സമൂഹത്തോട് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. എന്നാല്‍ സമൂഹത്തിലെ മറ്റൊരു വിഭാഗം സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവത്തെ എങ്ങനെ കാണുന്നു? അവരുടെ ആര്‍ത്തവ ദിനങ്ങള്‍ എങ്ങനെ? ഇത് അന്വേഷിച്ചാണ് സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിയത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സിലായത് ശ്രേയ സമൂഹത്തില്‍ ഒറ്റയല്ല എന്ന യാഥാര്‍ത്ഥ്യവും.  തഴപ്പായയിലേക്കും ഫൈബര്‍ കസേരകളിലേക്കും വിറകുപുരകളിലേക്കും ചുരുങ്ങുന്ന ‘തീണ്ടാരി’ ദിവസങ്ങളെക്കുറിച്ചുള്ള അഭിമാനത്തോടെയുള്ള പറച്ചിലുകള്‍ക്കാണ് കേള്‍വിക്കാരിയായത്. ആര്‍ത്തവ ദിനചര്യകളും വിശേഷങ്ങളും പങ്കുവക്കുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്ണുങ്ങള്‍.

ഇതിന്റെ ആദ്യ രണ്ടു ഭാഗം ഇവിടെ വായിക്കാം: ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’, “ഭര്‍ത്താവിനൊപ്പം കിടക്കുന്നത് പോയിട്ട് വാഷിംഗ് മെഷീനില്‍ അലക്കാറ് പോലുമില്ല”; പുരോഗമന കേരളത്തിലെ ആര്‍ത്തവ കഥകള്‍

ഭാഗം-3

എങ്ങനെ ഒരു സമൂഹം ആര്‍ത്തവത്തെ കാണുന്നു? ആ ദിവസങ്ങളെ അവര്‍ എങ്ങനെ അനുഭവിക്കുന്നു? ഇതായിരുന്നു ദിവസങ്ങളോളം നീണ്ട അന്വേഷണം. നടന്നു ചെന്ന് നേരില്‍ കേട്ടതും ഫോണില്‍ അറിഞ്ഞതുമായ സ്ത്രീകള്‍ തന്നത് ഞെട്ടിക്കുന്ന അനുഭവങ്ങള്‍. ശുദ്ധിയുടേയും അശുദ്ധിയുടേയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് അതിനുള്ളില്‍ ജീവിക്കുന്ന, ഒതുങ്ങിക്കൂടാന്‍ സ്വയം തീരുമാനിച്ച സ്ത്രീകള്‍, ഇക്കാലത്ത് ജീവിക്കുന്നവര്‍ തന്നെയോ എന്ന സംശയമാണ് സമ്മാനിച്ചത്.

ഏറ്റവും കംഫര്‍ട്ടബിള്‍ ആയി ആര്‍ത്തവത്തെ കൊണ്ടുനടക്കാന്‍ മെന്‍സ്ട്രുവല്‍ കപ്പിലേക്ക് മാറണമെന്ന കാമ്പയിന്‍ ലോകത്തെമ്പാടും നടക്കുന്നു. കേരളത്തിലെ ഒരു വിഭാഗം ആളുകളും ആ കാമ്പയിനിന്റെ ഭാഗമാണ്. ആര്‍ത്തവമാണെന്ന് തോന്നിപ്പിക്കുന്ന സാനിറ്ററി നാപ്കിനേക്കാള്‍ അത്തരത്തില്‍ ഒന്ന് ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത മെന്‍സ്ട്രുവല്‍ കപ്പിലേക്ക് സ്ത്രീകള്‍ മാറിക്കൊണ്ടിരിക്കുന്നു. അക്കാലത്താണ് വലിയ ഒരു വിഭാഗം സ്ത്രീകള്‍ തുണിയുടുത്ത് നട്ടെല്ലും അരക്കെട്ടും ഉറപ്പിച്ച് ‘പ്രസവിക്കാന്‍’ തയ്യാറെടുക്കുന്നത്/തയ്യാറെടുപ്പിക്കുന്നത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ കായികരംഗത്ത് പ്രതിഭ തെളിയിക്കുകയും സ്‌പേസില്‍ വരെ പോവുകയും ചെയ്യുന്ന സമയത്ത് വലിയ വിഭാഗം സ്ത്രീകള്‍ ആ നാല് ദിവസം മാറിയിരിക്കണമെന്ന് വിചാരിക്കുന്നു. സ്ലീപ്പിങ് ബാഗുമായി ട്രക്കിങ്ങിന് പുറപ്പെട്ട് തുറന്നയിടത്തില്‍ കിടന്നുറങ്ങുന്ന സ്ത്രീകളുള്ളയിടത്താണ് ബെഡ്ഡില്‍ പോലും കിടക്കാതെ നിലത്ത് തഴപ്പായവിരിച്ച് കിടന്നുറങ്ങേണ്ടവരാണ് ഞങ്ങള്‍ എന്ന് ചില സ്ത്രീകള്‍ തീരുമാനിക്കുന്നത്!

അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ കണ്ടു. ‘ആ, അതാണോ, ഞങ്ങള്‍ ചെയ്യുന്നത് പറയാം, അതിനെന്താ’ എന്ന് പറഞ്ഞ് സ്വീകരിച്ച വനജ മുതല്‍ ‘പെണ്ണുങ്ങളായാല്‍ മെന്‍സസ് ഉണ്ടാവും, അത് ചോദിച്ച് നടക്കാന്‍ നീയാരാ. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മെന്‍സസും ഉണ്ട് ശുദ്ധവും ഉണ്ട്. അത് തിരക്കി നടക്കലാണോ ഇപ്പോ പത്രക്കാരുടെ പണി’ എന്ന് ചോദിച്ച് അവരുടെ ഭാഷയില്‍ ‘തെറി’ പറഞ്ഞ് തിരിച്ചയച്ച പേര് അറിയാത്ത ഒരു വഴിയോര കച്ചവടക്കാരി വരെ അതിലുണ്ടായിരുന്നു. മറ്റ് ചിലര്‍ക്ക് വിഷയം ആര്‍ത്തവമായതുകൊണ്ട് സംസാരിക്കാന്‍ മടി. 35 പേര്‍ നേരിട്ട് സംസാരിച്ചു. അവരുടെ അനുഭവങ്ങള്‍ പറഞ്ഞു. പിന്നീട് കേരളത്തിന്റെ വിവിധ ജില്ലകളിലുള്ള സ്ത്രീകളോട് ഫോണില്‍ അഭിപ്രായം ചോദിച്ചു. ദേശഭേദങ്ങളില്ലാതെ അവരെല്ലാം തന്ന മറുപടികളിലെ സമാനതകളാണ് അതിശയിപ്പിച്ചത്. ആകെ മാറ്റമുള്ളത് പേരുകളും സാഹചര്യങ്ങളും മാത്രം. ആര്‍ത്തവവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ സമാനം തന്നെയായിരുന്നു.

ഞങ്ങള്‍ ശുദ്ധിയോടെ ജീവിക്കുന്നവരും, ആര്‍ത്തവത്തിന്റെ ആദ്യ നാല് ദിനങ്ങളില്‍ മാറി നിന്നും കിടന്നും അത് ഉറപ്പിക്കുന്നവരാണെന്നും അഭിമാനത്തോടെയാണ് ഭൂരിഭാഗം സ്ത്രീകളും പറഞ്ഞത്. ഇവരില്‍ പലരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും നാഗരികരാവാന്‍ പണിപ്പെടുന്നവരുമായിരുന്നു എന്നതാണ് ഇതിലെ വൈരുദ്ധ്യം.

‘അതിന് ആ സമയത്ത് ആര് ബെഡ്ഡില്‍ കിടക്കുന്നു? നിലത്ത് പലകയിട്ട് അതില്‍ പായ വിരിച്ച് കിടക്കും. ആ പായ പിന്നെ വേറൊന്നിനും ഉപയോഗിക്കത്തില്ല. ആ പായ് കഴുകി വേറൊരു സ്ഥലത്ത് വയ്ക്കും.’ എന്ന് പറഞ്ഞ സന്ധ്യയും ‘നാല് കുളിച്ച്, അന്ന് ഉപയോഗിക്കുന്ന പായും പുതപ്പും തുണികളും ചാണകം കലക്കി വച്ച് തളിച്ച് ശുദ്ധമാക്കും. എന്നിട്ടേ നമ്മള്‍ എന്തെങ്കിലും ചെയ്യുവൊള്ളൂ. ആറിന്റന്നേ വിളക്ക് വക്കൂ. പുണ്യാഹത്തേക്കാള്‍ ശുദ്ധി ചാണകത്തിനാണ്. എല്ലാംകൂടി മുക്കി പറമ്പില്‍ വിരിച്ചിട്ടേ ചാണകം തളിക്കൂ. പെരേടകത്ത് എല്ലാ മുറിയിലും ചാണകം കലക്കിത്തളിക്കും. അലമാരിയിലും പൂജാമുറിയിലും അടുക്കളയില്‍ വരെ ഞാനത് തളിക്കും.’ എന്ന് അഭിപ്രായപ്പെട്ട അംബികയും പങ്കുവച്ചതും മറ്റൊന്നല്ല. ചിലര്‍ ആ സമയത്ത് സ്ത്രീകളുടെ ശരീരത്തിന് സംഭവിക്കുന്ന ക്ഷീണവും, നെഗറ്റീവ് എനര്‍ജിയും ശാസ്ത്രീയമായ കാരണങ്ങളാക്കി നിരത്തി. ഭര്‍ത്താവിനൊപ്പം കിടക്കാന്‍ പാടില്ല എന്നായിരുന്നു മറ്റു ചിലരുടെ പറച്ചില്‍. ഭക്ഷണമുണ്ടാക്കിയാല്‍ ഭക്ഷണവും അശുദ്ധമാവും എന്നും കേട്ടു.

എന്നാല്‍ ചില സ്ത്രീകളില്‍ തെളിഞ്ഞുകണ്ടത് നിസ്സഹായതയാണ്. ഇഷ്ടമല്ലാതിരുന്നിട്ടുകൂടി, ചിലത് ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍.
‘വീട്ടില്‍ അച്ഛന്റെ അമ്മ ഭയങ്കര സ്ട്രിക്റ്റ് ആണ്. പാഡ് ഉപയോഗിക്കാന്‍ സമ്മതിക്കില്ല. തുണി തന്നെ ഉപയോഗിക്കണം. അതിന് കാരണം പറയുന്നത് ഗര്‍ഭപാത്രം ലൂസ് ആവും, കുഞ്ഞുങ്ങളുണ്ടാവില്ല എന്നാണ്. ആള് ഇതുപോലെ പഴഞ്ചന്‍ ആദര്‍ശങ്ങളാണെങ്കിലും ഹൈടെക് ആണ്. വാട്സ്ആപ്പ് ഒക്കെ നോക്കും. കഴിഞ്ഞയിടക്ക് എന്നോട് പറയുന്നുണ്ടായിരുന്നു, ‘നിന്നോട് പാഡ് വേണ്ടെന്ന് പറയുമ്പോള്‍ വലിയ മുറുമുറുപ്പല്ലേ. ദേ, കണ്ടോ വാട്സ്ആപ്പില്‍ ‘സതാതന ധര്‍മ്മ സംരക്ഷണ കൂട്ടായ്മ’ യില്‍ വന്നതാണ്. പെണ്ണുങ്ങള് പാഡ് ഉപയോഗിച്ചാല്‍ അണുബാധ വരും, പ്രത്യുത്പ്പാദന ശേഷി കുറയും എന്ന്. ഞാന്‍ പറയുമ്പഴല്ലേ പ്രശ്നം’ എന്ന്. എന്ത് പറയാനാണ്. വാട്സ്ആപ്പ് ഒക്കെ ഉപയോഗിക്കുന്നവര്‍ക്കെങ്കിലും ഈ പഴഞ്ചന്‍ ചിന്ത മാറ്റിവച്ചൂടേ? കോളേജില്‍ പഠിക്കുമ്പോള്‍ പോലും പാഡ് ഉപയോഗിച്ചിട്ടില്ല. ഇപ്പോ, ജോലി കിട്ടിയതിന് ശേഷം ഞാന്‍ പാഡ് വാങ്ങി വയ്ക്കും. വീട്ടില്‍ വച്ച് ഉപയോഗിക്കില്ല. കോളേജില്‍ വന്ന് പാഡ് വക്കും. തിരിച്ചും വീട്ടിലേക്ക് കൊണ്ടുപോവില്ല. വീട്ടിലേക്ക് നടക്കുന്ന വഴി ഒരു ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുണ്ട്. അങ്ങോട്ട് വലിച്ചെറിയും. തെറ്റാണെന്നറിയാം. പക്ഷെ എന്ത് ചെയ്യും?’ എന്ന് അമ്പിളി പറയുമ്പോഴുണ്ടായിരുന്ന നിസ്സഹായത മാത്രം പേറിയ മുഖം മറക്കാനാവില്ല. വിവാഹം കഴിഞ്ഞാല്‍ ഇതില്‍ നിന്നെല്ലാം രക്ഷപെടാം എന്നതായിരുന്നു അമ്പിളി പങ്കുവച്ച പ്രതീക്ഷ.

എന്നാല്‍ വിവാഹം കഴിഞ്ഞ് ആര്‍ത്തവത്തെ വെറുത്ത് പോയ, ആര്‍ത്തവദിനത്തില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകിയാല്‍ വാഷിങ് മിഷ്യന്‍ പോലും അശുദ്ധമാവും എന്ന സങ്കല്‍പ്പത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ഇടയില്‍ ജീവിക്കുന്ന അഞ്ജിത മറ്റൊരു അനുഭവമായിരുന്നു. ‘കല്യാണത്തിന് മുമ്പ് പീരീഡ്സ് വരുന്നതും പോവുന്നതും പോലും ആരും അറിയില്ലായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയതോടെയാണ് പീരീഡ്സ് വന്നാല്‍ ഡ്രസ്സില്‍ തൊടാന്‍ പാടില്ല, ഷെല്‍ഫില്‍ തൊടാന്‍ പാടില്ല, ബെഡ്ഡ് മാറിക്കിടക്കണം എന്നൊക്കെ അറിഞ്ഞത്. പണ്ടൊക്കെ അമ്പലത്തില്‍ പോവില്ല എന്ന് മാത്രമായിരുന്നു. ഇപ്പോള്‍ ഫുഡ് ഉണ്ടാക്കുന്നതിനും എല്ലാവരുടേയും കൂടെയിരുന്ന് കഴിക്കുന്നതിന് പോലും പല രീതിയിലുള്ള റസ്ട്രിക്ഷന്‍സ് ആണ്. ആണുങ്ങള്‍ അമ്പലത്തില്‍ പോവുന്നുണ്ടെങ്കില്‍ അവര്‍ക്ക് നമ്മള്‍ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ പാടില്ല. നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചുകഴിഞ്ഞ് കുളിച്ചിട്ടാണ് അമ്പലത്തില്‍ പോവുന്നതെങ്കില്‍ പോലും ഉണ്ടാക്കരുതെന്ന് പറയും. അമ്മയൊക്കെ അമ്പലത്തില്‍ പോവുകയാണെങ്കില്‍, അവര്‍ കുളിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ തൊടാതെ മാറി നില്‍ക്കണം. ഡ്രസ് കഴുകാന്‍ സമ്മതിക്കില്ല. മൂന്ന് ദിവസത്തേക്ക് തുണി അലക്കരുതെന്നാണ്. ഞാനെന്നിട്ട് എന്റെ ഇന്നര്‍വെയര്‍ എല്ലാം അവര്‍ കാണാതെ ബാത്റൂമില്‍ കഴുകിയിടും. ഇനി അഥവാ അലക്കിയാല്‍ തന്നെ എവിടെയെങ്കിലും മാറ്റിയിട്ട് ഉണക്കിയെടുക്കണം. അവരുടെ തുണികളുമായിട്ടൊന്നും മിക്സ് ചെയ്യാന്‍ പാടില്ല. വാഷിങ് മിഷ്യനില്‍ അലക്കാന്‍ സമ്മതിക്കില്ല. നമ്മുടെ തുണി മാത്രമിട്ട് അലക്കാമെന്ന് പറഞ്ഞാലും, വാഷിങ് മിഷ്യന്‍ അശുദ്ധമാവും എന്ന് പറഞ്ഞ് അത് സമ്മതിക്കില്ല. ഇപ്പോ വീട്ടില്‍ അത്ര പ്രശ്നമില്ല. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാന്‍ ചെയ്യുന്ന പലകാര്യങ്ങളും അമ്മയ്ക്ക് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ നമ്മളോട് ചെയ്തോളാന്‍ പറയും. എപ്പഴോ ഒന്ന് വാട്സ്ആപ്പില്‍ വായിച്ചിട്ടുണ്ട്. ശുദ്ധവും അശുദ്ധവുമൊക്കെ നമ്മള്‍ പറയും, എന്നിട്ട് അതിനെ ലംഘിച്ചുകൊണ്ട് നമ്മള്‍ ആദ്യം എഴുതുന്നത് പത്താംക്ലാസ്സിലെ ബയോളജി പരീക്ഷയാണ്. ഒരു മാര്‍ക്കിന് വേണ്ടി അത് ലംഘിച്ച് എഴുതാമെങ്കില്‍ പിന്നെ ജീവിതത്തില്‍ അത് എന്തിനാണ് പിടിച്ചുകൊണ്ട് നിക്കുന്നത്?’ അഞ്ജിതയുടെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് പോലും ഉത്തരമില്ലായിരുന്നു, കേട്ട് നിന്ന എനിക്കും.

എന്നാല്‍ വേദനിപ്പിച്ചത് കുട്ടികളാണ്. 13നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവരും വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട്, മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ട് മാത്രം ‘നാല് കുളി’ എന്ന ആചാരത്തെ അതേപടി അനുസരിക്കേണ്ടവരായിരുന്നു. ‘എനിക്കെത്ര വയസ്സാണെന്ന് ചേച്ചിക്കറിയാമോ? 14. എന്റെ പ്രായത്തിലുള്ള കൊച്ചാണ് തമിഴ്നാട്ടില്‍ ഗജയില്‍ തെങ്ങുവീണ് മരിച്ചത്. എന്റെ പൊന്നമ്മച്ചിയാണേ സത്യം, എന്റെ ചേച്ചീ, ഞാനെപ്പഴും സ്വപ്നം പോലും കാണും. ഞാനും അത് പോലെ ചത്ത് പോകുന്ന സീന്‍. സത്യം പറഞ്ഞാ അങ്ങനെയൊക്കെ എന്തേലും നടന്നാലേ എന്റെ വീട്ടുകാര്‍ മാറത്തൊള്ളൂ. ഈ പാത്രം കണ്ടോ, നാല് ദിവസം ഭക്ഷണം കഴിക്കാന്‍ എനിക്കും അമ്മക്കും ചേച്ചിക്കുമായിട്ട് മാറ്റി വച്ചിരിക്കുന്നതാണ് ഇത്. പിരീഡ്സ് അല്ലാത്ത സമയം ഈ പാത്രം തൊടാന്‍ പോലും പാടില്ല. ഇതീ തൊട്ടാ നമ്മള് പിന്നേം അശുദ്ധമാവും. പക്ഷെ, ഒരു കാര്യമുണ്ടല്ലോ ചേച്ചീ, ഞങ്ങളുടെ വീട്ടിലെ പട്ടിക്ക് ചോറുകൊടുക്കുന്ന പാത്രം ഞങ്ങക്കെല്ലാവര്‍ക്കും എല്ലാ ദിവസവും എടുക്കാം, തൊടാം. പക്ഷെ ഈ പാത്രം മാത്രം ആ നാല് ദിവസമല്ലാതെ തൊടാന്‍ പാടില്ല. തൊട്ടാല്‍ മറ്റേമ്മ അമ്പലത്തില്‍ പോയി പുണ്യാഹം വാങ്ങിച്ച് തളിക്കും. എന്നിട്ട് വീട്ടില്‍ വച്ചിരിക്കുന്ന ദൈവത്തിന്റെ ഫോട്ടോയ്ക്ക് മുന്നില്‍, ‘അറിവില്ലാ പൈതങ്ങള്‍ ചെയ്ത അപരാധം പൊറുക്കണമേ’ എന്ന് പറഞ്ഞ് മൂന്ന് തവണ തൊഴുത് പിടിച്ചോണ്ട് വട്ടംകറങ്ങും. ഒരു പ്ലാസ്റ്റിക് കസേരയുണ്ട്. ഞങ്ങടെ വീടിന്റെ അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിന്റവിടെ അത് കിടക്കുന്നുണ്ട്. പിരീഡ്സ് ആയാല്‍ പിന്നെ വീട്ടിലെങ്ങും ഇരുത്തത്തില്ല. ആ കസേരയില്‍ പോയി ഇരുന്നോണം. ആ സമയത്ത് സ്‌കൂളില്‍ നിന്ന് എഴുതാനുള്ളതൊക്കെ കയ്യില്‍ പിടിച്ച് എഴുതും. ടേബിളില്‍ തൊടാന്‍ പറ്റില്ല. കഴിക്കാനുള്ള ഭക്ഷണം ഈ ‘ചീക്ക’ പാത്രത്തില്‍ തരും. ഒരു ഗ്ലാസും മാറ്റിവച്ചിട്ടുണ്ട്. ബാത്റൂമില്‍ പോണേല്‍ പുറത്തതില്‍ പോണം. കിടക്കാന്‍ മാത്രം അകത്ത് കയറാം. അതും നേരെ മുറിയിലേക്ക്. പോവുമ്പോള്‍ അവിടേം ഇവിടേം ഒന്നും മുട്ടാതെ, ഭിത്തിയില്‍ പോലും തൊടാതെ നേരെ നടന്ന് കേറണം.’ ശ്രേയയുടെ വാക്കുകള്‍.

‘നാല് ആവാതെ സ്വന്തമായിട്ട് ഡ്രസ് എടുക്കാന്‍ പറ്റില്ല. അമ്മ എടുത്ത് തരും. കുളിക്കാനുള്ള തോര്‍ത്തടക്കം. ഞാനങ്ങാനും എടുത്താല്‍… ഇവിടെ അമ്മ ഒരു രക്ഷയില്ല. ആയിരിക്കുന്ന സമയത്ത് ഞാനെങ്ങാനും അലമാരി തൊട്ടാല്‍ അമ്മ അലമാരിയിലിരിക്കുന്ന കഴുകിവച്ച മുഴുവന്‍ തുണികളും എടുത്ത് പിന്നേം കഴുകും. വീട്ടില്‍ എവിടെയെങ്കിലും തൊട്ടാല്‍ വീട് മുഴുവന്‍ അമ്മ കഴുകും. മുമ്പ് നാല് കഴിയുമ്പോള്‍ ചവുട്ടിയുമൊക്കെ കഴുകുമായിരുന്നു. ഇപ്പോ അമ്മ തന്നെ പറയുന്നുണ്ട്, നടുവുവേദനയും കൈവേദനയുമാണെന്ന്. അതുകൊണ്ട് ഇത്തിരി കുറവുണ്ട്. മുമ്പ് അമ്മ പുണ്യാഹം വാങ്ങിത്തളിക്കുമായിരുന്നു. ഇപ്പോ അത്രയൊന്നുമില്ല. എനിക്കിതൊന്നും ഇഷ്ടമല്ല. എന്റെ കാലം കഴിയും വരെ ഇങ്ങനെയൊക്കെയായിരിക്കും, അതുകഴിഞ്ഞ് നീ നിന്റെ ഇഷ്ടത്തിന് ചെയ്തോളാനാണ് അമ്മ പറയാറ്.’ എന്ന് ഗൗരി. ഇവരില്‍ നിന്ന് വ്യത്യസ്തമായി ‘ശുദ്ധി’ വേണ്ടത് തന്നെയെന്ന് അഭിപ്രായപ്പെട്ട ശ്രീലക്ഷ്മിയും ഭാഗ്യയും. ‘ഈ ഒരു തലമുറകൊണ്ട് ഇതെന്നും മാറില്ല. ഇനി അടുത്ത ഒരു തലമുറ കൂടി വരുമ്പോഴേക്കും ഇതിനെല്ലാം ഒരു മാറ്റമുണ്ടാവും’ എന്ന് പ്രത്യാശിച്ച ശ്രീലക്ഷ്മിയുടെ മുന്നിലേക്കാണ് ഈ കുട്ടികളെയും നിര്‍ത്തുന്നത്.

സാമൂഹികമാറ്റമെന്നും പുരോഗമനമെന്നും പറഞ്ഞതുകൊണ്ട് മാത്രം കാര്യമായില്ല എന്ന് വെളിവാക്കുന്നതായിരുന്നു ആര്‍ത്തവാനുഭവങ്ങള്‍ പങ്കുവച്ചവരെല്ലാം തന്നെ. ചിലര്‍ക്ക് ശീലം അഭിമാനമാണെങ്കില്‍, മറ്റ് ചിലര്‍ക്ക് ശീലമെന്നത് ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള ഒഴിവുകഴിവുമാണ്. സാമൂഹികമാറ്റം കുടുംബങ്ങളില്‍ നിന്ന്, കുട്ടികളില്‍ നിന്ന് തുടങ്ങേണ്ടതാണെന്ന തിരിച്ചറിവും കൂടിയാണ് ഈ സ്ത്രീകളും പെണ്‍കുട്ടികളും നല്‍കിയത്.

(അവസാനിച്ചു)

ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

“ഭര്‍ത്താവിനൊപ്പം കിടക്കുന്നത് പോയിട്ട് വാഷിംഗ് മെഷീനില്‍ അലക്കാറ് പോലുമില്ല”; പുരോഗമന കേരളത്തിലെ ആര്‍ത്തവ കഥകള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍