TopTop
Begin typing your search above and press return to search.

പൗരോഹിത്യത്തെ ചോദ്യം ചെയ്താല്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റായ കാലത്ത് തന്നെയാണ് നാം ഇപ്പോഴും

പൗരോഹിത്യത്തെ ചോദ്യം ചെയ്താല്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റായ കാലത്ത് തന്നെയാണ് നാം ഇപ്പോഴും

പൗരോഹിത്യം ഒരു സംഘടിത ശക്തിയാണ്. അവര്‍ പറയുന്നതും പഠിപ്പിക്കുന്നതും (അത് തെറ്റാണെങ്കില്‍ പോലും) മാത്രമാകുന്നു ശരിയെന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നതിനാല്‍ അതിനെ ചോദ്യം ചെയ്യാന്‍ മറ്റാര്‍ക്കും അവകാശമില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍, അവയെ ചോദ്യം ചെയ്താല്‍ അത് മാപ്പര്‍ഹിക്കാത്ത കുറ്റമായി കരുത്തപ്പെടുമെന്നതിനാല്‍ അതിനു തുനിഞ്ഞവര്‍ക്കൊക്കെ കൊടിയ ശിക്ഷയായ മരണം തന്നെ വിധിക്കപ്പെട്ടു. എന്ന് എവിടെയൊക്കെ സംഘിടിത പൗരോഹിത്യം ഉണ്ടായോ അവിടെയൊക്കെ ഇങ്ങനെയൊരു അലിഖിത നിയമവും നിലവില്‍ വന്നുവെന്നു ലോക ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. യഹൂദ പുരോഹിതരെ ചോദ്യം ചെയ്ത യേശുവിന്റെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ കൊച്ചുകേരളത്തില്‍ സംഘടിത പോരോഹിത്യത്തെ ചോദ്യം ചെയ്ത പി കെ മുഹമ്മദ് അബ്ദുല്‍ ഹസ്സന്‍ മൗലവി എന്ന ചേകന്നൂര്‍ മൗലവിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

ഇത്രയും ഇവിടെ കുറിച്ചത് മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) അതിന്റെ കീഴിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ വസ്ത്രധാരണം നടത്താന്‍ പാടില്ലെന്ന് കാണിച്ച് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ സമസ്ത (ഇകെ വിഭാഗം) അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖം മറച്ചുള്ള വസ്ത്രം ധരിച്ചു കുട്ടികള്‍ ക്ലാസ്സുമുറികളില്‍ എത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും 2019-20 അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നുമാണ് സര്‍ക്കുലറില്‍ ഉള്ളത്. എന്നാല്‍ ഈ സര്‍ക്കുലര്‍ ആണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

മുസ്ലിം സ്ത്രീകള്‍ അവരുടെ മുഖം പുരുഷന്മാരില്‍ നിന്നും മറച്ചു വെക്കണമെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നതെന്നും മത കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എം ഇ എസ്സിന് അധികാരമില്ലെന്നും അതിന് അവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. സമസ്തയുടെ ചുവടു പിടിച്ച് എസ് വൈ എസ്സും മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫും രംഗത്തുവന്നു കഴിഞ്ഞു.

വിദ്യാര്‍ഥിനികള്‍ക്ക് ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് സര്‍ക്കുലര്‍ എന്നും ഇത് ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള മൗലീകാവകാശത്തിന്റെ ലംഘനം ആകയാലാല്‍ എംഇഎസ് അതിന്റെ നിലപാട് പുനഃപരിശോധിക്കണമെന്നും ആണ് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നത്. നിയമം മൂലം നിരോധിക്കാത്തിടത്തോളം കാലം ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍ ഏതു വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് തടയാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കില്ലെന്നുമാണ് എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫ് അലിയുടെ മുന്നറിയിപ്പ്. എ പി വിഭാഗം പണ്ഡിത സഭയും അനുബന്ധ സംഘടനകളും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അവരുടെയും നിലപാട് മറ്റൊന്നാവാന്‍ തരമില്ല എന്നതിനാല്‍ സര്‍ക്കുലര്‍ സംബന്ധിച്ച വിവാദം ചൂടുപിടിക്കാനേ ഇടയുള്ളൂ.

മുസ്ലിം വനിതകളെ നിര്‍ബന്ധിച്ചു മുഖം മറച്ചു പിടിക്കിക്കുന്ന പൗരോഹിത്യത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തകയായ വി പി സുഹ്റയെപ്പോലുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സര്‍ക്കുലറിനെതിരെയുള്ള പോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് സമസ്തയും മറ്റു സംഘടനകളും. ചുരുക്കത്തില്‍ പള്ളി തീരുമാനിക്കും പള്ളിക്കൂടം അനുസരിച്ചാല്‍ മതിയെന്ന മുന്നറിയിപ്പാണ് സമസ്തയും വിവിധ മുസ്ലിം സംഘടനകളും എം ഇ എസ്സിന് നല്‍കുന്നത്.

എം ഇ എസ്സിന്റെ സര്‍ക്കുലര്‍ സംബന്ധിച്ച് സംഘടനയുടെ പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ നല്‍കുന്ന വിശദീകരണം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ എന്നതാണ്. മുഖം മറക്കല്‍ പുതിയ സംസ്‌ക്കാരമാണെന്നും 99% മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കാത്ത സാഹചര്യത്തില്‍ വിലക്കേര്‍പ്പുടത്തുന്നതിനു മത സംഘടനകളോട് കൂടിയാലോചിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എം ബി ബി എസ് അഡ്മിഷന്‍ തേടി കഴിഞ്ഞ വര്‍ഷം മുഖം മറച്ച ഒരു പെണ്‍കുട്ടി വന്നപ്പോള്‍ ഉണ്ടായ എതിര്‍പ്പ് കണക്കിലെടുത്താണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഡ്രസ്സ് കോഡ് സംബന്ധിച്ച കാര്യങ്ങള്‍ പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു പ്രസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചതെന്നും അദ്ദേഹം ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി.

ഇതാദ്യമായല്ല എം ഇ എസ് യാഥാസ്ഥികരുടെയും സംഘടിത പൗരോഹിത്യത്തിന്റെയും ആക്രമണത്തിന് ഇരയാവുന്നത്. സമൂഹത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ലക്ഷ്യമിട്ട് സ്ഥാപിതമായ എം ഇ എസ് മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മുസ്ലിം വനിതകള്‍ക്ക് പൊതു ഇടങ്ങളില്‍ മാന്യമായ തൊഴില്‍ ചെയ്യാനുള്ള അവകാശം എന്നിവ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലത്തു തന്നെ യാഥാസ്ഥികരില്‍ നിന്നും കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെ എല്ലാം മറികടന്ന് സംഘടന അതിന്റെ ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍ ബഹുദൂരം മുന്നേറി. അത്തരത്തില്‍ ഒരു സംഘടനക്കെതിരെയാണ് പൗരോഹിത്യവും അതിന് ഓശാന പാടുന്ന സംഘടനകളും ഒരു സര്‍ക്കുലറിന്റെ പേരില്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത് എന്നത് അത്യന്തം ഖേദകരം തന്നെ.


Next Story

Related Stories