TopTop

'വെറുതെ ചിലയ്ക്കാന്‍ നില്‍ക്കണ്ട, പെമ്പിള്ളേരാണെങ്കില്‍ സമയത്തിന് വരണം, നിന്നെയൊന്നും അകത്തു കേറ്റില്ല', 'എന്റെ കൂട്' രാത്രിസത്രത്തിലെത്തിയ പെണ്‍കുട്ടികളോട് അധികൃതര്‍ പറഞ്ഞതാണ്

സർക്കാരിന്റെ മൂക്കിൻ തുമ്പിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ രാത്രി സത്രമായ 'എന്റെ കൂടി'ൽ നിന്ന് സദാചാര പോലീസിംഗിന്റെ ദുരനുഭവം ഏറ്റുവാങ്ങി അഞ്ചു വിദ്യാർഥിനികൾ. രണ്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലിന്റെ മാനസികാഘാതം വിട്ടുമാറാത്ത അവർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകം ഈ വാർത്ത അറിഞ്ഞത്. സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസിന്റെ ഭാഗത്തുനിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. രാത്രി സത്രത്തിൽ പെൺകുട്ടികൾ വൈകിയെത്തിയത് അവരുടെ സ്വഭാവദൂഷ്യം കൊണ്ടാണെന്നായിരുന്നു അധികൃതരുടെ ആരോപണം. മെയ് ആദ്യവാരമായിരുന്നു സംഭവം.

"സാമൂഹ്യനീതി വകുപ്പ് ഈ വിഷയം ഏറ്റെടുക്കുകയും മേലിൽ ജാഗ്രത പാലിക്കും എന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല എന്നും ഉറപ്പു തന്നിട്ടുണ്ട്. അധികാര സ്ഥാനത്തിരിക്കുന്ന ഉത്തരവാദിത്തപ്പെട്ടവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വിഷയം ജനശ്രദ്ധയിൽ എത്തണമെന്ന് ഞങ്ങൾ തീരുമാനിച്ചത്" എന്ന് വിദ്യാര്‍ഥിനികളില്‍ ഒരാള്‍  അഴിമുഖത്തോട് പറഞ്ഞു.

വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐസർ) BS MS പഠിക്കുന്ന 5 വിദ്യാർഥിനികളാണ് പുലർച്ചെ കോട്ടയത്തേക്ക് പോകേണ്ട ആവശ്യം ഉള്ളതിനാൽ ആറു മണിക്ക് ട്രെയിനിൽ കയറുന്നതിനായി വിതുര ഹോസ്റ്റലിൽ നിന്ന് വൈകിട്ട് ഏഴു മണിക്ക് പുറപ്പെട്ട് രാത്രി 9:30-ഓടെ തിരുവനന്തപുരം നഗരത്തിൽ എത്തിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശമുള്ള കെഎസ്ആർടിസി ബസ് ടെർമിനലിന്റെ എട്ടാം നിലയിൽ പ്രവർത്തിക്കുന്ന 'എന്റെ കൂടി'ൽ രാത്രി 3 മണി വരെ പ്രവേശനം അനുവദിക്കുമെന്നിരിക്കെ ഒരു സിനിമ കാണാമെന്ന് പെൺകുട്ടികൾ തീരുമാനിക്കുകയായിരുന്നു. സിനിമ കഴിഞ്ഞ് എന്റെ കൂട്ടിൽ എത്തിയപ്പോഴാണ് അധികൃതർ 'കറങ്ങി നടക്കുന്ന പെൺകുട്ടികൾക്ക്' രാത്രി പ്രവേശനം നൽകാനാവില്ല എന്ന് പറയുകയും വീട്ടിലെ വിവരങ്ങളും വാർഡന്റെ നമ്പറും ആരാഞ്ഞത്.

"വാർഡന്റെ അനുമതി വാങ്ങിയിട്ടാണ് തങ്ങൾ പോന്നത് എന്നു പറഞ്ഞിട്ടും വിശ്വാസം വരാതെ വാർഡനെ വിളിച്ച് സ്ഥിരീകരിക്കാൻ അവർ മുതിർന്നു. രാത്രി രണ്ടുമണിയോടു കൂടിയായിരുന്നു ഫോൺ വിളിയും ബഹളവും എല്ലാം. വീട്ടിലേക്ക് ഈ സമയത്ത് വിളിച്ചാൽ അവർ പരിഭ്രമിക്കും എന്ന സാമാന്യ മര്യാദ പോലും അധികൃതർ കാണിച്ചില്ല. അവിടെ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിൽ നിന്ന് പോലീസുകാരുടെ അനുമതിപത്രം വാങ്ങി വന്നാൽ പ്രവേശനം അനുവദിക്കാമെന്ന് ആദ്യം പറഞ്ഞു. ഐഡി കാർഡുകൾ കയ്യിൽ ഉള്ള പക്ഷം പ്രവേശനം നൽകണമെന്ന പോലീസുകാരുടെ ശുപാർശയുമായി ചെന്നിട്ടും പ്രവേശനം അനുവദിക്കാതെ, പെൺകുട്ടികൾ ഈ സൗകര്യം ദുരുപയോഗം ചെയ്യുകയാണ് പതിവ്, അതുകൊണ്ട് ഇവിടെ പ്രവേശിപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഒക്കെ ഉണ്ട് എന്ന് അധികൃതർ പറയുകയായിരുന്നു.

'നിങ്ങൾ ഇതെവിടുന്നാ വരുന്നേ? ഹോസ്റ്റലിൽ താമസിക്കുന്ന പെൺപിള്ളേർ എട്ടു മണിക്ക് മുൻപ് വരണം. നിനക്കൊക്കെ ചെയ്യാൻ പറ്റുന്നത് പോയി ചെയ്യ്, ഞാൻ കേറ്റാൻ പോകുന്നില്ല. നിങ്ങൾ അങ്ങ് കേറാതെ, ഞങ്ങൾക്കും കുറെ വിവരം ഒക്കെ ഉള്ളതാണ്, വെറുതെ ചിലയ്ക്കണ്ട. ഞങ്ങൾക്കും മക്കളൊക്കെ ഉണ്ട്, അവർ ഇങ്ങനെയൊന്നുമല്ല. വരുന്നവർക്കും പോകുന്നവർക്കും വന്നു കയറാൻ പറ്റിയ ഇടം ഒന്നുമല്ല അല്ല. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഓഫീസാണ്', ഇങ്ങനെയാണ് ഞങ്ങളോട് പറഞ്ഞ മറുപടി".


"റെയ്ഡ് ചെയ്തോ മറ്റോ പിടിച്ചു എന്ന മട്ടിലാണ് അവർ ഞങ്ങളോട് സംസാരിച്ചത് തന്നെ. ഇനി ഇവർ ഈ പറയുന്ന ചീത്ത സാഹചര്യത്തിൽ നിന്ന് ആണെങ്കിൽ കൂടി അഭയം യാചിച്ചാൽ അത് നൽകാനുള്ള ഉത്തരവാദിത്വമുള്ള അധികാരികൾ അല്ലേ ഞങ്ങളോട് ഇങ്ങനെ പെരുമാറിയത്"- ഒരു പെൺകുട്ടി പറയുന്നു.

"കാവലിൽ ഉണ്ടായിരുന്ന പോലീസും അധികൃതരുടെ ഭാഗത്ത് ചേർന്ന് സംസാരിച്ചതോടെ സ്ഥലം എസ്ഐയെ വിളിക്കാനും അദ്ദേഹത്തോട് സഹായം അഭ്യർഥിക്കാനും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ സ്ഥലത്തെത്തിയ എസ്ഐയും ഞങ്ങൾക്ക് അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മറ്റ് സ്ത്രീകൾ ഉണ്ടാവുമെന്നും അവിടെ പോയി ഇരുന്നോളൂ എന്നുമാണ് ഞങ്ങളോട് അവർ പറഞ്ഞത്. വീട്ടിലും ഹോസ്റ്റലിലും വിളിച്ചു ഉറപ്പുവരുത്തിയശേഷം ഞങ്ങളെ അവിടെ വിശ്രമിക്കാൻ അനുവദിച്ചെങ്കിലും നേരിടേണ്ടിവന്ന എന്ന മാനസിക സംഘർഷത്തെ തുടർന്ന് രണ്ടുപേർ മാത്രമാണ് ആണ് അവിടെത്തന്നെ വിശ്രമിച്ചത്. ബാക്കിയുള്ള മൂന്നു പേർ സ്റ്റേഷനിൽ പോയി ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു"
.

ഒരേ കെട്ടിടത്തിൽ തന്നെ അഞ്ചുനില താഴെയുള്ള സിനിമ തിയേറ്ററിൽ സിനിമ കണ്ടിട്ട് വന്നതിന്റെ പേരിലാണ് തങ്ങളെ ക്രൂശിച്ചതെങ്കിൽ പൊതുവിടം എന്നത് സ്ത്രീക്ക് ഇന്നും എത്രത്തോളം അപ്രാപ്യമാണ് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് പെൺകുട്ടികൾക്ക് പറയാനുള്ളത്.പെൺകുട്ടികളുടെ കാര്യത്തിൽ മാത്രം സമയവും അസമയവും നിഷ്കർഷിക്കാനുള്ള ഈ ശുഷ്കാന്തി കൊണ്ട് എന്ത് സ്ത്രീ സുരക്ഷയാണ് ലക്ഷ്യമാക്കുന്നത് എന്ന് ഇവർ രോഷം കൊള്ളുന്നു. "
അന്ന് ഞങ്ങള്‍ കണ്ടത് ഉയരെ എന്ന സിനിമയാണ്. പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ആ സിനിമ കണ്ടതിന്റെ പേരിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾ ചില്ലറയല്ല. സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ പക്ഷേ ഞങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു. ഒരു സിനിമ കണ്ടതിന്റെ പേരിലാണ് ഞങ്ങൾക്കർഹമായ സാമൂഹ്യനീതി നിഷേധിക്കപ്പെട്ടത്",
പെണ്‍കുട്ടികള്‍ പറയുന്നു.

സംഭവത്തെ തുടർന്ന് കളക്ടർക്കും തിരുവനന്തപുരം മേയർക്കും പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സാമൂഹ്യനീതി വകുപ്പിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തത്. പോലീസ് പട്രോളിങ് പോലും സദാചാരത്തിന്റെ തലത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച വേദനാജനകമാണ്, ഇത്തരത്തിൽ മോശമായ ഒരു അനുഭവത്തെക്കാൾ നല്ലതായിരുന്നു ഒറ്റയ്ക്ക് ഇൻസെക്യൂരിറ്റി പ്രോൺ ആയി കഴിയുന്നത് എന്നാണ് തങ്ങൾക്ക് തോന്നിയത് എന്ന് ആവർത്തിക്കുകയാണ് ഈ പെൺകുട്ടികൾ.

Azhimukham Special: സര്‍ക്കാര്‍ സ്കൂളുകള്‍ എന്ന് ഇന്നാരും അവജ്ഞയോടെ പറയില്ല; വിദ്യാഭ്യാസ രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍

Next Story

Related Stories