TopTop
Begin typing your search above and press return to search.

വെടിക്കെട്ട് അപകടം പോലെ ഉപജീവനം

വെടിക്കെട്ട് അപകടം പോലെ ഉപജീവനം

കേരളത്തെ നടുക്കിയ വലിയ ദുരന്തങ്ങളിലൊന്നാണ് പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം. നൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അനേകം പേര്‍ക്ക് ഗുരുതര പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്ത അപകടമായിരുന്നു അത്. അതിനു ശേഷം ഉത്സവ, ആഘോഷങ്ങളോട് അനുബന്ധിച്ച് വെടിക്കെട്ട് ആവശ്യമോ എന്ന തര്‍ക്കങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ ഉയരാറുമുണ്ട്. എന്നാല്‍ ആരും പരിഗണിക്കാതിരിക്കുന്ന, കാണാതിരിക്കുന്ന ഒരു കൂട്ടരും ഇവിടെയുണ്ട്; പടക്ക നിര്‍മാണ തൊഴിലാളികള്‍. പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തോടു കൂടി കേരളത്തിലെ പടക്ക നിര്‍മ്മാണ തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരും ദുരിതത്തിലാണ്. കേരളത്തില്‍ വെടിക്കെട്ടോ പടക്ക നിര്‍മ്മാണമോ ഒന്നും നിരോധിച്ചിട്ടില്ല. പക്ഷെ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചാലും ഉദ്യോഗസ്ഥരും സര്‍ക്കാരും ഇവരെ വേട്ടയാടുകയാണ്.

കേരളത്തിലെ ശിവകാശിയാണ് തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമം. ഈ ഗ്രാമത്തില്‍ മാത്രം ഇരുപതോളം പടക്കനിര്‍മാണ ശാലകളുണ്ട്. ഇവിടെ പടക്കവില്‍പ്പന ലൈസന്‍സിയുള്ളവര്‍ മാത്രം അന്‍പതിനടുത്തുണ്ട്. പക്ഷെ ഇന്ന് ഇവരെല്ലാം പ്രതിസന്ധിയിലാണ്. നടപടികള്‍ കൃത്യമായി പാലിക്കാതെ ഇവരെ ബുദ്ധിമുട്ടിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. പലരും ഈ തൊഴില്‍ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

തങ്ങളെ കുറിച്ചുള്ള വാര്‍ത്ത കൊടുക്കുന്നതു പോലും അവര്‍ ഭയത്തോടെയാണ് കാണുന്നത്. കാരണം മുന്‍കാല അനുഭവങ്ങള്‍ അവരെ പഠിപ്പിച്ചത് അത്ര നല്ല കാര്യങ്ങളല്ല. പടക്കനിര്‍മാണവും തൊഴിലുമായി ബന്ധപ്പെട്ട് അഞ്ചോളം യൂണിറ്റ് ഉടമസ്ഥരെയും ആറോളം തൊഴിലാളികളെയും അഴിമുഖം ബന്ധപ്പെട്ടിരുന്നു. ഇവരാരും ചിത്രങ്ങള്‍ പോയിട്ട് ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറാവാത്ത സാഹചര്യത്തിലാണ്. കാരണം ഉദ്യോഗസ്ഥര്‍ അത്രയ്ക്കാണ് ഇവരെ ദ്രോഹിക്കുന്നത്. വാര്‍ത്തകള്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്തെങ്കിലുമുണ്ടെങ്കില്‍, അവര്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണ് എങ്കില്‍ പോലും ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് പരാതി. ഉയര്‍ന്ന തലത്തില്‍ പരാതി കൊടുത്താലും ഇതാണ് അവസ്ഥ. വര്‍ഷങ്ങളായി പരമ്പരാഗതമായി ഈ തൊഴില്‍ മേഖലയിലുള്ള ഒരു കമ്പക്കാരന്‍ തന്റെ അവസ്ഥ അഴിമുഖത്തോട് വിവരിക്കാന്‍ തയാറായത് ഒരുപാട് നിബന്ധനകള്‍ക്ക് ശേഷമായിരുന്നു. പേര്, ചിത്രങ്ങള്‍ ഒന്നും നല്‍കരുത്. അയാളെ തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും വാര്‍ത്തയില്‍ വരരുത്. പോലീസോ മറ്റ് ഉദ്യോഗസ്ഥരോടോ അവരെ സംബന്ധിച്ച് കാര്യങ്ങള്‍ പറയാന്‍ പാടില്ല. ഇതെല്ലാം സമ്മതിച്ചതിന് ശേഷം അദ്ദേഹം അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍-

'വളരെ സാമ്പത്തിക ശേഷി കുറഞ്ഞവരാണ് ഇവിടുത്തെ പടക്ക നിര്‍മ്മാണ യൂണിറ്റുകാരില്‍ പലരും. എനിക്ക് ഇതുവരെ ഒരു വീട് പോലും ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. പറയുമ്പോള്‍ സ്വന്തമായിട്ട് ഒരു പടക്ക നിര്‍മ്മാണ ശാലയൊക്കെയുണ്ട്. തരക്കേടില്ലാത്ത ജീവിക്കുന്ന ഒന്നു രണ്ടു പേര്‍ മാത്രമെ കാണൂ ഞങ്ങളുടെ കൂട്ടത്തില്‍. ബാക്കിയുള്ളവരെല്ലാം എന്നെപ്പോലെ തന്നെയാണ്. ഞങ്ങളെല്ലാം പാരമ്പര്യമായിട്ട് ഈ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. ഞങ്ങളാരും സമ്പന്നരല്ല. സമ്പന്നരായിരുന്നെങ്കില്‍ കേരളത്തില്‍ ഈ വ്യവസായം നടത്താന്‍ ഞങ്ങള്‍ തയ്യാറാവില്ലായിരുന്നു. കുറച്ച് പൈസയുണ്ടാക്കി എങ്ങനെയെങ്കിലും ജീവിക്കാന്‍ നോക്കും. കാരണം ഇത് ഒരു അപകടം പിടിച്ച തൊഴിലാണ്. നമുക്ക് മരണം എങ്ങനെ വേണമെങ്കിലും സംഭവിക്കാം. എപ്പോഴാണ്? എങ്ങനെയാണ്? എന്നൊന്നും അറിയില്ല. വെടിക്കെട്ട് കൊണ്ടുണ്ടാക്കുന്ന അപകടമരണം ദയനീയമാണ്. അത്രയ്ക്കും നമ്മള്‍ക്ക് കാണാന്‍ പറ്റാത്ത രീതിയിലുള്ള അപകടങ്ങളാണ്. ശരീരം ചിന്നിച്ചിതറി... പറയാന്‍ വയ്യ. പിന്നെ ജീവിക്കാന്‍ വേണ്ടി ഈ തൊഴിലുകള്‍ അങ്ങ് ചെയ്യുവാ. നന്നായിട്ട് അറിയാവുന്ന ഒരേ ഒരു പണി ഇത് മാത്രമാണ്.

എന്റെ കമ്പപ്പുരയില്‍ നിന്ന് മുപ്പത്തിയഞ്ചോളം ആളുകളെ ഞാന്‍ പണി പഠിപ്പിച്ചിട്ടുണ്ട്. ഇവര്‍ എല്ലാവരും ഒന്നും എന്റെ യൂണിറ്റില്‍ വരുന്നില്ല. പത്ത് പേരൊക്കെ വരുന്നുണ്ട്. ഈ പണി അത്രയും അപകടമാണ്. സര്‍ക്കാരില്‍ നിന്ന് ഒരു പരിരക്ഷയും കിട്ടുന്നില്ല. അവരു നമ്മളെ നല്ല പോലെ ഉപദ്രവിക്കുന്നുണ്ട്. ഏതു സര്‍ക്കാര്‍ വന്നാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഞങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എവിടെയെങ്കിലും ഒരു വെടിക്കെട്ട് അപകടം നടന്നാല്‍ ഇവിടെ വന്ന് എല്ലാവരുടെയും കമ്പപ്പുരയിലും വീട്ടിലും കയറി പോലീസ് ശല്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. ഒരു അപകടം നടന്നാല്‍ പ്രൈവറ്റ് ഇന്‍ഷുറന്‍സ് മാത്രമേയുള്ളൂ. എല്‍ഐസി ഞങ്ങള്‍ക്കുണ്ടാക്കുന്ന അപകടത്തിന് ഇന്‍ഷ്വര്‍ ചെയ്യില്ല. പ്രൈവറ്റ്കാര്‍ മാത്രമെ ചെയ്യുകയുള്ളൂ. അതാണ് ഞങ്ങള്‍ എടുക്കുന്നത്. കാരണം എന്തെങ്കിലും സംഭവിച്ച് പോയാല്‍ ഇന്‍ഷുറന്‍സ് മാത്രമെ കുടുംബത്തിന് കാണൂ. മുമ്പൊക്കെ കമ്പപ്പണിക്കാരന്‍, വെടിക്കെട്ടുകാരന്‍ എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ മറ്റ് ഏതു തൊഴിലിനെ പോലെയും ഒരു ബഹുമാനമൊക്കെ തരും. കൂട്ടത്തില്‍ അവന്‍ ഇച്ചിരി ധൈര്യമുള്ളവനൊക്കെയാണ് എന്നു ധരിക്കുകയും ചെയ്തിരുന്നു. ഇന്ന് വെടിക്കെട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ ഏതോ ഒരുത്തന്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ചെയ്യുന്ന പണിയാണ് എന്നൊക്കെ കരുതുന്നവരാണ്. കൂടാതെ വലിയ എന്തോ കുറ്റം ചെയ്യുന്നവരെപോലെയാണ് കാണുന്നതും. പുതിയ തലമുറ കടന്നുവരാത്തതും ഈ കാരണങ്ങളൊക്കെ കൊണ്ടു തന്നെയാണ്. മാത്രമല്ല അപകടങ്ങള്‍ വരുമ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും കിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് വെടിക്കെട്ട് കാണാന്‍ മാത്രമെയുള്ളൂ ഉത്സാഹം. പണിക്ക് വരാന്‍ ഇല്ല.

ഇനിയിപ്പോ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു എന്നു തോന്നിപ്പോകും പലതും കാണുമ്പോഴും അനുഭവിക്കുമ്പോഴും. വെടിക്കെട്ടിന് ഇന്ത്യയില്‍ എല്ലായിടത്തും ഒരേ നിയമമാണ്; എക്‌സ്‌പ്ലോസീവ് ആക്ടിന്റെ കീഴിലാണ് എല്ലാം വരുന്നത്. എന്നാല്‍ കേരളത്തിലെ അക്ഷിച്ച് എന്തെല്ലാം സഹായമാണ് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ അവരുടെ സര്‍ക്കാര്‍ ചെയ്ത്‌കൊടുക്കുന്നത്. അവിടെ പടക്ക നിര്‍മ്മാണം കുടില്‍ വ്യവസായമാണ്. സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള നിയമം അവിടെ നടപ്പാക്കിയിട്ടുണ്ട്. അവരവരുടെ വീടുകളില്‍ പ്രത്യേക സുരക്ഷയോടെ ഉണ്ടാക്കിയ സ്ഥലങ്ങളില്‍ അവര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യാം. ഇവിടെ എത്ര കൃത്യമായ സുരക്ഷ പാലിച്ചാലും ഉദ്യോഗസ്ഥരും പോലീസും ദ്രോഹിക്കുകയാണ്. നിയമങ്ങളെല്ലാം പാലിച്ചാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്. എന്നാലും അവര്‍ വന്ന് ബുദ്ധിമുട്ടിക്കുകയാണ്. ഇതുവരെ ഒരു അപകടവും എന്റെ യൂണിറ്റിലോ അല്ലെങ്കില്‍ ഞാന്‍ നടത്തിയ കമ്പക്കെട്ടിനോ സംഭവിച്ചിട്ടില്ല. അതൊന്നും ഉദ്യോഗസ്ഥര്‍ നോക്കില്ല. മുമ്പ് ആര്‍ക്കെങ്കിലും പറ്റിയ കൈ അബദ്ധങ്ങള്‍ക്ക് അല്ലെങ്കില്‍ നിയമലംഘനത്തിന് സമാധാനം പറയേണ്ടത് ഞങ്ങളാണെന്ന് അവസ്ഥയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

നാല് ഷെഡാണ് സാധാരണ ഒരു പടക്കനിര്‍മ്മാണശാലയ്ക്കുള്ളത്. വര്‍ക്കിംഗ് ഷെഡ്, സ്‌റ്റോക്ക് ഷെഡ്, കെമിക്കല്‍ സൂക്ഷിക്കാന്‍ ഒരു ഷെഡ്, കൂടാതെ പടക്കങ്ങള്‍ ഉണക്കാനുള്ള ഒരു പ്ലാറ്റ്ഫോം. ഇവയെല്ലാം പരസ്പരം 45 മീറ്റര്‍ അകലം വേണം. കൂടാതെ ഫയര്‍ ഫോഴ്‌സിന് വരാന്‍ വഴി വേണം. മോട്ടോര്‍ വാഹനങ്ങള്‍ പടക്കശാലയ്ക്ക് അന്‍പത് മീറ്റര്‍ അകലെ വരെ മാത്രമേ വരാന്‍ പാടുള്ളു. ഇതെല്ലാം എക്‌സ്‌പ്ലോസീവ് ആക്ടില്‍ പറയുന്നതാണ്. പ്രധാനമായും ഇത്രയും ഉണ്ടെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക് കമ്പപ്പുരയ്ക്കുള്ള ലൈസന്‍സ് തരുകയുള്ളൂ. പുതുക്കണമെങ്കിലും ഇതൊക്കെ പരിശോധിച്ച് ബോധ്യപ്പെട്ടെങ്കില്‍ മാത്രമെ അനുവദിക്കൂ. ഫയര്‍ഫോഴ്‌സ് അല്ലെങ്കില്‍ എഡിഎം (അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്) അവരാണ് ഇതൊക്കെ വന്ന് പരിശോധിക്കുന്നത്. മുമ്പ് ലൈസന്‍സ് പുതുക്കുന്നത് ഓരോ വര്‍ഷമായിരുന്നു. ഇപ്പോള്‍ നിരന്തരമായ അഭ്യര്‍ത്ഥന കാരണം മൂന്ന് വര്‍ഷമാക്കി.

ലൈസന്‍സ് പുതുക്കുകയെന്നതും വളരെ ദുരിതം പിടിച്ച പണിയാണ്. ഇതിന് എഡിഎം മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെടുന്നത്. പോലീസ്, ഫയര്‍ഫോഴ്‌സ്, താഹസില്‍ദാര്‍ ഇവിടെയെല്ലാം പോയി റിപ്പോര്‍ട്ട് വാങ്ങിച്ചു വേണം ലൈസന്‍സ് പുതുക്കേണ്ടത്. ഓരോ ഓഫീസിലും മാസങ്ങളോളം നടന്നാലാണ് റിപ്പോര്‍ട്ട് കിട്ടുക. അതിപ്പോള്‍ മാനുഫാക്ച്ചറിംഗിന്റെ ലൈസന്‍സിനായാലും സെയിലിന്റെ ലൈസന്‍സിനായാലും ശരി ചിലപ്പോള്‍ ഒരു വര്‍ഷം വരെ എടുക്കും റിപ്പോര്‍ട്ട് ഒന്നു കിട്ടാന്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ തന്നെയാണ് ഇതിനെല്ലാം കാരണം. പേപ്പറുമായി ഓഫീസുകളില്‍ ചെല്ലുമ്പോള്‍ പറയുന്നത്, 'ഇത് നിരോധിച്ച വ്യവസായമാണ്. തരാന്‍ പറ്റില്ല. അവിടെ അപകടം ഉണ്ടായി എത്ര പേര്‍ മരിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ?' എന്നു പറഞ്ഞുകൊണ്ട് നിരന്തരം വഴക്ക് പറഞ്ഞ്‌കൊണ്ടിരിക്കും. പക്ഷെ യഥാര്‍ഥത്തില്‍ വെടിക്കെട്ടോ, പടക്ക നിര്‍മ്മാണമോ നിരോധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ അവര്‍ക്ക് റിസ്‌ക് എടുക്കാന്‍ വയ്യ എന്നും പറഞ്ഞ് ഞങ്ങളെ ഓരോന്നും പറഞ്ഞ് വിരട്ടി ഓടിക്കുകയാണ്. പറയാന്‍ പറ്റുന്നില്ല, അത്രക്ക് ദുരിതപ്പെട്ട മേഖലയായിട്ട് മാറിയിരിക്കുകയാണ് ഇത്.

വെടിയുപ്പും (പൊട്ടാസ്യം നൈട്രേറ്റ്) ഗന്ധകവും (സള്‍ഫര്‍) കരിയും (ചാര്‍ക്കോള്‍) ഇവ മൂന്നും ചേര്‍ത്താണ് വെടിമരുന്ന് തയ്യാറാക്കുന്നത്. ഇതാണ് പ്രാഥമിക ഘടകങ്ങള്‍. ഇതില്‍ ഏറ്റക്കുറച്ചില്‍ നടത്തിയാണ് പടക്കങ്ങള്‍ നിര്‍മ്മിക്കുന്നത്. വര്‍ണ പടക്കങ്ങള്‍ക്ക് കളര്‍ കെമിക്കലുകള്‍ ചേര്‍ക്കും. ചുവപ്പിന് കുമ്മായം, തുരിശ് നീല കളര്‍ ഇങ്ങനെ പോകും. ശബ്ദം കുറച്ചിട്ട് വര്‍ണങ്ങള്‍ക്ക് പ്രധാന്യം കൊടുത്താല്‍ അപകടം കുറയുമെന്ന് വാദത്തോട് യോജിക്കുന്നില്ല. കാരണം വര്‍ണങ്ങളും കെമിക്കലാണ്. തീ പിടിക്കുന്നതാണ്. അവയ്ക്ക് തീ പിടിച്ചാല്‍ ശബ്ദമില്ലാതെ പഴയ തീവ്രവതയില്‍ തന്നെ അപകടങ്ങളുമുണ്ടാവും. ചിലതിന് തീ പിടിക്കാന്‍ ചൂടോ പൊരിയോ വേണ്ട. ഈര്‍പ്പം മതി. അത് അപടകടകാരിയാവും. ജാഗ്രത മാത്രമാണ് ഇവിടെ ഇതിന് പരിഹാരം.

മുമ്പ് ഒരു പത്രത്തില്‍ ഒരു യൂണിറ്റില്‍ തൊഴില്‍ എടുക്കുന്ന പടം വന്നിരുന്നു. ആ യൂണിറ്റിനെ ആ പടത്തിന്റെ പേരും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ശരിക്കും ദ്രോഹിച്ചിരുന്നു. ഉദ്യോഗസ്ഥരെ പറ്റി പത്രക്കരോടും മന്ത്രിമാരോടും ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല. പറഞ്ഞുപോയാല്‍ പിന്നെ ഞങ്ങള്‍ക്ക് ജീവിക്കേണ്ട. ആര്‍ക്കും പണിയില്ല, ജോലിക്കാര്‍ക്ക് ആര്‍ക്കും ഉത്സാഹമില്ലാതായി. ഇതുകൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി കഴിഞ്ഞു. ഇവരെല്ലാം പാവപ്പെട്ടവരാണ്. പട്ടിണിപ്പാവങ്ങളാണ്. ഇപ്പം പത്ത് രൂപ കിട്ടിയാല്‍ അത്രയുമായി എന്നുപറഞ്ഞ് വരുന്നവരാണ്. ഇതൊരു ചെറുകിട വ്യവസായമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഞങ്ങള്‍ക്ക് ഒരു പരിരക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷെ സര്‍ക്കാര്‍ ഞങ്ങളെ പോലെയുള്ളവരെ ഗൗനിക്കുന്നേയില്ല. എനിക്ക് ശേഷമുള്ള തലമുറയെ ഇതിലേക്ക് വരാന്‍ ഞാന്‍ സമ്മതിക്കില്ല. അത്രക്കുണ്ട് ഇതില്‍ ദുരിതങ്ങള്‍. ഈ പണി മതിയാക്കണമെന്നാണ് വിചാരിക്കുന്നത്. പല പല ബുദ്ധിമുട്ടുകളാണ്.'

സമാന്യം ഭേദപ്പെട്ട നിലയില്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പകാരനായ ഒരു യൂണിറ്റ് ഉടമസ്ഥന്‍ പറയുന്നത്- 'പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തോടു കൂടി ഞങ്ങളുടെ തൊഴില്‍ മേഖല ആകെ സ്തംഭനാവസ്ഥയിലാണ്. ക്ഷേത്രങ്ങളിലിപ്പോള്‍ വെടിക്കെട്ട് പോയിട്ട് ഒരു മാലപ്പടക്കം പോലും പൊട്ടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വെടിക്കെട്ട് നിരോധിച്ചിട്ടില്ല. ക്ഷേത്ര വെടിക്കെട്ടുകളോ പടക്ക നിര്‍മ്മാണമോ ഒന്നും നിരോധിച്ചിട്ടില്ല. ഞങ്ങളുടെ സാധനങ്ങള്‍ വാങ്ങാന്‍ വിപണിയില്ലാത്ത ഒരു സാഹചര്യമാണുണ്ടായിരിക്കുന്നത്. ക്ഷേത്രത്തില്‍ പടക്കം പൊട്ടിക്കണമെങ്കില്‍ പോലീസ് അതിനുള്ള അനുമതി നല്‍കില്ല. ഇതുപോലെ പല സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ ദുരിതത്തിലാണ്. നന്ദിയോട് ഇരുപ്പത്തോളം യൂണിറ്റുകളുണ്ട് (പടക്ക നിര്‍മ്മാണ ശാലകള്‍). ഈ യൂണിറ്റുകളെല്ലാം സ്തംഭനാവസ്ഥയിലാണ്. ഇപ്പം ഇത് മുന്നോട്ട് കൊണ്ടുപോകുവാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്. അത്രക്ക് പരിതാപകരമായിക്കൊണ്ടിരിക്കുകയാണ്.

15 കിലോ കെമിക്കലാണ് ഞങ്ങള്‍ക്ക് പടക്കം ഉണ്ടാക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഈ പതിനഞ്ചു കിലോ പടക്കം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഇതെല്ലാം വിറ്റുപോയതിന് ശേഷമെ അടുത്ത പതിനഞ്ച് കിലോ കെമിക്കലുകള്‍ ഞങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കൂ. ഇത് പാലിച്ചില്ലെങ്കിലോ, കൂടുതല്‍ പടക്കം വല്ലതും ഇരുന്നാലോ പോലീസ് വന്ന് കേസെടുക്കും. ചിലപ്പോള്‍ സ്‌റ്റോക്ക് ഇരിക്കുന്നത് പതിനഞ്ച് കിലോയെ കാണുകയുള്ളൂ. പക്ഷെ പോലീസ് ഇത് അംഗീകരിക്കില്ല. കൂടുതല്‍ ഉണ്ടെന്നും പറഞ്ഞ് പോലീസ് ശരിക്കും ബുദ്ധിമുട്ടിക്കും. ഇങ്ങനെ അന്യായമായ കേസുള്ള കുറേപ്പേരുണ്ട് ഇവിടെ. ഇതു മാത്രമല്ല ശിവകാശിയില്‍ ഒരു അപകടം നടന്നാലും ഇവിടുത്തെ പോലീസ് ഓടി ആദ്യം ഞങ്ങടെ അടുത്ത് വരും എന്നിട്ട് എല്ലാത്തിനെയും അടച്ചുപൂട്ടിക്കെട്ടി കൊണ്ടുപോകുവേം ചെയ്യും; ഇതൊക്കെ ന്യായമാണോ? ആരോട് പറയാന്‍?'

കേരള ഫയര്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുലിയൂര്‍ ജി പ്രകാശ് പറയുന്നത്- 'നന്ദിയോട് കേരളത്തിലെ ശിവകാശിയാകുവാന്‍ കാരണം മൂന്ന് ആശാന്‍മാരായിരുന്നു. കമ്പക്കാരന്‍ കേശവന്‍, കമ്പക്കാരന്‍ വേലായുധന്‍, കമ്പക്കാരന്‍ എന്‍ ആര്‍ പണിക്കര്‍ ഇവരുടെ പിന്‍തലമുറക്കാരാണ് ഇവിടെയുള്ള പടക്കനിര്‍മ്മാണക്കാരെല്ലാം. ഇവരുടെ ശിഷ്യന്മാരും ജോലിക്കാരുമൊക്കെ പ്രത്യേകം പ്രത്യേകം ലൈസന്‍സ് എടുത്ത് യൂണിറ്റ് ഉണ്ടാക്കി. ഇവരെല്ലാം പാരമ്പര്യമായി ഈ മേഖലയില്‍ തന്നെയുള്ളവരും ബന്ധുക്കളുമൊക്കെയാണ്. വലിയൊരു കമ്പം വരുമ്പോള്‍ ഇവരെല്ലാം പരസ്പരം സഹായിക്കും പടക്കം നിര്‍മ്മിക്കാനും മറ്റും എല്ലാത്തിനും ഒരുമിച്ച് കൂടും. പിന്നെ നന്ദിയോട്ടെ പടക്ക നിര്‍മ്മാതാക്കള്‍ വലിയ മുതലാളിമാര്‍ ഒന്നുമല്ല. സാധാരണക്കാരാണ്. ഇരുപതോളം യൂണിറ്റിന് മുകളിലുണ്ട് ഇവിടെ. വില്‍പനയും മറ്റുമായി അന്‍പത്തോളം ലൈസന്‍സികളുമുണ്ട്. പുറമേക്കാര്‍ക്ക് വളരെ ലാഭത്തില്‍ ഇവിടെ പടക്കങ്ങള്‍ ലഭിക്കും. പുറത്ത് 1000 രൂപയ്ക്കു ലഭിക്കുന്ന പടക്കങ്ങള്‍ 400 രൂപയ്ക്ക്, ഗുണമേന്മയുള്ളത് നന്ദിയോട് കിട്ടും. ഉത്സവ സീസണുകളില്‍ ലക്ഷങ്ങള്‍ കടക്കും ഇവിടുത്തെ കച്ചവടം. ദീപാവലിയാണ് പിന്നെ പടക്കത്തിന്റെ വില്‍പ്പന നടക്കുന്ന മറ്റൊരു സമയം. ആ സമയത്തേക്ക് ഇവര്‍ക്ക് കരുതി വയ്ക്കാന്‍ കഴിയുന്ന പടക്കങ്ങള്‍ 15 കിലോയാണ്. ഇതിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷയൊക്കെ നല്‍കിയിട്ടുണ്ട്. എല്ലാ സീസണിലും കച്ചവടം നടക്കുന്ന ഒരു മേഖലയലല്ലോ ഇത്. നന്ദിയോട്ടെ പടക്ക തൊഴിലാളികള്‍ എല്ലാം വളരെയേറെ ബുദ്ധിമുട്ടിലാണ്. ഇപ്പോള്‍ അവര്‍ക്ക് കച്ചവടവുമില്ല. പുറ്റിങ്ങല്‍ അപകടത്തോടു കൂടി കേരളത്തിലെ പടക്ക മേഖല മൊത്തത്തില്‍ തകര്‍ന്നിരിക്കുകയാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകള്‍ ദുരിതത്തിലാണ്. ഇവര്‍ക്കായിട്ട് എന്തെങ്കിലും സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണം.'

ഫയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ എം നൗഷാദുമായി പടക്ക നിര്‍മാണക്കാരുടെ ഭയവും ഉദ്യോഗസ്ഥരുടെ ഇടപെടലിനെയും പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്- 'ഇതുവരെ ഇത്തരം പരാതികള്‍ വന്നിട്ടില്ല. എന്റെ കീഴില്‍ ഇത്തരം പ്രവണതകള്‍ നടക്കുന്നില്ല. പുറ്റിങ്ങല്‍ അപകടത്തിന് ശേഷം ഞങ്ങള്‍ നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമാക്കി. ജനങ്ങളുടെയും പടക്ക നിര്‍മാണ തൊഴിലാളികളുടെയും സുരക്ഷ കണക്കിലെടുത്താണ് അത്. നിയമവശങ്ങള്‍ കൃത്യമാണെങ്കില്‍ ഞങ്ങള്‍ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല. അല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ നല്‍കാറില്ല. പതിനഞ്ച് കിലോയോളമാണ് അവര്‍ക്ക് കൈവശം വയ്ക്കാവുന്ന വെടിക്കോപ്പുകളുടെ അളവ്. ചിലര്‍ അതില്‍ കൂടുതല്‍ കൈവശം വയ്ക്കും. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കും. നിയമങ്ങള്‍ കര്‍ശനമാക്കിയതിനോടൊപ്പം തന്നെ ഞങ്ങള്‍ അവര്‍ക്ക് എക്‌സ്‌പ്ലോസീവ് കെമിക്കലുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. നിയമപരമല്ലാത്ത ഒരു കാര്യവും അവര്‍ക്കെതിരെ ഞങ്ങള്‍ എടുക്കുന്നില്ല. അവര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ട് മാത്രമാണ് ഞങ്ങള്‍ നല്‍കുന്നത്. അല്ലാതെ ലൈസന്‍സ് നല്‍കുന്നില്ല. പടക്ക തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്തിട്ടില്ല'.

(Representational Images)


Next Story

Related Stories