TopTop

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്

ശബരിമല ഇഫക്റ്റ് മുസ്ലീം സമുദായത്തിലേക്കും; സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ട്
വിശ്വാസവും ലിംഗനീതിയും തമ്മിലുള്ള ബലാബലം മുറുകുന്നതിനിടെ, ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിഷയങ്ങളിലെ സുപ്രീം കോടതി വിധികള്‍ക്കെതിരെ സംയുക്ത പ്രമേയവുമായി മുസ്‌ലിം സംഘടനകള്‍. മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണാധികാരം വിശ്വാസികള്‍ക്കായിരിക്കണമെന്നും, നീതിന്യായ വ്യവസ്ഥ വിശ്വാസത്തിന്മേല്‍ നടത്തുന്ന കടന്നുകയറ്റത്തില്‍ മുസ്‌ലിം സംഘടനകള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും യോഗത്തില്‍ പങ്കുചേര്‍ന്നവര്‍ പറയുന്നു. മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, സമസ്ത ഇ.കെ വിഭാഗം, കെ.എന്‍.എം, എം.ഇ.എസ് എന്നിവരടക്കമുള്ള മുസ്‌ലിം സംഘടനകളെല്ലാവരും ചേര്‍ന്നാണ് വിശ്വാസത്തെ വിശ്വാസികള്‍ക്കു മാത്രമായി വിട്ടു നല്‍കണമെന്നു വാദിക്കുന്നത്.

സ്വവര്‍ഗ്ഗരതിയെ സംബന്ധിക്കുന്ന വിധി, മുത്തലാഖ് ഓര്‍ഡിനന്‍സ്, ശബരിമല സ്ത്രീ പ്രവേശനം എന്നിവയെക്കുറിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് ആശങ്കയുണ്ടെന്നാണ് യോഗത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. മതസ്വാതന്ത്ര്യത്തിലുള്ള ഇടപെടലുകളാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ അസി. അമീറായ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശദീകരിക്കുന്നു: "മുത്തലാഖിന് എല്ലാവരും എതിരു തന്നെയാണ്. എങ്കിലും വിവാഹമോചനം എന്താണെന്നു നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത അവസ്ഥയില്‍, വിവാഹബന്ധം ഇസ്‌ലാമികമായി വേര്‍പെടുത്താനുള്ള വഴികളെല്ലാം അടയ്ക്കുകയാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. കേന്ദ്ര സര്‍ക്കാര്‍ അതു തിരുത്താന്‍ തയ്യാറാകണം. അതുപോലെ, ശബരിമലയിലെ സ്ത്രീപ്രവേശനവും പുന:പരിശോധിക്കേണ്ടതുണ്ട്. സ്ത്രീപ്രവേശനം മതപരമായ നിബന്ധനങ്ങള്‍ക്കു വിധേയമായിരിക്കണം, വിശ്വാസികളുടെ താത്പര്യപ്രകാരം നടക്കണം."


ശബരിമല വിഷയത്തില്‍ തെരുവിലിറങ്ങിയുള്ള സമരമെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും, അതു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു തന്നെ വഴിവച്ചേക്കുമെന്നും കാരക്കുന്ന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്, "കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടുകയും ചെയ്യും. ഈ വിധിയാണ് ഇത്തരം പ്രശ്‌നങ്ങള്‍ വഴിവച്ചിരിക്കുന്നത്. അത് ഉണ്ടാകാന്‍ പാടില്ലായിരുന്നു."

ശബരിമല വിഷയത്തില്‍, വിശ്വാസികളുടെ കാര്യത്തില്‍ കോടതി ഏകപക്ഷീയമായി ഇടപെടുന്നത് ശരിയല്ല എന്നു തന്നെയാണ് മുസ്‌ലിം സംഘടനകളുടെ നിലപാടെന്ന് മുസ്‌ലിം ലീഗ് നോതാവായ കെ.പി.എ മജീദും അഭിപ്രായപ്പെടുന്നു. വിശ്വാസകാര്യങ്ങളില്‍ വിശ്വാസികളുടെ നിലപാടാണ് കോടതി കേള്‍ക്കേണ്ടത്. അതുണ്ടായിട്ടില്ല. മുത്തലാഖ് ഓര്‍ഡിനന്‍സിനെ നിയമപരമായിത്തന്നെ നേരിടുമെന്നാണ് ലീഗിന്റെ പക്ഷം.

സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ തിരുത്തപ്പെടേണ്ടു തന്നെയാണെന്നു വാദിക്കുന്ന എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നതിങ്ങനെ: 'കഴിഞ്ഞയാഴ്ചയില്‍ സുപ്രീം കോടതി വിധി പറഞ്ഞ പല വിഷയങ്ങളും യഥാര്‍ത്ഥത്തില്‍ കോടതി ഇടപെടേണ്ടവയല്ല. ഇന്ത്യയിലെ എല്ലാ മതങ്ങളില്‍പ്പെട്ടവരെയും ഉപദ്രവിക്കുന്ന വിധികളായിരുന്നു മിക്കതും. ലിംഗസമത്വ വിഷയങ്ങളിലാണെങ്കില്‍പ്പോലും വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല.


എല്ലാ മതത്തിലും പുരോഹിതന്മാര്‍ പുരുഷന്മാരാണ്. ചരിത്രത്തില്‍ ഇന്നേവരെ ഒരു സ്ത്രീ മാര്‍പ്പാപ്പയായിട്ടില്ല. അത് ആചാരമാണ്. ക്രിസ്തുമതത്തിലായാലും ഇസ്‌ലാം മതത്തിലായാലും പ്രവാചകര്‍ സ്ത്രീകളായിട്ടില്ല. ഇനി അങ്ങോട്ട് എങ്ങനെയാണെങ്കിലും, ഇതുവരെ ആചാരപരമായി അങ്ങിനെയാണ്. കോടതി അതില്‍ ഇടപെടേണ്ടതില്ല. അതു പോലെ സ്വവര്‍ഗ്ഗരതിയും ആരും അംഗീകരിച്ചിട്ടുള്ളതല്ല. അതും കോടതി ശ്രദ്ധിക്കേണ്ട കാര്യമല്ല. വിവാഹേതര ലൈംഗികബന്ധം പോലെ ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയ്ക്കു തന്നെ കത്തിവയ്ക്കുന്ന കാര്യങ്ങള്‍ കുറ്റകരമല്ലാതാക്കുന്നു. ഒരു ഭാഗത്ത് വിവാഹേതര ലൈംഗികബന്ധം ആകാമെന്നു പറയുന്നു, മറ്റൊരു ഭാഗത്ത് മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നു പറയുന്നു. കോടതി മതത്തില്‍ ഇടപെടുന്നു എന്നതിലാണ് ഞങ്ങളുടെ പ്രതിഷേധം.


ബാബറി മസ്ജിദ് കേസിലാണെങ്കില്‍ പോലും അവിടെ നിലനില്‍ക്കുന്ന വിശ്വാസത്തെയാണ് ആധാരമാക്കിയെടുത്തിട്ടുള്ളത്, വസ്തുതയെയല്ല. ശ്രീരാമജന്മഭൂമി എന്ന പൗരാണിക വിശ്വാസമാണല്ലോ അവിടുത്തെ പ്രശ്‌നം. ശാസ്ത്രത്തിന്റെ കണ്ണില്‍ ശ്രീരാമന്‍ എന്നൊരാള്‍ പോലുമില്ലല്ലോ. അതുകൊണ്ട് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണേണ്ടതുണ്ട്. രണ്ടും രണ്ടായിട്ടുതന്നെ നിലനില്‍ക്കട്ടെ".

ശബരിമലയിലെ സ്ത്രീപ്രവേശനം അവിശ്വാസികള്‍ക്കു തീരുമാനിക്കാനുള്ളതല്ലെന്നു പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മുസ്‌ലിം സംഘടനാപ്രതിനിധികള്‍ പറയുന്നുണ്ട്. വിശ്വാസമനുസരിച്ച് മുജാഹിദീന്‍ പള്ളികളിലോ ജമാഅത്ത് പള്ളികളിലോ പോകാന്‍ സ്ത്രീകള്‍ക്കു സാധിക്കുമെന്നും, അതേക്കുറിച്ചുള്ള മുറവിളികള്‍ അനാവശ്യമാണെന്നുമാണ് ഈ വിഷയത്തില്‍ നേതാക്കളുടെ വാദം.

അതേസമയം, പള്ളികളിലെ സ്ത്രീപ്രവേശനത്തിനും പൗരോഹിത്യ പദവികളിലുള്ള സ്ഥാനത്തിനും വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് 'നിസ' എന്ന സ്ത്രീ അവകാശ സംഘടന. സംഘടനയോടും അവര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യത്തോടും സമാനമായ എതിര്‍പ്പാണ് ഏതാണ്ടെല്ലാ മുസ്‌ലിം മത നേതാക്കള്‍ക്കുമുള്ളത്. നിസ ഒരു മുസ്‌ലിം സംഘടനയല്ലാത്തതിനാല്‍ വിശ്വാസ കാര്യങ്ങളില്‍ അവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് കെ.പി.എ മജീദിന്റെ പ്രതികരണം.

"അവര്‍ ഭയങ്കര ഫൂളുകളാണ്. പള്ളിയില്‍ അവര്‍ക്കിപ്പോഴും പ്രവേശിക്കാമല്ലോ. എം.ഇ.എസിന്റെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കു പ്രവേശിക്കാം. ജമാഅത്ത്, മുജാഹിദീന്‍ പള്ളികളിലെല്ലാം പ്രവേശിക്കാം. സുന്നി പള്ളികളില്‍ത്തന്നെ പ്രവേശിക്കണമെന്നാണ് അവരുടെ വാദം. എങ്കില്‍ അവരെന്തിന് സുന്നിയായി തുടരണം? അതു വിട്ട് ജമാഅത്ത്-മുജാഹിദീന്‍ ആവട്ടെ. സ്ത്രീകള്‍ പ്രവേശിക്കണ്ടായെന്നു വിശ്വസിക്കുന്ന വിഭാഗത്തിന്റെ പള്ളികളില്‍ത്തന്നെ കയറണമെന്നു നിര്‍ബന്ധം പിടിക്കാന്‍ കാരണമെന്താണ്? ഒരു മതത്തിന്റെ ഘടനയില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ ആ മതം വിട്ടുകൂടെ?
" ഡോ.ഫസല്‍ ഗഫൂര്‍ ചോദിക്കുന്നു.

ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നതിങ്ങനെ: "പള്ളിപ്രവേശനത്തിനായി സുപ്രീം കോടതിയെ സമീപിക്കുന്നവര്‍ സമീപിക്കട്ടെ. പള്ളിയില്‍ പ്രവേശിക്കാന്‍ തടസ്സമില്ല. വരേണ്ടവര്‍ക്കു വരാം. ഇമാമുകളെ നിയമിക്കേണ്ടത് അതാതു പള്ളിക്കമ്മറ്റിയാണ്. നിസയ്ക്കു വേണമെങ്കില്‍ പുതിയ പള്ളി സ്ഥാപിക്കട്ടെ, അവിടെ സ്ത്രീകളെ ഇമാമാക്കട്ടെ. മറ്റു പള്ളികള്‍ നടത്തുന്നതും ശമ്പളം കൊടുക്കുന്നതും അവരല്ലല്ലോ."

അതേസമയം, സ്ത്രീകളുടെ അവകാശ പ്രഖ്യാപനത്തെയും ആരാധനാലയത്തിലെ പ്രവേശനത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന യോഗത്തില്‍ സ്ത്രീ പ്രതിനിധികളാരും തന്നെ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലിം സംഘടനകളുടെ സ്ത്രീ വിഭാഗങ്ങള്‍ക്കൊന്നും യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. തങ്ങളുടെ യോഗങ്ങളില്‍ സ്ത്രീപ്രതിനിധികള്‍ പങ്കെടുക്കാറില്ലെന്നും സംഘടനകളുടെ സ്ത്രീവിഭാഗങ്ങളെ തീരുമാനം അറിയിക്കുകയാണ് പതിവെന്നും ഡോ. ഫസല്‍ ഗഫൂര്‍ തന്നെ പറയുന്നുണ്ട്. യോഗം കൂടിയത് അറിഞ്ഞിരുന്നില്ലെന്ന് വനിതാ ലീഗ് അംഗങ്ങളും പറയുന്നു.

യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും, ചര്‍ച്ച ചെയ്ത വിഷയം പ്രസക്തമാണെന്ന് തിരിച്ചറിയുന്നതായും, മതവിശ്വാസത്തിലേക്കുള്ള കടന്നു കയറ്റം ഏകീകൃത സിവില്‍ കോഡ് പോലൊരു നീക്കത്തിലേക്ക് അടുക്കുമോ എന്ന ആശങ്കയുള്ളതായും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രവര്‍ത്തക റുക്‌സാന വിശദീകരിക്കുന്നു: 'മതത്തിലെ നവീകരണങ്ങള്‍ മതത്തിനുള്ളില്‍ത്തന്നെയാണ് ഉണ്ടാകേണ്ടത്. ലിംഗവിവേചനം ഒരു വശത്തുണ്ട്. മറുവശത്ത് അതൊരു ആചാരം കൂടിയാണ്. പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് വിലക്കില്ല. യാത്രക്കാരായ സ്ത്രീകള്‍ക്കു മാത്രം നിസ്‌കരിക്കാനുള്ള സൗകര്യത്തിനെതിരെ വര്‍ഷങ്ങളായി നമ്മള്‍ സംസാരിക്കുന്നുണ്ട്. പ്രവാചകന്‍ വിലക്കാത്ത കാര്യം ആര്‍ക്കും വിലക്കാനാവില്ല. ഞങ്ങള്‍ അതിനുവേണ്ടി വാദിക്കുന്നവര്‍ കൂടിയാണ്. പള്ളിയില്‍ പ്രവേശിക്കാനുള്ള സാഹചര്യവുമുണ്ട്. ഇപ്പോള്‍ അതു ചര്‍ച്ചയ്ക്കു കൊണ്ടുവരുന്നത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ മാത്രമാണ്".

https://www.azhimukham.com/offbeat-why-women-only-banned-to-enter-sabarimala-write-kbalan/

https://www.azhimukham.com/kerala-how-lost-cheerappanchira-ezhava-family-karanma-right-in-sabarimala/

https://www.azhimukham.com/offbeat-nama-japa-protest-on-sabarimala-sc-verdict/

Next Story

Related Stories