UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാം വിരുദ്ധ വികാരം ഉയര്‍ത്തരുതെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

മലയാളികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ആസൂത്രിത മുതലെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍. ഇപ്പോള്‍ അതു നടക്കുന്നുണ്ടെന്നും നിയമസഭയില്‍ ഈ വിഷയവുമായി ഉണ്ടായ ചര്‍ച്ചയില്‍ മറുപടി പറഞ്ഞ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം യുവാക്കളെ കാണാതായ സംഭവം ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാം വിരുദ്ധവികാരം ഉണര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ മലയാളികള്‍ എല്ലാവരും ഐഎസില്‍ ചേര്‍ന്നെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വ്യക്തമായൊരു വിവരം നല്‍കി ജനങ്ങളുടെ മുന്നിലുള്ള ദുരൂഹതകള്‍ നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഈ വിഷയം സബ്മിഷനായി ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

21 പേരെ കാണാതിയിട്ടുണ്ടെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നാണ് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. കാസര്‍കോട് പടന്നയില്‍ നിന്നും 17 പേരെയും പാലക്കാട് നിന്നും നാലുപേരെയുമാണ് കാണാതായത്. വിഷയം അതീവ ഗൗരവമുളളതാണ്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ഗൗരവമുളളതാണ്. എന്നാല്‍ ഭീകരവാദത്തെ ഇതുമായി കൂട്ടിക്കെട്ടാനുളള ശ്രമം സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്നുണ്ട്. മുസ്ലിംങ്ങളെ ആകെ പുകമറയില്‍ നിര്‍ത്താനുളള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ മറവില്‍ മുസ്ലിം വിരുദ്ധ വികാരം ഉയര്‍ത്താനാണ് ശ്രമം.അതിനെ കരുതിയിരിക്കണം. കേന്ദ്ര ഏജന്‍സികളുടെ സഹകരണത്താലാണ് അന്വേഷണം നടക്കുന്നത്; മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം കാണാതായവരില്‍ ഒരാളെ മുംബൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. കാസര്‍കോട് തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ എളംപച്ചി സ്വദേശി ഫിറോസ് ഖാനെയാണ് മുംബൈയില്‍ നിന്നും പിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സ് സംഘമാണ് ഇയാളെ ഞായറാഴ്ച പിടികൂടിയത്.ഒരാഴ്ച മുന്‍പ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ബാക്കിയുളളവര്‍ സിറിയയില്‍ ആണെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഡോഗ്രിയിലെ ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാസര്‍കോട് നിന്ന് കാണാതായ 17 പേരില്‍ ഒരാളാണ് ഫിറോസ്.അതേസമയം, കാസര്‍കോട് നിന്ന് കാണാതായ 15 അംഗ സംഘത്തിലെ 12 പേര്‍ ഇറാനിലെത്തിയതായി കേരളാ പൊലീസിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം ഇറാനിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോടുള്ള യാത്രാ ഏജന്‍സിയാണ് ഇവര്‍ക്കുള്ള യാത്രാ രേഖകള്‍ തയാറാക്കി നല്‍കിയത്. കാസര്‍കോട് നിന്നും ദുരൂഹസാഹചര്യത്തില്‍ 17 പേരെയാണ് കാണാതായത്.

പുതിയ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലും മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയ്ക്ക് ഇതുവരെ ഒരു സ്ഥിരീകരണവും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നും കാണാതായ 17 പേര്‍ ഐ എസില്‍ ചേര്‍ന്നതായി ഒരു സ്ഥിരീകരണവും വന്നിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജു മാധ്യമങ്ങളോട് പറഞ്ഞത്.

കാണാതായ മലയാളികള്‍ ഐ എസില്‍ ചേര്‍ന്നോ എന്നതിനെക്കുറിച്ച് സംശയം മാത്രമാണ് ഇപ്പോഴുള്ളതെന്നും ഇതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍