TopTop
Begin typing your search above and press return to search.

ഡോ. ഖമറുന്നീസ അന്‍വറിനെതിരായ നടപടി നിങ്ങളുടെ ആണ്‍കോയ്മാ മുഴച്ചുനില്‍പ്പുകളാല്‍ അശ്ലീലമാകുന്നുണ്ട്

ഡോ. ഖമറുന്നീസ അന്‍വറിനെതിരായ നടപടി നിങ്ങളുടെ ആണ്‍കോയ്മാ മുഴച്ചുനില്‍പ്പുകളാല്‍ അശ്ലീലമാകുന്നുണ്ട്

ബിജെപി ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവ് ഡോ. ഖമറുന്നിസ അന്‍വറിനെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം പദവിയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഈ അവസരത്തില്‍ ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍, വിശേഷിച്ച് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സ്ത്രീ സാന്നിധ്യം എന്നത് എത്രമേല്‍ യാഥാര്‍ത്ഥ്യമാണെന്ന് പരിശോധിക്കാം.

1) 'സ്ത്രീകളുടെ പ്രകൃതി ധര്‍മ്മം പുരുഷന്റെ ലൈംഗികതയെ തൃപ്തിപ്പെടുത്തുകയാണ്' 2) 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' 3) 'സ്ത്രീകള്‍ക്ക് ഭരണകര്‍ത്താവ് ആകുവാന്‍ അവകാശമില്ല'.

മുകളില്‍ എഴുതിയ മൂന്ന് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും നമ്മുടെ നാട്ടിലെ മൂന്ന് പ്രബല മതങ്ങളുടെ വേദപുസ്തക ശേഖരണങ്ങളില്‍ നിന്ന് നമുക്ക് വായിക്കാം. പുരുഷനേക്കാള്‍ സ്ത്രീകള്‍ക്ക് പല്ലുകള്‍ കുറവാണെന്ന് പറഞ്ഞത് അരിസ്റ്റോട്ടില്‍ ആയിരുന്നു. കവിത എഴുതുന്ന പെണ്ണ് മുന്‍കാലില്‍ നടക്കുന്ന നായയെ പോലെയാണ് എന്ന് പറഞ്ഞത് ഒരു പ്രസിദ്ധ യൂറോപ്യന്‍ സാഹിത്യകാരനാണ്. 1.27 ലക്ഷം പ്രവാചകന്മാരെ പറ്റി പറയുന്ന സെമിറ്റിക് മതങ്ങളില്‍ സ്ത്രീ പ്രവാചകമാര്‍ ഒന്നുപോലുമില്ല എന്നത് അവിചാരിതമല്ല. ഹിന്ദു മതത്തിന്റെ മുഖ്യഗ്രന്ഥമായി കരുതി വരുന്ന ഭഗവദ് ഗീതയില്‍ രണ്ടു പാപയോനികളെ പരാമര്‍ശിക്കുമ്പോള്‍ അതിലൊന്ന് സ്ത്രീ ആണെന്നുണ്ട്. ഒപ്പം മഹാഭാരത യുദ്ധത്തിന് നിദാനം ഒരു സ്ത്രീയുടെ ശാപമാണെന്നും കൃഷ്ണന്‍ മരിക്കുന്നത് സ്ത്രീയുടെ ശാപത്തിലൂടെയാണെന്നതും സ്ത്രീയെ ഒരു അപശകുനമായി വിലയിരുത്തുന്നതിന് തെളിവാണ്. വേദങ്ങള്‍ പഠിക്കാന്‍ സ്ത്രീക്ക് അനുവാദമില്ലാത്തത്, ഗായത്രി മന്ത്രം ചൊല്ലരുത് എന്ന അഭിപ്രായമൊക്കെ സ്ത്രീവിരുദ്ധ നിലപാടിന്റെ തെളിവാണ്. ശബരിമല പോലെയുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുമ്പോള്‍ തന്നെ സ്ത്രീ നഗ്‌നപൂജ നടന്ന ക്ഷേത്രങ്ങള്‍ കഴിഞ്ഞ നാളുകളില്‍ കര്‍ണ്ണാടകയിലുണ്ടായിരുന്നു എന്നതും കാണണം.

സ്ത്രീകളെ പൊതുസമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നതിന്റെ തുടര്‍ച്ചയായി വോട്ടവകാശം യൂറോപ്പില്‍ അനുവദിച്ചു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ്. രണ്ടാം ഇന്റര്‍നാഷണലില്‍ (കമ്മ്യൂണിസ്റ്റ്) സ്ത്രീകള്‍ക്ക് വോട്ടവകാശങ്ങള്‍ക്കായി ആഹ്വാനവും ലോക വനിതാദിനം ആഘോഷിക്കുവാനും തീരുമാനമുണ്ടായി. സോവിയറ്റ് വിപ്ലവവും അനുബന്ധ സംഭവങ്ങളും ലോകത്ത് സ്ത്രീ ശാക്തീകരണത്തിന് പുതിയ അര്‍ത്ഥങ്ങള്‍ തീര്‍ത്തു. യൂറോപ്പിലെ മിക്ക രാജ്യങ്ങളും അതിന് തയ്യാറായത് കാത്തോലിക്ക സഭയുടെ താല്‍പര്യങ്ങളെ മാനിച്ചുകൊണ്ടായിരുന്നില്ല. യൂറോപ്പില്‍ പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന witches (ദുര്‍മന്ത്രവാദിനി) വിശ്വാസം മൂലം പ്രായമായ ആയിരക്കണക്കിന് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇംഗ്ലണ്ടില്‍ വളരെ പ്രബലമായിരുന്ന ദുര്‍മന്ത്രവാദിനി കൊലപാതകം നിയമം മൂലം നിരോധിച്ചത് 1653-ല്‍ മാത്രമായിരുന്നു.

ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ വ്യവഹാര പരിസരങ്ങളില്‍ വനിതാ സംവരണം ആദ്യഘട്ടത്തില്‍ ഒരു വെല്ലുവിളിയായി മാറി പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും. മത്സരിക്കാന്‍ പ്രാപ്തരായ സ്ത്രീകളെ കിട്ടാതെ പലരും വലഞ്ഞു. സ്ഥാനാര്‍ഥികളെ കിട്ടാതെ വന്നപ്പോള്‍ ഭാര്യയേയും സഹോദരിമാരെയും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കേണ്ടി വന്നു. പിന്‍സീറ്റ് ഡ്രൈവിംഗായിരുന്നു ഭൂരിഭാഗ സ്ഥലത്തും. ഇതിന് പ്രധാന കാരണം ജാഥയ്ക്കും ഘോഷയാത്രയ്ക്കും ആളെ കൂട്ടാനല്ലാതെ സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പുരുഷമേധാവിത്വമുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ തയ്യാറായിരുന്നില്ല എന്നതാണ്. സ്ത്രീവിമോചനം ഉദ്ഘോഷിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും പുരുഷകേന്ദ്രീകൃത നയം തുടരാനാണ് താല്‍പര്യം എന്നത് ഇന്നും വസ്തുതയായി തുടരുന്നു.

എന്നാല്‍ കുടുംബശ്രീ പ്രസ്ഥാനം കേരളത്തില്‍ വേര് പിടിച്ചതോടെ സ്ഥിതിയാകെ മാറി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരങ്ങളായി. കഴിവുകള്‍ തിരിച്ചറിഞ്ഞു. സ്ത്രീശാക്തീകരണത്തിന് മുഖ്യകാരണമാകുന്ന വരുമാനം സ്വയം തൊഴിലിലൂടെയും മറ്റും നേടാനായതോടെ സ്ത്രീ ശക്തി പ്രാപിച്ചു. സ്വന്തം കാലില്‍ നില്‍ക്കാനായി. അറിവുകള്‍ നേടുന്നതിലും കഴിവ് തെളിയിക്കുന്ന കാര്യത്തിലും ബഹുദൂരം മുന്നോട്ടുപോയി. അറിവും തിരിച്ചറിവും കോര്‍ത്തിണക്കി പ്രതികരിക്കാനും അവള്‍ തയ്യാറായി. ജനസംഖ്യയില്‍ ഭൂരിപക്ഷമായ സ്ത്രീകളെ ഇനി എഴുതിത്തളളാനാവില്ലെന്ന് പുരുഷ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞു. കാലങ്ങളായി അടച്ചിട്ട അവസരങ്ങളുടെ കോട്ടവാതിലുകള്‍ പതുക്കെ പതുക്കെ സ്ത്രീക്ക് മുന്നില്‍ തുറക്കപ്പെട്ടു. ചിലതെല്ലാം തള്ളിത്തുറന്നു.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഇന്ന് ധാരാളം സ്ത്രീകളുണ്ട്. അതുകൊണ്ടുതന്നെ വനിതാ സ്ഥാനാര്‍ഥികളെ കിട്ടാന്‍ ഒരു പ്രയാസവുമില്ല. ഇടിച്ചുകയറി മത്സരിക്കാന്‍ വരെ സ്ത്രീകള്‍ തയ്യാറാണ്. എന്നാല്‍ ഇക്കാലത്തും ഈ പൊതുപ്രവണതയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത് കേരളത്തില്‍ മുസ്ലിം ലീഗ് മാത്രമാണ്. ഇപ്പോള്‍ പുറത്താക്കപ്പെട്ട ഖമറുന്നീസ അന്‍വറിനെ, 1996-ല്‍ മുസ്ലിംലീഗ് കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിക്കാന്‍ അനുവദിച്ചു. ഖമറുന്നീസ നേരിയ വോട്ടിന് പരാജയപ്പെട്ടുവെങ്കിലും മുസ്ലിംലീഗ് വനിതാ ശാക്തീകരണത്തിന് തയ്യാറെടുത്ത് തുടങ്ങിയെന്നതിന്റെ സൂചനയായാണ് പലരും ആ നീക്കത്തെ കണ്ടത്. എന്നാല്‍ പിന്നീടങ്ങോട്ട് മുസ്ലിം വനിതകള്‍ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലേക്ക് പരിഗണിക്കപ്പെട്ടില്ല. വനിതാ ശാക്തീകരണവും, വനിതാ പ്രാതിനിധ്യവും ഒരു കാലത്തും മുസ്ലിം ലീഗിന്റെ അജണ്ടയായിരുന്നില്ല എന്നതാണ് ഖമറുന്നിസയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമാക്കിയത് കൊണ്ടാണ് ഭര്‍ത്താക്കന്മാരുടെ ചിത്രങ്ങള്‍ വച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍കൊണ്ടെങ്കിലും സ്ത്രീ പ്രാതിനിധ്യം മുസ്ലിം ലീഗ് മനസ്സില്ലാ മനസ്സോടെ നടപ്പിലാക്കുന്നത്. എന്നാല്‍ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്നം വരുമ്പോള്‍ മുസ്ലിം ലീഗ് നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പതിവ്. കേരളത്തിലെ പ്രമുഖ സുന്നി മുസ്ലിം സംഘടനകളായ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന എപി സുന്നിയും ലീഗിനെ പിന്തുണയ്ക്കുന്ന ഇ കെ വിഭാഗം സുന്നി അഥവാ സമസ്തയും നിരന്തരം ഇറക്കിക്കൊണ്ടിരിക്കുന്ന ഫത്വകള്‍ സ്ത്രീകളെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തുന്നവയാണ്. ഇത് തന്നെയാണ് മുസ്ലിം സമുദായത്തിലെ നമ്പര്‍ വണ്‍ പാര്‍ട്ടിയാകുമ്പോഴും സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും പ്രാതിനിധ്യം നല്‍കുന്ന കാര്യങ്ങളില്‍ നിന്ന് പ്രോത്സാഹനം നല്‍കാനാവാത്ത നിസ്സഹായതയിലേക്ക് മുസ്ലിംലീഗിനേയും നയിക്കുന്നത്.

കാലങ്ങളായി മുസ്ലീംലീഗിലെ പുരുഷന്മാരെ നിയമസഭയിലും ലോക്സഭയിലും എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ലീഗ് അനുഭാവികളായ സ്ത്രീകളുടെ വോട്ടുകളാണ്. കാരണം മുസ്ലീം ലീഗിന്റെ അണികളില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ വേണ്ടിയാണ് വനിതാ ലീഗ് രൂപീകരിച്ചത്. പക്ഷേ വനിതാ ലീഗിന്റെ മീറ്റിങ്ങുകളില്‍ പോലും വേണ്ടത്ര വനിതാ പ്രാതിനിധ്യമുണ്ടാവാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 'വനിതാ ലീഗ്' സമ്മേളനത്തില്‍ അധ്യക്ഷനാകുന്ന വ്യക്തി മുതല്‍, വേദിയിലും , സദസ്സിലും നിറയുന്നവര്‍ വരെ പുരുഷന്മാര്‍ ആകുന്ന ലോകത്തെ ആകെയുള്ള 'വനിതാ സംഘടന' ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗ് മാത്രമായിരിക്കും.

സമസ്തയിലെ പണ്ഡിതന്മാര്‍ പറയുന്ന ന്യായങ്ങള്‍ സ്ത്രീകള്‍ എംഎല്‍എ ആയാല്‍ ദിവസവും ഒന്നിലേറെ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടി വരുമെന്നും ദൂരയാത്രകള്‍ ചെയ്യേണ്ടിവരുമെന്നുമാണ്. ഇതൊന്നും സ്ത്രീകളെകൊണ്ട് സാധിക്കില്ല. അവര്‍ തളര്‍ന്ന് പോകുമെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ മറ്റ് പാര്‍ട്ടികളിലെ സ്ത്രീകള്‍ ഇതെല്ലാം ചെയ്യുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയുമില്ല എന്നതാണ് പരിഹാസ്യം.

ഖമറുന്നിസ അന്‍വറിനെ വിചാരണ ചെയ്യുന്നതിലെ നൈതികത

ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍പ്പോലും ബിജെപി പ്രാമുഖ്യം നേടുന്ന ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ കാലത്താണ്, ബിജെപി ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവ് ഡോ. ഖമറുന്നിസ അന്‍വറിനെ നേതൃത്വം പദവിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. അവരുടെ ഖേദപ്രകടനം പോലും പരിഗണിക്കാതെയാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. ഖമറുന്നിസ അന്‍വറിനെതിരായ നടപടി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭ്യന്തര അച്ചടക്കത്തിന്റെ അളവുകോലുകള്‍ വച്ച് പരിശോധിക്കുമ്പോള്‍ സ്വാഭാവികമെന്ന് വിലയിരുത്തുവാന്‍ കഴിഞ്ഞേക്കും. പക്ഷേ, മുസ്ലിം ലീഗിന്റെ കാര്യത്തില്‍ ഈ അച്ചടക്ക നടപടി ആണ്‍കോയ്മകളുടെ മുഴച്ചുനില്‍പ്പുകളാല്‍ അശ്ലീലമാകുന്നുണ്ട് എന്ന് പറയാതെ വയ്യ.

1) 1991 ലെ കുപ്രസിദ്ധമായ 'ബേപ്പൂര്‍ മോഡല്‍': കേരള രാഷ്ട്രീയത്തില്‍ എന്നും ചര്‍ച്ചാവിഷയമായ കോലീബി സഖ്യം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നത് ഇപ്പോള്‍ പ്രസക്തമായ ചോദ്യമാകുന്നുണ്ട്. ആ തിരഞ്ഞെടുപ്പില്‍ കെ. കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളും ബി.ജെ.പി നേതാക്കളുമടക്കം നിരവധി പേര്‍ പ്രചരണത്തിനായി ബേപ്പൂരെത്തിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബേപ്പൂരിലെ 20 സ്ഥലങ്ങളില്‍ തനിക്കായി പ്രചരണത്തിനെത്തിയത് ഇന്നും തന്റെ മനസിലുണ്ടെന്ന് അന്നത്തെ 'സഖ്യസ്ഥാനാര്‍ഥി' ഡോ. മാധവന്‍കുട്ടി ഇപ്പോഴും മാധ്യമങ്ങളോട് പറയുന്നു. അച്ചടക്കത്തിന്റെ ഏതു അളവുകോലുകള്‍ വച്ചാണ് ഖമറുന്നിസ അന്‍വര്‍ മുകളില്‍ സൂചിപ്പിച്ച ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കള്‍ ചെയ്തതിനേക്കാള്‍ വലിയ 'രാഷ്ട്രീയ തിന്മ' ചെയ്തിരിക്കുന്നത്?

കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്ന് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രം അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്തകമായ 'രാഷ്ട്രീയത്തിലെ സ്നേഹസാഗര' ത്തില്‍, 'പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ എഴുതിയിട്ടുണ്ട്. ഖമറുന്നിസ അന്‍വറിനെതിരായ സംഘടനാ നടപടിയില്‍ കയ്യടിക്കുന്ന ലീഗനുഭാവികള്‍, ആ പുസ്തകമൊന്നു വായിച്ചതിനു ശേഷം കയ്യടികള്‍ തുടരണം.

2) കൊള്ളപ്പലിശയും, ബാങ്കുകളിലെ അധികാര പങ്കാളിത്തവും, മദ്യം വിറ്റ കാശുകൊണ്ട് ഭരിക്കുന്നതും, സിനിമാ താരങ്ങളുമായി വേദി പങ്കിടുന്നതും, നിലവിളക്ക് കത്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും (ലീഗിനെ പിന്തുണയ്ക്കുന്ന മുസ്ലിം യാഥാസ്ഥിതിക പൌരോഹിത്യം അഹിതകരം എന്ന് കരുതുന്നവ) മാറ്റി വയ്ക്കൂ, കേരളത്തിന്റെ രാഷ്ട്രീയ പരിസരങ്ങളെ പതിറ്റാണ്ടോളം സ്‌ഫോടനാത്മകമാക്കി നിര്‍ത്തിയ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍, പ്രതിസ്ഥാനത്ത് വന്ന ലീഗിന്റെ ജീവാത്മാവും പരമാത്മാവുമായ നേതാവിനെതിരെ ഒരു രാഷ്ട്രീയസംഘടന എന്ന നിലയില്‍ മുസ്ലിം ലീഗ് എടുത്തിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്? കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ / ഐ.ടി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവത്തില്‍, നേരിട്ട് 'ഉത്തരവാദിത്തമുള്ള' രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിം ലീഗ് ആരെയെങ്കിലും സസ്‌പെന്‍ഡ് ചെയ്തതായെങ്കിലും രാഷ്ട്രീയപരമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ ?

2011 ജനുവരിയില്‍ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് നടത്തിയ ഒരു വാര്‍ത്താസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ തുടര്‍ന്നുണ്ടായ പല വെളിപ്പെടുത്തലുകളും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നതും ഇപ്പോഴത്തെ അച്ചടക്ക നടപടിക്കാര്‍ മറന്നുവോ? കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്താണ് കേസിനെ തേച്ചുമാച്ചു കളയാന്‍ ശ്രമമുണ്ടായതെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇന്ത്യാവിഷന്‍ എന്ന ന്യൂസ് ചാനല്‍ രംഗത്തു വന്നതും ഈ കേസ് വീണ്ടും കേരളത്തിലെ രാഷ്ട്രീയ, മാധ്യമ രംഗത്ത് ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക് കാരണമായത് ലീഗ് മറന്നാലും , നിക്ഷ്പക്ഷമതികളായ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും വിസ്മരിക്കാനാവുമോ?

3) മാറാട് കലാപം അടക്കമുള്ള വര്‍ഗ്ഗീയ കലാപ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട നേതാക്കളെ ഒരു ദിവസത്തേക്കെങ്കിലും ലീഗ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടോ? അഴിമതി കേസുകളിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയെ കോടീശ്വരന്മാര്‍ ഹൈജാക്ക് ചെയ്യാന്‍ കാരണക്കാരായവര്‍ക്കെതിരെ, പാര്‍ട്ടി മുഖപത്രം ഇല്ലാതാകുന്ന രൂപത്തിലേക്ക് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചവര്‍ക്കെതിരെ, കോഴിക്കോട് വിമാനത്താവളത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കൈകാര്യം ചെയ്ത ആണ്‍ചെന്നായ്ക്കള്‍ക്കെതിരെ... മുസ്ലിം ലീഗ് എന്ത് പ്രതികരണമാണ് ഉണ്ടാക്കിയത്? ഉമ്രയുടെയും ഹജ്ജിന്റെയും പേരില്‍ സാമ്പത്തിക കൊള്ള നടത്തി കോടീശ്വരന്മാരായ മതപുരോഹിതന്മാരെ മുസ്ലിം ലീഗ് സംഘടനയില്‍ നിന്നു പുറത്താക്കിയോ? എന്തുകൊണ്ട് ക്ഷിപ്രവേഗത്തില്‍ ഒരു ഖമറുന്നിസ്സയെ പറിച്ചെറിയുന്നു?

ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ആണ്‍കോയ്മാ മനസും ജന്മി മേധാവിത്വവും ആഗോളവല്‍ക്കരണത്തിന്റെ ലാഭേച്ഛയുമാണ്. മുസ്ലിം ലീഗിലാവട്ടെ മതമൗലികവാദവും സ്ത്രീവിരുദ്ധതയും കൂടി ഇഴകലരുമ്പോള്‍ ഖമറുന്നിസ അന്‍വര്‍മാര്‍ പാര്‍ട്ടി അച്ചടക്കവാളിന്റെ ഇരകള്‍ മാത്രമായി അവസാനിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories