TopTop
Begin typing your search above and press return to search.

ചാണ്ടിയുടെ ജന്മികുടിയാന്‍ ലൈനും പവാറിന്റെ എന്‍ഡിഎ മോഹവും; കേരളത്തിലെ എന്‍സിപിയില്‍ കാര്യങ്ങള്‍ ചീഞ്ഞുനാറുകയാണ്

ചാണ്ടിയുടെ ജന്മികുടിയാന്‍ ലൈനും പവാറിന്റെ എന്‍ഡിഎ മോഹവും; കേരളത്തിലെ എന്‍സിപിയില്‍ കാര്യങ്ങള്‍ ചീഞ്ഞുനാറുകയാണ്

ഡെന്മാര്‍ക്കില്‍ എന്തെങ്കിലും ചീഞ്ഞുനാറുന്നുണ്ടോ എന്നറിയില്ല. പക്ഷെ കേരളത്തില്‍ ഭരണം നടത്തുന്ന എല്‍ഡിഎഫ് ഘടക കക്ഷിയായ എന്‍സിപിയില്‍ എന്തൊക്കെയോ കാര്യമായി ചീഞ്ഞു നാറുന്നുണ്ട്. ഹണി ട്രാപ്പില്‍ എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 17 നു മന്ത്രി സ്ഥാനം രാജിവെച്ചു പുറത്തു പോയപ്പോള്‍ പൊട്ടിയ കുരു തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏതാണ്ട് ബലമായി തന്നെ പിടിച്ചെടുത്തപ്പോള്‍ തന്നെ പഴുത്തു നാറി തുടങ്ങിയിരുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണം സംബന്ധിച്ച ആരോപണവും തോമസ് ചാണ്ടിയുടെ അനധികൃത സ്വത്തു സമ്പാദനവും കായല്‍ നികത്തലും അനധികൃത ഭൂമി കൈയേറ്റവും ഒക്കെ ചേര്‍ന്ന് ഇപ്പോള്‍ ആ വൃണത്തെ കൂടുതല്‍ ദുര്‍ഗന്ധ പൂരിതമാക്കിയിരിക്കുന്നു.

തോമസ് ചാണ്ടി രാജിവെക്കണം എന്നതാണ് എന്‍സിപിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. എട്ടു ജില്ലാ കമ്മിറ്റികളുടെ പിന്തുണ അവകാശപ്പെടുന്ന ഇവര്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വളരെ ഗുരുതരം തന്നെ. എ കെ ശശീന്ദ്രനെ കെണിയില്‍ കുരുക്കാന്‍ ഒത്താശ ചെയ്തു, ഉഴവൂര്‍ വിജയനെ പാര്‍ട്ടി കൗണ്‍സിലര്‍ കൂടിയായ സുള്‍ഫിക്കര്‍ മയൂരിയെ ഉപയോഗിച്ച് ഭീഷിണിപ്പെടുത്തി, അനധികൃത ഭൂമി കൈയ്യേറ്റം എന്നിങ്ങനെ പോകുന്നു ഈ ആരോപണങ്ങള്‍. എന്നാല്‍ തോമസ് ചാണ്ടിയെ എതിര്‍ക്കുന്നവര്‍ അത്ര പരസ്യമായല്ലെങ്കിലും ഉയര്‍ത്തുന്ന മറ്റൊരു ആരോപണം കൂടിയുണ്ട്. അത് തോമസ് ചാണ്ടി പാര്‍ട്ടിയില്‍ ജന്മി ചമയുന്നു എന്നതായാണ്. താന്‍ ജന്മിയും ബാക്കിയുള്ളവര്‍ വെറും കുടികിടപ്പുകാരുമാണെന്ന മട്ടിലാണ് ചാണ്ടിയുടെ പെരുമാറ്റം എന്നാണു വിരുദ്ധ ചേരിയുടെ ആക്ഷേപം. ചെന്ന് ചെന്ന് കാര്യങ്ങള്‍ ഇന്നിപ്പോള്‍ പാര്‍ട്ടിയെ ഒരു പിളര്‍പ്പിന്റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നവര്‍ക്ക് അയാളുടെ തനിസ്വരൂപം നേരത്തെ അറിയാത്തവരൊന്നുമല്ല. കുവൈറ്റ് സ്‌കൂള്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായി പിന്നീട് മുങ്ങിയ തോമസ് ചാണ്ടിയെന്ന കുവൈറ്റ് ചാണ്ടിയുടെ കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ തന്നെയായിരുന്നു ഇവരില്‍ പലരും നാളിതുവരെ. 2011 ലെ തെരഞ്ഞെടുപ്പുകാലത്ത് 39.1 കോടി രൂപയുടെ ആസ്തി കാണിച്ച ചാണ്ടിയുടെ ആസ്തി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തു 92 കോടി ആയി ഉയര്‍ന്ന കാര്യവും അറിയാത്തവരല്ല ഇവരാരും. തന്നെയുമല്ല, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ ചാണ്ടി ഒരു കാര്യം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. കുട്ടനാട്ടില്‍ നിന്നും താന്‍ തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നും അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേത് ആയിരിക്കുമെന്നും എന്‍സിപി യുടെ മന്ത്രി താന്‍ തന്നെയായിരിക്കുമെന്നും. താന്‍ ജല വിഭവ വകുപ്പ് ചോദിക്കുമെന്നും വിദേശത്തു ഒട്ടേറെ ബിസിനസ് ഉള്ളതിനാല്‍ മന്ത്രി സ്ഥാനം വേണ്ടെന്നുവെച്ചാല്‍ തന്നെ എന്‍സിപിക്കു ലഭിക്കുന്ന വകുപ്പിന്റെ നിയന്ത്രണം തന്റെ കൈയ്യില്‍ ആയിരിക്കും എന്നൊക്കെയായിരുന്നു അന്ന് ചാണ്ടി പറഞ്ഞത് .

എല്‍ഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും എന്‍സിപിയുടെ മന്ത്രിയാകാനുള്ള യോഗം എ കെ ശശീന്ദ്രന് ആയിരുന്നു. ചാണ്ടിയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നു ഉഴവൂര്‍ വിജയന്റെ ശ്രമഫലമായാണ് അന്ന് ശശീന്ദ്രന്‍ മന്ത്രിയായത്. ശശീന്ദ്രന്‍ പിന്നീട് രാജിവെച്ചപ്പോഴും ചാടിപ്പിടിച്ചു മന്ത്രിയാകാന്‍ ചാണ്ടി നടത്തിയ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ പക്ഷെ ഉഴവൂര്‍ വിജയിച്ചില്ല.

ഈ ചരിത്രമൊക്കെ നന്നായി അറിയുന്ന എന്‍സിപിക്കാര്‍ തന്നെയാണ് പൊടുന്നനെ ചാണ്ടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്നാണ് എന്‍സിപിയില്‍ നിന്ന് തന്നെ ലഭിക്കുന്ന വിവരം. അതാവട്ടെ കേരള ഭരണത്തിലും എല്‍ഡിഎഫിലും ഉള്ള എന്‍സിപിയുടെ ഭാവി സംബന്ധിച്ച കടുത്ത ആശങ്ക തന്നെയാണ്. പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ ഏതു നിമിഷവും പാര്‍ട്ടിയെ എന്‍ഡിഎ തൊഴുത്തിലേക്കു നയിക്കും എന്നിടെത്തേക്കാണ് ദേശീയ തലത്തില്‍ കാര്യങ്ങളുടെ പോക്ക്. അങ്ങിനെ വന്നാല്‍ പവാറിനോട് ഒട്ടി നില്‍ക്കുന്ന തോമസ് ചാണ്ടി കേരളത്തിലെ എന്‍സിപിയെ അതേ തൊഴുത്തിലേക്കു നയിച്ചേക്കാം. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പോലും കേരള എന്‍സിപിയുടെ എല്‍ഡിഎഫിലെ തുടര്‍ച്ച അസാധ്യമാകും. ഇതുകൂടി മുന്നില്‍ കണ്ടാണ് കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന തന്ത്രം ഉപയോഗിച്ച് അവരിപ്പോള്‍ ചാണ്ടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഇതിനിടയില്‍ എന്‍സിപി യെ പിളര്‍ത്തി കടന്നപ്പള്ളി നയിക്കുന്ന കോണ്‍ഗ്രസ് എസ്സില്‍ ചേക്കേറാനുള്ള നീക്കവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ സിപിക്കാര്‍ വന്നാല്‍ സ്വീകരിക്കും എന്ന നിലപാടാണ് കോണ്‍ഗ്രസ് എസ്സിന്റേത് എന്നതും ഈ നീക്കത്തിന് കരുത്തു പകരുന്നുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories