TopTop
Begin typing your search above and press return to search.

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ...എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

പ്രബുദ്ധ ജനങ്ങളേ, സര്‍ക്കാരേ...എം ആര്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടുമ്പോള്‍ ഒന്നും രണ്ടും പ്രതികള്‍ നിങ്ങളാണ്

25/10/17 വരെ വാക്‌സിനെടുത്ത കുട്ടികളുടെ എണ്ണം 40,62,087. അതായത് വെറും 54%. ഇനി ഒരാഴ്ച കൂടി മാത്രമാണ് കാമ്പയിന്‍ നിശ്ചയിച്ചിട്ടുള്ള സമയം. നവംബര്‍ 3 വരെ. ഈ നിലയിലാണെങ്കില്‍ 60% ത്തിന് മുകളില്‍ കണക്കുകള്‍ പോകില്ല. പരാജയമെന്ന് തന്നെ പറയാം. പരാജയപ്പെട്ടാല്‍ ആരാണ് കാരണക്കാര്‍?

ഒന്നാം പ്രതി: ശാസ്ത്രാവബോധമില്ലാത്ത 'ദി പ്രബുദ്ധ' ജനത. അക്ഷരാഭ്യാസം മാത്രമുള്ള ചിന്താശൂന്യരായ ഈ ബഹുജനങ്ങളെ അഞ്ചാം ക്ലാസുമുതല്‍ ശാസ്ത്രം പഠിപ്പിക്കാന്‍ ചെലവഴിച്ച തുകയ്ക്ക് മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാമായിരുന്നു. വീടുപണിയാന്‍, പുതിയ വണ്ടി വാങ്ങാന്‍, എന്തിന് ഒരു യാത്ര പോകാന്‍ വരെ ആ ഫീല്‍ഡിലെ എക്‌സ്പര്‍ട്ടിന്റെ അഭിപ്രായം ചോദിക്കുന്നവര്‍, വാക്‌സിന്റെ കാര്യത്തില്‍ വിശ്വസിക്കുന്നത്, അഭിപ്രായം ചോദിക്കുന്നതൊക്കെ സ്‌പൈ ക്യാമറ വില്‍ക്കുന്നവനോടും കരളിലൂടെ മൂത്രമൊഴിക്കുന്ന കോണ്‍ട്രാക്ടറോടും!

രണ്ടാം പ്രതി: ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാര്‍. ഹെല്‍മറ്റ് വച്ചില്ലെങ്കില്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ പിടിച്ചുനിര്‍ത്തി പിഴയടപ്പിക്കാന്‍ ഇവിടെ വകുപ്പുണ്ട്. നിയമമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ഇത്രയും വിപുലമായ പദ്ധതിയെ തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ വകുപ്പില്ല. വകുപ്പും നിയമവുമല്ലാ, ഇല്ലാത്തത് താത്പര്യവും ആത്മാര്‍ത്ഥതയുമാണെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടാ. വാക്‌സിന്‍ വിരുദ്ധലോബി അതിരുകടക്കുന്നുണ്ടോയെന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണോ ഇപ്പോഴും?

മൂന്നാം പ്രതി: വാക്‌സിന്‍ വിരുദ്ധ, ഉഡായിപ്പ് വൈദ്യ കൂട്ടായ്മ. രോഗകാരികളായ, വാക്‌സിന്‍ കാരണം വംശനാശഭീഷണി നേരിടുന്ന വൈറസുകളെയും ബാക്ടീരിയകളെയും തിരികെക്കൊണ്ടുവരാനുള്ള തീവ്രയജ്ഞം നടത്തുന്നവര്‍. ഡിഫ്തീരിയയെ തിരികെക്കൊണ്ട് വന്ന് നിരവധി കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞ പ്രകൃതിസ്‌നേഹികള്‍.

ഫെബ്രുവരിയില്‍ ഇതേ എംആര്‍ കാമ്പയിന്‍ നമ്മുടെ അയല്‍നാടുകളില്‍ നടന്നതാണ്. തമിഴ്‌നാട്ടിലും വാക്‌സിനേഷന്‍ കവറേജ് 50% ന്റെ അടുത്ത് മാത്രമാണ്. ഗോവയില്‍ 90% നു മുകളിലും കര്‍ണാടകത്തില്‍ 88% ഉം ആണ് കവറേജ്. ദേശീയ ശരാശരി 72% വും. വിചാരിച്ച വിജയം ഇനി നമുക്ക് പാടായിരിക്കും. എന്നാലും ഇനിയും ചില കാര്യങ്ങള്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ചെയ്യാവുന്നതുണ്ട്.

ഒന്നാം പ്രതികളോട്: നാല്‍പ്പത് ലക്ഷത്തിലധികം കുട്ടികള്‍ക്കു നല്‍കിയിട്ടും നിങ്ങളെ പേടിപ്പിച്ചവര്‍ പറഞ്ഞ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പുനര്‍വിചിന്തനത്തിന് സമയമുണ്ട്. നിങ്ങളുടെ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ കിട്ടും. ആരോഗ്യത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ മൗലികാവകാശത്തെയാണ് നിങ്ങള്‍ നിഷേധിക്കുന്നതെന്ന് മനസിലാക്കി കുട്ടിയ്ക്ക് വാക്‌സിന്‍ നല്‍കൂ. അവരുടെ അടുത്ത തലമുറകളെക്കൂടി സുരക്ഷിതരാക്കൂ, വസൂരിയില്‍ നിന്നും പോളിയോയില്‍ നിന്നും നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെ സംരക്ഷിച്ചതു പോലെ...

രണ്ടാം പ്രതികളോട്: നൂറുകണക്കിന് പരാതികള്‍ ലഭിച്ചിട്ടും വാക്‌സിന്‍ വിരുദ്ധക്കെതിരെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ താല്‍പ്പര്യമില്ല. രാവും പകലുമില്ലാതെ ഇതിനായി കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ മൗനം. ഒന്ന്, ആ വാക്‌സിന്‍ വിരുദ്ധരുടെ വായടപ്പിക്കാന്‍ വേണ്ട നടപടി ഇനിയെങ്കിലും സ്വീകരിക്കണം. രണ്ട്, നവംബര്‍ 3 വരെയെന്നുള്ളത് കുറച്ചുകൂടി നീട്ടാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണം. സാധിക്കുമെങ്കില്‍, വാക്‌സിനേഷന്‍ തീരെക്കുറവുള്ളയിടങ്ങളിലെങ്കിലും ഒരു ശ്രമവും കൂടി നടത്തിയാല്‍, കുറച്ചു ശതമാനം കുട്ടികള്‍ കൂടി വാക്‌സിനെടുത്താല്‍, ഈ രോഗങ്ങളുടെ ഏജ് ഷിഫ്റ്റ് ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞേക്കും. ശതമാനക്കണക്കുകള്‍ കൂടുമ്പോള്‍ വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും അതു പ്രയോജനം ചെയ്യും...

(ഡോ. മനോജ് വെള്ളനാട് ഫെയ്‌സ്ബുക്കില്‍ എഴുതിയത്‌)


Next Story

Related Stories