TopTop

മുനമ്പത്തെത്തിയ ആ മനുഷ്യര്‍ എവിടെ? 71 ബാഗുകള്‍ മുന്നോട്ടുവച്ച ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

മുനമ്പത്തെത്തിയ ആ മനുഷ്യര്‍ എവിടെ? 71 ബാഗുകള്‍ മുന്നോട്ടുവച്ച ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
കേരളത്തിലേക്കെത്തിയ നൂറിലധികം മനുഷ്യര്‍... അവര്‍ എവിടെ പോയി? ആര്‍ക്കുമറിയില്ല. ആറ് ദിവസമായി ദേശീയ അന്വേഷണ ഏജന്‍സികളും കേരള പോലീസും കോസ്റ്റ് ഗാര്‍ഡും നേവിയുമെല്ലാം തിരയുന്നത് ഇവരെയാണ്. സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടന്നുകളഞ്ഞോ അതോ അന്വേഷണ ഏജന്‍സികള്‍ക്ക് പിടി നല്‍കാതെ ഇവര്‍ ഒളിവിലാണോ? നടന്നത് അഥവാ നടന്നു എന്ന് കരുതപ്പെടുന്നത് മനുഷ്യക്കടത്തോ അതോ കുടിയേറ്റമോ? ഒന്നിനും വ്യക്തമായ ഉത്തരമില്ല. ആകെയുള്ളത് കുറേ അഭ്യൂഹങ്ങളും ചില നിഗമനങ്ങളും മാത്രം. മുനമ്പത്ത് കഴിഞ്ഞയാഴ്ച നടന്നതെന്തെന്ന് വ്യക്തതയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍.

ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ കുറേ ബാഗുകള്‍ കൂടിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. "ആദ്യം ഞങ്ങള്‍ കരുതിയത് വിമാനത്തില്‍ നിന്ന് വീണ ബാഗുകളാണെന്നാണ്. പിള്ളേരെ കളിപ്പിക്കാന്‍ പറയുന്ന കഥകളാണെങ്കിലും ഞങ്ങ വിചാരിച്ചത് വിമാനത്തീന്ന് വീണതാണെന്നാണ്. പിന്നെ വല്ല ബോംബും മറ്റോ ആണെന്ന് സംശയിച്ചാണ് പോലീസിനെ വിളിച്ചത്", പ്രദേശവാസിയായ സോമരാജ് പറയുന്നു. മുനമ്പം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംശയം ജനിക്കുന്നത്. വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, ബിസ്‌ക്കറ്റ്, ഡ്രൈഫ്രൂട്‌സ്, സോഫ്റ്റ് ഡ്രിങ്കസ്, സ്വര്‍ണാഭരണങ്ങള്‍, ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ്, ഫോട്ടോകള്‍ അങ്ങനെ പലതുമായിരുന്നു ആ ബാഗുകളിലുണ്ടായിരുന്നത്. വടക്കേക്കര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 13-ഉും മുനമ്പം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ആറും ബാഗുകള്‍ പോലീസ് കണ്ടെത്തി. ഇവയെല്ലാം സമാനമായ രീതിയില്‍ ഉപേക്ഷിക്കപ്പെട്ടതാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. മുനമ്പം, മാല്യങ്കര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടന്നിരിക്കാനുള്ള സാധ്യതകളിലേക്ക് വഴി വയ്ക്കുന്നതായിരുന്നു ആ ഉപേക്ഷിക്കപ്പെട്ട ബാഗുകള്‍.

എന്നാല്‍ നാട്ടുകാര്‍ക്കാര്‍ക്കും അത് സംബന്ധിച്ച ഒരറിവുമുണ്ടായിരുന്നില്ല. വളരെ തിരക്ക് കൂടിയ പ്രദേശമാണ് മുനമ്പം ഹാര്‍ബറും ചുറ്റുപാടും. പോലീസ് സംശയിക്കുന്നത് പോലെ ആരും ബോട്ടില്‍ കയറിപ്പോവുന്നതോ ഒന്നും നാട്ടുകാരാരും കണ്ടിട്ടുമില്ല. അസ്വാഭാവികമായ സാഹചര്യങ്ങളില്‍ ആരെയും കണ്ടിട്ടുമില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പോലീസ് പിന്നീട് പ്രദേശങ്ങളിലുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും അന്വേഷണം നടത്തി. തുടര്‍ന്ന് ചെറായിയ്ക്ക് സമീപമുള്ള റിസോര്‍ട്ടുകളില്‍ നിരവധി പേര്‍ ആ ദിവസങ്ങളില്‍ താമസിച്ചിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. വിനോദ സഞ്ചാരികളാണെന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റമെങ്കിലും പോവാന്‍ നേരം ചില സ്ത്രീകള്‍ വളരെയധികം മാനസിക സംഘര്‍ഷമനുഭവിക്കുന്നതായി കണ്ടു എന്നും ജീവനക്കാര്‍ പറയുന്നു. റിസോര്‍ട്ടുകളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. താമസിച്ചിരുന്നവര്‍ മുറികളെടുക്കാന്‍ നല്‍കിയ രേഖകള്‍ പരിശോധിച്ച പോലീസ് ഇവരില്‍ പലരും ഡല്‍ഹി അംബേദ്കര്‍ നഗര്‍ കോളനി നിവാസികളാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ സമാനമായ രീതിയില്‍ കൊടുങ്ങല്ലൂരില്‍ 52 ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതോടെ പോലീസിന് സംശയമേറി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് തെക്കേനടയ്ക്ക് സമീപമായിരുന്നു ബാഗുകള്‍ കിടന്നിരുന്നത്. നടന്നത് മനുഷ്യക്കടത്താണെന്ന തരത്തില്‍ ആദ്യം പോലീസ് പറഞ്ഞെങ്കിലും പിന്നീട് അനധികൃത കുടിയേറ്റമാവാനുള്ള സാധ്യതയെക്കുറിച്ചും പറയുന്നു. അന്വേഷണത്തിന് 16 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ അഡീഷണല്‍ എസ് പി എം വി സോജനാണ് അന്വേഷണത്തിന്റെ ചുമതല.

സംശയങ്ങള്‍, അനുമാനങ്ങള്‍

*13 കുടുംബങ്ങളില്‍ നിന്നായി 43 പേരാണ് ചെറായിയിലെ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇവരില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. ഒരു കൈക്കുഞ്ഞടക്കം പത്തോളം കുട്ടികള്‍ കൂട്ടത്തിലുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

*ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം അഞ്ചാം തീയതി കൊച്ചിയിലെത്തിയതായാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ പൂജ എന്ന സ്ത്രീ സംഘത്തില്‍ ഉള്‍പ്പെടുന്നയാളാണെന്ന് സംശയിക്കുന്നു. ഇവര്‍ ജനുവരി ഒന്നിനാണ് പ്രസവിച്ചത്. അങ്ങനെയെങ്കില്‍ ആ സ്ത്രീയുള്‍പ്പെടുന്ന സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തിയിട്ടുണ്ടാവാമെന്നും അനുമാനിക്കപ്പെടുന്നു.

*മുനമ്പം സ്വദേശിയുടെ 'ദേവമാത' എന്ന ബോട്ട് മാസങ്ങള്‍ക്ക് മുമ്പ് കോവളം സ്വദേശി അനില്‍കുമാറും ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്തനും ചേര്‍ന്ന് വാങ്ങി. അനില്‍കുമാര്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ തന്നെ ഇതില്‍ പെടുത്തിയതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ബോട്ട് വാങ്ങാന്‍ ഒരു ഷെയര്‍ നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ചെയ്തതല്ലാതെ മറ്റ് കാര്യങ്ങളൊന്നും തനിക്കറിയില്ലെന്നും അനില്‍കുമാര്‍ പറയുന്നു. ശ്രീകാന്തന്‍ ചെന്നൈ തിരുവള്ളൂര്‍ സ്വദേശിയാണ്. ഈ പ്രദേശം കേന്ദ്രീകരിച്ച് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് പോലീസ്. ഇതിനിടെ വെങ്ങാനൂരിലെ ഇയാളുടെ താമസ സ്ഥലം പോലീസ് പരിശോധിക്കുകയും അയല്‍വാസികളോടും നാട്ടുകാരോടും ചോദിച്ച് വിവരങ്ങള്‍ തേടുകയും വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സ്ഥിരം സന്ദര്‍ശകര്‍ എത്താറുണ്ടായിരുന്ന വീട്ടില്‍ ഏഴാം തീയതി രാത്രി പതിവില്ലാതെ വലിയ വാഹനം വന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. കുറച്ച് സമയം നിര്‍ത്തിയിട്ടതിന് ശേഷം വാഹനം പോവുകയും അതില്‍ ഒരു സംഘമാളുകള്‍ ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. താന്‍ എറണാകുളത്ത് പോവുകയാണെന്ന് അയല്‍വാസികളോട് ശ്രീകാന്തന്‍ പറഞ്ഞിരുന്നതായും പോലീസ് പറയുന്നു.

* തീരദേശ പെട്രോള്‍ പമ്പായ 'തീമ'യിലെ ജീവനക്കാരാണ് നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയത്. ദേവമാത എന്ന മത്സ്യബന്ധന ബോട്ട് 15,000 ലിറ്റര്‍ പെട്രോള്‍ അടിക്കണമെന്നാവശ്യപ്പെട്ട് എത്തി. എന്നാല്‍ 7500 ലിറ്റര്‍ പെട്രോള്‍ നിറച്ചപ്പോള്‍ തന്നെ ടാങ്ക് ഫുള്‍ ആയി. പിന്നീട് രണ്ട് ദിവസം ദേശീയ പണിമുടക്ക്. പണിമുടക്ക് കഴിഞ്ഞ ദിവസം ബോട്ട് വീണ്ടും എത്തി 4500 ലിറ്റര്‍ പെട്രോളുകൂടി നിറച്ചു. ആകെ 12,000 ലിറ്റര്‍ പെട്രോള്‍ ഈ പമ്പില്‍ നിന്ന് നിറച്ചിട്ടുണ്ട്. പോരാത്തതിന് 300 ഐസ്‌ക്യൂബുകളും, വെള്ളം നിറയ്ക്കാനുള്ള വലിയ വീപ്പകളും വാങ്ങിയതായി പ്രദേശത്തുള്ള ചില കടയുടമകള്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇത് ദിവസങ്ങള്‍ നീണ്ട യാത്ര ഉദ്ദേശിച്ചുള്ള പ്രവര്‍ത്തിയായാണ് പോലീസ് കരുതുന്നത്.

*ചെറായിയിലെ താമസത്തിനൊപ്പം ബിസ്‌ക്കറ്റുകള്‍, ഡ്രൈഫ്രൂട്‌സ്, ഒരു മാസത്തേക്കുള്ള മരുന്ന് എന്നിവ സംഘം വാങ്ങി ശേഖരിച്ചിരുന്നതായും പോലീസ് വിവരശേഖരണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ആരാണ് ആ മനുഷ്യര്‍? അവര്‍ എത്രപേര്‍?

അന്വേഷണങ്ങളില്‍ നിന്നും തെളിവെടുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ഓരോന്നായി ലഭിച്ചപ്പോഴും പോലീസിനെ കുഴക്കിയ ചോദ്യങ്ങള്‍ ഇതായിരുന്നു. തമിഴ് വംശജരായ ശ്രീലങ്കന്‍ സ്വദേശികളാണെന്നും എല്‍ടിടിയുമായി മനുഷ്യക്കടത്തിന് ബന്ധമുണ്ടെന്നുമെല്ലാമുള്ള തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പരന്നു. പോലീസ് ഇക്കാര്യത്തിനൊന്നും സ്ഥിരീകരണം നല്‍കിയില്ലെങ്കിലും അന്വേഷണം ആ വഴിക്കും നീങ്ങിയിരുന്നു. എന്നാല്‍ ചെറായിയിലെ റിസോര്‍ട്ടില്‍ പരിശോധന നടത്തിയ ശേഷം അന്വേഷണം സൗത്ത് ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ കോളനിയിലേക്ക് എത്തി. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ അഡീഷണല്‍ എസ്പി എം.ജെ സോജന്‍ അഴിമുഖത്തോട് പറഞ്ഞത്:
"ചെറായിയിലെ റിസോര്‍ട്ടില്‍ മുറികളെടുക്കാനായി നല്‍കിയ രേഖകളുടെ പകര്‍പ്പില്‍ നിന്ന് അഡ്രസ്സും കാര്യങ്ങളും എടുത്ത ശേഷമാണ് അന്വേഷണ സംഘം ഡല്‍ഹിയിലെത്തുന്നത്. ചെന്നപ്പോള്‍ ഈ അഡ്രസ്സിലുള്ളവരാരും ഇപ്പോള്‍ അവിടെയില്ല. അവരെല്ലാവരും വീട് വിറ്റ് പോയി. ഓസ്‌ട്രേലിയയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് അവര്‍ പോയതെന്ന് കോളനിക്കാര്‍ പറയുന്നു".
ഡല്‍ഹിയില്‍ ഒരു സംഘം ഇപ്പോഴും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്തേക്ക് കടക്കാന്‍ അഞ്ച് ലക്ഷം രൂപ വരെ ഓരോരുത്തര്‍ നല്‍കിയെന്ന വിവരങ്ങളാണ് കോളനിക്കാര്‍ പറയുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. അംബേദ്കര്‍ കോളനിയില്‍ ദക്ഷിണേന്ത്യക്കാര്‍ താമസിക്കുന്ന തെരുവില്‍ നിന്നുള്ളവരാണ് പോയിരിക്കുന്നവരില്‍ അധികവും. അവിടെയുള്ള മറ്റു പലരും പണം നല്‍കി വിദേശത്തേക്ക് കടക്കാന്‍ കാത്ത് നില്‍ക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് ഡല്‍ഹിയില്‍ നിന്ന്, അംബേദ്കര്‍ കോളനിയില്‍ നിന്ന് കൊച്ചിയിലെത്തിയതെന്ന പൂര്‍ണ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ചെറായിയിലെ റിസോര്‍ട്ടില്‍ തങ്ങിയ 49 പേര്‍ കൂടാതെ ചോറ്റാനിക്കരയില്‍ 82 പേര്‍ തങ്ങിയതായും പോലീസ് പറയുന്നു. എന്നാല്‍ അവര്‍ എല്ലാവരും തന്നെ ബോട്ടില്‍ പോയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. തൊഴിലന്വേഷിച്ചും, കോളനിയിലെ ജീവിതത്തില്‍ നിന്ന് രക്ഷനേടാനുമാണ് വിദേശത്തേക്ക് ചിലര്‍ പോയതെന്ന വിവരം ലഭിച്ചുവെങ്കിലും കോളനി നിവാസികള്‍ പോലീസുകരോട് ഏറെ സഹകരിക്കുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അവര്‍ പോയതെവിടേക്ക്?

അവര്‍ കടലിലായിരിക്കാം എന്നാണ് പോലീസ് അനുമാനം. എന്നാല്‍ അതിന് തെളിവില്ല. അനുബന്ധ തെളിവുകള്‍ നിരത്തി അത്തരത്തിലൊരു നിഗമനത്തിലെത്തിച്ചേരാമെങ്കിലും ഇതേവരെ അവര്‍ പോയ ബോട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞ അന്നു തന്നെ കോസ്റ്റ്ഗാര്‍ഡും നേവിയും ബോട്ടിനായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ കണ്ടുപിടിക്കാനായിട്ടില്ല. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലന്റിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെറിയ മത്സ്യബന്ധന ബോട്ടില്‍ 27 ദിവസങ്ങളാണ് ഓസ്‌ട്രേലിയയില്‍ എത്താന്‍ വേണ്ടത്. ഇതിനുള്ള ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും അവര്‍ സംഭരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതോടെ ഈ സംശയത്തിന് ബലംവച്ചു. അഭയാര്‍ഥികളോടുള്ള അുകൂല സമീപനവും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലവും എന്ന പ്രത്യേകതകള്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്. ക്രിസ്മസ് ഐലന്‍ഡിലേക്ക് ലോകത്തിന്റെ പലഭാഗത്ത് നിന്നും അഭയാര്‍ഥികള്‍ എത്തുകയും കുടിയേറ്റക്കാരായി ജീവിക്കുകയും ചെയ്യുന്നതായാണ് വിവരം. അത്തരത്തില്‍ അനധികൃത കുടിയേറ്റമായിരിക്കാം സംഘത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല. അനധികൃത കടത്തായതിനാല്‍ റഡാര്‍, ജിപിഎസ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടാവും ഇത്തരം സംഘങ്ങള്‍ യാത്രതിരിക്കുന്നതെന്നും അതിനാല്‍ കോസ്റ്റ് ഗാര്‍ഡിനോ നേവിയ്‌ക്കോ കണ്ടെത്താനുള്ള സാധ്യത ചുരുക്കമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എം ജെ സോജന്‍ പറഞ്ഞു.

സംഘം മലേഷ്യയിലേക്ക് പോവാനുള്ള ഒരു സാധ്യത പോലീസ് കണക്കാക്കിയിരുന്നെങ്കിലും ഡല്‍ഹിയിലെ കോളനി നിവാസികള്‍ കൂടി ഓസ്‌ട്രേലിയന്‍ യാത്രയുടെ വിവിരങ്ങള്‍ പങ്കുവച്ചതോടെ ആ സാധ്യതയിലേക്കാണ് ഇപ്പോള്‍ പോലീസ് വിരല്‍ചൂണ്ടുന്നത്. പോലീസിന് ലഭിച്ച വിവരമനുസരിച്ച് പ്രായമായവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന നൂറിലധികം പേര്‍ ഡല്‍ഹിയില്‍ നിന്ന് പോന്നിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാവരും കാലപ്പഴക്കം ചെന്ന 'ദേവമാത' എന്ന ഒരു ബോട്ടില്‍ കയറിയിരിക്കാനുള്ള സാധ്യത കുറവാണെന്നും പോലീസ് പറയുന്നു. അവര്‍കൂടി അതില്‍ കയറിയതിനാലാണോ ഭാരം കുറയ്ക്കാനായി ബാഗുകള്‍ ഉപേക്ഷിച്ചതെന്നും സംശയിക്കുന്നു.
"എന്നാല്‍ ഇതെല്ലാം അനുമാനങ്ങള്‍ മാത്രമാണ്. 49 പേര്‍ പോലും ബോട്ടില്‍ പോയിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ പോലീസിനായിട്ടില്ല. അവര്‍ പോയിട്ടുണ്ടെങ്കില്‍ ചോറ്റാനിക്കരയില്‍ താമസിച്ചിരുന്ന 82 പേര്‍ എവിടെപ്പോയി? ഡല്‍ഹിയില്‍ നിന്ന് അവര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. പക്ഷെ പിന്നീട് അവര്‍ എവിടേക്ക് പോയി എന്ന കാര്യം അറിയില്ല. ഒന്നുകില്‍ ഇവിടെ എവിടെയോ ഉണ്ട്. അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ ഒളിവില്‍ താമസിക്കുന്നതാവാം. അല്ലെങ്കില്‍ എല്ലാവരും ഇപ്പോള്‍ കടലിലാണ്",
അഡീഷണല്‍ എസ്പി സോജന്‍ തുടര്‍ന്നു.

ആദ്യം ശ്രീലങ്കന്‍ തമിഴ് വംശജരാണ് ബോട്ടില്‍ കടന്നിരിക്കുന്നതെന്ന് പറഞ്ഞിരുന്ന ഐ ജി വിജയ്‌സാക്കറെ ഇപ്പോള്‍ അക്കാര്യം തിരുത്തി. എണ്‍പതിലധികം പേര്‍ ബോട്ട് വഴി നാടു കടന്നതായാണ് അനുമാനിക്കുന്നത്. എന്നാല്‍ ഇവര്‍ ശ്രീലങ്കക്കാരോ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരോ അല്ല. ഇന്ത്യക്കാര്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നേരായ ദിശയില്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളാണ് ഉപേക്ഷിക്കപ്പെട്ട ആ ബാഗുകള്‍ ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യക്കടത്തിന്റെ മുഖ്യസൂത്രധാരകനായി പോലീസ് സംശയിക്കുന്നത് ബോട്ടുടമയായ ശ്രീകാന്തനെയാണ്. ഇയാളെ ഇതേവരെ പിടികൂടാന്‍ പോലീസിനായിട്ടില്ല. എന്നാല്‍ ഇയാള്‍ക്ക് നിരന്തരം വിദേശ കോളുകള്‍ വന്നിരുന്നതായി പോലീസ് സ്ഥിരീകരിക്കുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ഓസ്‌ട്രേലിയയിലേക്കാണ് പോയിട്ടുള്ളതെങ്കില്‍ ഇത്രയും ദിവസത്തെ യാത്രയ്ക്കിടയില്‍ പലതരം അപകടങ്ങള്‍ ഇവര്‍ നേരിടേണ്ടി വന്നേക്കാമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൈക്കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയുണ്ട്. ശ്രീലങ്കന്‍ കോസ്റ്റ് ഗാര്‍ഡോ, ഓസ്‌ട്രേലിയന്‍ കോസ്റ്റ് ഗാര്‍ഡോ ഇവരെ തടയാനും പിടികൂടാനും ഇടയുണ്ടെന്നും അവര്‍ പറയുന്നു. പഴയ ബോട്ട് ആയതിനാല്‍ ഇത്രയും ദിവസം തുടര്‍ച്ചയായി യാത്രചെയ്യുമ്പോള്‍ എഞ്ചിന്‍ തകരാറിലാവാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല.

Next Story

Related Stories