TopTop
Begin typing your search above and press return to search.

ഐ എസ് റിക്രൂട്ട്മെന്‍റ്; വെട്ടിലായ നദ്‌വത്തുല്‍ മുജാഹ്ദീന്‍റെ അറ്റകൈ പ്രയോഗങ്ങള്‍

ഐ എസ് റിക്രൂട്ട്മെന്‍റ്; വെട്ടിലായ നദ്‌വത്തുല്‍ മുജാഹ്ദീന്‍റെ അറ്റകൈ പ്രയോഗങ്ങള്‍

കെ എ ആന്റണി

കേരളത്തില്‍ നിന്നും അടുത്തകാലത്തായി അപ്രത്യക്ഷരായ 21 പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേര്‍ന്നിരിക്കാമെന്ന സംശയം ബലപ്പെട്ടതോടെ സലഫിസത്തിന്റെ ആദ്യകാല പ്രചാരകരായ കേരള നദ്‌വത്തുല്‍ മുജാഹ്ദീന്‍
വെട്ടിലായിരിക്കുന്നു. കേസ് ഐ എന്‍ എ ഏറ്റെടുക്കാനിരിക്കെ തങ്ങള്‍ക്ക് അപ്രത്യക്ഷരായവരോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായോ യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഏജന്‍സികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള തീവ്രയത്‌നത്തിലാണ് കെഎന്‍എമ്മും അതിന്റെ യുവസംഘടനയായ ഇത്തിഹാദില്‍ ഷാബാനുല്‍ മുജാഹുദിനും(ഐഎസ്എം).

ഇതിന്റെ ഭാഗമായി കണ്‍വന്‍ഷനുകളും ഇതര പരിപാടികളും സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎന്‍എം. തങ്ങള്‍ക്ക് അപ്രത്യക്ഷരായവരുമായോ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായോ യാതൊരുബന്ധവുമില്ലെന്ന നിലപാടുമായി വരുന്നവര്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അത് അവരുടെ സംശയമായി തന്നെ കണക്കാക്കേണ്ടതുമുണ്ട്. പുതിയ സംഭവവികാസങ്ങള്‍ ഏറെ പിളര്‍പ്പുകള്‍ നേരിട്ട കെഎന്‍എമ്മിന്റെ ഔദ്യോഗികപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മുഖം രക്ഷിക്കാനുള്ള ചില നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഇനിയും വ്യക്തമാകാത്തത് കെഎന്‍എമ്മില്‍ എത്ര ഗ്രൂപ്പുകളുണ്ട്, എത്ര പക്ഷക്കാരുമുണ്ടെന്നാണ്.

1950 കളുടെ തുടക്കത്തില്‍ ഒരു പുരോഗമനവാദ മുസ്ലിം പ്രസ്ഥാനമായി ഉയര്‍ന്ന ഒരു സംഘടനയ്ക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു ഗതികേട് വന്നുപെട്ടൂ എന്നത് ഏറെ വിശകലനം ചെയ്യപ്പെടേണ്ട ഒന്നു തന്നെയാണ്. വക്കം മൗലവിയെപോലുള്ള പ്രശസ്തരും പ്രഗത്ഭരുമായിരുന്നവര്‍ രൂപം നല്‍കിയ മുജാഹ്ദീന്‍ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് പുതിയകാല സംഭവങ്ങള്‍. മുസ്ലിങ്ങള്‍ക്കിടയില്‍ നവോത്ഥാനം കൊണ്ടുവന്ന ഒരു സംഘടനയ്ക്ക് ഉണ്ടായ അപചയം തീര്‍ത്തും ദുഃഖകരമാണ്.

തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന കെഎന്‍എം നേതൃത്വം മുഖം രക്ഷിക്കാനുള്ള ആദ്യപടിയെന്നോണം കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്‍വന്‍ഷനുകളും ചര്‍ച്ചകളും സംഘടിപ്പിക്കാനുള്ള തിരക്കിലാണ്. തുടക്കമെന്ന രീതിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ മൂന്നിടങ്ങളില്‍ അവര്‍ കണ്‍വന്‍ഷനുകള്‍ നടത്തി. ' തീവ്ര ആത്മീയതയും സൂഫിസ്റ്റ് തീവ്രവാദവും' എന്ന പേരില്‍ ആയിരുന്നു ഈ കണ്‍വന്‍ഷനുകള്‍. സൂഫി ചിന്താധാരക്കാരെ പഴിചാരി മുഖം രക്ഷിക്കാനാണ് കെഎന്‍എമ്മിന്റെ ശ്രമം എന്നതു വളരെ വ്യക്തം.കണ്‍വന്‍ഷനുകളില്‍ കെഎന്‍എം നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത് മൂന്ന് ആരോപണങ്ങളാണ്. ഒന്ന്, സൂഫിസത്തിന്റെ വക്താക്കളാണ് തീവ്ര ആത്മീയവാദത്തിലൂടെ യുവാക്കളില്‍ തീവ്രവാദം കുത്തിവയ്ക്കുന്നത്. രണ്ട്, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഒരുപാട് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതി തീവ്രനിലപാടുകള്‍ സ്വീകരിക്കാന്‍ മുസ്ലിം യുവാക്കളെ പ്രേരിപ്പിക്കുന്നു. മൂന്ന്, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ പൊലീസും ഭരണാധികാരികളും ചേര്‍ന്ന് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു.

കാര്യങ്ങള്‍ വളരെ ലളിതമാണ്. സൂഫിസത്തിന്റെ വക്താക്കളും ഫാഷിസ്റ്റ് ശക്തികളും ചേര്‍ന്ന് മുജാഹിദ്ദുകള്‍ കേരളത്തില്‍ മുസ്ലിം നവോത്ഥാനത്തിനുവേണ്ടി ചെയ്ത സത്പ്രവര്‍ത്തികളെ തമസ്‌കരിക്കാനും പ്രസ്ഥാനത്തെ തന്നെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നൂവെന്ന വാദമാണ് കെഎന്‍എം ഉയര്‍ത്തുന്നത്.

കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയാണ്; 'സൂഫിസവും ഇന്ന് വലിയൊരു ഭീഷണി നേരിടുകയാണ്. സൂഫി ആധ്യാത്മിക നേതാവ് ഫെക്തുള്ള ഗുലാന്‍ ആസൂത്രണം ചെയ്ത തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിന്റെ പരാജയം വിരല്‍ ചൂണ്ടുന്നത് ഇതിലേക്കാണ്'.

അബ്ദുള്ളക്കോയ മദനിയുടെ വാദത്തില്‍ അല്‍പം യാഥാര്‍ത്ഥ്യം ഉണ്ടായേക്കാം. വക്കം മൗലവിയെ പോലുള്ളവര്‍ തുടങ്ങിവച്ച ഒരു മുസ്ലിം നവോത്ഥാനപ്രസ്ഥാനം തന്നെയായിരുന്നു കെഎന്‍എം. പക്ഷേ പിന്നീടങ്ങോട്ട് ഉണ്ടായ പിളര്‍പ്പുകള്‍ക്കും നിലമ്പൂരിലെയും യമനിലേയും ആടുവളര്‍ത്തലിനെ കുറിച്ചും അത്തിക്കാട്ടെ സലഫി കമ്യൂണനുമൊക്കെ ഉത്തരം പറയാനുള്ള ബാധ്യത വലിയൊരു പ്രസ്ഥാനത്തെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി പിളര്‍ത്തിയ നേതാക്കള്‍ക്കുണ്ടെന്ന് ഇനിയെങ്കിലും തുറന്നു സമ്മതിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മനംമടുത്ത് പ്രസ്ഥാനവും വീടും വിട്ട് വിപ്ലവമാര്‍ഗം സ്വീകരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരിക തന്നെ ചെയ്യും.

ഇനിയെങ്കിലും പ്രിയപ്പെട്ട അബ്ദുള്ളക്കോയ മദനി സാഹിബ് ഒരുകാര്യം തുറന്നു പറയണം, യഥാര്‍ത്ഥ കെഎന്‍എം താങ്കളുടെതാണോ അതോ മടവൂര്‍ സാഹിബിന്റെതാണോ? യഥാര്‍ത്ഥത്തില്‍ കെഎന്‍എമ്മില്‍ എത്ര ഗ്രൂപ്പുകളുണ്ട്. ജിന്ന്(ശിര്‍ഖ്) മാപ്ലിയും പ്രവാചക മാപ്ലിമാരും എത്രയുണ്ട്? ചോദ്യം താങ്കളോടാണ്. അള്ളാഹുവിനോട് ചോദിക്കാന്‍ പ്രതിപുരുഷന്മാര്‍ വേണ്ടെന്ന നിങ്ങളുടെ ആദ്യകാല മതപ്രബോധനങ്ങള്‍ എത്രകണ്ടു ഗുണം ചെയ്തു എന്നതു സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നു. പ്രവാചകന്‍ ജീവിച്ച കാലത്തെ ജീവിതം തന്നെ യഥാര്‍ത്ഥ ജീവിതം എന്നാഗ്രഹിക്കുന്ന പുതുക്കക്കാരെ തടയാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും? മുജാഹിദ്ദുകളുടെ ഒരുകൂട്ടായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടായാല്‍ ഒരുപരിധിവരെ വലിയൊരു പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories