TopTop
Begin typing your search above and press return to search.

മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

കുവൈറ്റ് ചാണ്ടിയെന്ന വിളിപ്പേര് രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ കടന്നുകൂടിയ കാലം മുതല്‍ തോമസ് ചാണ്ടിക്കൊപ്പമുണ്ട്. ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ കേരള മന്ത്രിസഭയ്ക്ക് കോടീശ്വരനായ ഒരു മന്ത്രിയെയാണ് ലഭിച്ചത്. വിദേശങ്ങളിലടക്കം കോടികളുടെ ബിസിനസുകളുള്ള തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ഇക്കാരണത്താല്‍ തന്നെ ആദ്യഘട്ടങ്ങളില്‍ സംശയത്തിന്റെ നിഴലിലായിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി.

എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ ഇന്ന് ആലപ്പുഴ കളക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ആറ് മാസം നീണ്ട ഭരണം അവസാനിപ്പിക്കേണ്ട സാഹചര്യത്തിലെത്തിയിരിക്കുകയാണ് തോമസ് ചാണ്ടി. ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് വേണ്ടി കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. റിസോര്‍ട്ടിനടുത്തുള്ള പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിച്ചത് കായല്‍ നികത്തിയാണെന്നും ഇത് ഭൂനിയമ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്. ഇവരോട് ഈ മാസം 26നകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലും ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായലിലും തോമസ് ചാണ്ടി കയ്യേറ്റം നടത്തിയതായി ആരോപണമുണ്ട്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം സ്ഥിരീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കായല്‍ പ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായി പരിശോധനയില്‍ കാണാമെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ രാജിയ്ക്ക് കളമൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. കായല്‍ കയ്യേറിയെന്ന ആരോപണം കെട്ടുകഥയാണെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വയം രാജിവയ്ക്കില്ലെന്നുമാണ് മന്ത്രി പറയുന്നത്. അതേസമയം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കുമെന്നും ഇന്നലെ തോമസ് ചാണ്ടി അറിയിച്ചിരുന്നു. എന്നാല്‍ രാജിയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നാണ് ഇന്ന് തോമസ് ചാണ്ടി പറയുന്നത്. ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കില്ലെന്നും ആരോപണം മുഴുവന്‍ കെട്ടിച്ചമച്ചതാണെന്നുമാണ് മന്ത്രി ആരോപിക്കുന്നു. ഗൂഢാലോചനക്കാരെ കോടതിയില്‍ വെളിപ്പെടുത്തുമെന്നും ചാണ്ടി അവകാശപ്പെടുന്നുണ്ട്. ഇന്ന് മാധ്യമപ്രവര്‍ത്തകരോട് കൊച്ചിയില്‍ സംസാരിച്ചപ്പോള്‍ രോഷാകുലനായാണ് മന്ത്രി പല ചോദ്യങ്ങളോടും പ്രതികരിച്ചത്. ഇതില്‍ തന്നെ ആരോപണങ്ങളില്‍ അദ്ദേഹത്തിനുള്ള അസ്വസ്ഥത വ്യക്തമാണ്.

മണ്ണിട്ട് നികത്തിയത് കരഭൂമിയാണെന്നും ഇത് പാടശേഖര കമ്മിറ്റിയില്‍ നിന്നും വാങ്ങിയതാണെന്നുമാണ് ചാണ്ടി പറയുന്നത്. അതേസമയം വഴിക്ക് വേണ്ടി നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്നും ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. തനിക്ക് മൂന്ന് ഏക്കര്‍ പത്ത് സെന്റ് സ്ഥലമുണ്ട്. ഇതില്‍ ഒരേക്കറില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലെന്നാണ് അദ്ദേഹം ക്ഷുഭതനായി സംസാരിച്ചത്. ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നിന്നും കാണാതായതിനെക്കുറിച്ചാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. കെട്ടിടങ്ങളുടെ അനുമതി സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും ആരെല്ലാം തുള്ളിയാലും ഭൂമികയ്യേറ്റം തെളിയിക്കാനാകില്ലെന്നുമാണ് മന്ത്രി രോഷാകുലനായി പറയുന്നത്.

മാര്‍ച്ചില്‍ ഹണി ട്രാപ്പ് വിവാദത്തില്‍ കുടുങ്ങി എന്‍സിപിയുടെ മന്ത്രി എ കെ ശശീന്ദ്രന്‍ സ്വമേധയാ രാജിവച്ചതോടെയാണ് എന്‍സിപിയിലെ രണ്ടാമത്തെ എംഎല്‍എയായ തോമസ് ചാണ്ടിയ്ക്ക് മന്ത്രിയാകാനുള്ള നെറുക്ക് വീണത്. എന്നാല്‍ വന്‍കിട ബിസിനസുകാരനായതിനാല്‍ തന്നെ വിവാദങ്ങള്‍ ചാണ്ടിയെ വിട്ടൊഴിയില്ലെന്നും അധികകാലം ഈ പദവിയില്‍ തുടരാനാകില്ലെന്നും അന്നു തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നത്. കുവൈറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളേറെ ടൂറിസം മേഖലയിലാണ്. വിവാദങ്ങളില്‍പ്പെട്ട് എകെ ശശീന്ദ്രന്‍ രാജിവയ്ക്കുമ്പോഴും തോമസ് ചാണ്ടി കുവൈറ്റിലായിരുന്നു. രാജിവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയാണ് മന്ത്രിയാകാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡിയായ ചാണ്ടിക്ക് കുവൈറ്റിലും റിയാദിലും സ്‌കൂളുകളുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 92.37 കോടി രൂപയുടെ സ്വത്തുവിവരമാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചിരുന്നത്. പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്ന് പറയപ്പെടുന്ന സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ ഒരു ശതകോടീശ്വരന്‍ മന്ത്രിയാകുന്നത് വിവിധ മേഖലകളില്‍ നിന്നും അന്നുതന്നെ മുറുമുറുപ്പിന് കാരണമാകുകയും ചെയ്തു. ആഢംബരക്കാറില്‍ കറങ്ങുന്ന ഈ ജനപ്രതിനിധിക്കൊപ്പം എന്നും വിവാദങ്ങളുമുണ്ടായിരുന്നു.

കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് കെ കരുണാകരന്റെ വിശ്വസ്ഥനെന്ന നിലയില്‍ അധികാര രാഷ്ട്രീയത്തിലേക്ക് എത്തുകയായിരുന്നു ചാണ്ടി. 1970ല്‍ കെഎസ്യുവിന്റെ കുട്ടനാട് യൂണിറ്റ് അധ്യക്ഷനായിരുന്ന ചാണ്ടി പിന്നീട് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ശേഷമായിരുന്നു 1996ലെ രാഷ്ട്രീയ പുനഃപ്രവേശം. ആയിടയ്ക്കാണ് കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചത്. സ്വാഭാവികമായും തോമസ് ചാണ്ടിയും ഒപ്പം പോയി. പിന്നീട് ഡിഐസി, എന്‍സിപിയില്‍ ലയിച്ചു. കരുണാകരന്‍ പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ചാണ്ടി എന്‍സിപിയില്‍ തുടര്‍ന്നു.

കരുണാകരന്റെ ആശിര്‍വാദത്തോടെ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ ഡോ. കെ സി ജോസഫിനെ പരാജയപ്പെടുത്തി ആദ്യമായി ചാണ്ടി നിയമസഭയിലെത്തി. കേരള കോണ്‍ഗ്രസിന്റെ കുത്തകയാണ് ഇവിടെ ചാണ്ടിയിലൂടെ എന്‍സിപി തകര്‍ത്തത്. പണത്തിന്റെ വിജയമായാണ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അന്ന് വിലയിരുത്തപ്പെട്ടത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യുഡിഎഫിലെത്തിയപ്പോള്‍ എന്‍സിപി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. ഇക്കുറിയും കെ സി ജോസഫിനെ കാത്തിരുന്നത് പരാജയം തന്നെയായിരുന്നു. 2016ലും കുട്ടനാട്ടില്‍ വിജയിച്ച തോമസ് ചാണ്ടി തനിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനം വ്യക്തമാക്കുകയും ചെയ്തു. അതോടെ പണത്തിന്റെ സ്വാധീനമെന്ന ആരോപണത്തിന് പൂട്ടിടാനും ചാണ്ടിക്ക് സാധിച്ചു.

എന്നാല്‍ ഇത്തവണ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സ്വയം മന്ത്രിയായി പ്രഖ്യാപിച്ചാണ് ചാണ്ടി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതും ജലസേചന വകുപ്പ് തന്നെ താന്‍ കൈകാര്യം ചെയ്യുമെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു. മൂന്നാം തവണയും കുട്ടനാട്ടില്‍ താന്‍ തന്നെ ജനവിധി തേടുമെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ താനായിരിക്കും ജലസേചന മന്ത്രിയെന്നും ചാണ്ടി പ്രഖ്യാപിച്ചത് അല്‍പ്പം കടന്നുപോയെന്ന് എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു. എല്‍ഡിഎഫ് ജയിച്ചില്ലെങ്കിലും താന്‍ ജയിക്കുമെന്ന് ഉറപ്പിച്ചായിരുന്നു ചാണ്ടിയുടെ പ്രഖ്യാപനം. കുട്ടനാട്ടില്‍ മത്സരിക്കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞതോടെ ചാണ്ടിയുടെ പ്രഖ്യാപനം പരിഹസിക്കപ്പെട്ടു. എന്നിരുന്നാലും അവസാനം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ചാണ്ടി തന്നെയായി സ്ഥാനാര്‍ത്ഥി. ചാണ്ടിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിയാകുമോയെന്നായി എല്ലാവരുടെയും ശ്രദ്ധ. ഇതിനിടെ ചാണ്ടിയ്ക്ക് വേണ്ടി സിപിഎം നേതാക്കള്‍ ഒന്നടങ്കം കുട്ടനാട്ടില്‍ പ്രചരണം നടത്തിയതും വിവാദമായി. ഒടുവില്‍ ചാണ്ടിയുടെ കണക്കു കൂട്ടലുകള്‍ പോലെ തന്നെ കുട്ടനാട്ടില്‍ അദ്ദേഹം തന്നെ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. എന്നാല്‍ തന്റെ മന്ത്രിസഭയില്‍ പണക്കാരന്‍ മന്ത്രി വേണ്ടെന്ന പിണറായി വിജയന്റെ തീരുമാനം ചാണ്ടിക്ക് തിരിച്ചടിയായി. എന്‍സിപിയുടെ മറ്റൊരു എംഎല്‍എയായിരുന്ന എകെ ശശീന്ദ്രന്‍ മന്ത്രിയാകുകയും ചെയ്തു.

വിദേശത്തെ ബിസിനസ് തിരക്ക് മൂലം മറ്റാരെങ്കിലും മന്ത്രിയായാല്‍ പാര്‍ലമെന്ററി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നിയന്ത്രിക്കുകയെന്നും ചാണ്ടി നേരത്തെ തന്നെ പറഞ്ഞിരുന്നു. രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുമെന്ന് നേരത്തെ പറഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍സിപി നേതൃത്വങ്ങള്‍ അത് നിരസിച്ചതോടെ ചാണ്ടി വീണ്ടും കുവൈറ്റിലേക്ക് മടങ്ങി. പിന്നീട് ഏപ്രില്‍ ഒന്നിന് മന്ത്രിയാകാനാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയും ചികിത്സ ചെലവിനായി ഏറ്റവുമധികം തുക ചെലവഴിച്ച എംഎല്‍എയാണ് തോമസ് ചാണ്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് ചികിത്സാ ചെലവിനായി ഈ എംഎല്‍എ പൊതുഖജനാവില്‍ നിന്നും വാങ്ങിയത് അതേസമയം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഇതുവരെ ചികിത്സയ്ക്കായി ഏറ്റവുമധികം തുക ചെലവിട്ടതും തോമസ് ചാണ്ടി തന്നെ.

ഈ ആരോപണങ്ങളെയെല്ലാം എഴുതിത്തള്ളിയാലും ചാണ്ടിക്കെതിരെയുള്ള ഗുരുതരമായ രണ്ട് ആരോപണങ്ങള്‍ അത്ര നിസാരമായി കാണാന്‍ സാധിക്കുന്നതല്ല. അതില്‍ ഒന്ന് കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ തട്ടിപ്പിന്റെ പേരില്‍ തോമസ് ചാണ്ടി ശിക്ഷിക്കപ്പെട്ടിരുന്നു. കുവൈറ്റ് സ്‌കൂള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് മലയാളികളില്‍ ഒരാളായിരുന്നു കുവൈറ്റ് ചാണ്ടി. എട്ട് വര്‍ഷം തടവും പിഴയും ഇവര്‍ക്ക് ശിക്ഷയായി വിധിക്കുകയും ചെയ്തു. രാഷ്ട്രീയ കേരളത്തില്‍ എന്നും കോളിളക്കങ്ങള്‍ക്ക് സാധ്യതയുള്ള കിളിരൂര്‍ സ്ത്രീ പീഡനക്കേസാണ് രണ്ടാമത്തേത്. കൂട്ടബലാത്സംഗത്തിനിരയാകുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത ശാരി എസ് നായരുടെ മൊഴിയിലും കേസന്വേഷണ രേഖകളിലുമുള്ള പേരാണ് തോമസ് ചാണ്ടിയുടേത്. 2004ല്‍ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോര്‍ട്ടില്‍ വച്ചാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരി മൊഴി നല്‍കിയിരുന്നു. പിന്നീട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിഐപി പരാമര്‍ശം തോമസ് ചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നെന്നും ആരോപണം ഉയര്‍ന്നു. കേസിലെ മുഖ്യപ്രതി ലത നായരാണ് ശാരിയെ ചാണ്ടിയുടെ റിസോര്‍ട്ടിലെത്തിച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചില്ലെങ്കിലും 'പോയി ശരീരം നന്നാക്കി വരാന്‍' പറഞ്ഞിരുന്നെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടി നിവധി തവണ താന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ശാരിയുടെ അച്ഛന്‍ പറഞ്ഞിരുന്നു.

2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായ ശാരി 2004 ഓഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ഗര്‍ഭം നല്‍കി. പ്രസവശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയം മാതാ ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. അതേസമയം കിളിരൂര്‍ കേസില്‍ വിഐപി ഇല്ലെന്നും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തെന്നുമാണ് കേസ് ആന്വേഷിച്ച ആര്‍ ശ്രീലേഖ അന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖ, ശാരിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കള്‍ അന്നേ ആരോപിച്ചിരുന്നു. കേസന്വേഷണത്തിനിടെ തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന, മികച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈറ്റില്‍ പോയിരുന്നെന്നും മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

എംഎല്‍എ ഹോസ്റ്റലില്‍ ഒരിക്കല്‍ പോലും താമസിക്കാതെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച്, വിലകൂടിയ കാറില്‍ ചുറ്റിക്കറങ്ങുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി. മണ്ഡലത്തില്‍ കാണാറില്ലാത്ത എംഎല്‍എ എന്ന ചീത്തപ്പേര് വേറെയും. ശശീന്ദ്രന്റെ രാജിയ്ക്ക് ശേഷം ചാണ്ടിയെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കുവൈറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തേണ്ടി വന്നിരുന്നു. ഏതായാലും കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയാണ് തോമസ് ചാണ്ടി. ആലപ്പുഴയ്ക്ക് ഈ മന്ത്രിസഭയില്‍ ഇതോടെ നാലാമത്തെ മന്ത്രിയാകുകയും ചെയ്തു. നല്ലൊരു ബിസിനസുകാരന്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് തോമസ് ചാണ്ടി. ഒരു രൂപ പോലും കടമെടുക്കാതെയാണ് തന്റെ ബിസിനസുകളെല്ലാം മുന്നോട്ട് പോകുന്നതെന്ന് ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലവകുപ്പ് മോഹിച്ച തോമസ് ചാണ്ടിയ്ക്ക് മറ്റൊരു നിര്‍ണായക വകുപ്പായ ഗതാഗതമാണ് ലഭിച്ചപ്പോള്‍ കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ അദ്ദേഹം ലാഭത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്വയം വളരാനല്ലാതെ ഗതാഗത വകുപ്പിനെ ഒരു വിധത്തിലും വളര്‍ത്താന്‍ അദ്ദേഹം തന്റെ അധികാരം ഉപയോഗിച്ചില്ലെന്ന് ഇന്നും കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ കാണുമ്പോള്‍ നമുക്ക് വ്യക്തമാകും.

മന്ത്രിയായ ആറ് മാസത്തിനിടയ്ക്ക് തോമസ് ചാണ്ടിയെ പൊതുജനങ്ങള്‍ കണ്ടത് മെട്രോ റെയിലിന്റെ ഉദ്ഘാടനത്തില്‍ മാത്രമാണ്. എന്‍സിപി രാഷ്ട്രീയത്തിലോ കേരള രാഷ്ട്രീയത്തിലോ ഒരു മന്ത്രിയെന്ന നിലയിലോ പതിവ് പോലെ ഈ പേര് ഉയരുന്നതേയില്ലായിരുന്നു. ജനങ്ങളിലേക്കിറങ്ങിയുള്ള പ്രവര്‍ത്തനം തീരെയില്ലാത്തതിനാലായിരുന്നു ഇത്. തന്റെ ബിസിനസ് തന്നെയാണ് തന്റെ രാഷ്ട്രീയമെന്ന തോമസ് ചാണ്ടിയുടെ നിലപാട് തന്നെയാണ് ഇതിന് കാരണം. അതേസമയം അനധികൃത ഭൂമി കയ്യേറ്റവും ക്രക്കേടുകളുമെല്ലാം തോമസ് ചാണ്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നുമുണ്ടായിരുന്നു. അല്ലെങ്കില്‍ അത് മാത്രമായിരുന്നു തോമസ് ചാണ്ടിയെക്കുറിച്ച് വാര്‍ത്തയായത്. മന്ത്രിയായിരുന്ന കാലത്ത് ഇത്രമാത്രം കുറവ് പ്രസ്താവനകളിറക്കിയ വ്യക്തിയും വേറെയില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണ വിധേയനായ മന്ത്രി ബാബുവിന്റെ രാജി ആവശ്യപ്പെടാതിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് എല്‍ഡിഎഫ്. ഈ മന്ത്രിസഭയിലും ഇ പി ജയരാജന്‍ ബന്ധു നിയമന വിവാദത്തില്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് പിണറായി രാജിവയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇനി എന്തുണ്ടാകുമെന്നാണ് അറിയേണ്ടത്; പിണറായിയുടെ പരീക്ഷണ നിമിഷം.


Next Story

Related Stories