Top

ലീഗിലെ പരിഷ്കാരങ്ങള്‍ സമസ്തയ്ക്ക് അത്ര പിടിക്കുന്നില്ല; ഇളകുമോ ലീഗിന്റെ രാഷ്ട്രീയ അടിത്തറ?

ലീഗിലെ പരിഷ്കാരങ്ങള്‍ സമസ്തയ്ക്ക് അത്ര പിടിക്കുന്നില്ല; ഇളകുമോ ലീഗിന്റെ രാഷ്ട്രീയ അടിത്തറ?
സംസ്ഥാനകമ്മിറ്റിയില്‍ മൂന്ന് സ്ത്രീ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും സാമ്പ്രദായിക സുന്നി മര്യാദകള്‍ ഒഴിവാക്കിയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിനെ പരിഷ്‌കരിച്ചെടുക്കുന്നതിനിടയില്‍ സ്വന്തം വോട്ടുബാങ്കായ സമസ്തയെ നഷ്ടപ്പെടുമോ എന്ന ആശങ്ക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ അസ്വസ്ഥമാക്കുന്നതായി സൂചനകള്‍.

മുസ്ലിം ലീഗിന്റെ പൊതുജനം എന്നത് ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജാമിയത്തുല്‍ ഉലമ എന്നറിയപ്പെടുന്ന ഇകെ വിഭാഗം സുന്നികളാണ്. എണ്ണത്തില്‍ അവരുടെ ശക്തിയറിയുന്നതിന് ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രവും സമസ്തയുടെ മുഖപത്രം സുപ്രഭാതത്തിന്റെ സര്‍ക്കുലേഷനും തമ്മിലുളള വ്യത്യാസം നോക്കിയാല്‍ മതിയെന്നെന്നാണ് മലബാറിലെ രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സമീപകാലത്ത് ആരംഭിച്ച സമസ്തയുടെ മുഖപത്രത്തിന് ലീഗീന്റെ ചന്ദ്രികയേക്കാള്‍ പതിന്മടങ്ങ് സര്‍ക്കുലേഷനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

അതിനിടയിലാണ് കാന്തപുരം എ പി വിഭാഗം സുന്നികളും സമസ്തയും ഐക്യപ്പെടാനുളള നീക്കം അണിയറയില്‍ ശക്തമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് മന്ത്രി കെ.ടി ജലീലിന്റെ മധ്യസ്ഥതയില്‍ ഇരുവിഭാഗവും ഒന്നിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇരുവിഭാഗം സുന്നികളുടേയും വഖവ് സ്വത്തുകള്‍ സംമ്പന്ധിച്ച് തര്‍ക്കം തീര്‍ക്കുന്നതിനാണ് മന്ത്രി ഇടപ്പെട്ടത്. എന്നാല്‍ ഇത് സുന്നി ഐക്യത്തിന്റെ തുടക്കമാണെന്നാണ് ഇരുവിഭാഗം സുന്നി നേതാക്കളും വ്യക്തമാക്കുന്നത്.

"ഇപ്പോള്‍ മന്ത്രി ഇടപെട്ടത് ഇരുവിഭാഗം സുന്നികളുടെ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയാണ്. അത് സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യമാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതോടെ ഇരു വിഭാഗം സുന്നികളും ഐക്യപ്പെടുമെന്നാണ് പ്രതീക്ഷ" എന്ന് കാന്തപുരം വിഭാഗം സുന്നി നേതാവ് അഴിമുഖത്തോട് പറഞ്ഞു.

"സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇരുവിഭാഗവും തമ്മിലുളള ഐക്യം സാധ്യമാകാന്‍ ഏറെ ആഗ്രഹിച്ചിരുന്നത് മുസ്ലിം ലീഗിന്റെ അനിഷേധ്യനേതാവ് സയ്യിദ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങളായിരുന്നു. അദ്ദേഹം ജിവിച്ചിരുന്ന കാലത്ത് ഐക്യം സാധ്യമായില്ല. ഇനിയെങ്കിലും അത് നടക്കണമെന്നാണ് സമസ്തയുടെ ആഗ്രഹം"
സമസ്തയുടെ നിലപാട് ഇതാണ്.

ഇരു വിഭാഗം സുന്നികളും ഐക്യപ്പെടുമ്പോള്‍ കാലിടറുന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുളള മുസ്ലീം ലീഗാണെന്നാണ് ഇതുസംബന്ധിച്ച വിദഗ്ദരുടെ നിരീക്ഷണം. പ്രത്യേകിച്ചും പാണക്കാട്ട് തങ്ങള്‍ കുടുംബത്തെ അവഗണിച്ചുകൊണ്ടും 'പാരമ്പര്യ'ത്തെ നിഷേധിച്ചുകൊണ്ടുമുളള ഇപ്പോഴത്തെ  പ്രവണതകള്‍ക്കെതിരെ സമസ്തയില്‍ അമര്‍ഷമുണ്ട്. സ്ത്രീകളെ സംസ്ഥാനകമ്മിറ്റിയില്‍ അംഗങ്ങളാക്കിയത് സമസ്ത നേതാക്കളിലും അണികളിലും വലിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇരു വിഭാഗം സുന്നികളും ഐക്യപ്പെടുകയാണെങ്കില്‍ അത് രാഷ്ട്രീയമായി മുതലെടുക്കാന്‍ കാന്തപുരം ശ്രമിക്കുമെന്നതാണ് ലീഗ് നേതാക്കളുടെ ആശങ്ക. കാന്തപുരത്തിനാണെങ്കില്‍ മുസ്ലിം ജമാഅത്ത് എന്ന ഒരു പാര്‍ട്ടി നേരത്തെ നേരത്തെ തന്നെയുണ്ട്.

http://www.azhimukham.com/trending-women-representation-in-muslim-league-by-nasirudheen-chendamangalloor/

സുന്നി ഐക്യം സാധ്യമായാൽ സ്വാഭാവികമായും പിടിച്ചു നില്‍ക്കാൻ ലീഗിന് പ്രയാസം വരും. കാലിന്റെ ചുവട്ടിൽ നിന്നും മണ്ണൊലിച്ചു പോവുന്ന സാഹചര്യമാണ് ഇപ്പോൾ ലീഗ്  മുന്നിൽ കാണുന്നത്. പാണക്കാട് തങ്ങൾ കുടുംബത്തോട് കുഞ്ഞാലിക്കുട്ടി കാണിക്കുന്ന അവഗണന സമസ്തക്ക് സഹിക്കാനാവാത്ത നിലയിലാണ്.

"കഴിഞ്ഞ ദിവസം മലപ്പുറം ടൗൺഹാളിൽ നടന്ന ഇ. അഹമ്മദ് സാഹിബ് അനുസ്മരണ യോഗം ഒരു വിഭാഗത്തെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. സാധാരണ ലീഗ് യോഗം ഉദ്ഘാടനം ചെയ്യുക തങ്ങൾ ആണ്. ആ യോഗത്തിൽ ഹൈദർ അലി തങ്ങൾ പങ്കെടുത്തിട്ടില്ല. വേദിയിൽ മറ്റു രണ്ടു തങ്ങൾ കുടുംബാംഗങ്ങൾ ഉണ്ടായിട്ടും അവരെ പരിപാടി ഉദ്ഘടനം ചെയ്യാൻ കുഞ്ഞാലിക്കുട്ടി വിഭാഗം അനുവദിച്ചില്ല. മാത്രമല്ല പരിപാടിയിൽ മുനീറിനെ ക്ഷണിച്ചതുമില്ല. പാർട്ടിയെ കുഞ്ഞാലിക്കുട്ടി പൂർണമായും വിലക്കെടുത്തതിന്റെ ലക്ഷണമാണ് വേദിയിൽ കണ്ടത്"
, സമസ്ത നേതാവിന്റെ നിരീക്ഷണം ഇങ്ങനെയാണ്.

പതിമൂന്നിന് നടന്ന അനുസ്മരണ പരിപാടിയില്‍ പി വി അബ്ദുൽ വഹാബ് വെട്ടിത്തുറന്നു പറഞ്ഞ കാര്യങ്ങൾ ലീഗിന്റെ നേതൃപ്രതിസന്ധിയെ തുറന്നു കാട്ടുന്നതായിരുന്നു.

"ഇ അഹമ്മദ് സാഹിബിന് വിയോഗം വലിയ ശൂന്യതയാണ് ലീഗിൽ ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം നേതാക്കളെ മാത്രമല്ല, താഴേത്തട്ടിലെ അണികളെയും കെട്ടിപ്പിടിക്കുമായിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് ആകട്ടെ ഷേക്ക് ഹാൻഡ് മാത്രമാണ് നൽകുക. വ്യക്തികളുമായി അദ്ദേഹം വലിയ അകലം പാലിക്കുന്നു"
, ഇങ്ങനെയാണ് പി വി അബ്ദുൽ വഹാബ് വേദിയിൽ നിന്നും പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറി പുതിയ നേതൃത്വത്തെ അങ്കലാപ്പിലാക്കിയതായാണ് കുഞ്ഞാലിക്കുട്ടിയുമായി അടുത്ത ബന്ധമുള്ള ആളുകൾ പറയുന്നത്. വഹാബാകട്ടെ, മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ മകൻ മുനവർ അലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്‌.

http://www.azhimukham.com/offbeat-interview-with-jamida-the-first-muslim-woman-who-led-friday-prayer-by-kr-dhanya/

സുന്നി പിളർപ്പിന്റെ ചരിത്രം 

1984-ലാണ് സമസ്‌ത പിളർന്നു രണ്ടാകുന്നത്. അന്നത്തെ എസ് വൈ എസ് നേതാവ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ എറണാകുളത്തു നടത്തിയ സമ്മേളനമാണ് സമസ്തയെ പിളർത്തിയത്. അന്നത്തെ സമ്മേളനത്തിൽ യുവജനങ്ങൾ പങ്കെടുക്കരുതെന്ന് സമസ്തയുടെ ഉന്നതാധികാര സമിതി 'മുശാവറ' അണികളോട് ആവശ്യപ്പെട്ടു. ആ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയ ആറ് പേരാണ് പിന്നീട് കാന്തപുരത്തിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചത്.

ആധുനിക കേരള മുസ്ലിം ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിട്ടാണ് മുസ്ലീം സമൂഹം ഇതിനെ കാണുന്നത്. അതിനുശേഷം കാന്തപുരം, അരിവാൾ സുന്നി എന്ന പേരിൽ രാഷ്ട്രീയമായി ഇടത്തോട്ടു ചെരിയുകയായിരുന്നു. അതിന്റെ പേരിൽ, ഇടതു സ്വതന്ത്രരായി മലബാറിൽ മത്സരിച്ച സ്ഥാനാർത്ഥികളെ കാന്തപുരം വിജയിപ്പിച്ചു തുടങ്ങി. സമസ്തയാവട്ടെ ലീഗിന് വോട്ട് ചെയ്തു വരുന്നു.

ഇതിനിടയിൽ പലവട്ടം ഐക്യസംഭാഷണങ്ങൾ നടന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. അന്തരിച്ച മുഹമ്മദ് അലി ശിഹാബ് തങ്ങൾ സുന്നി ഐക്യത്തിന് വേണ്ടി ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവിത കാലത്ത് അത് നടന്നില്ല. ഇപ്പോൾ ഐക്യത്തിന് വേണ്ടി നടക്കുന്ന ശ്രമങ്ങളെ ലീഗ്  വലിയ ഭീതിയോടു കൂടിയാണ് കാണുന്നത്. മുസ്ലിം സ്ത്രീകൾ പള്ളിയില്‍ കയറരുതെന്ന് ചട്ടം കെട്ടുന്ന സമസ്തക്ക് ലീഗിലെ പുതിയ പരിഷ്‌കാരങ്ങൾ അത്ര പിടിക്കുന്നില്ലെന്നാണ് അണിയറ സംസാരം.

http://www.azhimukham.com/kanthapuram-abubacker-musalyar-anti-women-statement-islam-patriarchy-sexuality-rajasekharan-nair/

Next Story

Related Stories