TopTop
Begin typing your search above and press return to search.

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം

ബിഷപ്പ് ഫ്രാങ്കോയ്ക്കോക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും സമരം ചെയ്തവരേയും മഠത്തില്‍ നിന്നു പുറത്താക്കാനും നീക്കം
ഫാ. അഗസ്റ്റിന്‍ വട്ടോളിയെ പുറത്താക്കാന്‍ ശ്രമം ആരംഭിച്ചതിനു പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയേയും സാക്ഷികളായ കന്യാസ്ത്രീകളെയും മഠത്തില്‍ നിന്നും പുറത്താക്കാനും ശ്രമം. അഗസ്റ്റിന്‍ വട്ടോളിക്കെതിരേ സഭ നേതൃത്വം കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും മിഷണറീസ് ഓഫ് ജീസസ് സന്ന്യാസ സഭയിലെ കന്യാസ്ത്രീകളുടെ കാര്യത്തില്‍ അത്തരമൊരു നീക്കം നടന്നിട്ടില്ല. നേരിട്ട് പുറത്താക്കലിന് ഒരുങ്ങാതെ കന്യാസ്ത്രീകളെ സ്വയം നിര്‍ബന്ധിതരാക്കിയോ ഏതെങ്കിലും വിധത്തില്‍ സഭാ വിരുദ്ധ പ്രവര്‍ത്തികളില്‍പ്പെടുത്തി അച്ചടക്ക നടപടിയെന്ന പേരിലോ പുറത്തു വിടാനാണ് ആലോചനകള്‍ നടക്കുന്നത്.

കന്യാസ്ത്രീ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് നിയമപരമായ ശിക്ഷ കിട്ടണമെന്നാവശ്യവുമായി പ്രത്യക്ഷസമരം നടത്തിയവരെയാണ് ഏതുവിധേനയും സന്ന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കാന്‍ നീക്കം നടത്തുന്നത്. സമരത്തിന് ഇവര്‍ ഇറങ്ങിയ നാള്‍ മൂതല്‍ ഇതിനായി ശ്രമം തുടങ്ങിയെങ്കിലും കടുത്ത പ്രതിരോധം തീര്‍ത്ത് കന്യാസ്ത്രീകള്‍ പിടിച്ചു നിന്നതോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശം ഇതുവരെയായിട്ടും വിജയം കണ്ടിട്ടില്ല.

കന്യാസ്ത്രീകളുടെ പോരാട്ടത്തിന് പിന്തുണയുമായി നേതൃത്വസ്ഥാനത്ത് നില്‍ക്കുന്ന അഗസ്റ്റിന്‍ വട്ടോളിയെ പുരോഹിതസ്ഥാനത്തു നിന്നും നീക്കാന്‍ അതിരൂപത നേതൃത്വം തുടക്കം കുറിച്ചതോടെ, അടുത്തതായി കന്യാസ്ത്രീകളെക്കൂടി ഏതുവിധേനയും പുറത്താക്കുക എന്നതിനും ആക്കം കൂട്ടുകയാണ്. എറണാകുളം-അങ്കമാലി അതിരൂപത അപ്പോസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ കന്യാസ്ത്രീ സമരവുമായി ബന്ധപ്പെട്ട് പൊതുവേദികളില്‍ പങ്കെടുത്തതിന് ഫാ. വട്ടോളിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കുന്നില്ലെങ്കില്‍ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് വൈദികനെ വിധേയമാക്കുമെന്നാണ് ഭീഷണി. എന്നാല്‍ വട്ടോളിയച്ചനെ പോലെ തന്നെ പരസ്യമായി സമരത്തിന് ഇറങ്ങിയവരെങ്കിലും മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കെതിരേ ഇതുവരെ ഇത്തരമൊരു കാരണംകാണിക്കല്‍ നോട്ടീസോ സഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന പരാതിയോ നല്‍കിയിട്ടില്ല. പകരം, മറ്റുമാര്‍ഗങ്ങളിലൂടെ കന്യാസ്ത്രീകളെ പുറത്താക്കാനാണ് ആലോചന. ഇതിന്റെ ഭാഗമാണ്, സുരക്ഷപ്രശ്‌നമുള്ള പരാതിക്കാരിയായ കന്യാസ്ത്രീക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ തങ്ങള്‍ക്ക് ആവില്ലെന്ന മിഷണറീസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയറിന്റെ മറുപടി. ഇങ്ങനെയൊരു മറുപടിക്കു പിന്നില്‍ മറ്റു ചില താത്പര്യങ്ങള്‍ ഉണ്ടെന്നാണ് കന്യാസ്ത്രീ മഠത്തില്‍ നിന്നു തന്നെ കിട്ടുന്ന വിവരം.

സാക്ഷികള്‍ക്കും പരാതിക്കാര്‍ക്കും നല്‍കി വരുന്ന സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അട്ടിമറിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇത് കന്യാസ്ത്രീകളെ പുറത്താക്കാനുള്ള വഴിയുടെ ഭാഗമായാണെന്നാണ് അഴിമുഖത്തോട് പ്രതികരിച്ചവര്‍ പറയുന്നത്. ജലന്ധര്‍ രൂപതയിലെ സീനിയര്‍ പുരോഹിതനായിരുന്ന കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തിനു പിന്നാലെ കുറവിലങ്ങാട് എസ് ഐ, ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിലെ പരാതിക്കാരിക്കും സാക്ഷികള്‍ക്കും കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്, ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന മണ്ണയ്ക്കാനാട്ടെ സെന്റ് ഫ്രാന്‍സീസ് മിഷന്‍ ഹോമിലെ മദറിന് കത്ത് നല്‍കിയിരുന്നു. ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നതാണ്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ പരസ്യമായി രംഗത്തു വന്ന പുരോഹിതനായിരുന്നു ഫാ. കാട്ടുതറ. ബിഷപ്പിനെതിരേ നിയമപരമായി മുന്നോട്ട് നീങ്ങാന്‍ പ്രേരണ നല്‍കിയ കുര്യാക്കോസ് കാട്ടുതറയോട് കന്യാസ്ത്രീകള്‍ക്ക് ഏറെ അടുത്ത ബന്ധവും ഉണ്ടായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ഉണ്ടായതിനെ തുടര്‍ന്ന് ഫാ. കാട്ടുതറയ്‌ക്കെതിരേ ആക്രമണം ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയവും വൈദികന്‍ ബന്ധുക്കളെ അറിയിച്ചിരുന്നതാണ്. ഇതിനൊക്കെ പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളാണ് ഫാ. കുര്യക്കോസ് കാട്ടുതറയുടെ മരണത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കന്യാസ്ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന നിലപാടും ഇതുമൂലമാണ്. കാട്ടുതറയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയ്‌ക്കെതിരേ പ്രതിഷേധവും ഉണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പൊലീസ്, മഠം അധികൃതര്‍ക്ക് കത്തി നല്‍കിയതെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ തീര്‍ത്തും പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചത്.

പൊലീസ് നല്‍കിയ കത്ത് മിഷന്‍ ഹോമിലെ മദര്‍ ജലന്ധറിലുള്ള മദര്‍ ജനറാളിനെ അറിയിച്ചപ്പോള്‍, കന്യാസ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കന്യാസ്ത്രീകളെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന മഠത്തില്‍ നിരവധി സുരക്ഷാവീഴ്ച്ചകളുണ്ട്. മഠത്തിലെ സിസിടീവി കാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്നു പൊലീസ് അറിയിച്ചിരുന്നു. മഠത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നൈറ്റ് വിഷന്‍ കാമറകള്‍ സ്ഥാപിക്കണമെന്നത് മറ്റൊരു നിര്‍ദേശമായിരുന്നു. പ്രധാന റോഡ് മുതല്‍ മഠത്തിലേക്ക് പ്രവേശിക്കുന്നിയിടം വരെ മതിയായ പ്രകാശം കിട്ടാനുള്ള സംവിധാനം ഒരുക്കണമെന്നതും നിര്‍ദേശത്തിലുണ്ടായിരുന്നു. മഠത്തിന്റെ എല്ലാഭാഗങ്ങളിലും വെളിച്ചം കിട്ടാന്‍ ലൈറ്റുകള്‍ സ്ഥാപിക്കണം, കുടിവെള്ള സ്രോതസ്സ് കമ്പിവലയും നെറ്റും ഉപയോഗിച്ച് സുരക്ഷിതമാക്കുക, ഗാര്‍ഡ് റൂമിന്റെ ഭാഗത്തുള്ള എക്‌സിറ്റ് വാതിലിന്റെ ഒരു താക്കോല്‍ പരാതിക്കാരിയായ കന്യാസ്ത്രീക്ക് നല്‍കുക, പൊലീസിന് ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഗാര്‍ഡ് റൂം ഒരുക്കുക, മഠത്തിലും വൃദ്ധസദനത്തിലും സ്ഥിരമായും താത്ക്കാലികമായും താമസിക്കുന്ന അന്തേവാസികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളുടെയും ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ എന്നിവ പ്രത്യേക രജിസ്റ്റര്‍ ആയി സൂക്ഷിക്കുക, ഭക്ഷണം പാകം ചെയ്യുന്നവരെ സ്ഥിരമായി ചുമതലപ്പെടുത്തുക, അവരുടെ പേര് വിവരം പ്രത്യേകം സൂക്ഷിക്കുക, മറ്റുള്ളവരെ പാചകം ചെയ്യാന്‍ അനുവദിക്കാതിരിക്കുക, പരാതിക്കാരിയായ കന്യാസ്ത്രീക്കും സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും വേണ്ടി പ്രത്യേകം പാചകക്കാരെ അനുവദിക്കുക, മഠത്തിന്റെ പടിഞ്ഞാറ് വശത്ത് ടെറസിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മാവും വട്ടയും വെട്ടിനീക്കുക, മഠത്തിന്റെ കിഴക്ക്ഭാഗത്തെ ഫൈബര്‍ വാതിലുകള്‍ മാറ്റി അടച്ചുറപ്പുള്ളതാക്കുക, പരാതിക്കാരി താമസിക്കുന്നിടത്തു നിന്നു ബെല്‍ ഗാര്‍ഡ് റൂമിന്റെ സമീപത്തേക്ക് മാറ്റുക, 19-ആം നമ്പര്‍ മുറിയുടെ വാതില്‍ അകത്തു നിന്നു ക്രോസ് ബാര്‍ ഘടിപ്പിച്ചു ബലപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളായിരുന്നു പൊലീസ് നല്‍കിയത്.

എന്നാല്‍ ഈ സുരക്ഷനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നാണ് ജലന്ധറില്‍ നിന്നുള്ള മിഷണറീസ് ഓഫ് ജീസസ് മദര്‍ സുപ്പീരയര്‍ ജനറല്‍ മറുപടി. രണ്ട് കാരണങ്ങളാണ് മദര്‍ ജനറാള്‍ പറയുന്നത്, ഒന്ന് ഇതിനൊക്കെ ആവശ്യമായ സാമ്പത്തികശേഷി സന്ന്യാസി സമൂഹത്തിന് ഇല്ല, ഇതൊക്കെ ചെയ്യാനുള്ള അധികാരം ഇല്ല. മാത്രമല്ല, കന്യാസ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന ഏര്‍പ്പാടുകള്‍ മിഷന്‍ ഹോമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അന്തേവാസികളുടെ സുരക്ഷയേയും അവരുടെ സ്വകാര്യതയേയും തകര്‍ക്കുമെന്നും ജനറാള്‍ പറയുന്നു.

പരാതിക്കാരിക്കും സാക്ഷികള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ ഇത്തരം ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മഠത്തിലെ ഉന്നതര്‍ അവഗണിക്കുന്നത്. തങ്ങള്‍ക്ക് ഈ ആവശ്യപ്പെട്ട സുരക്ഷകളൊന്നും ഒരുക്കാന്‍ കഴിയില്ലെന്നും കന്യാസ്ത്രീകള്‍ളുടെ ജീവന് ഭീഷണിയുണ്ടെന്നും അവര്‍ക്ക് അതീവ സുരക്ഷ നല്‍കിയേ മതിയാകുമെന്നാണ് പൊലീസ് പറയുന്നതെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റാനാണ് ജനറളിന്റെ നിര്‍ദേശം. കോടതിയില്‍ നിന്നും അനുമതി കിട്ടിയാല്‍ കന്യാസ്ത്രീകളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് സുരക്ഷിതരായി മാറ്റിപ്പാര്‍പ്പക്കാമെന്നാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍, പോലീസ് നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.

എന്നാല്‍, സുരക്ഷപ്രശ്‌നത്തിന്റെ പേരില്‍ തങ്ങളെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റാമെന്നുള്ള നിര്‍ദേശത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കന്യാസ്തീകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്രനാളും സന്ന്യാസ സമൂഹത്തിനും കത്തോലിക്ക സഭയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചവരോടാണ്, വേണമെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് പോകാന്‍ പറയുന്നതെന്നാണ് തങ്ങള്‍ക്കെതിരേയുള്ള നീക്കത്തെ കന്യാസ്ത്രീകള്‍ വിമര്‍ശിക്കുന്നത്. തങ്ങളെ പതിയെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ആരംഭമാണ് മഠത്തില്‍ നിന്നും മാറ്റി മറ്റൊരു സ്ഥാപനത്തിലേക്ക് അയക്കാമെന്നു പറയുന്നതിന്റെ പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറുന്നതോടെ തങ്ങള്‍ സന്ന്യസ ജീവിതത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആയതിനാല്‍ മഠത്തിന്റെ നിയമങ്ങളും രീതികളും അനുസരിച്ചല്ല തങ്ങള്‍ കഴിയുന്നതെന്നു ചൂണ്ടിക്കാട്ടി പുറത്താക്കാനുള്ള കാരണമാക്കാമെന്നും ഇതിനുവേണ്ടിയാണ് കൂടുതല്‍ സുരക്ഷയൊന്നും നല്‍കാന്‍ പറ്റില്ല, സുരക്ഷ കുറവാണെന്നു തോന്നുകയാണെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റിക്കോ എന്നു പറയുന്നതിന്റെ പിന്നിലെ തന്ത്രമെന്നുമാണ് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാണിക്കുന്നത്.

തങ്ങളുടെ സഹോദരിക്ക് നീതി കിട്ടാനായി മുന്നിട്ടിറങ്ങിയ നാള്‍ മുതല്‍ എങ്ങനെയെങ്കിലും മഠത്തില്‍ നിന്നും പുറത്താക്കാനുള്ള ശ്രമം അവര്‍ അരംഭിച്ചതാണെന്നും ഇവര്‍ പറയുന്നു. "വട്ടോളിയച്ചന് ഇപ്പോള്‍ നല്‍കിയിരിക്കുന്നതുപോലൊരു കുറ്റപത്രം ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും പരമാവധി സമ്മര്‍ദ്ദം ചെലത്തി എങ്ങനെയെങ്കിലും ഞങ്ങളിവിടെ നിന്നും പോകാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നേരത്തെ മുതല്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. എന്തുവന്നാലും ഇറങ്ങില്ലെന്ന ഉറച്ച നിലപാടില്‍ തന്നെ ഞങ്ങളും നിന്നു. വേണമെങ്കില്‍ ഞങ്ങളെ കൊന്നിട്ട് ശവം പുറത്തിറക്കിക്കോ. അല്ലാതെ ജീവനോടെ ഞങ്ങള്‍ ഇറങ്ങില്ല"
; കന്യാസ്ത്രീകള്‍ പറയുന്നു. ഇത്തരമമൊരു നിലപാടില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഓരോരവഴികളായി അവര്‍ നോക്കുന്നതെന്നും സുരക്ഷാ പ്രശ്‌നവും തങ്ങള്‍ക്കെതിരേയുള്ള ആയുധമാക്കാന്‍ നോക്കുകയാണെന്നും ഇവര്‍ പറയുന്നു. "എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ എങ്ങോട്ടും പോകില്ല. ഈ കേസ് കഴിയുന്നതുവരെയെങ്കിലും ഇവിടെ പിടിച്ചു നില്‍ക്കും. നീതി കിട്ടുന്നതുവരെ ഇറങ്ങില്ല. അതു കഴിഞ്ഞാല്‍ പോകാം. ജീവിതകാലം മുഴുവന്‍ ഞങ്ങളിതിനകത്ത് കിടക്കുന്നില്ല. പക്ഷേ, ഈ കേസ് കഴിയുന്നതുവരെ ഉണ്ടാകും. അതിന് സമ്മതിക്കാതിരിക്കാനാണ് അവര്‍ നോക്കുന്നത്"
; കന്യാസ്ത്രീകള്‍ പറയുന്നു.

https://www.azhimukham.com/kerala-may-be-its-a-natural-death-but-not-a-peace-full-one-fr-kuriakose-kattutharas-family-says/

https://www.azhimukham.com/kerala-if-archdiocese-take-any-action-against-fr-augustine-vattoli-we-will-stand-with-him-says-nuns-who-lead-protest-for-bishop-francos-arrest-in-nun-rape-case/

https://www.azhimukham.com/kerala-syro-malabar-ernakulam-angamaly-archdiocese-move-action-against-fr-augustine-vattoli-who-stand-with-nuns-protest/

https://www.azhimukham.com/kerala-catholica-sabha-calendar-published-rape-case-accused-bishop-francos-photo-and-taking-decision-to-oust-fr-fr-augustine-vattoli/

https://www.azhimukham.com/kerala-sister-jesme-react-on-ernakulam-angamaly-archdiocese-move-to-oust-fr-augustine-vattoli/

https://www.azhimukham.com/kerala-save-our-sisters-movement-react-ernakulam-angamaly-archdiocese-move-to-oust-fr-augustine-vattoli/

https://www.azhimukham.com/kerala-thrissur-archdiocese-justifies-catholic-church-calendar-publish-nun-rape-case-accused-bishop-franco-mulakkals-photo/

https://www.azhimukham.com/kerala-archdiocesan-movement-of-transparency-demand-kcbc-annd-syro-malabar-synod-to-oust-culprits-bishops-and-express-support-with-fr-augustine-vattoli/

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories