Top

58 മുറിവുകള്‍ നല്കി നമ്മള്‍ യാത്രയയച്ച ആ അസംകാരനെ കുറിച്ച് തന്നെ

58 മുറിവുകള്‍ നല്കി നമ്മള്‍ യാത്രയയച്ച ആ അസംകാരനെ കുറിച്ച് തന്നെ

വി ഉണ്ണികൃഷ്ണന്‍

ജോലി തേടി കേരളത്തിലേക്കെത്തിയ കൈലാഷ് ജ്യോതി ബെഹ്റ അസമിലേക്കു തിരിച്ചു പോയി. ഒരു പക്ഷേ, ജീവിച്ചിരിക്കുമ്പോള്‍ വിദൂര സ്വപ്നമായിരുന്നിരിക്കാമായിരുന്ന വിമാനത്തില്‍. ആരും അറിയാതെ, അവന്‍ പോലുമറിയാതെ...

കേരളത്തിലെ ജനസമൂഹം തങ്ങളുടെ പ്രബുദ്ധത തെളിയിക്കാനായി ജീവനെടുത്ത ശേഷം അവന്റെ ശരീരം എംബാം ചെയ്താണ് കേരളത്തില്‍ നിന്നും അസമിലേക്ക് കൊണ്ടുപോയത്. അസമിലെ നാംതി ഖോന്ഗ്യയിലുള്ള വീട്ടില്‍ കൈലാഷിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിച്ചു. സോ കാള്‍ഡ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരും കൈലാഷിനു നീതി ലഭിക്കാന്‍ മുറവിളി കൂട്ടിയില്ല, പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയില്ല. എന്തിനേറെ അവന്റെ മൃതദേഹം എന്തു ചെയ്തു എന്നുപോലും അന്വേഷിച്ചില്ല. ജീവന് ഭാഷയുടെയും ദേശത്തിന്‍റെയും മുഖം നല്‍കുന്ന, ഇതര സംസ്ഥാന തൊഴിലാളികളെ ആകെ ബംഗാളി എന്ന ഒറ്റ വാക്കില്‍ വിലയിരുത്തുന്ന മലയാളികള്‍ക്ക് അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ആവശ്യവുമില്ലല്ലോ. അവര്‍ക്ക് അന്വേഷിക്കാന്‍ വേറെ എന്തൊക്കെ വിഷയങ്ങള്‍ കിടക്കുന്നു.

പ്രബുദ്ധത കൂടിപ്പോയത്‌ കാരണം 58 മുറിവുണ്ടായിരുന്നു കൈലാഷിന്റെ ശരീരത്തില്‍. അത്രയും മുറിവുകളില്‍ നിന്നുണ്ടായ ആഘാതവും ഹെഡ് ഇഞ്ചുറി മൂലം ഉണ്ടായ ആന്തരിക രക്തസ്രാവവും ആണ് അവന്റെ ജീവനെടുത്തത്. സൂര്യാഘാതമേറ്റ് ഈയാംപാറ്റകളെപ്പോലെ ഒരോരുത്തരായി കരിഞ്ഞു വീഴുന്ന സമയത്ത്, 37 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് അയാളെ കെട്ടിയിട്ടത്. മരിച്ചു വീഴുമ്പോള്‍ കൈലാഷിന്റെ വയറ്റില്‍ ഉണ്ടായിരുന്നത് വെറും 10 ശതമാനത്തോളം ഭക്ഷണമാണ്. വ്യക്തമായി പറഞ്ഞാല്‍ 36 മണിക്കൂറുകള്‍ ആയി അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല.

സംഭവം നടക്കുന്നതിനു നാലു ദിവസം മുന്‍പ് നാട്ടില്‍ ഇതര സംസ്ഥാനക്കാരുടെ ഗള്‍ഫിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലെ കൈലാഷും വണ്ടി കയറി. വര്‍ഷങ്ങളോളം ജോലി തേടി അലയുന്നതിനിടയില്‍ എപ്പോഴോ കൈലാഷ് മദ്യത്തിനടിമയുമായിരുന്നു എന്നും നാലു ദിവസം തുടര്‍ച്ചയായുള്ള യാത്രയ്ക്കിടയില്‍ മദ്യം ലഭ്യമാകാതിരുന്നപ്പോള്‍ അയാള്‍ മാനസികവിഭ്രാന്തി കാട്ടിയിരുന്നു എന്നും സുഹൃത്തുക്കള്‍ പറഞ്ഞതായി ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

കോട്ടയത്ത് വച്ച് കൂട്ടം തെറ്റിയ ഇയാളെ സുഹൃത്തുക്കള്‍ക്ക് കണ്ടെത്താനായില്ല. ചിങ്ങവനത്തുള്ള മൂന്നോളം വീടുകളില്‍ കൈലാഷ് ചെന്നതായി പോലീസ് പറയുന്നുണ്ട്. മോഷ്ടാവ് എന്ന് സംശയിച്ചാണ് കൈലാഷിനെ ഉത്തരവാദിത്വമുള്ള ജനസമൂഹം കെട്ടിയിട്ടത്. പിന്നെ നടന്നത് നാമെല്ലാമറിഞ്ഞ കാര്യങ്ങള്‍. പോലീസ് വരുമ്പോള്‍ വായില്‍ നിന്നും നുരയും പതയും ഒഴുകി ഗുരുതരാവസ്ഥയിലായിരുന്നു കൈലാഷ്. കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് സുഹൃത്തുക്കള്‍ പോലീസില്‍ നിന്നും വിവരങ്ങള്‍ അറിയുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കൈലാഷ് മരിച്ചിരുന്നു.സിഐ സഖറിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ എസ്ഐ എം എസ് ഷിബുവാണ് ഈ കേസ് അന്വേഷിക്കുന്നത്. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു കഴിഞ്ഞു. പ്രദേശവാസികളായ വര്‍ഗ്ഗീസിനെയും പ്രസന്നനെയും. ഇതില്‍ പ്രസന്നനാണ് കൈലാഷിനെ കെട്ടിയിട്ടത്. ഇനിയും നാലു പേരെ അറസ്റ്റ് ചെയ്യാനുണ്ട് എന്ന് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. അന്യായമായി തടസ്സമുണ്ടാക്കുക, കെട്ടിയിടുക, കൊലപാതകം, മര്‍ദ്ദനം, സംഘം ചേര്‍ന്ന് ആക്രമണം എന്നീ കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്.

വര്‍ഗ്ഗീസിനെയോ പ്രസന്നനെയോ പോലെ എണ്ണിയെടുത്ത നാലോ അഞ്ചോ പേരല്ല കൈലാഷിന്റെ മരണത്തിനുത്തരവാദി. ഒരു മനുഷ്യനെ പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നത് കണ്ടു നിന്ന, ഇതുവരെയും അതേക്കുറിച്ചൊരക്ഷരം മിണ്ടാത്ത നാമോരൊരുത്തരും അതില്‍ പങ്കാളികളാണ്.

ഇതര സംസ്ഥാന തൊഴിലാളി ഉണ്ടാക്കുന്ന ഭക്ഷണം വെട്ടി വിഴുങ്ങുകയും, അവന്‍ മേസ്തിരിപ്പണിയെടുത്ത വീട്ടില്‍ സുഖമായി ഉറങ്ങുകയും, അവന്‍ രാപ്പകല്‍ പണിയെടുത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മെട്രോയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന മലയാളിയ്ക്ക് പക്ഷേ അവനെ കാണുമ്പോള്‍ പുച്ഛമാണ്. കേരളത്തിലെ ആള്‍ക്കാരുടെ പണമെല്ലാം കൊണ്ടു പോകുന്നവന്‍, ഇവിടത്തെ ആള്‍ക്കാര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണമായവന്‍, മലയാളി സ്ത്രീകളെ പീഡിപ്പിക്കുന്നവന്‍, കൊള്ളയും പിടിച്ചുപറിയും കൊലയും നടത്തുന്നവന്‍ എന്നിങ്ങനെ അനേകം പട്ടങ്ങള്‍ മലയാളി അവനു കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടിലെ തെങ്ങില്‍ കയറണമെങ്കില്‍ പോലും ഇപ്പോള്‍ മലയാളി ആദ്യം വിളിക്കുക ഇവരെയായിരിക്കും. വൈറ്റ് കോളര്‍ ഉദ്യോഗം മാത്രം സ്വപ്നം കാണുന്ന മലയാളി മാറ്റി നിര്‍ത്തുന്ന തൊഴില്‍ മേഖലകളില്‍ എല്ലാം അവര്‍ പണിയെടുക്കും.

ഇത്തരത്തില്‍ ഓരോ വര്‍ഷവും കൊല്ലപ്പെടുന്ന/അസ്വാഭാവികമായി മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി വരികയാണ്‌. എന്നാല്‍ ഈ കാര്യത്തില്‍ എന്തു നടപടികളാണ് നമ്മുടെ സര്‍ക്കാര്‍ എടുക്കുന്നത്? ഇവര്‍ തൊഴിലിടത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തൊഴില്‍ വകുപ്പിന് എന്തെങ്കിലും അറിവുണ്ടോ? അല്ലെങ്കില്‍ ഇവര്‍ ജീവിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പിനോ?

അഭിമാനപൂര്‍വ്വം പൊക്കിപ്പിടിക്കുന്ന മലയാളി എന്ന പുറം ചട്ടയ്ക്കുള്ളില്‍ ഭൂപടത്തിലെ അതിര്‍ത്തി കടന്നു വരുന്നവരെ ഇപ്പോഴും വെറുക്കുന്ന ഒരു ഹിറ്റ്ലര്‍ ഉറങ്ങിക്കിടക്കുന്നു എന്നതിന് തെളിവാണു കൈലാഷിന്‍റെ കൊലപാതകം. അത് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം പോലെ കേരളത്തെ പിടിച്ചു കുലുക്കിയില്ല എന്നിടത്താണ് പുരോഗമന മലയാളിയുടെ കപട മുഖം വെളിവാകുന്നത്.Next Story

Related Stories