TopTop
Begin typing your search above and press return to search.

വേങ്ങരയിലേക്ക് ഉടുപ്പു തുന്നി നേതാക്കളുടെ പട; സ്ഥാനാര്‍ഥിയെ പക്ഷേ കുഞ്ഞാലിക്കുട്ടി തീരുമാനിക്കും

വേങ്ങരയിലേക്ക് ഉടുപ്പു തുന്നി നേതാക്കളുടെ പട; സ്ഥാനാര്‍ഥിയെ പക്ഷേ കുഞ്ഞാലിക്കുട്ടി തീരുമാനിക്കും

മുസ്ലിംലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതോടെ രാജി വച്ചൊഴിഞ്ഞ വേങ്ങര നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേതാക്കള്‍. സി.വി ബാവഹാജി, കെപിഎ മജീദ്, കെഎന്‍ എഖാദര്‍ എന്നീ നേതാക്കളാണ് പ്രധാനമായും ഈ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമം നടത്തുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കു പുറമെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ അസ്ലുവും സ്ഥാനാര്‍ത്ഥിയാവാന്‍ മുണ്ട് മുറുക്കിയുടുത്തിട്ടുണ്ട്. പി.കെ ഫിറോസിനെ പോലുളള യുവാക്കളുടെ പേരുകളും കളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

കുഞ്ഞാലി കുട്ടിയുടെ രാജിയുടെ അടുത്ത മണിക്കൂറുകളില്‍ തന്നെ ആ സീറ്റിനു വേണ്ടി നേതാക്കള്‍ പല തരത്തിലുളള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത് വാര്‍ത്തയായിരുന്നു. പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വന്ന ഒഴിവിലേക്ക് മല്‍സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച കെഎന്‍എ ഖാദര്‍, അബ്ദുസമദ് സമദാനി, കെപിഎ മജീദ് എന്നീ നേതാക്കളോട്, ആ കട്ടിലുകണ്ട് കൊതിക്കേണ്ടെന്ന് പറഞ്ഞ് കുഞ്ഞാലി കുട്ടി തന്നെ മല്‍സരിക്കുകയായിരുന്നു. അതിന് അന്ന് ചില പ്രത്യേക സാഹചര്യവുമുണ്ടായിരുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എന്ന പദവി വഹിക്കണമെന്ന ദൗത്യം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടെന്നാണ് അദ്ദേഹം അന്ന് വിശദീകരിച്ചത്. പിന്നെ സമകാലിക ദേശീയ രാഷ്ടീയത്തില്‍ യുപിഎയെ ശക്തിപ്പെടുത്തേണ്ടതുണ്ട് ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍, അന്നുമുതല്‍ തന്നെ തങ്ങള്‍ക്ക് വേങ്ങര മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നറുക്കുവീഴുമെന്നാശിച്ച് കാത്തിരിക്കുകയാണ് കെപിഎ മജീദ്, അബ്ദുസമദ് സമദാനി, കെഎന്‍എ ഖാദര്‍ എന്നീ നേതാക്കള്‍.

സമദാനിയുടെ സാധ്യത ഏതാണ്ട് മങ്ങിയ പോലെയാണ് കാര്യങ്ങള്‍ എന്ന സൂചനയുമുണ്ട്. കുഞ്ഞാലി കുട്ടിയുടെ ലിസ്റ്റില്‍ അദ്ദേഹം ഇല്ലെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ഞാലി കുട്ടിയുടെ താത്പര്യം മറികടക്കാന്‍ മറ്റു വഴികളില്ലാതായിരിക്കുകയാണ്. നേരത്തെ മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കായ സമസ്തയെ സ്വാധീനിച്ച് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം നടത്താന്‍ പറ്റുമായിരുന്നു. എന്നാല്‍ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ അധികാരഘടനയിലുണ്ടായ മാറ്റം കുഞ്ഞാലി കുട്ടിയുടെ അധികാരത്തെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. നേരത്തെ സംസ്ഥാന അധ്യക്ഷനെന്ന ഹൈദരാലി ശിഹാബ് തങ്ങളുടെ സ്ഥാനം ഇപ്പോള്‍ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ എന്നതു മാത്രമാണ്.

ഇക്കാരണത്താല്‍ ലീഗിന്റെ സര്‍വ്വീസ് സംഘടനകളെ സ്വാധീനിച്ചാണ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്നത്. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് കോളേജ് അധ്യാപകരുടെ സംഘടന ഒരു സര്‍വ്വെ സംഘടിപ്പിച്ചിരുന്നു. അതില്‍ സി.വി ബാവഹാജി, കെപിഎ മജീദ്, അഡ്വ കെഎന്‍എ ഖാദര്‍ എന്നീ നേതാക്കളില്‍ ആരെ പിന്തുണക്കാനാണ് അണികള്‍ ഇഷ്ടപെടുന്നതായിരുന്നു ചോദ്യം. പാര്‍ട്ടിയില്‍ കൂടുതല്‍ ജനാധിപത്യപ്രവണതകള്‍ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണിത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ സര്‍വ്വെ നടന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വാര്‍ത്ത നിഷേധിക്കുകയായിരുന്നു കുഞ്ഞാലി കുട്ടി. അത്തരം സര്‍വ്വെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് ഔദ്യോഗികമല്ലെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.

സര്‍വ്വെയില്‍ എടത്തു കാണിച്ച ബാവഹാജി, കെഎന്‍എ ഖാദര്‍, കെപിഎ മജീദ് എന്നിവരെ കുഞ്ഞാലി കുട്ടിക്ക് താത്പര്യമില്ലെന്നും ശ്രുതിയുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപെട്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്തുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ വളളിക്കുന്ന് നിയജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ച കെഎന്‍എ ഖാദറിനെ മല്‍സരിപ്പിക്കണമെന്ന് ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നല്ല നിയമസഭാസാമാജികന്‍ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയാണ് അതിനു കാരണം. അതെസമയം, അദ്ദേഹം താഴേക്കിടയില്‍ അത്ര നല്ല പ്രകടനം കാഴ്ച വെച്ചിട്ടില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

സംസ്ഥാന രാഷ്ട്രീയത്തില്‍ കുഞ്ഞാലി കുട്ടിയുടെ നിഴലായി നില്‍ക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും രാഷ്ടീനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അങ്ങനെയങ്കില്‍ കെപിഎ മജീദീന്റെ സാധ്യത തളളിക്കളയാനാവില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ടീയം സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ മജീദിന് ആവുമോയെന്നും ചോദ്യവും ഉയരുന്നുണ്ട്. ഇതിനെല്ലാം പുറമെ യുവാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. ഒരു പക്ഷെ, ഇതെല്ലാം തളളി കുഞ്ഞാലി കുട്ടി തന്റെ ബന്ധുവായ പികെ അസ്ലുവിനെ നിര്‍ദ്ദേശിക്കാനുളള സാധ്യതയും പൂര്‍ണമായി തള്ളിക്കളയാനായിട്ടില്ല എന്നാണ് വിവരങ്ങള്‍.


Next Story

Related Stories