TopTop
Begin typing your search above and press return to search.

ഫേസ്ബുക്കും വാട്സാപ്പും തോല്‍പ്പിച്ച എംആര്‍ വാക്‌സിന്‍: 'കണ്ണൂരില്‍ ഇത്ര എതിര്‍പ്പ് പ്രതീക്ഷിച്ചില്ല'

ഫേസ്ബുക്കും വാട്സാപ്പും തോല്‍പ്പിച്ച എംആര്‍ വാക്‌സിന്‍: കണ്ണൂരില്‍ ഇത്ര എതിര്‍പ്പ് പ്രതീക്ഷിച്ചില്ല

മീസില്‍സ് - റൂബെല്ല വാക്‌സിന്‍ പരിപാടി സര്‍ക്കാര്‍ തുടങ്ങിയത് ഒക്ടോബര്‍ മൂന്നിനാണ്. പരിപാടി അവസാനിക്കാന്‍ നാല് ദിവസം മാത്രമുള്ളപ്പോള്‍ 59 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കുന്നത്. ഇത് വളരെ ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വടക്കന്‍ ജില്ലകളാണ് കുത്തിവയ്പില്‍ ഏറ്റവും പിന്നില്‍. 34 ശതമാനം പേര്‍ മാത്രം എംആര്‍ വാക്‌സിനേഷന്‍ എടുത്ത മലപ്പുറം ജില്ല ഏറ്റവും പിന്നില്‍ നില്‍ക്കുന്നു. മലപ്പുറവും കോഴിക്കോടും (48) കഴിഞ്ഞാല്‍ പിന്നെ ഏറ്റവും മോശമായി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ജില്ലയായ കണ്ണൂരാണ്.

മലബാറിലെ പിന്നോക്ക ജില്ലകളിലൊന്നായ വയനാട്ടില്‍ 69 ശതമാനം പേര്‍ എംആര്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ 50 ശതമാനം പേര്‍ മാത്രമാണ് കുത്തിവയ്പ് എടുത്തിരിക്കുന്നത്. വാക്‌സിന്‍ ബോധവത്കരണം എന്തുകൊണ്ട് വിജയം കാണുന്നില്ല എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. എംആര്‍ വാക്‌സിനേഷനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ വാക്‌സിന്‍വിരുദ്ധ പ്രചാരണം തിരിച്ചടിയായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. മീസില്‍സ് വാക്‌സിന്‍ നേരത്തെ എടുത്തവര്‍ വീണ്ടും എടുക്കാതിരിക്കുന്നുണ്ടാകാം. എന്നാല്‍ പെണ്‍കുട്ടികള്‍ക്കുള്ള റൂബെല്ല വാക്‌സിന്‍ പുതുതായി വന്നതാണ്. അതിനോട് എന്തുകൊണ്ട് ആളുകള്‍ താല്‍പര്യക്കുറവ് കാണിക്കുന്നു എന്ന ചോദ്യമുണ്ട്.

അതേസമയം ജില്ലയിലെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് വാക്‌സിനേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ.ജ്യോതി പറയുന്നത്. ജില്ലയുടെ ചില ഭാഗങ്ങളില്‍ പിന്നോക്കാവസ്ഥയുണ്ട്. ചില പ്രത്യേക ഹെല്‍ത്ത് ബ്ലോക്കുകളാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. മലയോര മേഖലകളിലെ നില മെച്ചപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും നിരന്തര ബോധവത്കരണത്തിലൂടെ കഴിയുന്നുണ്ട്. ജില്ലാപഞ്ചായത്തും കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും സജീവമായി ഇടപെടുന്നുണ്ട്. വീണ്ടും ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. അടുത്തയാഴ്ച കുറച്ചുകൂടി നില മെച്ചപ്പെടുമെന്ന് കരുതുന്നു. നാല് ദിവസത്തെ സമയം പോരെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ടായിരുന്നു.

അഴീക്കോട്, ഇരിട്ടി തുടങ്ങിയ ഹെല്‍ത്ത് ബ്ലോക്കുകളാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 25 ശതമാനം പേര്‍ മാത്രമാണ് അഴീക്കോട് ബ്ലോക്കില്‍ എംആര്‍ വാക്‌സിനേഷന്‍ എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങളും തെറ്റിദ്ധാരണ പരത്തലും ശക്തമാണെന്ന് അഴീക്കോട് ഹെല്‍ത്ത് ബ്ലോക്കിന് കീഴില്‍ വരുന്ന വളപട്ടണം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോ. ഇസ്മായില്‍ അഴിമുഖത്തോട് പറഞ്ഞു. പലരും വാക്‌സിനെ എതിര്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും പറയുന്നില്ല. ചിലര്‍ പറയുന്നത് വാട്‌സ് ആപ്പില്‍ ഞങ്ങളിങ്ങനെ മെസേജ് കണ്ടു. അതുകൊണ്ട് കുത്തിവയ്പ് വേണ്ടെന്നും പേടിയാണെന്നും പറയുന്നവരുണ്ട്. ഈ മരുന്ന് കുത്തിവച്ചാല്‍ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പ് പറയാന്‍ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ സമുദായത്തില്‍ പെട്ടവര്‍ക്കിടയില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്റെ മകള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്ന വീഡിയോ, വോയ്‌സ് മെസേജിനൊപ്പം ഞാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അയച്ചുകൊടുത്തിരുന്നു. കുറേ പേര്‍ ഈ വീഡിയോ കണ്ടതിന് ശേഷം വാക്‌സിന്‍ എടുക്കാന്‍ തയ്യാറായി.

http://www.azhimukham.com/news-wrap-what-happened-glorified-kerala-health-model-mrvaccine-a-failure-sajukomban/

മുസ്ലീം സമുദായത്തിന്റെ depopulation (ജനസംഖ്യാനിയന്ത്രണം) ആണ് ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുണ്ട്. സ്‌കൂളുകളില്‍ പിടിഎ മീറ്റിംഗുകള്‍ ഇതുമായി ബന്ധപ്പെട്ട് വിളിക്കുമ്പോള്‍ കൂടുതലായും പങ്കെടുക്കുന്നത് കുട്ടികളുടെ അമ്മമാരായ സ്ത്രീകളാണ്. അവര്‍ക്ക് കാര്യം പറഞ്ഞാല്‍ മനസിലാകുന്നുണ്ട്. പക്ഷെ ഇവരുടെ ഭര്‍ത്താക്കന്മാരും വീട്ടിലെ മറ്റ് പുരുഷന്മാരുമാണ് പ്രശ്‌നം. അങ്ങനെ സംഘടനകള്‍ വഴി വാക്‌സിന്‍ വിരുദ്ധരായ പുരുഷന്മാരെ ബോധവത്കരിക്കാനുള്ള ശ്രമം തുടങ്ങി. പുരുഷന്മാരില്‍ അവബോധമുണ്ടാക്കാന്‍ സംഘടനകള്‍ക്കാണ് കുറേക്കൂടി കഴിയുക. പഞ്ചായത്ത് തലയോഗങ്ങള്‍, ഗ്രാമസഭകള്‍ ഇതെല്ലാം വിളിക്കുമ്പോള്‍ കുറച്ച് പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്. കെഎം ഷാജി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ കളക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. 20 പള്ളിക്കമ്മിറ്റികള്‍ക്കും മുസ്ലീം മത നേതാക്കള്‍ക്കും അറിയിപ്പ് കൊടുത്തു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുത്തില്ല. ആളുകള്‍ വന്നാലല്ലേ ബോധവത്കരണം നടക്കൂ.

ഒരു കുപ്പിയിലെ മരുന്ന് ഒരു വിഭാഗത്തിനും, ഒരു കുപ്പിയിലെ മരുന്ന് മറ്റൊരു വിഭാഗത്തിനും എന്ന രീതിയില്‍ വാട്‌സ് ആപ്പ് പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് അഴീക്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെഡ് സൂപ്പര്‍വൈസര്‍ ഹരീന്ദ്രന്‍ പറയുന്നു. ഇത്തരത്തിലുള്ള അസംബന്ധങ്ങളും ഈ വാക്‌സിനെക്കുറിച്ച് യാതൊരു ശാസ്ത്രീയതയുമില്ലാത്ത വാദങ്ങളും വരുന്നുണ്ട്. വിദേശത്ത് നിന്നാണ് മരുന്ന് മൊത്തം വരുന്നതെന്നും വിദേശ വാക്‌സിന്‍ ലോബിയാണ് പിന്നിലെന്നുമുള്ള പ്രചാരണവും നടക്കുന്നുണ്ട്. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമുള്ള എംആര്‍ വാക്‌സിനുകളില്‍ 60 ശതമാനം വാക്‌സിനും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത് എന്നതാണ് വസ്തുത. അത് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ലോകത്ത് 150 ലേറെ രാജ്യങ്ങള്‍ വിജയകരമായി എംആര്‍ വാക്‌സിനേഷന്‍ നടപ്പാക്കിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് ഡോസ് (എംഎംആര്‍) വാക്‌സിനാണ് കൊടുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നു. ഇവയൊക്കെ മതിയായ മാനവിഭവശേഷി ഇല്ലാത്തത് മൂലം ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ താല്‍പര്യപ്പെടുന്ന രാജ്യങ്ങളാണ്.

വാക്സിന്‍ എടുക്കുന്നത് മൂലം കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു, പലരും ബോധം കെട്ടു വീഴുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മൂന്നാം തീയതി മുതല്‍ ഇന്നലെ വരെ അഞ്ച് പഞ്ചായത്തുകളില്‍ 12,000ലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുത്തുകഴിഞ്ഞു. ഒരു കുട്ടിക്ക് പോലും ചെറിയ പ്രശ്‌നങ്ങള്‍ പോലും വാക്‌സിന്‍ കൊടുത്തതിന്റെ ഭാഗമായി ഉണ്ടായിട്ടില്ല. ഏതായാലും ഇപ്പോള്‍ ബോധവത്കരണ ക്യാമ്പുകള്‍ കാര്യമായി തന്നെ നടക്കുന്നുണ്ട്. താല്‍പര്യമില്ലാത്ത ആളുകള്‍ പങ്കെടുക്കാത്ത പ്രശ്‌നം തുടരുകയാണ്. 13 ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. ഇതുവരെ ഉദ്ദേശിച്ച ലക്ഷ്യത്തിലേയ്ക്ക് അഴീക്കോട് ബ്ലോക്ക് എത്തിയിട്ടില്ല. ഇരിട്ടി, ഇരുവേലി ബ്ലോക്കുകളും പിന്നിലാണ്. മാട്ടൂല്‍, പാപ്പിനിശേരി പോലുള്ള തുടങ്ങിയ പഞ്ചായത്തുകളില്‍ വാക്‌സിനേഷന്‍ കാര്യമായി മുന്നേറിയിട്ടില്ല.

http://www.azhimukham.com/health-cbse-schools-stand-against-mr-vaccination/

മലയോര മേഖലയായ പെരിങ്ങോം ആണ് നിലവില്‍ വാക്സിനേഷന്‍ എടുക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 82 ശതമാനം പേര്‍ ഇവിടെ വാക്സിന്‍ എടുത്തിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന്‍റെ ഭാഗമായി ജില്ലയില്‍ 5000 FAQ പ്രിന്‍റ് ചെയ്ത് കൊടുത്തിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഇത്രത്തോളം എതിര്‍പ്പ് എംആര്‍ വാക്സിനേഷന്‍ നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലത്തീഫ് പറയുന്നു. വളപട്ടണം, അഴീക്കോട്, പാമ്പുരുത്തി, കാട്ടാമ്പള്ളി, നാറാത്ത് മേഖലകളിലൊക്കെ വാക്സിനെതിരായ പ്രചാരണം വലിയ പ്രശ്നമാണ്. അതേസമയം ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണ് ഈ പ്രശ്നത്തിന് പിന്നില്‍ എന്ന് പറയുന്നത് ശരിയല്ലെന്നും ലത്തീഫ് അഭിപ്രായപ്പെട്ടു. ഇതേ സമുദായക്കാരുടെ ശക്തമായ സാന്നിധ്യമുള്ള പെരിങ്ങോം, പയ്യന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ പ്രശ്നമില്ലെന്നും ലത്തീഫ് ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/trending-anti-vaccination-campaign-in-malappuram-by-sathosh-kristy/


Next Story

Related Stories