Top

അഹല്യ ആശുപത്രിക്ക് മുന്‍പില്‍ ഒറ്റയാള്‍ സമരം നടത്തുന്ന മിഷയെ ജയിലിലടച്ചു

അഹല്യ ആശുപത്രിക്ക് മുന്‍പില്‍ ഒറ്റയാള്‍ സമരം നടത്തുന്ന മിഷയെ ജയിലിലടച്ചു
ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പാലക്കാട് അഹല്യ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാമ്പസിന് മുന്നിൽ ഒന്നരമാസത്തിലധികമായി ഒറ്റയാൾ സമരം നടത്തിവന്ന മിഷയെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ മിഷയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മിഷയെ പാലക്കാട് വനിതാ സബ് ജയിലിലേക്ക് മാറ്റി. തനിക്ക് നീതി കിട്ടുന്നതുവരെ ജയിലിലും സമരം തുടരുമെന്ന നിലപാടിലാണ് മിഷ.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അഹല്യ കാമ്പസിനുള്ളിൽ നിന്നും മിഷയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയുത്തരവ് ലംഘിച്ചതിന്റെയടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് കൊഴിഞ്ഞാമ്പാറ എസ്. ഐ. കെ. മനോജ് പറഞ്ഞു. കാമ്പസിനുള്ളിൽ അതിക്രമിച്ചു കടന്നതിനും ജീവനക്കാരെ അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്.

അതേസമയം അഹല്യയുടെ ജീവനക്കാരൻ തന്നോടാണ് കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞതെന്ന് മിഷ പറഞ്ഞു. "അഹല്യ കാമ്പസിനുള്ളിൽ നിന്നും മൃഗീയമായാണ് എന്നെ പുറത്തു കടത്തിയത്. അഹല്യയുടെ ഇടിഗുണ്ടകൾ എന്റെ വസ്ത്രമെല്ലാം വലിച്ചുകീറി". ബുധനാഴ്ച രാവിലെ മനുഷ്യാവകാശ പ്രവർത്തകർ മിഷയെ കാണുന്നതിനായി കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെത്തുമ്പോഴും മിഷയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നുവെന്നു മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു.

അതേസമയം മിഷ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നാണ് കൊഴിഞ്ഞാമ്പാറ എസ്. ഐ. പറയുന്നത്. "ഹൈക്കോടതി ഉത്തരവ് പ്രകാരം അഹല്യയുടെ ഗേറ്റിൽ നിന്നും 100 മീറ്റർ അകലം പാലിച്ചുവേണം സമരം ചെയ്യാൻ. എന്നാൽ ബുധനാഴ്ച രാത്രി മിഷ അഹല്യയുടെ കാമ്പസിനകത്തേക്ക് കടന്നു. ഹൈക്കോടതിയുത്തരവിന്റെ ലംഘനമാണിതെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടെങ്കിലും അവർതയാറായില്ല. എത്ര പറഞ്ഞിട്ടും പുറത്തുപോകാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത്. അറസ്റ്റിനോട് സഹകരിക്കാതെ എതിർത്തുനിന്നപ്പോൾ വനിതാ പോലീസുകാരുടെ സഹായത്തോടെ ജീപ്പിലേക്ക് കയറ്റുകയായിരുന്നു. ആരും മിഷയെ ഉപദ്രവിച്ചിട്ടില്ല."

അഹല്യ കണ്ണാശുപത്രിയിലെ ലൈബ്രേറിയൻ ആയിരുന്ന ഇരിഞ്ഞാലക്കുട സ്വദേശിനിയായ മിഷയെ 2018 ജനുവരി 17നാണു ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജർക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന കാരണത്താലായിരുന്നു പിരിച്ചുവിടൽ. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ പിരിച്ചുവിട്ട തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒൻപത് മുതൽ മിഷ അഹല്യയുടെ എലിപ്പാറയിലുള്ള പ്രധാന ഗേറ്റിനു മുന്നിൽ ഒറ്റയാൾ സമരം തുടങ്ങി. ഇതോടെ പ്രധാന ഗേറ്റിനു മുന്നിലുള്ള മിഷയുടെ സമരം ആസ്പത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും മിഷയെ ഗേറ്റിനു മുന്നിൽ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് അഹല്യ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് അഹല്യയുടെ ഗേറ്റിൽ നിന്നും 100 മീറ്റർ മാറി സമരം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനു ശേഷം അഹല്യയുടെ മുന്നിലുള്ള റോഡരികത്തെ മരച്ചുവട്ടിൽ 40 ദിവസമായി സമരം ചെയ്തുവരികയായിരുന്നു മിഷ. ചൊവ്വാഴ്ചയാണ് വീണ്ടും സമരം ചെയ്യുന്നതിനായി എലിപ്പാറയിലുള്ള അഹല്യയുടെ പ്രധാന ഗേറ്റിനു മുന്നിലെത്തിയത്.

"ഒന്നര മാസമായി ഞാൻ റോഡരികിൽ ഇരിക്കാൻ തുടങ്ങിയിട്ട്. മഴ ശക്തമായപ്പോഴും ഒരു മറ പോലുമില്ലാത്ത മരച്ചുവട്ടിലിരുന്നു ഞാൻ സമരം ചെയ്തു. റോഡിലൂടെ പോകുന്നവർ എന്റെ ഫോട്ടോയെടുക്കുന്നു കൈനോട്ടക്കാരിയെന്നു പറയുന്നു. അതിനിടയിൽ കൈയ്യിൽ ആഹാരം കഴിക്കാൻ പോലും പൈസയില്ല. സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും എന്റെ ഒരാവശ്യം പോലും മാനേജ്‌മെന്റ് അംഗീകരിച്ചില്ല. അതുകൊണ്ടാണ് ഞാൻ വീണ്ടും അഹല്യയുടെ ഗേറ്റിനു മുന്നിലേക്ക് സമരം മാറ്റിയത്. എന്നെ അറസ്റ്റ് ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ ഗേറ്റിനു മുന്നിലേക്ക് വന്നത്. അറസ്റ്റ് ചെയ്താലും എന്നെ ജയിലിലോ മാനസിക രോഗാസ്പത്രിയിലോ എവിടെയിട്ടാലും എനിക്ക് നീതി കിട്ടുന്നതുവരെ ഞാൻ സമരം ചെയ്യും". ചൊവ്വാഴ്ച സമരം ചെയ്യുന്നതിനായി അഹല്യയുടെ ഗേറ്റിനു മുന്നിലെത്തിയ മിഷയുടെ വാക്കുകളാണിത്.

മിഷയെ അറസ്റ്റ് ചെയ്തതറിഞ്ഞു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ. സി. എച്. ആർ. ഓ) പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. സ്ഥിരം തൊഴിലാളികളേക്കാൾ കൂടുതൽ താൽക്കാലിക തൊഴിലാളികളെ വച്ച് ജോലി ചെയ്യിക്കാനുള്ള തൊഴിലുടമകളുടെ തൊഴിൽ ചൂഷണത്തിന്റെ ഭാഗമായാണ് മിഷയുടെ പിരിച്ചുവിടൽ എന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി പറഞ്ഞു.

"തൊഴിൽ നിയമങ്ങൾ തൊഴിലാളിക്ക് നൽകുന്നതിനേക്കാൾ സുരക്ഷയും സംരക്ഷണവും തൊഴിലുടമയ്ക്ക് നല്കുന്നുവെന്നാണ് മിഷയുടെ പിരിച്ചുവിടലിലൂടെ വ്യക്തമാകുന്നത്. അഹല്യയിൽ അകാരണമായി സ്ത്രീ തൊഴിലാളികളെ പിരിച്ചുവിടുന്നത് പുതിയ കാര്യമല്ല. അഹല്യ പിന്തുടർന്നുവന്ന ഈ കീഴ്വഴക്കത്തെ മിഷ ചോദ്യം ചെയ്തതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. ഇതിനു മുൻപും പോലീസിന് പെൺകുട്ടികളിൽ നിന്ന് ഇത്തരത്തിലുള്ള പരാതികൾ കിട്ടിയിട്ടുണ്ട്. എന്നാൽ പരാതികൾ പരിഗണിക്കാൻ പോലും പോലീസ് തയാറായിട്ടില്ല " വിളയോടി ശിവൻകുട്ടി പറഞ്ഞു.

https://www.azhimukham.com/kerala-misha-librarian-protest-at-ahalya-hospital-seeks-justice-report-by-sandhya/

Next Story

Related Stories