TopTop

ഒരുമാസമായി എറണാകുളത്തെ ഒരു വീടിന്റെ ടെറസില്‍ കഴിയുകയാണ് യുപിക്കാരായ ഈ അമ്മയും മകനും; നീതിക്ക് വേണ്ടി

ഒരുമാസമായി എറണാകുളത്തെ ഒരു വീടിന്റെ ടെറസില്‍ കഴിയുകയാണ് യുപിക്കാരായ ഈ അമ്മയും മകനും; നീതിക്ക് വേണ്ടി
"ഒരു മാസം കഴിയുന്നു ഞാനും മകനും ആരാലും സംരക്ഷണമില്ലാതെ ഈ വീടിന്റെ ടെറസില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. ഭർത്താവായ അനിലിനെ അന്വേഷിച്ച് ഐരാപുരത്തെ വീട്ടില്‍ എത്തിയ എനിക്കും മകനും നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍ മാത്രമായിരുന്നു," ഉത്തരേന്ത്യയില്‍ നിന്നെത്തിയ ജെബീന്‍ ഷെയ്ക്ക് പറഞ്ഞു. എറണാകുളം ഐരാപുരം പാതാളപ്പറമ്പിലെ കോണ്‍ക്രീറ്റ് വീടിന്റെ ടെറസില്‍ അവര്‍ക്കൊപ്പം ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ യൂഹാനും ഉണ്ട്.

"വെള്ളവും വെളിച്ചവും ഇല്ലാതെ 30 ദിവസം ഈ ടെറസിന്റെ മുകളില്‍ കഴിഞ്ഞു. ഇപ്പോള്‍ പഞ്ചായത്ത് സഹായിച്ച് കറന്‍റ് കിട്ടി. ഈ നാട്ടിലെ നല്ലവരായ നാട്ടുകാരാണ് ഞങ്ങള്‍ക്കുള്ള ഏക ആശ്രയം. അനിലിനെ അന്വേഷിച്ച് കഴിഞ്ഞ ഡിസംബര്‍ 21-നാണ് ഞാനും മകനും ഐരാപുരത്തെ വീട്ടില്‍ എത്തിയത്. അന്നു മുതല്‍ അനിലിന്റെ അച്ഛനും അമ്മയും ബന്ധുക്കളും മോശമായാണ് പെരുമാറുന്നത്. ആദ്യം അവർ ഞങ്ങളെ ഒരു ഹോട്ടലിലാണ് പാർപ്പിച്ചത്. ദിവസേന ആയിരം രൂപ വാടകയുള്ള ആ മുറി ഞങ്ങൾക്ക് താങ്ങാനാകുന്നതല്ലായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ എന്നെയും മകനെയും ഇറക്കി വിട്ടതിന് ശേഷമാണ് ഞങ്ങള്‍ ടെറസില്‍ അഭയം തേടിയത്. വീട് പൂട്ടി വൈദ്യുതി ബന്ധം വരെ വിഛേദിച്ച ശേഷം അവര്‍ പോവുകയായിരുന്നു
." ജെബീന്‍ ഷെയ്ക് പറഞ്ഞു.

2002-ലാണ് ജെബീനിന്റെയും യുപിയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ഐരാപുരം സ്വദേശിയായ അനില്‍ കുരുവിളയുടെയും വിവാഹം ഉത്തര്‍പ്രദേശില്‍ വെച്ച് നടക്കുന്നത്. യുപിയിലെ തന്നെ ഒരു എയറോനോട്ടിക് കോളജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. വിവാഹ ശേഷം അഞ്ച് വര്‍ഷക്കാലം യുപിയില്‍ തന്നെയായിരുന്നു. ഉത്തര്‍പ്രദേശില്‍ സഹാറന്‍പൂര്‍ എന്ന സ്ഥലത്താണ് ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്. ഇതിനിടയ്ക്ക് ജെബീനുമൊത്ത് അനില്‍ നാട്ടിലെ വീട്ടില്‍ താമസിക്കാനും എത്തിയിരുന്നു.അനില്‍ കുരുവിളയും ജെബീന്‍ ഷെയ്ക്കും മകനും

2008-ലാണ് ജെബീനെയും മകനെയും ഉപേക്ഷിച്ച് അനില്‍ യുപി വിട്ടത്. തുടര്‍ന്ന് അനിലിനെ കാണാനിലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തര്‍പ്രദേശിലെ മാന്‍ മിസിംഗ് കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തില്‍ പരാതി നല്കി. എന്നാല്‍ യാതൊരു ഫലവുമില്ല എന്നു കണ്ടതോടെ  അന്വേഷിച്ച് ജെബീനും മകനും കേരളത്തിലേക്ക് ട്രെയിന്‍ കയറുകയായിരുന്നു.

"അഭ്യസ്ഥവിദ്യയായ എനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. വിവാഹ സമയത്ത് എന്റെ പക്കല്‍ ഉണ്ടായിരുന്ന 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് അനില്‍ സ്ഥലം വിടുകയായിരുന്നു. എന്റെ പണം ഉപയോഗിച്ചാണ് അനിൽ നാട്ടിലെ വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. എനിക്കും മകനും അവകാശമുള്ള ഈ വീട്ടില്‍ നിന്നും ഞങ്ങളെ പുറത്താക്കുകയാണ്. അനില്‍ കേരളത്തില്‍ തന്നെയുണ്ട്. എന്നെ കണ്ടതോടെ അനില്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു,” ജെബീന്‍ പറയുന്നു.

അനിലിന്റെ പിതാവിന് യുപിയില്‍ തന്നെ ഒരു അലുമിനിയം കമ്പനിയില്‍ ജോലി ഉണ്ടായിരുന്നതായും ഈ പരിചയത്തിന്റെ പുറത്താണ് ഇരുവരും തമ്മിലുള്ള വിവാഹ ബന്ധത്തിന് രണ്ടു കുടുംബങ്ങളും സമ്മതം മൂളിയത്. എന്നാല്‍ തന്റെ പക്കലുള്ള പണം കൈക്കലാക്കാനായിരുന്നു അനില്‍ തന്നെ വിവാഹം കഴിച്ചതെന്ന് ജെബീന്‍ ഷെയ്ക്ക് ആരോപിക്കുന്നു. അനില്‍ തന്നെ വിവാഹം കഴിച്ചതായുള്ള രേഖ ഇപ്പോള്‍ അവരുടെ കൈവശമില്ല. എന്നാല്‍ അനിലും ജെബീനും മകനുമുള്ള ഫോട്ടോ ജെബിന്റെ പക്കലുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുറച്ചു നാള്‍ നാട്ടിലെ വീട്ടില്‍ താമസിച്ചിരുന്നതായും പാതാളപ്പറമ്പിലെ അയല്‍ക്കാര്‍ പറയുന്നു.മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് പി മോഹന്‍ദാസ് സന്ദര്‍ശിക്കുന്നു

അതേസമയം പ്രശ്നത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് കഴിഞ്ഞു. ജെബീനും മകനും നീതി കിട്ടുന്നതിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്ന് ജെബീനെയും മകന്‍ യൂഹാനെയും സന്ദര്‍ശിച്ച മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് പി. മോഹന്‍ ദാസ് പറഞ്ഞു. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കെയാണ്. അതിനാല്‍ തന്നെ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ കാണുന്നതായും മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ഇവരുടെകേസ് നടത്തിപ്പിനായി പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജിയും ജെബിനെയും മകനെയും കാണാന്‍ സ്ഥലത്തെത്തിയിരുന്നു.

ഇവരുടെ ഭർത്താവ് അനിൽ കുരുവിളയെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കുന്നത്തുനാട് സി ഐ ജെ. കുര്യാക്കോസ് അഴിമുഖത്തോട് പറഞ്ഞു.

അതേസമയം വീട്ടില്‍ അതിക്രമിച്ച് കയറിയെന്നു കാണിച്ച് അനിലിന്റെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. പാതാളപ്പറമ്പിലെ വീട് ഉപേക്ഷിച്ച് അനിലിന്റെ മാതാപിതാക്കള്‍ മകള്‍ ബീനയുടെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കഴിഞ്ഞ ഒരു മാസമായി അപരിചിതമായ ഒരു നാട്ടിലെ വീടിന്റെ ടെറസില്‍ കഴിയുകയാണ് ഒരമ്മയും മകനും. നീതി കിട്ടും വരെ പോരാടാനുറച്ച്...

Next Story

Related Stories